ഹർത്താൽ ദിനത്തിൽ പരുമല തിരുമേനിയെ കാണാൻ ഒരു സൈക്കിൾ യാത്ര… SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, October 18, 2018

ഹർത്താൽ ദിനത്തിൽ പരുമല തിരുമേനിയെ കാണാൻ ഒരു സൈക്കിൾ യാത്ര… SANCHARI MALAYALAM TRAVELOGUES / SANJARI ROUTE MAP



വിവരണം – രേഷ്മ രാജൻ.
ഒരു അവധി ദിവസം കിട്ടിയാൽ ഏതൊരു സഞ്ചാരിയും ആദ്യം ചിന്തിക്കുക കുന്നിൻ മുകളിലോട്ടോ , കാട്ടിലേക്കോ അല്ലെങ്കിൽ ലേഹ് – ലഡാക്കിലോട്ടോ പോകാൻ ആയിരിക്കും. എല്ലാത്തിൽനിന്നും വ്യത്യസ്തമായി ഞാൻ ഒരു സൈക്കിൾ റൈഡ് ചെയ്യാൻ പോയി. ഒരു ഹർത്താൽ ദിവസം.. എന്‍റെ നാട്ടിൽ കൂടി ഒരു സൈക്കിൾ സഫാരി. വീട്ടിൽ നിന്നും സൈക്കിൾ റൈഡ് ചെയ്യാൻ പോകുവാണെന്നു പറഞ്ഞപ്പോൾ അമ്മയുടെ വക ഒരു ഡയലോഗ്.. “മോളെ നിനക്കു എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് പറ..”
3 മാസം മുൻപ് നടുവിന് ഒരു അല്പം ഒടിവ് ഉണ്ടായതിനാൽ സൈക്ലിംഗ് , പണി വാരി കൂട്ടി തരുമോ എന്നൊരു പേടിയും എനിക്ക് ഉണ്ടായിരുന്നു.. അതൊന്നും ഞാൻ കാര്യമാക്കാതെ , വീട്ടിൽ ജോലിക്കു വരുന്ന നുമ്മ ബംഗാളി ഭായിയുടെ സൈക്കിൾ ഉം എടുത്ത് കൂട്ടത്തിൽ ഒരു ബാഗിൽ തണുത്ത ഒരു കുപ്പി വെള്ളവും ( ഹർത്താൽ ആയതിനാൽ കടകൾ ഒന്നും ഇല്ലായിരുന്നു ) ഇറങ്ങി..എങ്ങോട്ടു പോകണം എന്ന് ഒരു ലക്ഷ്യവും ഇല്ലാതെ ആയിരുന്നു യാത്രയുടെ തുടക്കം. വീട്ടിൽ നിന്നും ഇറങ്ങി നേരെ..

സൂര്യ ക്ഷേത്രം : (ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലും ചെങ്ങന്നൂര്‍ താലൂക്കിലെ മാന്നാര്‍ പഞ്ചായത്തിലുമായി അതിരുകള്‍ പങ്കിടുന്ന ഇരമത്തൂര്‍ എന്ന സ്ഥലത്താണ് അതിപുരാതനമായ സൂര്യക്ഷേത്രം സ്ഥിതിചെയുനത്..). അവിടുന്ന് നേരെ ചെന്നിത്തല തൃപ്പെരുംതുറ മഹാദേവ ക്ഷേത്രം വഴി നവോദയ സ്കൂളിന്റെ മുന്നിൽ എത്തി..ഇടത്തേക്കും വലത്തേക്കും വഴിയുണ്ട്..നട്ടുച്ച ആയതിനാൽ ഞാൻ ഒരുഅല്പം ക്ഷീണിച്ചു പോയി.. ഇടത്തേക്ക് പോയാൽ വീട്ടിൽ എത്തിച്ചേരാം. യാത്ര നിർത്തിയാലോ എന്ന് ഒരുനിമിഷം ചിന്തിച്ചു..എന്തായാലും ഇറങ്ങി തിരിച്ചു.. പോകാൻ പറ്റുന്നതുവരെ പോകാം എന്ന് മനസ്സിൽ ഉറപ്പിച്ചു വലത്തോട്ട് യാത്ര തുട്ങ്ങി.. ചെന്നിത്തല ഒക്കെ ആയപ്പോൾ റോഡിൽ ഹർത്താൽ നടത്തുന്ന ചേട്ടന്മാരൊക്കെ ഉണ്ടായിരുന്നു.. വരുന്ന വണ്ടികളെ ഒക്കെ കൈകാട്ടി നിർത്തി അവരുടെ ആവശ്യകത അറിഞ്ഞു ഒരു സമാധാനപരമായ ഹർത്താൽ ദിനം.. പോലീസ് മാമന്മാരും വഴിയോളം നിരന്നു നില്പുണ്ടായിരുന്നു.
അവിടുന്ന് നേരെ ഞാൻ മാവേലിക്കര റോഡ് ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി നീങ്ങി..ഏറെ ദൂരം എത്തിയപ്പോൾ നടുവിന് വേദന ചെറുതായി അനുഭവപെട്ടു.. റിസ്ക് എടുക്കേണ്ട എന്ന് കരുതി ഞാൻ യാത്ര അവസാനിപ്പിച്ചു തിരിച്ചു വീട്ടിലേക്ക്….വരുന്ന വഴി ഒരു ഐഡിയ തോന്നി…പരുമല തിരുമേനിയെ ഒന്ന് പോയി കാണാം എന്ന്. നവംബർ 1, 2 അവിടുത്തെ പെരുനാൾ ആണ്.. ഞാൻ ആ സമയം ഇവിടെ കാണില്ല. ആയതിനാൽ എന്‍റെ ഏറ്റവും പ്രിയപ്പെട്ട തിരുമേനിയുടെ പള്ളിയിൽ ഒരു അല്പം നേരം ചിലവിടാം എന്ന് തീരുമാനിച്ചു. വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ പാണ്ടനാട് (ചെങ്ങന്നൂർ) ഇന് അടുത്താണ് പരുമല.
“പമ്പ നദിയുടെ ” അരികിലായിട്ടു ചരിത്ര പ്രസിദ്ധമായ “പമ്പ കോളേജിനോട് ” ചേർന്നാണ് പരുമല പള്ളി സ്ഥിതിചെയുനത്..പമ്പ നദിയുടെ അരികിൽ ആയിട്ടു ഒരു ദ്വീപ് പോലെയാണ് പത്തനംതിട്ട ജില്ലയിലെ പരുമല എന്ന കൊച്ചു ദേശം സ്ഥിതിചെയുനത്.. ഒരു പാലത്തിനക്കരെ ആലപ്പുഴ ജില്ലയുടെ തുടക്കം കൂടിയാണ്.. തിരുമേനിയുടെ മുൻപിൽ ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസൽമാനെന്നോ ഇല്ല… തിരുമേനിക്കു എല്ലാരും തുല്യർ ആണ്. ആയതിനാൽ പരുമല പള്ളി പെരുനാൾ മാന്നാർ ദേശകരയാകെ അവരുടെ ഉത്സവമായി കൊണ്ടാടുന്നു. പരുമല പള്ളിയോടു ചേർന്നാണ് പരുമല ആശുപത്രിയും കാൻസർ സെന്ററും ഉള്ളത്..

ഉച്ചയ്ക്കു 3.00 ആയപ്പോൾ ഞാൻ അവിടെ എത്തി… ഹർത്താൽ ആയതിനാലും ഉച്ച സമയം ആയതിനാലും പള്ളിയിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല.. എനിക്ക് അധികം തിരക്കുളപ്പോൾ പോകുന്നതിനേക്കാൾ ആളുകൾ കുറവ് ആയിരിക്കുമ്പോ പോകുന്നതാണ് ഇഷ്ടം. ഒരു ശാന്ത അന്തരീക്ഷം ആണ് അവിടെ..മെഴുകുതിരിയും മേടിച്ചു ഞാൻ തിരുമേനിയുടെ മുൻപിൽ എത്തി… മെഴുകുതിരി കത്തിച്ചിട്ടു ഒരു അൽപ നേരം മുട്ടിൽ നിന്ന് പ്രാർത്ഥിച്ചു.
പള്ളിയോടു ചേർന്നാണ് തിരുമേനിയുടെ ആദ്യകാല വസതിയും തിരുമേനി സ്ഥാപിച്ച സ്കൂളും. വസതിയിലേക്ക് ലക്ഷ്യമിട്ടു ഞാൻ നടന്നു. അവിടെ ഒരു റൂമിൽ തിരുമേനിയുടെയും യെശുവിന്റെയും ഫോട്ടോയുടെ അടുത്ത മെഴുകുതിരി കത്തിച്ചു വെച്ചിട്ടുണ്ട്…. അതിനോട് ചേർന്നു കുറച്ചു ബൈബിൾ അടുക്കി വെച്ചിട്ടുണ്ട്.. വരുന്ന വിശ്വാസികൾക് അതെടുത്തു അവിടെ ഇരുന്നു പ്രാർഥികാം…പെരുനാളിനോടനുബന്ധിച്ച അവിടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
അവിടെ ഒരു അല്പനേരം ശാന്തമായി ഇരുന്നതിനു ശേഷം തിരുമേനിയെ ഒന്നൂടി വണങ്ങിയിട്ടു സൈക്കിൾ ഉം എടുത്ത് നേരെ വീട്ടിലോട് യാത്രയായി. പോരുന്ന വഴിയിൽ പ്രളയകാലത്തു പമ്പ നദി കലിതുള്ളി ഉറഞ്ഞു തുള്ളിയ പരുമല(പത്തനംതിട്ട) –>മാന്നാർ(ആലപ്പുഴ ) യോജിക്കയുന്ന പാലവും അവിടുത്തെ പ്രളയത്തിന്റെ അവശിഷ്ടവും കണ്ടു നേരെ വീട്ടിലേക്കു.. 4.30 ആയി വീട് എത്തിയപ്പോൾ. ഹിമാലയം വരെ പോയിട്ടുണ്ടെങ്കിലും സ്വന്തം നാടിന്റെ ഭംഗി ഒരു അല്പം കാണാൻ വേണ്ടി ഞാൻ നടത്തിയ ആദ്യ യാത്ര..


http://www.mjrvlog.com/search/label/ROUTE%20MAP%20-%20%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%20%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%BF

No comments:

Post a Comment