കൊല്ലത്ത് ടൂർ പ്ലാൻ ചെയ്യുന്നവർ 100% ഉപകാരപ്പെടും ഇത്; 25 സ്ഥലങ്ങളും വിവരവും.. ഷെയർ ചെയ്തു സൂക്ഷിച്ചോളൂ ഉപകാരപ്പെടും - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 29, 2018

കൊല്ലത്ത് ടൂർ പ്ലാൻ ചെയ്യുന്നവർ 100% ഉപകാരപ്പെടും ഇത്; 25 സ്ഥലങ്ങളും വിവരവും.. ഷെയർ ചെയ്തു സൂക്ഷിച്ചോളൂ ഉപകാരപ്പെടും

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ‌ചൊല്ലുകൊ‌ണ്ട് തന്നെ കൊല്ലത്തെ കാഴ്ച‌കൾ പണ്ടുമുതലെ പ്രസിദ്ധമാണ്. കായലുകളും തുരുത്തുകളും ‌ബീച്ചുകളും ക്ഷേത്രങ്ങളും മലനിരകളുമൊക്കെ ചേർന്നതാണ് കൊല്ലം ജില്ല. കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങ‌ളായ കൊട്ടാരക്കര ക്ഷേത്രവും ഓച്ചിറ ക്ഷേത്രവും കൊല്ലം ജില്ലയിലാണ്. ഇന്ത്യയിൽ തന്നെ ഇക്കോടൂറിസം ആദ്യമാ‌യി നടപ്പി‌ലാക്കിയ തെന്മലയാണ് കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട മറ്റൊരു ആകർഷണം. കൊല്ലം ജില്ലയിലെ പ്രശസ്തമായ 25 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

1. അഷ്ടമുടിക്കായൽ

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌.

വലിപ്പംകൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ്‌ കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ. പനയാകൃതിയുള്ള ഈ വലിയ ജലസംഭരണി വലിപ്പത്തിൽ വേമ്പനാട് കായലിന്റെതൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ്‌ (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി).

ഈ പേര്‌ കായലിന്റെ സ്ഥലചിത്രീകരണം സൂചിപ്പിക്കുന്നു;ബഹുശാഖകളുള്ള ഒരു കായൽ. കേരളത്തിലെ ശുദ്ധജലതടാകങ്ങളിലേക്കുള്ള കവാടം എന്നും ഈ കായലിനെ വിശേഷിപ്പിക്കുന്നു നീർത്തടങ്ങളുടെ സം‌രക്ഷണവും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്‌ അഷ്ടമുടി നീർത്തടം. കായലിന്റെ വലതുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു.

കൊല്ലം ബോട്ട് ക്ലബ്ബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബോട്ടു സവാരി കൊല്ലത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്നു. മറ്റു നിരവധി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഈ ബോട്ട് സവാരി പ്രവേശനമൊരുക്കുന്നു. കൂടാതെ ആഡംബര ഹൗസ് ബോട്ടുകളും സേവനങ്ങൾ നത്തുന്നു. ഈ ജലസംഭരണിയിലൂടെയുള്ള ബോട്ട് സവാരി 8 മണിക്കൂർ സമയം വരുന്നതാണ്‌. തടാകങ്ങൾ,കനാലുകൾ,വെള്ളക്കെട്ടുകളുള്ള ഗ്രാമങ്ങൾ എന്നിവയിലൂടെയുള്ള ഈ സവാരി അഷ്ടമുടിക്കായലിന്റെ സമഗ്ര സൗന്ദര്യം നുകരാൻ അവസരമൊരുക്കുന്നു.

മീൻപിടുത്തക്കാർ ഉപയോഗിക്കുന്ന ചീനവല ഈ കായലിലെ ഒരു സാധാരണ കാഴ്ചയാണ്‌. കായലും അതിന്റെ തീരത്തുള്ള കൊല്ലം പട്ടണവും നീണ്ടകര തുറമുഖവും സംസ്ഥാനത്തിന്റെ കശുവണ്ടിസംസ്കരണ-വ്യാപാരത്തിനും സമുദ്രോല്പന്ന വ്യവസായങ്ങൾക്കും ആവശ്യമായ ഗതാഗത മാർഗ്ഗമായി വർത്തിക്കുന്നു.കായലരികത്തായി താമസിക്കുന്ന ജനവിഭാഗങ്ങൾ മത്സ്യബന്ധനം,കയർ നിർമ്മാണത്തിലേക്കാവശ്യമായ ചകിരി വേർതിരിക്കുന്നതിനുള്ള ചകിരിപൂഴ്ത്തൽ,ഉൾനാടൻ ജലഗതാഗത സേവനം എന്നീ തൊഴിലുകളിലൂടെ ജീവിതോപാധി കണ്ടെത്തുന്നു.

ചരിത്രം : ഫിനീഷ്യരുടേയും റോമക്കാരുടേയും കാലത്തു തന്നെ കൊല്ലവും അഷ്ടമുടിക്കായലും പ്രാധാന്യമുള്ളവയായിരുന്നു. 14-ആം നൂറ്റാണ്ടിൽ ഇബ്‌നു ബത്തൂത്ത തന്റെ 24 വർഷം നീണ്ടുനിന്ന സഞ്ചാരയാത്രയുടെ വിവരണത്തിൽ ചൈനക്കാരുടെ അഞ്ചു വ്യാപാര തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ എണ്ണിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്കെതിരെ വേലുത്തമ്പി പ്രക്ഷോഭം സംഘടിപ്പിച്ചത് ഇവിടെ നിന്നായിരുന്നു

2. കൊല്ലം ബീച്ച്

മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ബീച്ച്‌ മനോഹരമായ ഒരു മണല്‍പ്പരപ്പാണ്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. ബീച്ചിന്‌ സമീപത്തായി ഒരു പാര്‍ക്കുണ്ട്‌. മഹാത്മാഗാന്ധി പാര്‍ക്ക്‌ എന്നറിയപ്പെടുന്ന ഇവിടെ നടക്കാനും വിശ്രമിക്കാനും അനുയോജ്യമാണ്‌.

സൂര്യസ്‌നാനം ഏറ്റുകിടക്കുന്ന തീരങ്ങളും തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളും വെള്ളമണല്‍ത്തരികളും ചേര്‍ന്ന്‌ തീര്‍ക്കുന്ന മനോഹര കാഴ്‌ച നൂറുകണക്കിന്‌ സഞ്ചാരികളെ ഈ ബീച്ചിലേക്ക്‌ ആകര്‍ഷിക്കുന്നു. വൈകുന്നേരങ്ങളാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. സന്ദര്‍ശകര്‍ക്ക്‌ പുതിയൊരു ഊര്‍ജ്ജം പകരാന്‍ ഈ തീരത്തിന്‌ കഴിയും. ബീച്ചിലും പരിസരങ്ങളിലും അലയടിക്കുന്ന ശാന്തത ഇവിടമൊരു മികച്ച ഒഴിവുകാല വിനോദ കേന്ദ്രമാക്കുന്നു. ഇവിടെ സുരക്ഷിതമായി കടലില്‍ കുളിക്കുകയും നീന്തുകയും ചെയ്യാം.

ഒരു ദിവസത്തെ ക്ഷീണം അകറ്റി പുതിയൊരു ഊര്‍ജ്ജവുമായി മടങ്ങാന്‍ വൈകുന്നേരം ഈ ബീച്ച്‌ സന്ദര്‍ശിച്ചാല്‍ മതിയാകും. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌

3.മൺറോ തുരുത്ത്

മണ്‍റോ ദ്വീപ്‌ പ്രാദേശികമായി മണ്‍റോ തുരുത്ത്‌ എന്നറിയപ്പെടുന്നു. എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മണ്‍റോ തുരുത്ത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താവുന്നതാണ്‌

4. ശാസ്താം‌കോട്ട കായൽ

മനോഹരമായൊരു ശുദ്ധജലതടാകമാണ്‌ ശാസ്‌താംകോട്ട കായല്‍. കായല്‍യാത്രക്കുള്ള സൗകര്യവും പ്രകൃതി സൗന്ദര്യവും ശാസ്‌താംകോട്ട കായലിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശാസ്‌താ ക്ഷേത്രത്തില്‍ നിന്നാണ്‌ കായലിന്‌ ഈ പേര്‌ ലഭിച്ചത്‌

5. ഓച്ചിറ

കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്‌ ഓച്ചിറ. കൊല്ലത്തു നിന്ന്‌ 55 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഓച്ചിറയിലെത്താം. ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ്‌ പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്‌

6. കൊട്ടാരക്കര

കൊല്ലം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരക്കര. തിരുവനന്തപുരത്തുനിന്നും 60 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. മഹാഗണപതിക്ഷേത്രവും, ശ്രീ മണികണ്‌ഠ്വേശ്വര മഹാദേവ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങള്‍. പത്തനാപുരം കൊട്ടാരവും കൊട്ടാരക്കര കൊട്ടാരവും, കിഴക്കേത്തെരുവ് ഓര്‍ത്തഡോക്‌സ് പള്ളിയുമാണ് മറ്റ് കാഴ്ചകള്‍.

7. തെന്മല

കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശം. ഇത് സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്നു.ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു.

മൺമറഞ്ഞ ശിലായുഗ സംസ്കാരത്തിന്റെ നിരവധി ചരിത്രാവശിഷ്ടങ്ങൾ തെന്മലയിൽ കണ്ടെത്തിയിട്ടുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ വലതുകനാൽമേഖലയിൽനിന്നു ലഭിച്ച പുരാതന ഗൃഹോപകരണങ്ങൾ പ്രത്യേക ചരിത്രപ്രാധാന്യമർഹിക്കുന്നു. പാണ്ഡ്യ രാജാക്കന്മാരുടെ ഭരണകാലത്തു നിർമിച്ച മാമ്പഴത്തറ ക്ഷേത്രം തെന്മലയിലെ പുരാതന ആരാധനാലയം എന്നതിനൊപ്പം ചരിത്രപരമായ പ്രസിദ്ധിയും പേറുന്നു.

തെന്മല ഇക്കോടൂറിസം പദ്ധതി ഈ പ്രദേശത്തിന് ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാനവും സവിശേഷവുമായ സ്ഥാനം നേടിക്കൊടുത്തു. ഭൂമിയോടും പ്രകൃതിയോടും പ്രതിബദ്ധത പുലർത്തുന്നതാണ് ഇക്കോടൂറിസം. പ്രകൃതിയിലധിഷ്ഠിതമായിരിക്കുക, വിദ്യാഭ്യാസമൂല്യമുള്ളതായിരിക്കുക, പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതായിരിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതായിരിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കിയ ഈ ഇക്കോടൂറിസം പദ്ധതി തെന്മലയിലേക്ക് നിരവധി സഞ്ചാരികളെ ആകർഷിച്ചുവരുന്നു. ഇവിടെ ഇക്കോടൂറിസം, ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം, പിൽഗ്രിമേജ് ടൂറിസം എന്നീ മൂന്ന് വിഭാഗങ്ങളിലായുള്ള സന്ദർശന പദ്ധതികളുണ്ട്.

ഇക്കോടൂറിസത്തിൽ പ്രധാനമായും [ട്രക്കിങ്] ആണ് ഉൾപ്പെടുന്നത്. തെന്മലയിൽനിന്ന് രണ്ടുമണിക്കൂർ സമയംകൊണ്ട് പൂർത്തിയാക്കാവുന്ന ‘സോഫ്റ്റ് ട്രക്കിങ്’ മുതൽ മൂന്നുദിവസംകൊണ്ട് പൂർത്തിയാക്കാവുന്ന ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്ര കാൽനടയാത്ര വരെ ഇതിലുൾപ്പെടുന്നു. തെന്മലയിൽനിന്ന് 17 കി.മീ. അകലെയുള്ള പാലരുവി വെള്ളച്ചാട്ടം വരെയുള്ള കാൽനടയാത്രയാണ് മറ്റൊരു സന്ദർശന പരിപാടി.

ഇക്കോഫ്രണ്ട്ലി ജനറൽ ടൂറിസം പദ്ധതി തെന്മലയിൽമാത്രം കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ ഒരു വിഭാഗം തെന്മലയിലുള്ള ഇക്കോടൂറിസം ഫെസിലിറ്റേഷൻ സെന്ററിലെ പരിപാടികളാണ്. ഇതിൽ ആംഫീ തിയെറ്റർ, ഷോപ്പ് കോർട്ട്സ്, റസ്റ്റൊറന്റ്, മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ എന്നിവയുണ്ട്.മലഞ്ചരിവിലൂടെയുള്ള നടപ്പാതകൾ, കാട്ടിലൂടെയുള്ള ചെറുപാതകൾ, മരക്കൊമ്പുകളെ തൊട്ടുനടക്കാനാവുംവിധം ഉയർത്തിക്കെട്ടിയ നടപ്പാത, തൂക്കുപാലം, മരക്കൊമ്പുകളിലുള്ള കൂടാരങ്ങൾ, ശില്പോദ്യാനം, മാൻ പാർക്ക് എന്നിവയടങ്ങുന്നതാണ് തെന്മലയിലെ മറ്റൊരു ‘ഇക്കോഫ്രണ്ട്ലി’ വിഭാഗം.

സാഹസിക ടൂറിസത്തിനുള്ള സൗകര്യങ്ങളും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുണ്ട്. നേച്ചർ ട്രെയിൻ, താമരക്കുളം, മൌണ്ടൻ ബൈക്കിങ്, റോക്ക് ക്ളൈംബിങ്, റാപ്പലിങ്, റിവർ ക്രോസിങ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു.തെന്മലയിൽനിന്ന് കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നിവിടങ്ങളിലേക്കുള്ള തീർഥാടനസൗകര്യമൊരുക്കുന്ന ഇക്കോടൂറിസം പദ്ധതിയാണ് ‘പിൽഗ്രിമേജ്’ വിഭാഗത്തിലുള്ളത്. തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയാണ് ഇക്കോടൂറിസം പദ്ധതിയുടെ മേൽനോട്ടം നടത്തുന്നത്.

8. പാലരുവി

കേരളത്തിലെ കൊല്ലം ജില്ലയിൽ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ്‌ പാലരുവി വെള്ളച്ചാട്ടം (Palaruvi Waterfall). കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റർ ഉയരമുണ്ട് . ഇത് ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടമാണു്.

സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തിൽ നിന്നും പാൽ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം)

രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിരിക്കുന്നു. ഇവയും സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്.

ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു . ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ ആയിരക്കണക്കിനു സഞ്ചാരികൾ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ അപൂർ‌വ്വ വനങ്ങളും ചേർന്ന് മനോഹരമായ ഈ പ്രദേശം കൊല്ലത്ത് നിന്നും 75 കിലോമീറ്റർ അകലെയാണ്. പല അപൂർ‌വ്വ വൃക്ഷങ്ങളും സസ്യങ്ങളും വെള്ളച്ചാട്ടത്തിനു സമീപപ്രദേശത്ത് കാണാം

രാജഭരണ കാലത്ത് നായാട്ടിനും വിശ്രമത്തിനുമായി രാജാക്കന്മാർ ഇവിടെ എത്തിയിരുന്നു. കരിങ്കല്ലിൽ തീർത്ത വിശ്രമ മണ്ഡപങ്ങളും കുതിരലായങ്ങളുടെ അവിശിഷ്ടങ്ങളും ഇപ്പോഴും ഇവിടെ ഉണ്ട്. കൊല്ലവർഷം 1099 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാലരുവിയിലെ സ്നാനഘട്ടം തകർന്നു തരിപ്പണമാകുകയും രാജാക്കന്മാർ തെങ്കാശി-കുറ്റാലത്തേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തതായി പറയപ്പെടുന്നു

9. പുനലൂർ തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരിൽ, ജില്ലയുടെ പ്രധാനനദിയായ കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് പുനലൂർ തൂക്കുപാലം. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിർമ്മിച്ച് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. അന്നത്തെ ദിവാൻ നാണുപിള്ളയാണ് കല്ലടയാറിനു മുകളിലൂടെ പുനലൂരിൽ തൂക്കുപാലം നിർമ്മിക്കാൻ 1871 ൽ അനുമതി നൽകിയത്.

ബ്രിട്ടീഷ്‌സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽനോട്ടത്തിൽ രൂപകൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877- ൽ പണിപൂർത്തിയാക്കി. അതിനു മൂന്നുവർഷങ്ങൾക്കുശേഷം 1880-ലാണ് പാലം പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.

തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്താണ് പുനലൂരിൽ തൂക്കുപാലത്തിനുള്ള ആവശ്യവും ആശയവും ഉടലെടുത്തത്. അന്ന് തിരുവിതാംകൂർ ദിവാൻ നാണുപിള്ള ആയിരുന്നു. അദ്ദേഹം ബ്രിട്ടീഷ് എഞ്ചിനിയറായ ആൽബെർട്‌ ഹെൻട്രിയെ തൂക്കുപാല നിർമ്മാണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കുകയും, 1871-ൽ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്നുവന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴികളിൽ സുപ്രധാന പങ്കുവഹിച്ച തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിനു വളരെയേറെ സഹായമായി. ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുമെങ്കിലും പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്‌ കല്ലടയാർ. അതിനാൽ തൂണുകളിൽ കെട്ടിപടുക്കുന്ന സാധാരണ പാലം ഇവിടെ പ്രായോഗികമല്ല എന്നു നിരവധി പരിശ്രമങ്ങളിലൂടെ ബോധ്യമാവുകയും അതുവഴി തൂക്കുപാലമെന്ന ആശയത്തിലേക്ക് എത്തിചേരുകയുമാണുണ്ടായത്

കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകൾക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ്‌ചട്ടകൂടുകളിലുറപ്പിച്ച തമ്പകം പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹന ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.

20 അടിയോളം വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ തമിഴ്‌നാട്ടിൽ നിന്നുമുള്ള കച്ചവടസംഘങ്ങൾ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും ചെയ്തു.

കാളവണ്ടികൾക്കും, കുതിരവണ്ടികൾക്കും ശേഷം മോട്ടോർ വാഹനങ്ങളും ഈ പാലത്തിലൂടെ ഗതാഗതം നടത്തിയിട്ടുണ്ട്. പിന്നീട് സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയപാലം വന്നതുകൊണ്ട് ഗതാഗതം മുഴുവൻ ആ പാലത്തിലേക്ക് മാറി. എന്നിരുന്നാലും കേരള വാട്ടർ അതോറിറ്റി ഇരുകരകളെയും ബന്ധിപ്പിക്കാൻ പാലത്തിലൂടെ സ്ഥാപിച്ച കൂറ്റൻ ജലനിർഗമനകുഴലുകൾ പൊട്ടിയൊലിച്ച്‌ വാർന്ന ക്ലോറിൻ കലർന്ന ജലം മൂലം വർഷങ്ങൾ മഴനനഞ്ഞിട്ടും കേടുപാടുകളൊന്നുമില്ലാതിരുന്ന തമ്പകം തടി”’ തട്ടിനും, കൂറ്റൻ ചങ്ങലക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

പുനലൂർ തൂക്ക്‌ പാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ പാലത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ ചങ്ങലകൾ മുറുകി ഒരു ചലനമുണ്ടാകുമായിരുന്നത്‌ (ഇത്‌ പാലത്തിൽ വന്യമൃഗങ്ങൾ കയറിയാൽ ഭയപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നുവത്രേ ) ഇപ്പോൾ തീരെ ഇല്ലാതായിരിക്കുന്നു, തടിത്തട്ടിൽ ഇരുമ്പ്‌ പട്ട പിടിപ്പിച്ച്‌ കൂറ്റൻ ഇരുമ്പാണികളിറക്കി ബലപ്പെടുത്തിയത്‌ തുരുമ്പെടുത്ത്‌ നാശോന്മുഖമായിരിക്കുന്നു. കരിങ്കൽ തൂണുകളിലെ വിടവുകളിലുള്ള ആൽമരത്തൈകൾ കരിച്ചുകളഞ്ഞെങ്കിലും പിന്നെയും വളർന്നുവരുന്നുണ്ട്.

10. അമൃതപുരി

കൊല്ലം ജില്ലയിലാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കരുനാഗപ്പള്ളിക്ക് അടുത്തുള്ള വള്ളിക്കാവില്‍ ആണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 120 കിലോമീറ്ററും അകലെയായാണ് അമൃതപുരി സ്ഥിതി ചെയ്യുന്നത്. കൊല്ലം നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

11. ഹൗസ് ബോട്ട് യാത്ര

അഷ്ടമുടിക്കായല്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്‌. ഒരു സഞ്ചാരിയും ഒരിക്കലും ഒഴിവാക്കാന്‍ ആഗ്രഹിക്കാത്ത അനുഭവമായിരിക്കും ഈ യാത്ര. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട്‌ യാത്രയ്‌ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. പകല്‍യാത്രയും പകലും രാത്രിയും ഹൗസ്‌ബോട്ടില്‍ ചെലവഴിക്കാന്‍ കഴിയുന്ന തരത്തിലുള്ള പാക്കേജുകളും ലഭ്യമാണ്‌. സഞ്ചാരികള്‍ക്ക്‌ അവരുടെ പോക്കറ്റിന്റെ കനത്തിനും സൗകര്യത്തിനും അനുസരിച്ച്‌ അനുയോജ്യമായ പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.

12.തേവള്ളികൊട്ടാരം

വളരെ പ്രശസ്‌തമായ ഒരു ചരിത്ര മന്ദിരവും അത്ഭുതകരമായൊരു നിര്‍മ്മിതിയുമാണ്‌ തേവള്ളി കൊട്ടാരം. കൊല്ലത്തു നിന്ന്‌ 25 കിലോമീറ്റര്‍ അകലെയാണ്‌ കൊട്ടാരം സ്ഥിതി ചെയ്യുന്നത്‌. അഷ്ടമുടി കായലിലൂടെ ബോട്ടില്‍ കൊട്ടാരത്തിലെത്താം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ താമസിച്ചിരുന്ന തേവള്ളി കൊട്ടാരത്തിലൂടെ നടക്കുമ്പോള്‍ ഒരു കാലഘട്ടം സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ ഇതള്‍വിരിയും.

13. അച്ചന്‍കോവില്‍

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിലുള്ള ഒരു ഗ്രാമമാണു അച്ചൻകോവിൽ. പുനലൂർ പട്ടണത്തിൽനിന്ന് അലിമുക്ക് ചെമ്പനരുവി വഴി കിഴക്ക് സഹ്യപർവതനിരകളുടെ മധ്യത്തിൽ അച്ചൻകോവിൽ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ പ്രസിദ്ധമായ ശാസ്താ ക്ഷേത്രം ഒരു ഹൈന്ദവതീർഥാടനകേന്ദ്രമാണ്. അച്ചൻകോവിൽ പ്രദേശത്തും പരിസരങ്ങളിലും റബർതോട്ടങ്ങളും കൂപ്പുകളും കാണാം. ഗ്രാമത്തിന്റെ നടുവിലൂടെ പള്ളിവാസൽ എന്ന കാട്ടരുവി ഒഴുകുന്നു. ക്ഷേത്രം വരെ വാഹന ഗതാഗതയോഗ്യമായ റോഡുണ്ട്.

മലമ്പണ്ടാരങ്ങൾ എന്നറിയപ്പെടുന്ന ഗിരിവർഗക്കാരുടെ കേന്ദ്രമായ അച്ചൻകോവിൽ, തെൻമല പഞ്ചായത്തിലാണു. ഇവിടുത്തെ ഗിരിവർഗക്കാരുടെ അധിവാസത്തിന് ഗവൺമെന്റ് ഏതാനും ഗിരിവർഗ്ഗകോളനികൾ സ്ഥാപിച്ചിട്ടുണ്ട്.

ഇവിടുത്തെ ശാസ്താക്ഷേത്രം കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണെന്ന് ഐതിഹ്യങ്ങൾ ഘോഷിക്കുന്നു. എന്നാൽ ഒരു തീർഥാടനകേന്ദ്രമെന്നനിലയിൽ മലയാളികളെക്കാൾ തമിഴ്നാട്ടിലുള്ള ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. ധനുമാസത്തിലെ മണ്ഡലപൂജയും മകരത്തിലെ രേവതിപൂജയുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങൾ. മണ്ഡലപൂജയിൽ തേരോട്ടവും രേവതിപൂജയിൽ പുഷ്പാഭിഷേകവും പ്രധാന ചടങ്ങുകളാണ്.

വർണശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിലേന്തിയുളള ശാസ്താവിന്റെ വിഗ്രഹം ഭക്തൻമാർക്ക് വരാഭയപ്രദമായ ഒരു കാഴ്ചയാണ്. മൂന്നാം ഉത്സവദിവസം മുതൽ ചെറിയ തേരിന്റെ ആകൃതിയിൽ നിർമിച്ച ഒരു വാഹനത്തിൽ അയ്യപ്പവിഗ്രഹം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തു നടക്കുന്നു.

ഇതിന് മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത് എന്നാണ് പറഞ്ഞുവരുന്നത്. ഒമ്പതാമുത്സവത്തിന് ചക്രങ്ങൾ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ദക്ഷിണേന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇവിടുത്തെ രേവതിപൂജയിലെന്നപോലെ ഇത്രയധികം പുഷ്പങ്ങൾ അഭിഷേകത്തിനുപയോഗിക്കാറില്ലെന്ന് പറയപ്പെടുന്നു.

ക്ഷേത്രമതിൽക്കെട്ടിനുളളിലും പരിസരങ്ങളിലും ധാരാളം ഉപദേവാലയങ്ങളുണ്ട്. അയ്യപ്പന്റെ പരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും അമ്മൻകോവിലുകളും ഇവയിലുൾപ്പെടുന്നു. കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടൻ, ചേപ്പാണിമാടൻ, കാളമാടൻ, കൊച്ചിട്ടാണൻ (കൊച്ചിട്ടിനാരായണൻ), ശിങ്കിലിഭൂതത്താൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മൂർത്തികളുടേതാണ് ഈ പ്രതിഷ്ഠകൾ. ചതുർബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്.പാമ്പുകടിയേറ്റവർക്ക് ഈ ക്ഷേത്രത്തിൽ ചികിൽസ നൽകാറുണ്ട്. ക്ഷേത്രത്തിലെ തീർത്ഥം ആണ് മരുന്നായി ഉപയോഗിക്കുന്നത്.

14. അഡ്വെഞ്ചര്‍ പാര്‍ക്ക്‌

നഗരഹൃദയത്തില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെ അഷ്ടമുടി കായലിന്റെ തീരത്താണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്‌. ജില്ലയിലെ എറ്റവും പ്രശ്‌സതമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണിത്‌. സര്‍ക്കാര്‍ അതിഥിസമന്ദിര വളപ്പില്‍ 48 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ്‌ അഡ്വെഞ്ചര്‍ പാര്‍ക്ക്‌. കുട്ടികള്‍ക്കുള്ള ട്രാഫിക്‌ പാര്‍ക്ക്‌, ബോട്ട്‌ ക്‌ളബ്ബ്‌, കേരള ടൂറിസം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ ഇവിടെയുണ്ട്‌.

15.അമൃതപുരി

കൊല്ലം നഗരത്തില്‍ നിന്ന്‌ മുപ്പത്‌ കിലോമീറ്റര്‍ അകലെ വള്ളിക്കാവില്‍ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി. മത്സ്യബന്ധന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയൊരു ഗ്രാമമാണ്‌ വള്ളിക്കാവ്‌. മാതാ അമൃതാനന്ദമയിയുടെ ജന്മസ്ഥലമെന്ന ഖ്യാതിയും വള്ളിക്കാവിനുണ്ട്‌. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ ഇവിടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.

16. കരുനാഗപ്പള്ളി

കൊല്ലത്തു നിന്നും 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി മതകേന്ദ്രങ്ങള്‍ക്കും അമ്പലങ്ങള്‍ക്കും പ്രശസ്‌തമാണ്‌. പുരാതനനകാലത്ത്‌ കരുനാഗപ്പള്ളിക്ക്‌ ചുറ്റുമുള്ള പ്രദേശങ്ങള്‍ ബുദ്ധമത വിശ്വാസികളുടെ അധിവാസ കേന്ദ്രമായിരുന്നെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഈ കാലയളവില്‍ കരുനാഗപ്പളളി ഒരു പഠനകേന്ദ്രമായിരുന്നതായും പറയപ്പെടുന്നു. സമീപത്തെ ഒരു ടാങ്കില്‍ നിന്ന്‌ കണ്ടെടുത്ത ബുദ്ധപ്രതിമ ഈ വിശ്വാസങ്ങള്‍ക്കുള്ള തെളിവാണ്‌

17.മയ്യനാട്

കൊല്ലം നഗരത്തില്‍ നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ അകലെ നഗരപ്രാന്തത്തില്‍ സ്ഥിതി ചെയ്യുന്ന ചെറുതും മനോഹരവുമായൊരു ഗ്രാമമാണ്‌ മയ്യനാട്‌. മയ്യനാട്ടിലേക്ക്‌ റോഡ്‌മാര്‍ഗ്ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഇവിടേക്ക്‌ കൊല്ലത്തു നിന്നും കോട്ടയത്തു നിന്നും എപ്പോഴും ബസ്സുകളുണ്ട്‌. പരവൂര്‍ കായലിന്റെ തീരത്താണ്‌ മയ്യനാട്‌ സ്ഥിതി ചെയ്യുന്നത്‌. അറബിക്കടലിന്‌ സമാന്തരമായി നീണ്ടതീരം മയ്യനാടിനുണ്ട്‌. ഇവിടം മീന്‍ പിടുത്തത്തിനും മറ്റും പ്രശസ്‌തമാണ്‌.

18.നീണ്ടകര തുറമുഖം

കൊല്ലത്തു നിന്നും എട്ടു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന നീണ്ടകര തുറമുഖം പ്രധാനപ്പെട്ടൊരു മത്സ്യബന്ധന തുറമുഖം കൂടിയാണ്‌. ഇന്റോ നോര്‍വീജിയന്‍ ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ആസ്ഥാനമായ നീണ്ടകര മേഖലയിലെ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളുടെയും അനുബന്ധ മേഖലകളുടെയും സിരാകേന്ദ്രമാണ്‌.

19 ഓച്ചിറ

കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ്‌ ഓച്ചിറ. കൊല്ലത്തു നിന്ന്‌ 55 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ ഓച്ചിറയിലെത്താം. മതകേന്ദ്രം, തീര്‍ത്ഥാടന കേന്ദ്രം എന്നീ നിലകളിലാണ്‌ ഓച്ചിറയുടെ പ്രശസ്‌തി. ഈ പട്ടണത്തില്‍ നിരവധി പുരാതന ക്ഷേത്രങ്ങളും ചരിത്ര സ്‌മാരകങ്ങളുമുണ്ട്‌. ഓച്ചിറയിലെ ഏറ്റവും പ്രസിദ്ധവും നിരവധി വിശ്വാസികള്‍ എത്തുന്നതുമായ ക്ഷേത്രമാണ്‌ പരബ്രഹ്മ ക്ഷേത്രം. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി ഇവിടുത്തെ ആരാധനാമൂര്‍ത്തി പരബ്രഹ്മം അഥവാ ഓംകാരമാണ്‌

20.തിരുമുല്ലവാരം ബീച്ച്

കച്ചവടക്കാരുടെ ബഹളൊന്നുമില്ലാത്ത മനോഹരമായ തീരമാണ്‌ തിരുമുല്ലവാരം ബീച്ച്‌. നഗരത്തില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെയാണ്‌ ബീച്ചിന്റെ സ്ഥാനം. അധികം ആഴമില്ലാത്തതിനാല്‍ ഇവിടെ സുരക്ഷിതമായി നീന്താം. ഇക്കാരണത്താല്‍ കുട്ടികള്‍ക്കും ഇവിടെ ഭയാശങ്കകളില്ലാതെ ആഘോഷിച്ചു തിമിര്‍ക്കാം. കുടുംബത്തോടൊപ്പം ഉല്ലസിക്കാന്‍ പറ്റിയ ഇടമാണ്‌ തിരുമുല്ലവാരം ബീച്ച്‌. ചുറ്റുമുള്ള മനോഹരമായ കാഴ്‌ചകള്‍ കണ്ട്‌ ഇവിടെ സമയം ചെലവിടാവുന്നതാണ്‌.

സമീപത്ത്‌ സ്ഥിതി ചെയ്യുന്ന വിഷ്‌ണു ക്ഷേത്രത്തിന്റെ പേരില്‍ നിന്നാണ്‌ ഈ ബിച്ചിന്‌ തിരുമുല്ലവാരം എന്ന പേര്‌ ലഭിച്ചത്‌. പ്രശസ്‌തമായ ഞായറാഴ്‌ച പാറ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്‌. തീരത്തു നിന്ന്‌ അരകിലോമീറ്റര്‍ അകലെ കടലിലായാണ്‌ ഈ പാറ സ്ഥിതി ചെയ്യുന്നത്‌. വേലിയിറക്കസമയത്ത്‌ പാറ കാണാന്‍ കഴിയും. വൈകുന്നേരങ്ങളില്‍ ബീച്ചിന്റെ സൗന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയും. അതിനാല്‍ ബീച്ച്‌ സന്ദര്‍ശനത്തിന്‌ വൈകുന്നേരങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. മഴക്കാലം ഒഴികെയുള്ള ഏതു സമയത്തും ഇവിടം സന്ദര്‍ശിക്കാം.

21.തങ്കശ്ശേരി ബീച്ച്

കൊല്ലത്തു നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ്‌ തങ്കശ്ശേരി ബീച്ച്‌. മനോഹരമായ ഈ തീരത്തിന്‌ ചിത്രപരമായ പ്രാധാന്യവും ഉണ്ട്‌. ബീച്ചില്‍ നിന്നാല്‍ തകര്‍ന്നടിഞ്ഞ ഒരു പോര്‍ച്ചുഗീസ്‌ കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. വിശ്രമിക്കാനും ഉല്ലസിക്കാനുമായി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

22. അഞ്ചൽ

കൊല്ലം നഗരത്തിൽ നിന്നും 40 കിലോമീറ്റർ അകലെയായാണ് അഞ്ചൽ പട്ടണം സ്ഥിതി ചെയ്യുന്നത്‌. അഗസ്ത്യക്കോട് ക്ഷേത്രം, പനയഞ്ചേരി ശ്രീധർമ്മ ശാസ്താ ക്ഷേത്രം, കളരിയിൽ ഭഗവതീക്ഷേത്രം, ഏറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വടമൺ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.

23.കൊട്ടാരക്കര ഗണപതി

കൊട്ടാരക്കരയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം ഈ ക്ഷേത്രം തന്നെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കേക്കര ശിവക്ഷേത്രമെന്നാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രത്തിന്റെ പേര്, ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ

24. കൊട്ടാരക്കര കൊട്ടാരം

ഈ പ്രദേശത്തെ പ്രശസ്തമായ കൊട്ടാരമായ കൊട്ടാരക്കര കൊട്ടാരം ഒട്ടേറെ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. കൊട്ടാരക്കരയെന്ന പേരുതന്നെ ഇവിടുത്തെ കൊട്ടാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് പറയുന്നത്. കൊട്ടാരക്കരയിലെ ആദ്യത്തെ കൊട്ടാരം പണികഴിപ്പിക്കപ്പെട്ടത് പതിനാലാം നൂറ്റാണ്ടിലാണ്. കൊട്ടാരക്കരയിലും പരിസരത്തും ഒട്ടേറെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം.

25. ജടായൂ പാറ – സാഹസിക കേന്ദ്രം

സീതാ ദേവിയെ പുഷ്പകവിമാനത്തില്‍ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു രാവണന്‍. മാരീചനെ മാനിന്‍റെ വേഷത്തില്‍ അയച്ച് സീതയെ മോഹിപ്പിച്ചു തന്ത്രപൂര്‍വ്വം തട്ടിക്കൊണ്ടുപോയി എന്ന് കഥ. ഏതായാലും പോകുന്ന വഴിയില്‍ ഒരു മലയുടെ മുകളില്‍ വിശ്രമിക്കുകയായിരുന്ന ജടായൂ എന്ന ഭീമന്‍ പക്ഷി, സീതാദേവിയുടെ രോദനം കേള്‍ക്കുകയും പുഷ്പ്പകവിമാനത്തെ തന്‍റെ ചിറകിനാല്‍ തടഞ്ഞ് രാവണനെ പിന്തിരിപ്പിക്കാന്‍ നോക്കുകയും ചെയ്തു.

ഏറെ നേരത്തെ ‘യുദ്ധ’ത്തിനു ശേഷം രാവണന്‍, ജടായുവിന്‍റെ ചിറകരിഞ്ഞു താഴെ വീഴ്ത്തി. ആകാശത്ത് നിന്നു താഴെ പാറയിലേക്ക്‌ ജടായു പതിച്ച സ്ഥലത്ത് ആഴത്തില്‍ ഒരു കുഴിയുണ്ടായി. അവിടം ഒരു കുളമായി രൂപപ്പെട്ടു. സീതയെ അന്വേഷിച്ചുവന്ന ശ്രീരാമന്‍ മലയില്‍ ജടായുവിനെ കാണുകയും മോക്ഷം കൊടുക്കുകയും ചെയ്തു. ഇത്രയും രാമായണത്തിലെ കഥയാണ്.

ഈ കഥയുടെ ശേഷിപ്പുകള്‍ കഥാമുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് കുളിര്‍മ്മയായി ഇപ്പോഴും നിലകൊള്ളുന്നു. വര്‍ത്തമാനകാലത്തെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്ത്. ജടായുമംഗലം പിന്നീട് ചടയമംഗലമായി മാറുകയായിരുന്നു.

ശ്രീരാമന്റെ പാദമുദ്ര എന്ന് വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദത്തിന്‍റെ ആകൃതിയിലുള്ള ഒരു കുളമുണ്ട് പാറയുടെ മുകളില്‍. ഈ ചെറിയകുളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ജലം ഏതു കൊടുംവേനലിലും വറ്റാതെ നില്‍ക്കുന്നു. ആയിരം അടി മുകളില്‍ പാറയുടെ മുകളില്‍ കാണുന്ന ഈ ചെറിയ ജലസ്രോതസ്സില്‍ എത്ര തേവിക്കളഞ്ഞാലും വീണ്ടും ജലം വന്നു നിറയുന്നത് അത്ഭുതത്തോടെയാണ് യുക്തിവാദികള്‍ പോലും കാണുന്നത്. ഏതവസ്ഥയിലും ഈ കുളത്തില്‍നിന്നും ജലം പുറത്തേക്കു തുളുമ്പിപോകില്ല എന്നതും അതിശയമാണ്.

ജടായു ഇരുന്ന, ചിറകറ്റുവീണ, ജീവന്‍ വെടിഞ്ഞ ഈ മല ജടായുപാറ എന്ന പേരില്‍ ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. ആയിരം അടി ഉയരമുള്ള പാറയുടെ മുകളില്‍ ഭീമാകാരമായ ജടായു ശില്പ്പവുമായി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ജടായുപാറ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. പാറയുടെ മുകളില്‍നിന്ന് നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വ്വതവും പടിഞ്ഞാറ് അറബിക്കടലും കാണാന്‍ കഴിയും.

സംസ്ഥാനവിനോദസഞ്ചാരവകുപ്പിന്റെ എക്കോ-ടൂറിസം വിഭാഗം പാറയില്‍ അറുപത് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ചലച്ചിത്രസംവിധായകനും ശില്പ്പിയുമായ രാജീവ്അഞ്ചല്‍ ആണ് ടൂറിസംവകുപ്പിനുവേണ്ടി നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.

ജടായുശില്പ്പത്തിന്റെ ഉള്ളില്‍ രണ്ടു നിലയിലായി ജടായുവിന്റെ കഥ ചിത്രങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ജടായുവിന്റെ ചിറകില്‍ കൂടി അകത്തുകയറി കണ്ണില്‍കൂടി പുറംകാഴ്ചകള്‍ കാണുംവിധമാണ് ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. മലമുകളിലായി ഒരു ശ്രീരാമ ക്ഷേത്രവുമുണ്ട്.





No comments:

Post a Comment