സമുദ്രനിരപ്പില്‍ നിന്ന് 3125 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഗിരിശൃംഗമാണ് പാല്‍കുളമേട്. ഇടുക്കിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്. കാട്ടാനകളുടെ വിഹാരകേന്ദരം, അതിപുരാതന കുന്നുകളും പച്ചപുതച്ച താഴ്വരകളും ഈ മേടിനെ സന്ദര്‍ശകരുടെ പ്രിയഭൂമിയാക്കുന്നു. ഹൈക്കിംങിനും ട്രെക്കിംങിനും സൌകര്യമുള്ള ഈ കൊടുമുടിയില്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലുംസന്ദര്‍ശിക്കാം. പ്രകൃതിസ്‌നേഹികളും പ്രകൃതിയെ കാമറയുടെ വരുതിയിലാക്കാന്‍ ഇഷ്ടപ്പെടുന്നവരും ഈ സ്ഥലം മിസ് ചെയ്യില്ല. ഓഫ് റോഡ് റൈഡ് കൊതിക്കുന്ന സഞ്ചാരികളുടെ അവസാന വാക്ക്.
🏡കാട്ടാനകളുടെ വഴിത്താരയിലൂടെ ഒരേകാന്തയാത്ര🏡
.
പാൽക്കുളമേട് - ഇടുക്കി
.
ഇടുക്കിയിൽ ഒരു ഓഫ് റോഡ് പോയാലോ...? ഓരോ വളവുകളിലും ഭയം നിറക്കുന്ന നിശബ്ദതയെ താണ്ടി ഒരു യാത്ര ആയാലോ...? മഴനിറഞ്ഞു നിൽക്കുന്ന ഇടുക്കി വനത്തിന്റെ വശ്യത നേരിട്ടറിയാൻ ഒറ്റക്കൊന്നു മല കേറിയാലോ.?
.
ചെറുതോണിയിൽ ചെന്ന് നിന്നപ്പോൾ തണുപ്പിന് മേമ്പൊടിയായി മഴ എത്തി... പാൽക്കുളമേട് എന്ന് ചിത്രങ്ങളിൽ മാത്രം കണ്ടു മനം നിറഞ്ഞ മലമുകളിലേക്ക് മനസും വണ്ടിയും തിരിഞ്ഞു ജാക്കറ്റിന്റെ കട്ടി കാരണം നനഞ്ഞ മഴയൊന്നും എന്നേ തണുപ്പിച്ചില്ല... ആദ്യം കണ്ട കടയിൽ കയറി ഒരു കുപ്പി വെള്ളം വാങ്ങി ഒപ്പം കുറച്ചു സ്നാക്ക്‌സും... മലമുകളിലേക്കുള്ള ഓഫ് റോഡിന്റെ കവാടത്തിൽ എത്തിയപ്പോൾ ഉറപ്പിക്കാൻ ഒരിക്കൽ കൂടി വഴി ചോദിച്ചു... .
ചോദിച്ച ഉടനെ ചേച്ചി പറഞ്ഞു വഴി ഇത് തന്നെ ഒറ്റക്കാണെങ്കിൽ പോകാതിരിക്കുന്നതായിരിക്കും നല്ലത് ആനകൾ ഇന്നലെ രാത്രി താഴെ വരെ ഇറങ്ങി വന്നിട്ടുണ്ടായിരുന്നു കേറിപ്പോയോ എന്നറിയില്ല അതുകൊണ്ട് മോൻ പോയിട്ട് വേറൊരു ദിവസം വരൂ... കൂടുതൽ ഊർജം പകർന്നതല്ലാതെ
പണ്ടേ അനുസരണ ശീലം തൊട്ടുതീണ്ടിയിട്ടില്ലാത്ത എന്നെ ആ വാക്കുകൾ ഭയപ്പെടുത്തിയതേയില്ല... വന്നതല്ലേ കുറച്ചു പോയി നോക്കിട്ട് വരാം എന്ന് പറഞ്ഞു വണ്ടി എടുത്തു... വഴിയിൽ ജീപ്പ് കേറിപ്പോകുന്ന ടയർ പാടുകൾ കാണാം...ഒരു ജീപ്പ് കടക്കാൻ മാത്രം വീതിയുള്ള വഴി അതും റോഡ് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... .
അല്പ ദൂരം സഞ്ചരിച്ചപ്പോൾ ഹെയർപിൻ വളവുകളെ ഓർമിപ്പിച്ചു വഴി... മഴ പെയ്തു കിടക്കുന്ന വളവുകളിൽ വണ്ടി നല്ല കഷ്ടപെട്ടാ കേറിയത് ക്ലച്ച് കേബിൾ അല്പം പഴയതായത് കൊണ്ട് ചെറിയ പേടി തോന്നി... യഥാർത്ഥ ഭയം അതൊന്നുമായിരുന്നില്ല ഒരുവളവിൽ ആനപ്പിണ്ടം കണ്ടപ്പോൾ ഞാൻ വണ്ടി ഓഫ് ആക്കി താഴെ നിന്ന് ചേച്ചി പറഞ്ഞ വാക്കുകൾ എന്റെ കാതിൽ തുടരെ മുഴങ്ങി ചുറ്റും ഭയത്തോടെ തിരഞ്ഞു... പ്ലാവിൽ ചക്ക പഴുക്കുമ്പോൾ മലയിറങ്ങി വരുന്ന കരിവീരന്മാർ ഞാൻ കാണാതെ മറഞ്ഞിരിപ്പുണ്ടോ എന്നറിയാൻ... ഒന്നു മടിച്ചെങ്കിലും വണ്ടി എടുത്തു... ഓരോ വളവുകളെത്തുമ്പോഴും വണ്ടി ഓഫ് ആക്കി ചെവി കൂർപ്പിക്കും ചില്ലകളോടിയുന്ന ശബ്ദങ്ങൾ വെല്ലതും കേൾക്കുന്നുണ്ടോ എന്ന്... വഴിയിൽ പലയിടത്തും കൊമ്പിന്റെ ബലം നോക്കിയ പാടുകൾ പല മൺതിട്ടകളിലും കാണാമായിരുന്നു ഇല്ലിയും ചെറു മരങ്ങളും അവർക്കിരയായത് വഴിയിൽ പ്രെകടമായിരുന്നു...
.
മഴ ശക്തിപ്പെട്ടു ഒപ്പം കാറ്റും ചീവീടുകളുടെ കൂട്ടനിലവിളിയുടെയും, മഴയുടെയും ശബ്‍ദത്തിന്റെ കൂടെ വണ്ടിയുടെ എൻജിൻ സൗണ്ട് അരോചകമായി എന്നല്ല പറയേണ്ടത് ഭയപ്പെടുത്തി.
മഴ ശക്തിപ്പെട്ടു ഒപ്പം കാറ്റും ചീവീടുകളുടെ കൂട്ടനിലവിളിയുടെയും, മഴയുടെയും ശബ്‍ദത്തിന്റെ കൂടെ വണ്ടിയുടെ എൻജിൻ സൗണ്ട് അരോചകമായി എന്നല്ല പറയേണ്ടത് ഭയപ്പെടുത്തി ശെരിക്കും ചുറ്റും നിൽക്കുന്ന മരങ്ങളും ചെടികളും കാറ്റിൽ ആടി ഉലയുന്ന കാഴ്ച... ആനകൾ ഇറങ്ങി വരുന്നതും ഈ വഴി തന്നെയാണെന്നുള്ള ചിന്ത എന്നേ ഒന്നൂടെ ഭയപ്പെടുത്തി എന്തായാലും ഇവിടെ വരെ വന്നെങ്കിൽ വഴി തീരുന്നത് വരെ പോയിട്ടേ വരൂ എന്നുറപ്പിച്ചു.
.
വഴിയുടെ വീതി വെച്ചു നോക്കിയാൽ ബൈക്ക് തിരിക്കാൻ പോലും കുറച്ചു സമയം എടുക്കും എങ്കിലും യാത്ര തുടർന്നു... പലയിടത്തും ആന വന്ന് തകർത്തിട്ട കമുകുകൾ കാണാം വഴി നീളെ ആനപിണ്ഡവും അതുകാണുമ്പോളെല്ലാം ഭയത്തെ മറക്കാൻ ഞാൻ കുറച്ചു കഷ്ടപെട്ടു. എന്റെ മുൻപിൽ ഒരു വണ്ടിയും ഇന്ന് മല കയറിയ ലക്ഷണമില്ല വഴിയിൽ... നിറഞ്ഞു നിൽക്കുന്ന പുൽമേടുകൾക്കിടയിലൂടെ പെരുമഴ നനഞ്ഞ് ഞാൻ ഓരോ വളവുകളും താണ്ടി... ഇടക്കിത് വഴിയാണോ പുഴയാണോ എന്ന് പോലും തോന്നി മലവെള്ളം പാറക്കെട്ടുകൾ താണ്ടി വഴിയിലൂടെ ആർത്തലച്ചൊഴുകുന്നു.
.
പലവട്ടം തോന്നി വണ്ടി ഇവിടെ ഉപേക്ഷിക്കേണ്ടി വരുമെന്ന്... എന്തായാലും ഈ മഴയത്തു എന്റെ പുറകെയും മല കയറാൻ ഇന്നിനി ആരും വരുമെന്ന് കരുതണ്ട... ഒരു വളവിൽ നിന്ന് വണ്ടി കയറിചെന്നപ്പോൾ വിശാലമായ പുൽമേടുകൾ കാണാൻ തുടങ്ങി... ഇവിടം കൊണ്ട് തീർന്നു എന്ന് കരുതി നോക്കുമ്പോൾ വഴി മുൻപോട്ട് നീണ്ടുനിവർന്നു കിടക്കുന്നു... ഒരിക്കൽ കൂടി ചിന്തിച്ചു ഈ കൊടുംകാട്ടിൽ ഞാനിന്നൊറ്റക്കാണല്ലോ കൂട്ടിന് മഴ മാത്രം. ഏകാന്തത എന്നും ഇഷ്ടപെടുന്ന ഞാൻ ഇന്നാരെ എങ്കിലും കണ്ടാൽ മതിയെന്ന അവസ്ഥയിലായി ഒന്നു ചുറ്റും നോക്കി തൊണ്ട പൊട്ടിക്കൂവി ഒരു മനുഷ്യ ശബ്ദം കേൾക്കാനായി. എവിടെ കേൾക്കാൻ. ചീവീടുകൾ പോലും വായടച്ചിരിക്കുന്നു.
.
പുൽമേടുകൾ താണ്ടിച്ചെന്ന അടുത്തവളവിൽ 11 kv വളരെ താഴ്ന്നു കിടക്കുന്നു ജാക്കറ്റിൽ നിന്നും മഴവെള്ളം ശരീരത്തിലേക്ക് അരിച്ചിറങ്ങാൻ തുടങ്ങിയിരിക്കുന്നു.... വിറച്ചുകൊണ്ടു തന്നെ വണ്ടി എടുത്തു ഓരോ വളവുകളും വളരെ ശ്രെദ്ധയോടെ കടന്ന് ചെന്നു നിന്നത് ഒരു വലിയ മലയുടെ ചുവട്ടിലാണ്..മഴക്ക് ഒരു ശമനമായിരിക്കുന്നു സമാധാനം. വഴി അവസാനിക്കുന്നില്ല മലയുടെ ഒരു വശം ചേർന്ന് താഴോട്ട് ഇറങ്ങിപ്പോകുന്നു... എന്തായാലും ഞാൻ വണ്ടി നിർത്തി അടുത്ത് കണ്ട പാറയിൽ കയറി നീണ്ടു നിവർന്നു കിടന്നു ആ പുൽമേടുകളിലൊന്നും ആനയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരുപാടാളുകൾ വന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണാനില്ല.പ്ലാസ്റ്റിക് ഈ മല കയറി വരാതിരിക്കട്ടെ. എങ്കിലും വഴി ചോദിച്ച ചേച്ചി തന്ന മറുപടിയാണ് എന്നേ ഇവിടെ ഈ രീതിയിൽ എത്തിച്ചത്.
No comments:
Post a Comment