എന്തുകൊണ്ട്‌ വാഹനാപകടങ്ങൾ പുലർച്ചെ രണ്ടിനും അഞ്ചിനും ഇടയിൽ കൂടുതലായി നടക്കുന്നു? - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, September 6, 2018

എന്തുകൊണ്ട്‌ വാഹനാപകടങ്ങൾ പുലർച്ചെ രണ്ടിനും അഞ്ചിനും ഇടയിൽ കൂടുതലായി നടക്കുന്നു?

എന്തുകൊണ്ട്‌ നിർത്തിയിട്ട ലോറികൾക്കു പിറകിലും ട്രെയിലറുകൾക്കും പിന്നിൽ ഇടിച്ച്‌ ചെറുകാറുകളിലെയും ബൈക്കുകളിലേയും ആളുകൾ മരിക്കുന്നു…? എന്തുകൊണ്ട്‌ വാഹനാപകടമരണം രാത്രി രണ്ടു മണിക്കും പുലർച്ചെ അഞ്ച്‌ മണിക്കും ഇടയിൽ കൂടുതലായി നടക്കുന്നു…? ചിന്തിച്ചിട്ടുണ്ടോ…?

ഉപബോധമനസ്സിന്റെ ശക്തിയെപ്പറ്റി പലപ്പോഴും വാചാലകരകാറുള്ളതാണു നമ്മൾ…. സ്വബോധത്തിലല്ലാതെ ഉറക്കത്തിലോ അബോധാവസ്ഥയിലോ നമ്മളറിയാതെ ഉണരുന്ന ഒന്ന്…. അടിച്ചു ഫിറ്റായ ഒരു രാത്രിക്കു ശേഷം രാവിലെ ‘ഹൊ… ഞാനെങ്ങിനെ കൃത്യമായി വണ്ടി ഓടിച്ച്‌ വീട്ടിലെത്തി’ എന്നും, അതിരാവിലെ അഞ്ച്‌ മണിക്ക്‌ അലാറം വച്ച്‌ എണീക്കെണ്ടയാൾ അലാറം അടിക്കുന്നതിനു തൊട്ടുമുമ്പ്‌ എണീറ്റ്‌ ‘ഇതെങ്ങിനെ’ എന്നൽബുദ്ധപ്പെടുന്നതും ഈ സബ്കോൺഷ്യസ്‌ മൈൻഡിന്റെ പവർ തന്നെ…

പുലർച്ചെ 2 മുതൽ 5 മണി വരെയുള്ള സമയം, പ്രശസ്ത മനശാസ്ത്ര വിദഗ്ധരും കൊടുംകള്ളന്മാരും രാത്രിയുടെ ഈ നാലാം യാമത്തേപ്പറ്റി ബോധവാന്മാരാണു… സ്വബോധമനസ്സുറങ്ങി മറ്റവൻ നമ്മളെ കയ്യിലെടുക്കുന്ന സമയം ….. വാഹനമോഷ്ടാക്കളും എന്തിനു അമേരിക്ക ബിൻ ലാദനെ വധിക്കാൻ തിരഞ്ഞെടുത്ത സമയം പോലും ഇതുതന്നെ…. പ്രൊഫഷണൽ ഡ്രൈവർമ്മാരോ സ്ഥിരം നൈറ്റ്‌ ഡ്യൂട്ടി ചെയ്യാത്തവരോ ഈ സമയം വണ്ടി ഓടിക്കുമ്പോൾ എന്തു സംഭവിക്കുന്നു? സ്പീഡ്‌ കൂടുന്തോറും സ്വതേ ഈ സമയം ഗാഢമായി ഉറങ്ങിശീലിച്ച മനസ്സും ശരീരവും തളരുകയും അത്‌ പതിയെ ഉപബോധമനസ്സിനെ ആശ്രയിക്‌കുകയും ചെയ്യും…. അത്‌ നമ്മളെ ചതിക്കുമെന്നല്ല, ലോജിക്കലായ – ശരിയായ സമയത്ത്‌ കൃത്യമായ തീരുമാനമെടുക്കാനുള്ള പവർ ഉപബോധമനസ്സ്‌ ഏറ്റെടുക്കുന്നു…. ക്ലച്ചും ഗിയറും സ്റ്റിയറിങ്ങുമെല്ലാം ഒരു താളത്തിൽത്തന്നെ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ വരുന്നു….

റിയാക്ഷൻ ടൈം…. ഒരു നിമിഷാർദ്ധത്തിൽ വരേണ്ട പ്രതികരണശേഷി – അതാണു വാഹനാപകടങ്ങളിൽ ജീവിതത്തിനും മരണത്തിനും ഇടയിലെ വിധി നിർണ്ണയിക്കുന്നത്‌… ചുട്ടുപൊള്ളുന്ന ഒരു വസ്തുവിൽ അറിയാതെ കൈതൊട്ടാൽ പെട്ടെന്ന് കയ്‌ പിൻവലിക്കാൻ ഉണർന്നിരിക്കുന്ന ഒരാൾക്ക്‌ കഴിയും അർദ്ധമയക്കത്തിലുള്ള ഒരാൾക്ക്‌ പൊള്ളലേറ്റതിനുശേഷമേ ഈ പ്രതികരണശേഷി ഉണ്ടാവൂ… മദ്യപർക്കും ഈ പ്രതികരിക്കാനുള്ള സമയം ദീർഘമായിരിക്‌കും.

രാത്രിയിൽ വണ്ടി ഓടിക്‌കുന്നവർ പിൻതുടരുന്ന ഒരു സുരക്ഷാശീലമാണു ഒരു വലിയവണ്ടിയുടെ പുറകെ പോകുക എന്നത്‌… പകൽ പോലും മുന്നിലുള്ള വണ്ടി ഗട്ടറിൽ ചാടിയാൽ നമ്മളും ചാടുന്നതും ഈ അറിയാതെ തുടരുന്ന ഡ്രൈവിംഗ്‌ ബോധ്യത്തിന്റെ ബലത്തിലാണു…. അതിവേഗത്തിൽ പാഞ്ഞുവരുന്ന വാഹനം വലതുവശത്ത്‌ വിശാലമായ റോഡുണ്ടെങ്കിലും ഇടതുവശത്ത്‌ പാർക്ക്‌ ചെയ്ത വലിയ വാഹനത്തിനടിയിലേക്ക്‌ ഇടിച്ച്‌ കയറുന്നു….. മുന്നിൽ പോകുന്ന വാഹനത്തിനു പിറകെ പോകുന്ന സ്വാഭാവികപ്രക്രിയ തുടരുന്ന ഉപബോധമനസ്സ്‌ പെട്ടെന്ന് അത്‌ നിർത്തിയിട്ട വണ്ടിയാണെന്നും ബ്രേക്കിലേക്കും സ്റ്റേറിങ്ങിലേക്കും ഉടൻ ശരീരത്തിനു നിർദ്ദേശങ്ങൾ നൽകുമെങ്കിലും അമിതവേഗതയും നേരത്തേ സൂചിപ്പിച്ച റിയാക്ഷൻ ടൈമിലെ താമസവും കാരണം ഒരു നിമിഷാർദ്ധത്തിൽ രക്ഷപെടാനുള്ള ഒരു പഴുതുമില്ലാതെ വാഹനം ഇടിച്ച്‌ കയറുന്നു… ട്രക്കുകളുടേയോ ട്രെയിലറുകളുടേയോ അടിയിലേക്കാണെങ്കിൽ സീറ്റ്ബെൽട്ടോ എയർബാഗോ പോലും യാത്രികരുടെ രക്ഷക്കെത്തില്ല…..

പല വിദേശരാജ്യങ്ങളിലും നമ്മുടെ ഹൈവേകളിലും റോഡ്സൈഡിലെ ട്രക്ക്‌ പാർക്കിംഗ്‌ നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌. റോഡിൽ പാർക്‌ ചെയ്‌തിരിക്കുന്ന വാഹനത്തിൽ നിന്നും നിശ്ചിത അകലത്തിൽ സൂചനാത്രികോണം  വക്കണമെന്നും നിയമമുണ്ട്‌…. നമ്മുടെ ജീവൻ നമ്മൾ തന്നെ കാക്കുക… മരണം പതിയിരിക്കുന്ന ആ മൂന്നു മണിക്കൂറുകൾക്കുള്ളിലെ യാത്ര പരമാവധി ഒഴിവാക്കുക…. ഉറക്കം വരുന്ന സമയത്ത്‌ മെയിൻ റോഡിൽനിന്നിറങ്ങി സബ്‌വേയിലോ, അമ്പല – പള്ളി മുറ്റത്തോ, പെട്രോൾപമ്പിനകത്തോ കാർ പാർക്ക്‌ ചെയ്ത്‌ ആ സമയം ഉറങ്ങിത്തന്നെ തീർക്കുക… മൂന്നുമണിക്കൂർ മനുഷ്യജീവിതത്തിൽ വിലപ്പെട്ടതുതന്നെ…. അതു ലാഭിക്കേണ്ട അത്യാവശ്യവും നമുക്കുണ്ടാകും…. എന്നാലും ഒരിക്കലും എത്താതിരിക്കുന്നതിലും നല്ലതല്ലേ കുറച്ചു വൈകിയിട്ടാണെങ്കിലും കുടുംബത്തെത്തുന്നത്‌……..

വിവരണം – പ്രജീഷ് പുത്തൻപുരക്കൽ.., AMVI കൽപറ്റ.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment