36 വര്‍ഷത്തെ സേവനത്തിന് ശേഷം നിരത്തിനോട് വിടപറഞ്ഞ ‘ദീപ’ ബസ് സർവ്വീസ്.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 29, 2018

36 വര്‍ഷത്തെ സേവനത്തിന് ശേഷം നിരത്തിനോട് വിടപറഞ്ഞ ‘ദീപ’ ബസ് സർവ്വീസ്..

എഴുത്ത് – ജോമോൻ വി.

36 വര്‍ഷത്തെ സേവനത്തിന് ശേഷം ജനകീയ സര്‍വീസ് ആയ ദീപ സര്‍വീസ് അവസാനിപ്പിച്ചിട്ട് ഒരു വര്‍ഷം അടുക്കാറാവുന്നു ഓരോ കോന്നികാരന്‍റെയും അടൂര്കാരന്‍റെയും കരുനാഗപള്ളികാരന്‍റെയും ഏക ചോദ്യം ദീപ മടങ്ങി വരുമൊ ?

” നില്ല് നില്ല് നില്ലെന്‍റെ നീല കുയിലെ …” ഇതാണല്ലോ ഇപ്പോൾ ട്രെൻഡ്. എന്നാൽ വെറും നീലകുയിൽ അല്ലായിരുന്നു ദീപ, നീല പൊന്‍മാന്‍ എന്നു പറഞ്ഞാലും തെറ്റില്ല..!ആകാശ നീല പൂശി ഓരോ യാത്രക്കാരന്‍റെയും കാത്തിരിപ്പില്‍ തീര്‍ച്ച ആയും വെളിച്ചം തൂകി വരും.!

കുഞ്ഞു വെളുപ്പാംകാലത്ത് നീലാകാശം വെള്ളി കീറുമ്പോള്‍ മഞ്ഞ ലെെറ്റിട്ട് അവളോടി എത്തും. അങ്ങ് കോന്നി തൊട്ട് കരുനാഗപള്ളി വരെ സ്ഥിര യാത്രക്കാര്‍ അതില്‍ ഉണ്ടാവും. 06:15 ന് കോന്നിയില്‍ നിന്നും യാത്ര പറപ്പെടുന്ന ബസില്‍ ചന്ദനപള്ളി എസ്റ്റേറ്റില്‍ ടാപ്പിങ്ങിന് പോകണ്ട തൊഴിലാളികളും ഉണ്ടാവും. എന്‍റെ ചെറുഗ്രാമം ആയ വി.കോട്ടയം മുക്ക് വകയാര്‍ നിന്ന് ഞാനും.

ഞാന്‍ KHS കൊടുമണിൽ എട്ടാം ക്ലാസ് പഠിക്കണ കാലം. പത്രക്കാരായുള്ള ചങ്ങാതിമാരോട് ഹായ് പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് ഓടിയെത്തുമ്പോള്‍ ഡാ വണ്ടി പോയട്ടൊ എന്ന് ചങ്ക് പിടയണ മറുപടി കെട്ട് വിയര്‍ക്കുമ്പോള്‍ ആവും വകയാര്‍ കോട്ടയം മുക്ക് ജംങ്ഷനിലേക്ക് ദീപയുടെ മാസ് എന്‍ട്രി. ബസില്‍ മുഴങ്ങണ ഭക്തി ഗാനങ്ങളും സാമ്പ്രാണി തിരിയുടെ മണവും ആയി ഡബിള്‍ ബെല്‍ മുഴങ്ങി അന്നത്തെ യാത്ര തുടരുകയായ്. അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാനുള്ള ചന്ദനപ്പള്ളി എസ്റ്റേറ്റില്‍ ജോലി ചെയ്യണ ചേച്ചിമാരുടെ സംസാരവും ആയി ബസ് എത്തുന്നത് എന്‍റെ ചെറിയ അല്ല വലിയ സ്വര്‍ഗ രാജ്യം ആയ കെെതക്കരയില്‍ ആണ്. ബസിലെ ബഹളക്കാരായ ചേച്ചിമാര്‍ അവിടിറങ്ങും.സ്വസ്തം ഇനി സമാധാനം ആയി പാട്ട് കേള്‍ക്കാമല്ലൊ..?

സെെക്കിള്‍ എടുക്കാത്ത ദിവസം ഓടി എത്താന്‍ എനിക്കും ഈ സ്റ്റോപ്പ് ആണെളുപ്പം. ബസിലെ ഒരു സാരഥിയുടെ വീട് ഈ സ്റ്റോപ്പിന് അടുത്താണ്. സാരഥി പ്രസാദ് ഒന്നുകില്‍ സ്റ്റോപ്പില്‍ ഉണ്ടാവും. അല്ലേല്‍ ഇറക്കം ഓടി വരണുണ്ടാവും. കാക്കി യൂണീ ഫോം, നെറ്റിയില്‍ ചന്ദനകുറി അതിനകത്ത് സിന്ദൂരം ചൂടിയ പൊട്ട് എന്നിവയാണ് വേഷം.

കോട്ടയത്തും വള്ളികോട് തീപെട്ടി ഫാക്ടറിയില്‍ പണിക്ക് പോകണ തോഴിലാളികളും ചന്ദനപള്ളിയില്‍ ഇറങ്ങി മറ്റു ബസില്‍ പോകണ്ടവരും കൊടുമണ്‍ സ്കൂളില്‍ പോകണ്ട ഞാനും പറക്കോട് ചന്തയില്‍ പോകണ്ട കച്ചവടക്കാരും അങ്ങനെ പലരും ഈ ബസ്സിലെ യാത്രക്കാരായിരുന്നു. ട്രിനിറ്റി ടൂഷന്‍ സെന്ററിൽ 7 മണിക്ക് ടൂഷന്‍ ഉള്ളത് കൊണ്ടാണ് ഇത്രയും നേരത്തെ ഞാൻ പോയിരുന്നത്.

കൊടുമണ്ണിനപ്രം ഞാന്‍ ദീപയില്‍ യാത്ര ചെയ്തിട്ടില്ല. കരുനാഗപള്ളി വരെ പോകണം ഒരിക്കലെന്നാഗ്രഹിച്ചിരുന്നു. നടന്നില്ല. സകൂള്‍ പഠനകാലത്ത് ST കൊടുത്തവിടെ വരെ പോകാന്‍ പറ്റില്ല. ബസ് ചാര്‍ജ് കൊടുത്ത് പോയാല്‍ പ്രസാദേട്ടന്‍ വീട്ടില്‍ പറഞ്ഞ് കൊടുക്കുമൊ എന്ന പേടിയും. പക്ഷെ എന്നെങ്കിലും നാട്ടില്‍ വരുമ്പോള്‍ ആ യാത്ര സഫലാമക്കണം എന്നുണ്ടായിരുന്നു..! ഇനി അതേ ക്രൂവിനൊപ്പം നടക്കില്ല എന്നറിയാം.

എന്‍റെ ഓര്‍മ്മ ശരി ആണെങ്കില്‍ KRQ 907 ആയിരുന്നു ദീപയുടെ ആദ്യ രെജിസ്ട്രേഷന്‍ നമ്പര്‍. പഠിക്കുംമ്പോള്‍ അഞ്ചാം ക്ലാസിലെ ഉച്ചയ്ക്ക് ശേഷമുള്ള കൊല്ല വര്‍ഷ പരീക്ഷയിലാണ് ആദ്യമായി ദീപയില്‍ കയറിയത്. അന്നത്തെ ബസ് ഇന്നത്തെ പോലെയല്ല. പഴയ ടാറ്റാ തന്നെ ലുക്കും ഷട്ടറില്ലാതെ പടുതയുള്ളതും ആയിരുന്നു. ദീപയുടെ ഓണര്‍ പത്മാസനനന്‍ എന്ന ബസ് മുതലാളി വിവാഹിതനല്ലായിരുന്നു. ആയതിനാല്‍ അദ്ദേഹത്തിന് തലമുറയും ഇല്ലായിരുന്നു. അതിനാല്‍ തന്‍റെ സഹോദരന്‍റെ മകളുടെ പേരാണ് ബസിനിട്ടത് – ‘ദീപ’.

ബസിന്‍റെ ഫുള്‍ മേല്‍നോട്ടവും നടത്തിപ്പും ക്രൂവിന് വിട്ട് നല്‍കിയുരുന്ന ആ നല്ല ബസ് മുതലാളി ജീവനക്കാരെ തൊഴിലാളികളായല്ല സുഹൃത്തുക്കളായിട്ടായിരുന്നു കണ്ടിരുന്നത്. അതില്‍ ഞങ്ങള്‍ തിലകന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന രാജന്‍ നൂറനാട് (അദ്ധേഹത്തെ കണ്ടാല്‍ അനശ്വര നടന്‍ തിലകനെ പോലെയായിരുന്നു. ഏകദേശം ശബ്ദവും) ജീവനക്കാരില്‍ സീനിയറായ അദ്ദേഹം 36 വര്‍ഷവും ഈ ബസ്സിൽത്തന്നെ സേവനം അര്‍പ്പിച്ചു. അതുപോലെ പ്രസാദ് വകയാര്‍ 25 വര്‍ഷത്തിലേറെയും. ഒപ്പം ഡ്രെെവറായി രമേശ് അടൂരും പിന്നെ എനിക്ക് നേരില്‍ പരിചയമില്ലാത്ത ഡ്രെെവര്‍മാര്‍ വേറേയും ഉണ്ട് ദീപയുടെ വളയം നേര്‍വഴിക്ക് തെളിച്ചവര്‍.

ഒരു വലിയ ജനവികാരവും അതിലേറെ ജനകീയ സര്‍വീസും ആയിരുന്നു ദീപ എന്ന ബസ് കമ്പനി. ഒരു ദിവസം പോലും അനാവശ്യ മുടക്കമില്ലാതെ സര്‍വീസ് നടത്തുമായിരുന്ന ഈ ബസ് നോക്കി യാത്രക്കാര്‍ക്ക് ആത്മവിശ്വാസത്തോടെ കാത്ത് നില്‍ക്കാം. എല്ലാം സ്ഥിരയാത്രക്കാര്‍. അഥവാ സര്‍വീസ് എങ്ങാനും മുടങ്ങണുണ്ടേല്‍ തലേ ദിവസം ബസിലുള്ള യാത്രക്കാരോട് പറയും. നാളെ ഉണ്ടാവില്ല എന്നത്.

എങ്ങാനും മടക്കവഴിയില്‍ BD ആയാലും വണ്ടി ശരിയാക്കി രാത്രി തന്നെ ഓടി കോന്നിയില്‍ എത്തും. അതിരാവിലെ ഉള്ള സര്‍വീസ് മുടങ്ങാതിരിക്കാന്‍. ഈ ബസിന് മറ്റു പ്രെെവറ്റ് ബസുകളോടായാലും KSRTC യോടായാലും മത്സരം ഇല്ല എന്നതാണ് വളരെ ശ്രദ്ധേയം. അതൊട്ടു മുതലാളിക്കിഷ്ടവും അല്ല. മറ്റു വണ്ടികള്‍ മുന്‍പെ വന്ന് പോയാലും യാത്രക്കാര്‍ ദീപയെ നോക്കി നിന്ന് കയറും. രാത്രി മടക്കവഴിയില്‍ വീടിന് മുന്നില്‍ യാത്രക്കാർക്ക് നിര്‍ത്തി കൊടുക്കുന്ന ജീവനക്കാര്‍ എല്ലാവരുടെയും സുഹൃത്തുക്കളുമായിരുന്നു.

യാത്രക്കാരോടുള്ള മാനസിക അടുപ്പവും ജീവനക്കാരുടെ നല്ല പെരുമാറ്റവും ആയീരിക്കാം ദീപയെ ഇങ്ങനെ ഒരു ജനകീയ സര്‍വീസ് ആക്കി മാറ്റിയത്. സര്‍വീസ് നിര്‍ത്തുന്നതിന് അടുത്ത കാലത്തുള്ള ആവറേജ് കളക്ഷന്‍ ₹9000 – ₹12000 ആയിരുന്നത് ഒരു ചെറീയ റൂട്ടിലെ പ്രെെവറ്റ് ബസിനെ സംമ്പന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ബസിന്‍റെ ഡീസല്‍, മറ്റു ചിലവ് അറ്റകുറ്റപണികള്‍ എല്ലാം തീര്‍ത്ത ശേഷം വാരാന്ത്യം മുതലാളിയെ കളക്ഷന്‍ ഏല്‍പ്പിച്ചാല്‍ മതി. അത്രയ്ക്ക് വിശ്വാസമായിരുന്നു അദ്ദേഹത്തിന് തന്‍റെ പ്രിയ ജീവനക്കാരെ, അല്ല സുഹൃത്തുക്കളെ എന്നു തന്നെ വേണം പറയാന്‍.

ഇത്രയും വലിയ ജനകീയ സര്‍വീസിന് ബഹുഃ MLA ശ്രീ അടൂര്‍ പ്രകാശിന്‍റെ നേതൃത്വത്തില്‍ വി. കോട്ടയം നിവാസികളും ഗ്രന്ഥശാലയും ചേര്‍ന്ന് ഒരു സര്‍പ്രെെസ് ജനകീയ സ്വീകരണവും നോട്ടുമാലയും ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. പക്ഷെ 2017 ഫെബ്രുവരി 8 ന് ആരും ആഗ്രഹിക്കാത്തതും ആര്‍ക്കും ഒരിക്കലും വിശ്വസിക്കാനാവാത്തതുമായ ആ നടുക്കുന്ന വാര്‍ത്ത എത്തി. ആര്‍ക്കും ഒരു പിടീം കൊടുക്കാതെ ആരോടും പറയാതെ ദീപ ബസ് മുതലാളി പദ്മാസനന്‍ ഈ ലോകത്തു നിന്നും വിട പറഞ്ഞു. താന്‍ പ്രിയം വച്ച മറ്റൊരു ലോകത്തേക്ക് യാത്ര ആയി. അതോടെ KL-2-R-4500 ദീപയ്ക്ക് സിങ്കിള്‍ ബെല്‍ വീണു. വിവാഹിതനല്ലാത്തതിനാലും അദ്ദേഹത്തിന് അനന്തരാവകാശികൾ ഇല്ലാത്തതിനാലും അവകാശ തര്‍ക്കവും ആയി ഇപ്പോഴും കോടതിയില്‍ കേസ് നടക്കുന്നു.

ഇതിനിടയില്‍ ബസിലെ ജീവനക്കാര്‍ സര്‍വീസ് മുടങ്ങാതിരിക്കാന്‍ മുരഹര, അടൂരുള്ള മറ്റൊരു ബസ് കമ്പനി തുടങ്ങിയവയുമായി ചേര്‍ന്ന് താല്‍ക്കാലിക പെര്‍മിറ്റില്‍ യാത്ര നടത്തിയിരുന്നു. ആ കാലാവധി തീര്‍ന്ന ശേഷം വീണ്ടും സര്‍വീസ് നിര്‍ത്തി വച്ചിരിക്കയാണ്. ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് ശരിക്കും ‘ദീപ’ എന്ന വ്യക്തി (മുതലാളിയുടെ സഹോദരന്റെ മകൾ) പുതിയ ഒരു അശോക് ലെയ്ലാന്‍റ് ബസ് വാങ്ങിയിട്ടുണ്ട്. എന്നാല്‍ ആരുടെ പേരിലും അവകാശം അദ്ധേഹം എഴുതി വയ്ക്കാത്തതിനാല്‍ കോടതിയില്‍ കേസ് നടക്കുന്നതിനാലും ആ ബസിനും ഈ പെര്‍മിറ്റില്‍ ഓടാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇനിയും ദീപ തിരികെ വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കയാണ് കോന്നി മുതല്‍ കരുനാഗപള്ളി വരെയുള്ള ഒരു ജനത ഒപ്പം ഞാനും.

The post 36 വര്‍ഷത്തെ സേവനത്തിന് ശേഷം നിരത്തിനോട് വിടപറഞ്ഞ ‘ദീപ’ ബസ് സർവ്വീസ്.. appeared first on Technology & Travel Blog from India.





No comments:

Post a Comment