ഫുട്‍ബോൾ അഥവാ സോക്കർ : കാൽപ്പന്തുകളിയുടെ ചരിത്രവും നിയമങ്ങളും.. SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, October 27, 2018

ഫുട്‍ബോൾ അഥവാ സോക്കർ : കാൽപ്പന്തുകളിയുടെ ചരിത്രവും നിയമങ്ങളും.. SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

ലോകത്തിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കായിക വിനോദമാണ്‌ കാൽപന്തുകളി അഥവാ ഫുട്ബോൾ. പതിനൊന്നു പേരടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലുളള മത്സരമാണിത്‌. ചതുരാകൃതിയിലുള്ള മൈതാനത്തിലാണ് കളി നടക്കുന്നത്. മൈതാനത്തിന്റെ രണ്ടറ്റത്തും ഗോളുകൾ സ്ഥാപിച്ചിരിക്കും. ഗോളാകൃതിയിലുള്ള പന്ത് എതിർ ടീമിന്റെ ഗോളിൽ എത്തിക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ ഗോൾ നേടുന്നവർ കളി ജയിക്കുന്നു. കാലുകൊണ്ടാണു പ്രധാനമായും ഫുട്ബോൾ കളിക്കുന്നതെങ്കിലും കയ്യൊഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കളിക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്‌. എന്നാൽ ഇരുടീമിലെയും ഗോൾകീപ്പർമാർക്ക്‌ പന്തു കൈകൊണ്ടു തൊടാം. കളി നിയന്ത്രിക്കുന്നതിന് കളിക്കളത്തിനകത്ത് ഒരു പ്രധാന റഫറിയും, മൈതാനത്തിന്റെ ഇരു പാർശ്വങ്ങളിലും ഓരോ സഹ റഫറിമാരും ഉണ്ടാകും.
ചൈനയിലെ ഹാൻ സാമ്രാജ്യകാലത്താണ് ഫുട്ബോളിന്റെ ആദ്യരൂപം കളിച്ചിരുന്നതായി കണക്കാക്കുന്നത്. ഫുട്ബോൾ എന്ന പേരിൽ അമേരിക്കയിൽ മറ്റു ചില കളികളുമുണ്ട്‌ അതിനാൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ കാൽപന്തുകളി അവിടെ സോക്കർ എന്നും അറിയപ്പെടുന്നു. അസോസിയേഷൻ ഫുട്ബോൾ എന്നതും മറ്റൊരു പേരാണ്. ഫെഡറേഷൻ ഓഫ്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ, ഫിഫ ആണ്‌ ഈ കളിയുടെ നിയമങ്ങൾ പരിഷ്ക്കരിക്കുന്നതും നടപ്പിലാക്കുന്നതും. ലളിതമായ നിയമങ്ങളും പരിമിതമായ സൗകര്യങ്ങൾ മതി എന്നതുമാണ്‌ ഫുട്ബോളിനെ ജനപ്രിയമാക്കാൻ കാരണങ്ങൾ. 200 രാജ്യങ്ങളിലായി കോടിക്കണക്കിനാളുകൾ ഈ കായികവിനോദത്തിലേർപ്പെടുന്നുണ്ട്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, യൂറോപ്പ്‌ എന്നിവിടങ്ങളിലാണ്‌ ഫുട്ബോളിന്‌ ഏറ്റവും പ്രചാരമുളളത്‌. ഫിഫയുടെ അംഗീകാരമില്ലാത്ത സെവൻസ്‌ ഫുട്‌ബോളിന്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരമുണ്ട്‌.


കളിക്രമം : പതിനൊന്നു പേർ വീതമടങ്ങുന്ന രണ്ടു ടീമുകൾ തമ്മിലാണ്‌ ഫുട്ബോൾ മത്സരം. പന്ത് കൈക്കലാക്കി എതിർ ടീമിന്റെ വലയിൽ (ഗോൾ പോസ്റ്റ്‌) എത്തിക്കുകയാണു ലക്ഷ്യം. നിശ്ചിത സമയമായ 90 മിനിട്ടിന്റെ പരിധിക്കുള്ളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീം കളി ജയിക്കുന്നു. ഇരു ടീമുകളും തുല്യ ഗോളുകളാണ്‌ നേടിയതെങ്കിൽ കളി സമനിലയിലാകും. പന്തു വരുതിയിലാക്കി കാലുകൾ കൊണ്ടു നിയന്ത്രിച്ച്‌ മുന്നോട്ടു നീങ്ങി, ടീമംഗങ്ങൾ തമ്മിൽ പരസ്പരം പന്തു കൈമാറി ഗോൾ വലയത്തിനടുത്തെത്തുമ്പോൾ ഗോൾ കീപ്പറെ കബളിപ്പിച്ച്‌ പന്തു വലയിലാക്കുക എന്നതാണ് കളിയുടെ ക്രമം‌. പന്തു കൈക്കലാക്കി ഗോളാക്കാനായി ഇത്തരത്തിൽ ടീമുകൾ തമ്മിൽ നടക്കുന്ന മത്സരമാണ്‌ ഫുട്ബോളിനെ ആവേശഭരിതമാക്കുന്നത്‌. പന്തു കളിക്കളത്തിന്റെ അതിർത്തി വരയ്ക്കു പുറത്തേക്കു പോകുമ്പോഴോ കളി നിയന്ത്രിക്കുന്ന റഫറി നിർത്തി വയ്ക്കുമ്പോഴോ മാത്രമേ ഫുട്ബോൾ കളി നിശ്ചലമാകുന്നുള്ളു.
കളിനിയമങ്ങൾ : പല പ്രദേശങ്ങളിലായി വിവിധ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കളിച്ചിരുന്ന ഫുട്ബോളിന്റെ നിയമങ്ങൾ ദീർഘകാല ശ്രമങ്ങളുടെ ഫലമായാണ്‌ ക്രോഡീകരിക്കപ്പെട്ടത്‌. ഇതിനുളള ശ്രമങ്ങൾ ശക്തമായത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്‌. ഇന്നു നിലവിലുളള നിയമങ്ങളുടെ ഏകദേശ ചിത്രം രൂപപ്പെടുത്തിയതു കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജാണ്‌. 1848ൽ ഇംഗ്ലണ്ടിലെ വിവിധ ടീമുകളെ ചർച്ചയ്ക്കിരുത്തിയാണ്‌ ഇതു സാധ്യമാക്കിയത്‌.
കളിനിയമങ്ങളുടെ ക്രോഡീകരണത്തിനുളള ശ്രമങ്ങൾ 1863ൽ ദ്‌ ഫുട്ബോൾ അസോസിയേഷൻ( എഫ്‌. എ) എന്ന സംഘടനയുടെ രൂപവത്കരണത്തിനു കാരണമായി. ആ വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി. കളിനിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇപ്പോൾ പ്രധാന പങ്കു വഹിക്കുന്നത്‌ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ്‌(ഐ.എഫ്‌.എ.ബി.) എന്ന സംഘടനയാണ്‌. 1882ലാണ്‌ ഇതു രൂപീകൃതമായത്‌. 1904ൽ പാരിസിൽ രൂപംകൊണ്ട ഫിഫ, ഐ.എഫ്‌.എ.ബി.യുടെ നിയമങ്ങൾ പിന്തുടരുമെന്നു പ്രഖ്യാപിച്ചു. കാലക്രമത്തിൽ ഫുട്ബോളിലെ ഏറ്റവും ശക്തമായ സംഘടനയായി ഫിഫ മാറി. ഇന്ന് ഐ.എഫ്‌.എ.ബി.യിൽ ഏറ്റവും കൂടുതൽ പ്രതിനിധികളുള്ളത്‌ ഫിഫയിൽ നിന്നാണ്‌.
ഔദ്യോഗികമായി പതിനേഴ്‌ പ്രധാന നിയമങ്ങളാണുളളത്‌. എല്ലാ വിഭാഗത്തിലുമുളള ഫുട്ബോൾ കളിയിലും ഈ നിയമങ്ങളാണ്‌ പ്രാവർത്തികമാകുന്നതെങ്കിലും വനിതാ, ജൂണിയർ തലങ്ങളിൽ ചില്ലറ മാറ്റങ്ങൾ വരുത്തുവാൻ ദേശീയ അസോസിയേഷനുകൾക്ക്‌ അധികാരമുണ്ട്‌. ഈ നിയമങ്ങൾക്കു പുറമേ ഐ.എഫ്‌.എ.ബി. പുറപ്പെടുവിക്കുന്ന പ്രത്യേക മാർഗനിർദ്ദേശങ്ങളും കളിയുടെ നടത്തിപ്പിനായി ഉപയോഗിക്കുന്നു.
ഓരോ ടീമിലും പതിനൊന്നു കളിക്കാരുണ്ടാവണം(പകരക്കാരെ കൂടാതെ). ഇവരിലൊരാൾ ഗോൾകീപ്പർ ആയിരിക്കും. പന്തു കൈകൊണ്ടു തൊടുവാൻ അനുവാദമുളള ഏക കളിക്കാരൻ ഗോൾ കീപ്പറാണ്‌. എന്നാൽ പെനാൽറ്റി ഏരിയ( ഗോൾ പോസ്റ്റിനു മുന്നിലുള്ള 18 വാര ബോക്സ്‌)യ്ക്കുള്ളിൽ വച്ചു മാത്രമേ ഗോൾ കീപ്പർക്കും പന്തു കൈകൊണ്ടു തൊടുവാൻ അനുവാദമുള്ളു. കളിക്കാർ ഷർട്ട്‌ അഥവാ ജേഴ്സി, നിക്കർ, സോക്സ്‌ എന്നിവ ധരിച്ചിരിക്കണം. തനിക്കോ മറ്റു കളിക്കാർക്കോ പരിക്കേൽക്കുന്ന വിധത്തിൽ യാതൊന്നും ധരിക്കാൻ പാടില്ല.ഇതിൽ മോതിരം മാല എന്നിങ്ങനെയുള്ള ആഭരണങ്ങളും ഉൾപ്പെടും.
കളി പുരോഗമിക്കുന്നതിനിടെ ചില കളിക്കാർക്ക്‌ പകരക്കാരെ ഇറക്കാം. രാജ്യാന്തര മത്സരങ്ങളിലും മറ്റ്‌ ദേശീയ മത്സരങ്ങളിലും ഇത്തരം പകരക്കാരുടെ എണ്ണം മൂന്നായി നിജപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ ചില സൗഹാർദ്ദ മൽസരങ്ങളിൽ ഇതിനു പരിധി ഇല്ല. കളത്തിലുള്ള ഒരു താരം പരിക്കേൽക്കുമ്പോഴോ തളരുമ്പോഴോ അല്ലെങ്കിൽ അയാളുടെ കളിനിലവാരം താഴുന്നുവെന്ന് പരിശീലകനു തോന്നുമ്പോഴോ ആണ്‌ സാധാരണ പകരക്കാരെ ഇറക്കുന്നത്‌. അങ്ങനെ പകരക്കാരൻ കളത്തിലിറങ്ങിയാൽ ഏതു താരത്തിനും പ്രസ്തുത മത്സരത്തിൽ പിന്നീടു കളിക്കാനാകില്ല.

സാധാരണയായി #1 മുതൽ #5 വരെയുള്ള അളവുകളിൽ പന്തുകൾ ലഭ്യമാണ്. അളവിന്റെ നംബർ കൂടുന്നതിനനുസരിച്ച് വലിപ്പവും കൂടുന്നു. ഫിഫയുടെ അംഗീകാരമുള്ള കളികൾക്ക് ലോകമെങ്ങും ഉപയോഗിക്കുന്നത് #5 അളവിലുള്ള പന്തുകളാണ്. ഈ പന്തുകൾക്ക് 68 മുതൽ 70 സെ. മീ വരെ ചുറ്റളവും 410 മുതൽ 450 വരെ ഗ്രാം ഭാരവും ഉണ്ടായിരിക്കണം. അവയിലെ വായുമർദ്ദം സാധാരണ അന്തരീകഷമർദ്ദത്തിന്റെ 0.6 മുതൽ 1.1 വരെ മടങ്ങ് ആകാം. ആദ്യകാലത്ത് ഏതാനും ഷഡ്ഭുജരൂപത്തിലുള്ള തുകൽക്കഷണങ്ങൾ തമ്മിൽ തുന്നിച്ചേർത്ത് ഗോളാകൃതിയിലാക്കിയാണ് കാൽപ്പന്തുകൾ നിർമ്മിച്ചിരുന്നത്. കാറ്റു നിറക്കാൻ അവക്കകത്ത് റബ്ബർ കൊണ്ടുള്ള ഒരു ബ്ലാഡർ ഉണ്ടാകും. ഇതിൽ പമ്പുപയോഗിച്ച് കാറ്റു നിറച്ച് അതിന്റെ വായ് ഭദ്രമായി കെട്ടി പന്തിനകത്തു കയറ്റിവച്ച് പന്തിന്റെ പുറംവായ് ഷൂലേസുകൾ കെട്ടുന്ന മട്ടിൽ ചരടുപയോഗിച്ച് കെട്ടിയുറപ്പിക്കുകയായിരുന്നു പതിവ്. പിൽക്കാലത്ത് നേരിട്ട് കാറ്റ് നിറക്കാവുന്ന പന്തുകൾ നിലവിൽ വന്നു. ഇവ നിർമ്മിക്കുന്നത് പ്രത്യേകതരം പ്ലാസ്റ്റിക്കുകളായ പോളിയുറേത്തേൻ ഉപയോഗിച്ചാണ്.
100 മുതൽ 110 മീറ്റർ വരെ നീളവും 64-75 മീറ്റർ വരെ വീതിയുമുളള കളിക്കളമായിരിക്കണം മുതിർന്നവരുടെ ഫുട്ബോൾ മത്സരത്തിനുപയോഗിക്കുന്നത്‌. ദീർഘ ചതുരാകൃതിയിലായിരിക്കണം കളിക്കളം. നീളമുളള അതിർത്തിവര ടച്ച്‌ ലൈൻ എന്നും നീളം കുറഞ്ഞത്‌ ഗോൾ ലൈൻ എന്നും അറിയപ്പെടുന്നു. ഇരുവശത്തെയും ഗോൾ ലൈനുകളിലാണ്‌ ഗോൾപോസ്റ്റുകളുടെ സ്ഥാനം. ഗോൾ പോസ്റ്റിനു മുന്നിലുളള 16.3 മീറ്റർ സ്ഥലത്താണ്‌ പെനാൽറ്റി ബോക്സ്‌. ഗോൾ ലൈനിൽ നിന്നും കളത്തിലേക്ക്‌ 18 വാര തള്ളി നിൽക്കുന്നതിനാൽ 18 യാർഡ്‌ ബോക്സ്‌ എന്നും ഈ പ്രദേശം അറിയപ്പെടുന്നു. കളിക്കളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണിത്‌. ഈ വരയ്കു വെളിയിൽ വച്ച്‌ ഗോൾകീപ്പർ പന്തു കൈകൊണ്ടു തൊട്ടാലോ ബോക്സിനുള്ളിൽ വച്ച്‌ ഗോൾ ലക്ഷ്യമാക്കുന്ന കളിക്കാരനെ എതിർ ടീമിലെ ഡിഫൻഡർ ഫൌൾ ചെയ്താലോ സാധാരണ ഗതിയിൽ പെനാൽറ്റി കിക്ക്‌ നൽകി ശിക്ഷിക്കപ്പെടും.
100 മുതൽ 110 മീറ്റർ വരെ നീളവും 64-75 മീറ്റർ വരെ വീതിയുമുളള കളിക്കളമായിരിക്കണം മുതിർന്നവരുടെ ഫുട്ബോൾ മത്സരത്തിനുപയോഗിക്കുന്നത്‌. ദീർഘ ചതുരാകൃതിയിലായിരിക്കണം കളിക്കളം. നീളമുളള അതിർത്തിവര ടച്ച്‌ ലൈൻ എന്നും നീളം കുറഞ്ഞത്‌ ഗോൾ ലൈൻ എന്നും അറിയപ്പെടുന്നു. ഇരുവശത്തെയും ഗോൾ ലൈനുകളിലാണ്‌ ഗോൾപോസ്റ്റുകളുടെ സ്ഥാനം. ഗോൾ പോസ്റ്റിനു മുന്നിലുളള 16.3 മീറ്റർ സ്ഥലത്താണ്‌ പെനാൽറ്റി ബോക്സ്‌. ഗോൾ ലൈനിൽ നിന്നും കളത്തിലേക്ക്‌ 18 വാര തള്ളി നിൽക്കുന്നതിനാൽ 18 യാർഡ്‌ ബോക്സ്‌ എന്നും ഈ പ്രദേശം അറിയപ്പെടുന്നു. കളിക്കളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണിത്‌. ഈ വരയ്കു വെളിയിൽ വച്ച്‌ ഗോൾകീപ്പർ പന്തു കൈകൊണ്ടു തൊട്ടാലോ ബോക്സിനുള്ളിൽ വച്ച്‌ ഗോൾ ലക്ഷ്യമാക്കുന്ന കളിക്കാരനെ എതിർ ടീമിലെ ഡിഫൻഡർ ഫൌൾ ചെയ്താലോ സാധാരണ ഗതിയിൽ പെനാൽറ്റി കിക്ക്‌ നൽകി ശിക്ഷിക്കപ്പെടും.
രണ്ട് ഗോൾപോസ്റ്റുകൾക്കുമിടയിൽ 7.32 മീറ്റർ(8 വാര) അകലവും അവയെ ബന്ധിപ്പിക്കുന്ന മുകൾത്തണ്ടിന്റെ അടിവശത്തിന് തറനിരപ്പിൽനിന്ന് 2.44 മീറ്റർ (8 അടി) ഉയരവുമുണ്ടായിരിക്കണമെന്നാണ് അന്താരാഷ്ട്രനിയമം. പോസ്റ്റുകൾക്കും മുകൾത്തണ്ടിനും 12 സെ.മീ. (5 ഇഞ്ച്) കനവും വീതിയും വേണമെന്നും നിബന്ധനയുണ്ട്.

45 മിനുട്ട്‌ വീതമുളള ഇരു പകുതികളിലായാണ്‌ ഫുട്ബോൾ മത്സരം നടക്കുക. പതിനഞ്ചു മിനുട്ടാണ്‌ ഇടവേള. മത്സരത്തിലെ വിജയിയെ കണ്ടെത്തണമെന്ന് നിർബന്ധമുളളപ്പോൾ (ഉദാ: ലോകകപ്പ് നോക്കൗട്ട് മത്സരങ്ങൾ) കളി 30 മിനുട്ട് (15×2) അധികസമയത്തേക്കു നീട്ടുന്നു. എന്നിട്ടും സമനിലയാണു ഫലമെങ്കിൽ പെനാൽറ്റി ഷൂട്ടൌട്ടിനെ ആശ്രയിക്കുന്നു. പെനാൽറ്റി ഷൂട്ടൌട്ടിലൂടെ വിജയികളെ കണ്ടെത്തുന്ന രീതിക്കുപകരമായി 1990കൾ മുതൽ രണ്ടു പരീക്ഷണങ്ങൾ നടത്തിയിരുന്നു. അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി. ഇതിനെ ഗോൾഡൻ ഗോൾ എന്നു വിശേഷിപ്പിക്കുന്നു. ഇതിൽ അധികസമയത്ത് ഒരു ടീം ഗോളടിച്ചാൽ അപ്പോൾ തന്നെ കളി നിർത്തി അവരെ വിജയികളായി പ്രഖ്യാപിക്കും. ഇതിനു ശേഷം നടത്തിയ പരീക്ഷണമാണ്‌ സിൽവർ ഗോൾ. അതായത്‌ അധിക സമയത്തിലെ ഏതു പകുതിയിലാണോ ഗോളടിക്കുന്നത് ആ പകുതി മുഴുവൻ കഴിയാൻ കാത്തു നിൽക്കുകയും വീണ്ടും തുല്യത പാലിക്കുകയാണെങ്കിൽ മാത്രം രണ്ടാം പകുതിയോ ഷൂട്ടൗട്ടോ തുടങ്ങുകയും ചെയ്യുന്ന രീതിയെ ആണിങ്ങനെ വിളിക്കുന്നത് രണ്ടു രീതികളും ഇപ്പോൾ നിലവിലില്ല. റഫറിയാണ്‌ ഫുട്ബോൾ മത്സരത്തിന്റെ സമയപാലകൻ. കളിക്കിടയിൽ പരിക്ക് കാരണം നഷ്ടപ്പെടുന്ന സമയം നാലാം റഫറിയുടെ സഹായത്താൽ ഇരുപകുതികളിലുമായി കൂട്ടിച്ചേർക്കുന്നതും റഫറിതന്നെയാണ്‌. ഇങ്ങനെ കൂട്ടിച്ചേർക്കുന്ന സമയത്തെ ഇൻ‌ജ്വറി സമയമെന്നു പറയുന്നു. കളിനിയമങ്ങൾക്കനുസരിച്ച്‌ കളി മുന്നോട്ടു കൊണ്ടുപോവുകയാണ്‌ റഫറിയുടെ ദൌത്യം. റഫറിയുടെ തീരുമാനം അന്തിമമാണ്‌. പ്രധാന റഫറിയെ സഹായിക്കുവാൻ രണ്ടു അസിസ്റ്റന്റ്‌ റഫറിമാരും ഉണ്ടാകും. സുപ്രധാന മത്സരങ്ങളിൽ നാലാമതൊരാളെയും കളിനിയന്ത്രണത്തിനായി കരുതാറുണ്ട്‌.
കിക്കോഫിലൂടെയാണ്‌ മത്സരം തുടങ്ങുന്നത്‌. കളിക്കളത്തിലെ മധ്യവൃത്തത്തിൽ നിന്നാണ്‌ കിക്കോഫ്‌ തുടങ്ങുന്നത്‌. കിക്കോഫ്‌ എടുക്കുന്ന ടീമിലെ രണ്ടു കളിക്കാരൊഴികെ ബാക്കിയുളളവർ മധ്യവൃത്തത്തിനു വെളിയിലായിരിക്കണം. ആദ്യത്തെ കിക്കോഫ്‌ കഴിഞ്ഞാൽ പന്ത്‌ പുറത്തു പോവുകയോ റഫറി കളി നിർത്തി വയ്ക്കുകയോ ചെയ്യുന്ന സമയമൊഴികെ കളി തുടർന്നുകൊണ്ടിരിക്കും. കളി പുനരാരംഭിക്കുന്നത്‌ താഴെ പറയുന്ന രീതികളിലാണ്‌.
കിക്കോഫ്‌- ഏതെങ്കിലുമൊരു ടീം ഗോൾ നേടുമ്പോഴും ഇടവേളയ്ക്കു ശേഷവും. ത്രോ ഇൻ- ഒരു കളിക്കാരന്റെ പക്കൽ നിന്നും പന്ത്‌ ടച്ച്‌ ലൈൻ കടന്നു പുറത്ത്‌ പോയാൽ എതിർ ടീമിന്‌ അനുകൂലമായ ത്രോ ഇൻ അനുവദിക്കും. കളത്തിനു പുറത്തു നിന്നും പന്ത്‌ അകത്തേക്കെറിയുകയാണിവിടെ. ഗോൾ കിക്ക്‌- പന്തു സ്ട്രൈക്കറുടെ പക്കൽ നിന്നും ഗോൾലൈനു പുറത്തേക്കു പോകുമ്പോൾ ഗോളി പെനാൽട്ടി ബോക്സിനകത്തുനിന്നും എടുക്കുന്നത്. കോർണർ കിക്ക്‌- ഏതെങ്കിലുമൊരു ടീം സ്വന്തം ഗോൾ ലൈനു പുറത്തേക്കു പന്തടിച്ചു കളഞ്ഞാൽ. ഇൻഡയറക്ട്‌ ഫ്രീകിക്ക്‌- നിസാരമായ ഫൌളുകൾ വഴങ്ങുന്ന ടീമിനെതിരെയാണ്‌ ഇത്തരം കിക്കുകൾ. ഡയറക്ട്‌ ഫ്രീകിക്ക്‌- ഫൌൾ അൽപം കൂടി ഗൗരവമുളളതാകുമ്പോൾ ഡയറക്ട്‌ ഫ്രീകിക്കിലൂടെ കളിതുടരും. പെനാൽറ്റി കിക്ക്‌- സ്വന്തം പെനാൽറ്റിബോക്സിൽ‍ ഫൌൾ വഴങ്ങുന്ന ടീമിനെതിരെയാണ്‌ പെനാൽറ്റി കിക്ക്‌ വിധിക്കുക. ഗോളിയെ മാത്രം മുന്നിൽ നിർത്തി ഗോൾ ലൈനു തൊട്ടു മുൻപിലുള്ള പെനാൽറ്റി സ്പോട്ടിൽ നിന്ന് ഈ കിക്കെടുക്കുന്നു. ഡ്രോപ്ഡ്‌ ബോൾ- ആർക്കെങ്കിലും പരിക്കു പറ്റിയോ സമാനമായ കാരണങ്ങൾകൊണ്ടോ കളിനിർത്തിവച്ചാൽ പുനരാരംഭിക്കുന്ന രീതിയാണിത്‌. ഇതിലേതു രീതി ആണെങ്കിലും കളി ഏതവസരത്തിലും വീണ്ടും തുടങ്ങുവാൻ പന്ത് എറിയുകയോ അടിക്കുകയോ കൈമാറുകയോ ചെയ്യുന്ന കളിക്കാരന്‌ വേറേതെങ്കിലും കളിക്കാരൻ പന്ത് തൊട്ടതിനു ശേഷമേ വീണ്ടും തൊടാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ഗോൾകിക്കെടുക്കുമ്പോൾ കിക്കെടുത്തു കഴിഞ്ഞ് പന്ത് പെനാൽട്ടി ഏരിയക്ക് പുറത്തെത്തിയതിനു ശേഷം മാത്രമെ ഗോളിയ്ക്കോ അയാളുടെ സഹകളിക്കാർക്കോ(എതിർടീമിനു ബാധകമല്ല) പന്ത് തൊടാനവകാശമുള്ളൂ.

ഫുട്ബോളിനെ രാജ്യാന്തര തലത്തിൽ നിയന്ത്രിക്കുന്നത്‌ ഫിഫയാണ്‌. ഫിഫയുടെ കീഴിൽ ഓരോ ഭൂഖണ്ഡങ്ങൾക്കും കോൺഫെഡറേഷനുകളും അവയ്ക്കു കീഴിൽ ദേശീയ അസോസിയേഷനുകളുമുണ്ട്‌. ഇനി പറയുന്നവയാണ്‌ കോൺഫെഡറേഷനുകൾ – ഏഷ്യ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ( എ. എഫ്‌. സി.), ആഫ്രിക്ക: കോൺഫെഡറേഷൻ ഓഫ്‌ ആഫ്രിക്കൻ ഫുട്ബോൾ ( സി. എ. എഫ്‌.), വടക്കേ അമേരിക്ക: കോൺഫെഡറേഷൻ ഓഫ്‌ നോർത്ത്‌ സെൻ ട്രൽ അമേരിക്കൻ ആൻഡ്‌ കരിബിയൻ അസോസിയേഷൻ ഓഫ്‌ ഫുട്ബോൾ ( കോൺകാഫ്‌), യൂറോപ്‌: യൂണിയൻ ഓഫ്‌ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്‌ (യുവേഫ), ഓസ്ട്രേലിയ: ഓഷ്യാന ഫുട്ബോൾ കോൺഫെഡറേഷൻ( ഒ. എഫ്‌. സി.) തെക്കേ അമേരിക്ക: സൗത്ത്‌ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ( കോൺമിബോൾ).
ഫുട്ബോളിലെ ഏറ്റവും പ്രധാന മത്സരം ലോക കപ്പ്‌ ആണ്‌. നാലു വർഷം കൂടുമ്പോൾ ഫിഫയാണ്‌ ഈ ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത്‌. പ്രാഥമിക തലത്തിൽ മത്സരിക്കുന്ന 190 ദേശീയ ടീമുകളിൽ നിന്നും 32 ടീമുകൾ ഒരു മാസം നീണ്ടു നിൽക്കുന്ന ലോക കപ്പ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു യോഗ്യത നേടുന്നു. ലോക കപ്പ് മത്സരങ്ങൾ നടക്കുന്നതിനു മുൻപുള്ള 3 വർഷക്കാലയളവിൽ നടക്കുന്ന യോഗ്യതാ റൗണ്ട് മൽസരങ്ങളിലൂടെയാണ് ഇപ്രകാരം 32 രാജ്യങ്ങൾ യോഗ്യത നേടുന്നത്. വൻകരകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഒളിമ്പിക്സ്‌ ഫുട്ബോൾ ആണ്‌ മറ്റൊരു പ്രധാന മത്സരം.
മറ്റു പ്രധാന മത്സരങ്ങൾ (ക്ലബ്‌ തലം ഉൾപ്പെടെ) : യൂറോ കപ്പ്‌, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, കോപ അമേരിക്ക, കോപ ലിബർട്ടഡോറസ്‌, ആഫ്രിക്കൻസ്‌ നേഷൻസ്‌ കപ്പ്‌, ഏഷ്യൻ കപ്പ്‌, എ. എഫ്‌. സി. ചാമ്പ്യൻസ്‌ ലീഗ്‌, കോൺകാഫ്‌ ഗോൾഡ്‌ കപ്പ്‌, ഓഷ്യാന കപ്പ്‌, മെർദേക്ക കപ്പ്‌, കോൺഫെഡറേഷൻസ് കപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, സ്പാനിഷ്‌ ലീഗ് (ലാ ലീഗാ), സീരി എ (ഇറ്റലി), ജർമ്മൻ ബുണ്ടെസ്‌ലിഗാ.
കടപ്പാട് – വിക്കിപീഡിയ.


http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment