നാദിയ മുറാദ് : ജീവിത സമരത്തിൻ്റെ സമാധാന നൊബേൽ SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Friday, October 12, 2018

നാദിയ മുറാദ് : ജീവിത സമരത്തിൻ്റെ സമാധാന നൊബേൽ SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP

ലേഖിക – രേഷ്മ ആൻ സെബാസ്റ്റ്യൻ.

യാതനയുടെ പടുകുഴിയിൽ നിന്നും ജീവിതത്തിലേയ്ക്ക് പിടിച്ചു കയറിയ ധീര വനിതയാണ് “നാദിയ മുറാദ് “. പ്രതിസന്ധികളിൽ തളരാതെ , ജീവിതത്തെ തിരിച്ചു പിടിച്ച് , മറ്റുള്ളവർക്ക് പ്രചോദനമേകാനായി തന്റെ ജീവിതം തുറന്നു കാണിച്ച ധൈര്യശാലി. സാധാരണക്കാരിൽ നിന്ന് നോബൽ സമ്മാനം വരെ നാദിയയെ എത്തിച്ചത്, സഹിച്ച പീഡനങ്ങൾ മാത്രമല്ല ഇനി തന്നെ പോലെ ഒരാളും ദുരിതത്തിൽ അകപ്പെടരുത് എന്ന തിരിച്ചറിവിൽ നാദിയ നടത്തിയ പ്രവർത്തനങ്ങൾ ആണ്.

1993 ഇൽ ഇറാഖിലെ കോജോ എന്ന ഗ്രാമത്തിൽ ജനിച്ച നാദിയ യസീദി വംശജയായിരുന്നു. കര്ഷകരായിരുന്നു അവളുടെ മാതാപിതാക്കൾ . ചരിത്ര വിദ്യാർത്ഥിയായിരുന്നു നാദിയ . 2014 സെപ്റ്റംബറിൽ , ഇരുപത്തിയൊന്നാമത്തെ വയസിലാണ് നാദിയയുടെ സ്വൈര്യ ജീവിതത്തിനു തിരശീല വീണത്. ഐ എസ് ഭീകരർ കോജോ വളയുകയും പുരുഷന്മാരെ കൊന്നൊടുക്കുകയും ചെയ്തു . നാദിയയുടെ ആറ് ആങ്ങളമാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്ത്രീകളെ അവർ ബസുകളിൽ കയറ്റി അടിമച്ചന്തയിൽ കൊണ്ടുപോയി ഐ എസ് ലെ അംഗങ്ങൾക്ക് തന്നെ വിറ്റു.

ക്രൂരതയുടെ നാളുകളായിരുന്നു പിന്നീട് നാദിയയെ കാത്തിരുന്നത്. ശരീരത്തെയും മനസിനെയും ഒരുപോലെ തകർത്തെറിയുന്ന ലൈംഗീക പീഡനങ്ങൾക്ക് അവൾ ഇരയായി. ഒന്നല്ല പലവട്ടം. രക്ഷപെടാൻ ശ്രമിച്ചപ്പോഴൊക്കെ ശാരീരികമായും ഉപദ്രവിക്കപ്പെട്ടു. അനേകരുടെ കാമവെറികളുടെ ഇരയാക്കപ്പെട്ടിട്ടും നാദിയയുടെ ശരീരത്തെ അല്ലാതെ മനസിനെ തകർക്കാൻ അവർക്ക് കഴിഞ്ഞില്ല.

ചുറ്റിനും വട്ടമിട്ടു പറക്കുന്ന കഴുകന്മാർക്കിടയിൽ നിന്നും നാദിയ ഓടി രക്ഷപെട്ടു. ജീവിതത്തിലേക്കുള്ള ഒരോട്ടം . അങ്ങനെ അഭയാർത്ഥി ക്യാമ്പിലും പിന്നീട് ജർമ്മനിയിലും എത്തി . മൂന്നുമാസത്തെ നീണ്ട പീഡനങ്ങളെക്കാളുപരി, തന്നെപോലെ പീഡനമനുഭവിക്കുന്നവരെക്കുറിച്ചുള്ള ചിന്ത നാദിയയെ പോരാടാൻ പ്രേരിപ്പിച്ചു . തന്റെ പോലുള്ള ലോകത്തെ അവസാനത്തെ പെൺകുട്ടി താനായിരിക്കണം എന്നായിരുന്നു നാദിയയുടെ ആഗ്രഹം. അതിനു വേണ്ടിയാണു താനനുഭവിച്ച ക്രൂരതകൾ ലോകത്തോട് വിളിച്ചു പറയാൻ നാദിയ തയാറായത് . “അവസാനത്തെ പെൺകുട്ടി ” എന്ന നാദിയയുടെ ആത്മകഥയും അതിനു ഉദാഹരണമാണ്.

2016 മുതൽ മനുഷ്യകടത്തിനെതിരെ ഐക്യരാഷ്രസഭയുടെ ഇടപെടൽ നടത്താൻ നാദിയയ്ക്ക് കഴിഞ്ഞു. ഇതോടെ നാദിയ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യകടത്തിനെതിരെ ചുക്കാൻ പിടിക്കുന്ന ആദ്യത്തെ ഗുഡ്‌വിൽ അംബാസിഡർ ആയി. പിന്നീടങ്ങോട്ട് നേടിയ കരുത്തുറ്റം പോരാടി. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ തകർന്ന് ജീവിതം അവസാനിപ്പിക്കുന്നവർക്ക് മാതൃകയാണ് നാദിയ . അനുഭവിച്ച പീഡനങ്ങളുടെ തോത് ആത്മഹത്യയുടെ കാഠിന്യം വർദ്ധിപ്പിക്കുമെങ്കിൽ , നാദിയ എത്രയോ വട്ടം ആത്മഹത്യ ചെയ്തേനെ . പക്ഷെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുകയായിരുന്നു അവർ.

മനുഷ്യകടത്തിനെതിരെ പോരാടുന്ന നാദിയ ഒരു തീയാണ്, ചുട്ടെരിച്ച ഓർമ്മകളുടെ ഭാരവും പേറി മനസിലെ അണയാത്ത കനലുമായി മുന്നേറുന്ന പോരാളി. രക്ഷപെടുന്നവരെ സംരക്ഷിക്കുവാനും നാദിയ മുൻകൈ എടുക്കുന്നു. 2018 ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നേടാൻ എന്തുകൊണ്ടും അർഹയാണ് നാദിയ . ഈ നോബൽ സമ്മാനം ലോകജനത നാദിയയ്ക്ക് നൽകുന്ന സമ്മാനമാണ്. ഞങ്ങളും നിനക്കൊപ്പമുണ്ട് എന്ന ഉറപ്പാണ്. പോരാടാനുള്ള കരുത്തും.

ഇരകളെ വേട്ടയാടാനായ് ക്രൂരന്മാരായ മനുഷ്യമൃഗങ്ങൾ കണ്ടെത്തുന്ന ആയുധമാണ് ബലാത്സംഗം. ഒരേസമയം മാനസികമായും ശാരീരികമായും തളർത്തുന്ന ആയുധം. ഒരു പീഡനത്തിനും തകർക്കാൻ പറ്റാത്ത കരുതാണ് നാദിയ. ഇനിയും നാദിയമാർ ഉണ്ടാകട്ടെ. ഇനിയും പോരാട്ടങ്ങൾ തുടരട്ടെ. അവസാനത്തെ പെൺകുട്ടിയും കിരാതന്മാരിൽ നിന്നും രക്ഷപെടും വരെ.



http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment