എന്താണ് ഔദ്യോഗിക ഇന്ത്യൻ സമയം? ഇത് കണക്കാക്കുന്നത് എങ്ങനെ? - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 22, 2018

എന്താണ് ഔദ്യോഗിക ഇന്ത്യൻ സമയം? ഇത് കണക്കാക്കുന്നത് എങ്ങനെ?

ഇന്ത്യയിൽ മുഴുവൻ ഉപയോഗിക്കുന്ന സമയ മേഖലയാണ് ഔദ്യോഗിക ഇന്ത്യൻ സമയം. ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ (UTC+5:30) മുന്നിലായാണ് ഇന്ത്യയുടെ സമയം കണക്കാക്കുന്നത്. ഇന്ത്യ പകൽ ഉപയോഗ്യ സമയം (Daylight saving time) കണക്കാക്കുന്നില്ല എന്നിരുന്നാലും 1962-ലെ ഇന്ത്യ-ചൈനാ യുദ്ധകാലത്തും 1971-ലെ ഇന്ത്യാ-പാക് യുദ്ധകാലത്തും ഇന്ത്യ ഇത്തരം പരിഷ്കാരങ്ങൾ കൈക്കൊണ്ടിരുന്നു. ഉത്തർ പ്രദേശിലെ അലഹബാദിനടുത്തുള്ള മിർസാപൂരിനു തൊട്ടുപടിഞ്ഞാറുള്ള 82.5° E എന്ന രേഖാംശത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ സമയം കണക്കാക്കുന്നത്. ഈ രേഖാംശം യുണൈറ്റഡ് കിങ്ഡത്തിലെ ഗ്രീനിച്ച് രേഖാംശവുമായി കൃത്യം 05 മണിക്കൂർ 30 മിനിറ്റിന്റെ വ്യത്യാസം ഉള്ളതാണ്. അലഹബാദ് നിരീക്ഷണാലയത്തിലുള്ള ക്ലോക്ക് ടവറിൽ നിന്നാണ് പ്രാദേശിക സമയം കണക്കുകൂട്ടുന്നത്, എന്നിരുന്നാലും ഔദ്യോഗിക സമയ ഗണന യന്ത്രങ്ങൾ ഡൽഹിയിലെ ദേശീയ ഫിസിക്കൽ ലബോറട്ടറിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം : പ്രാചീന കാലം – ഔദ്യോഗിക സമയത്തേ കുറിച്ചുള്ള ഒരു പരാമർശം ക്രി.പി. നാലാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട്. ഹൈന്ദവ ജ്യോതിശാസ്ത്രം പ്രതിപാദിക്കുന്ന സൂര്യ സിദ്ധാന്ത എന്ന പുസ്തകത്തിൽ ഭൂമിയെ ഒരു ഗോളമായാണ് കരുതുന്നത്, അതിൽ ഒരു പ്രാഥമിക രേഖാംശത്തെ അഥാവാ 0 രേഖാംശത്തെ നിർവ്വചിക്കുന്നുണ്ട്. അവന്തി നഗരം (ഉജ്ജയിനി നഗരത്തിന്റെ പഴയ പേര്) രോഹിതക (രോഹതകിന്റെ പഴയ പേര്) എന്ന കുരുക്ഷേത്രത്തിനടുത്തുള്ള നഗരം എന്നിവിടങ്ങളിലൂടെയാണ് അതു കടന്നു പോകുന്നത്. പ്രാചീന ഭാരതീയ ജ്യോതിശാസ്ത്രം അനുസരിച്ച് ഉജ്ജയിനിയിലെ പ്രാഥമിക രേഖാംശത്തിൽ സൂര്യൻ ഉദിക്കുമ്പോഴായിരുന്നു നേരം പുലർന്നതായി കണക്കാക്കിയിരുന്നത്, ഒരു ദിനത്തെ വീണ്ടും വിഭജിക്കുകയും ചെയ്തിരുന്നു. അതായത് അളക്കാൻ കഴിയുന്ന ഏറ്റവും ചെറിയ സമയ മാത്ര ‘പ്രാണ‘ ആയിരുന്നു (ഒരു ശ്വാസോച്ഛ്വാസ സമയം), ആറു പ്രാണ ചേരുമ്പോൾ ഒരു ‘പല’ ആകും, അറുപതു പലകൾ ചേരുമ്പോൾ ഒരു ‘ഘലിക‘ ആകും, ഇത്തരം അറുപതു ഘലികകൾ ചേർന്നതാണ് ഒരു ജ്യോതിശാസ്ത്ര ദിനം അഥവാ ‘നക്ഷത്ര അഹോരാത്രം’. ഇത്തരം മുപ്പതു ദിനങ്ങൾ ചേരുമ്പോൾ ഒരു ജ്യോതിശാസ്ത്രമാസമാകും.

നാലു സെക്കന്റുകൾക്ക് സമമായിരുന്നത്രേ ഒരു പ്രാണ. മറ്റെവിടെയെങ്കിലുമുള്ള പ്രാദേശിക സമയത്തെ ഉജ്ജയിനിയിൽ ഔദ്യോഗിക സമയത്തിലേക്ക് മാറ്റാനുള്ള വഴിയും സൂര്യ സിദ്ധാന്തത്തിൽ പറയുന്നുണ്ട്. ഇത്തരം പല മുന്നേറ്റങ്ങളും പണ്ടു തന്നേ ഉണ്ടായെങ്കിലും ജ്യോതിശാസ്ത്ര താത്പര്യത്തിനപ്പുറത്തേക്ക് ഇവയൊന്നും ആരും ഉപയോഗിച്ചു വന്നില്ല, പ്രദേശിക രാജാക്കന്മാർ അവരവർക്ക് അനുയോജ്യമായ തരത്തിൽ ചന്ദ്രവർഷവും, സൂര്യവർഷവും ഇടകലർത്തി അവിടവിടെ ഉപയോഗിച്ചു വന്നു. കേരളത്തിൽ ഇത്തരത്തിൽ ഉപയോഗിച്ചു വന്ന കാലഗണനാരീതിയാണ് കൊല്ലവർഷം. ജയ്പ്പൂരിൽ രാജാ ജയ് സിങ് 1733-ൽ നിർമ്മിച്ച ജന്തർ മന്തർ എന്ന 27 മീ. ഉയരമുള്ള സൂര്യഘടികാരം പ്രാദേശിക സമയം വളരെ കൃത്യമായി കണക്കുകൂട്ടാൻ പ്രാപ്തമായിരുന്നു.

ബ്രിട്ടീഷ് ഭരണകാലം : ബ്രിട്ടീഷ് നാവികനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന മൈക്കേൽ റ്റോപിങിന്റെ ശ്രമഫലമായി 1972-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മദ്രാസ് ജ്യോതിർനിരീക്ഷണ കേന്ദ്രം ചെന്നൈയിൽ (അന്ന് മദ്രാസ്)ആരംഭിച്ചു. കമ്പനി തങ്ങളുടെ ഔദ്യോഗിക ജ്യോതിശാസ്ത്രജ്ഞനായി 1802-ൽ ജോൺ ഗോൾഡിങ്ഹാമിനെ അവരോധിച്ചു. അദ്ദേഹം മദ്രാസിലെ രേഖാംശത്തിനനുസരിച്ച് ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നിലുള്ള സമയം പ്രാദേശിക സമയമായി കണക്കുകൂട്ടി. ഇന്ത്യൻ ശൈലിയിൽ ദിനാരംഭം സൂര്യോദയത്തോടെ ആരംഭിക്കുന്ന രീതിയിൽ നിന്നും അർദ്ധരാത്രിയിൽ ആരംഭിക്കുന്ന രീതിയിലേക്കുള്ള ആദ്യത്തെ മാറ്റമായിരുന്നു ഇത്. ജ്യോതിർനിരീക്ഷണാലയത്തിലെ ഘടികാരത്തിൽ ഉറപ്പിച്ചിരുന്ന തോക്ക് അക്കാലത്ത് ദിനവും രാത്രി 8 മണിക്ക് പൊട്ടി സമയക്രമം “എല്ലാം ശരി”യാണെന്ന് വിളിച്ചറിയിച്ചിരുന്നു. ബോംബെ തുറമുഖത്തെ കപ്പൽ നിയന്ത്രണം സാധ്യമാക്കിയിരുന്നത് ബോംബെയിൽ ഉള്ള 1826-ൽ സ്ഥാപിതമായ കൊളാബ ജ്യോതിർനിരീക്ഷണാലയമായിരുന്നു.

1850-ൽ ഇന്ത്യയിൽ തീവണ്ടി ഗതാഗതം ആരംഭിച്ച് ഏതാനം വർഷങ്ങൾ കൂടി ഇന്ത്യയിലെ ഭൂരിഭാഗം പട്ടണങ്ങളും സ്വന്തം സമയ മേഖലകൾ ഉപയോഗിച്ചു പോന്നെങ്കിലും ഒരു ഏക സമയ മേഖല വളരെ ആവശ്യമായി വന്നു. ബോംബെ സംസ്ഥാനവും കൽക്കട്ടാ സംസ്ഥാനവും അന്ന് വ്യത്യസ്തമായ സമയമേഖലകൾ ഉപയോഗിക്കുകയും അത് പിന്നീട് സമീപസ്ഥരായ പ്രദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഘടികാരങ്ങൾ കൃത്യമാക്കിയിരുന്നത് റ്റെലഗ്രാഫ് ഉപയോഗിച്ചായിരുന്നു, ഉദാഹരണത്തിന് റെയിൽ‌വേ തങ്ങളുടെ പ്രധാന കാര്യാലയത്തിൽ നിന്നും ദിവസവും പ്രത്യേക സമയത്ത് എല്ലാടത്തേക്കും ഒരു സമയ അടയാളം അയച്ചുപോന്നു.

ഇന്നത്തെ സമയ മേഖലയിലേക്കുള്ള മാറ്റം : 1884-ൽ വാഷിങ്ടൺ, ഡി.സിയിൽ നടന്ന അന്താരാഷ്ട്ര മെരിഡീയൻ സമ്മേളനം ലോകമാകയെള്ള സമയമേഖലകളുടെ ഏകീകരണം സാധ്യമാക്കി. അതിൽ ഇന്ത്യക്കായി രണ്ട് സമയമേഖലകൾ ഉണ്ടായിരുന്നു. 90° E രേഖാംശം ആസ്പദമാക്കി ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ച് മണിക്കൂറും മുപ്പതു മിനിറ്റും 21 സെക്കന്റും മുന്നിലായി ഒന്ന് കൽക്കട്ടയ്ക്കും 75° E ഉപയോഗിച്ച് നാലുമണിക്കൂറും 51 മിനിറ്റും മുന്നിലായി ഒന്ന് ബോംബേക്കും ആയിട്ടായിരുന്നു അവ. റെയിൽ‌വേ ആകട്ടെ ഈ രണ്ട് സമയമേഖലകളുടേയും ഇടക്കുള്ള സമയം എന്നകാരണത്താൽ1880-കളുടെ അവസാനത്തോടെ മദ്രാസ് സമയം (ഗ്രീനിച്ച് സമയം +5:30) അവരുടെ സമയമായി ഉപയോഗിക്കാൻ തുടങ്ങി. ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ സമയമാകട്ടെ തലസ്ഥാനമായ പോർട്ട് ബ്ലയറിനെ ആസ്പദമാക്കി സൃഷ്ടിച്ച പോർട്ട് ബ്ലയർ മീൻ സമയം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് മദ്രാസ് സമയത്തിന് 49 മിനിറ്റ് 51 സെക്കന്റ് മുന്നിലായിരുന്നു.

രാജ്യത്തിന് മുഴുവൻ ഒരു ഏകീകൃത സമയത്തിനായി അലഹബാദിലെ 82.5° E രേഖാംശം 1905-ൽ തിരഞ്ഞെടുക്കുന്നതുവരെ ബ്രിട്ടീഷ് രാജ് ഔദ്യോഗിക സമയ മേഖലകൾ അംഗീകരിച്ചിട്ടില്ലായിരുന്നു. 1906 ജനുവരി 1 മുതൽ ഇന്ത്യയിൽ ഈ സമയക്രമം ഏർപ്പെടുത്തി, അക്കാലത്ത് ശ്രീലങ്കയിലും (അന്ന് സിലോൺ) ഇതേ സമയം ഉപയോഗിച്ചു പോന്നു. എന്നിരുന്നാലും കൽക്കട്ടയിൽ അവിടുത്തെ പ്രാദേശിക സമയമാണ് 1948 വരെ ഉപയോഗിച്ചിരുന്നത്. 1925 മുതൽ ഭരണകൂടം കൃത്യമായ സമയം അറിയിക്കാൻ ടെലിഫോൺ ഉപയോഗിച്ചു വന്നു. 1940 വരെ ഇതു തുടർന്നു. അതിനുശേഷം സമയ വിവരം റേഡിയോ ഉപയോഗിച്ച് പ്രക്ഷേപണം ചെയ്തു പോന്നു. ഇന്നും പൊതുജനങ്ങൾക്ക് സമയം കൃത്യമായി നൽകാൻ റേഡിയോ ഉപയോഗിച്ചു പോരുന്നു.

ഇന്ത്യൻ സമയവും അയൽ രാജ്യങ്ങളും : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ സർക്കാർ ഔദ്യോഗിക ഇന്ത്യൻ സമയം (82.5° E) മുഴുവൻ രാജ്യത്തും ഏർപ്പെടുത്തി. എന്നിരുന്നാലും കൽക്കത്തയിലും ബോംബെയിലും പ്രാദേശിക സമയങ്ങൾ കുറേ നാളുകൂടി തുടർന്നു. സമയ ഗണനത്തിന്റെ എളുപ്പത്തിനായി കേന്ദ്ര ജ്യോതിർനിരീക്ഷണ കേന്ദ്രം മദ്രാസിൽ നിന്നും മിർസാപ്പൂരിനടുത്തേക്ക് അക്കാലത്ത് തന്നെ മാറ്റിയിരുന്നു. 1962-ലെ ഇന്തോ-ചൈനാ യുദ്ധകാലത്തും 1965-ലേയും 71-ലേയും ഇന്തോ-പാക് യുദ്ധകാലത്തും ഇന്ത്യ സാധാരണക്കാരുടെ ഊർജ്ജോപയോഗം നിയന്ത്രിക്കാനായി പകൽ ഉപയോഗ്യ സമയം ചെറിയ തോതിൽ ഏർപ്പെടുത്തിയിരുന്നു.

പ്രശ്നങ്ങൾ : വലിയ ഒറ്റ സമയ മേഖല ചെലവുകളേറാൻ കാരണമാകുന്നുണ്ട്. രാജ്യത്തിന്റെ പൂർവ്വ-പശ്ചിമ ദൂരം 2000 കി.മീയിലും അധികമാണ്, 28 ഡിഗ്രി രേഖാംശം അത് ഉൾക്കൊള്ളുന്നുണ്ട്, ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ സൂര്യനുദിച്ച് രണ്ടുമണിക്കൂർ കഴിഞ്ഞേ ഏറ്റവും പടിഞ്ഞാറുള്ള റാൻ ഓഫ് കച്ചിൽ സൂര്യൻ ഉദിക്കുകയുള്ളു.

1980 കളുടെ അവസാനം ഒരു സംഘം ഗവേഷകർ ഇന്ത്യയെ രണ്ടോ മൂന്നോ വ്യത്യസ്ത സമയമേഖലകളാക്കി വിഭജിക്കാനും അങ്ങനെ ഊർജ്ജം ലാഭിക്കാനും ഉള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു. അവർ നിർദ്ദേശിച്ച മാർഗ്ഗങ്ങളിലൊന്ന് പഴയ ബ്രിട്ടീഷ് കാലഘട്ടത്തെ സമയ മേഖലകൾ തിരഞ്ഞെടുക്കുക എന്നതായിരുന്നു. നിർദ്ദേശങ്ങൾ പക്ഷേ സ്വീകരിക്കപ്പെട്ടില്ല. 2001-ൽ സർക്കാർ ശാസ്ത്ര-സാങ്കേതിക മന്ത്രാലത്തിന്റെ കീഴിൽ ഒരു നാലംഗ സമിതിയെ വ്യത്യസ്ത സമയമേഖലകളുടേ ആവശ്യത്തെ കുറിച്ച് പഠിക്കാനായി നിയോഗിച്ചു. സമിതിയുടെ കണ്ടെത്തലുകൾ 2004-ൽ മന്ത്രി കപിൽ സിബൽ പാർലമന്റിൽ വച്ചെങ്കിലും അംഗീകാരം ലഭിച്ചില്ല. രാജ്യത്തെ സമയമേഖല വിഭജിക്കാനുള്ള ശ്രമം ഭരണകൂടം സ്വീകരിക്കാൻ തയ്യാറായിരുന്നില്ലങ്കിലും “തോട്ടം തൊഴിലാളി നിയമം-1951“ പോലുള്ള നിയമങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക പ്രദേശത്തിന്റെ സ്വഭാവത്തിനനുസരിച്ച് സമയക്രമം മാറ്റാനുള്ള അനുമതി നൽകി.

ഓഗസ്റ്റ് 2007-ൽ ഇറങ്ങിയ “കറന്റ് സയൻസ്” എന്ന അക്കാദമിക പ്രസിദ്ധീകരണം – ഇന്ത്യ തങ്ങളുടെ സമയം ഗ്രീനിച്ച് സമയത്തിൽ നിന്നും അഞ്ചരമണിക്കൂർ മുന്നോട്ട് എന്നത് മാറ്റി ആറു മണിക്കൂർ മുന്നോട്ടാക്കുകയാണെങ്കിൽ ഊർജ്ജോപയോഗം 16 ശതമാനം കുറയ്ക്കാം – എന്നു കണക്കാക്കി. അതിൽ പറഞ്ഞിരിക്കുന്നതു പ്രകാരം സമയമാറ്റം കൊണ്ട് മാത്രം ലാഭിക്കുന്ന തുക 1000 കോടി രൂപ വരുമത്രേ.

സമയ സൂചകങ്ങൾ : ഔദ്യോഗിക സമയ സൂചകങ്ങൾ ന്യൂ ഡൽഹിയിലെ ദേശീയ ഫിസിക്കൽ ലബോറട്ടറിയിലുള്ള റ്റൈം ആൻഡ് ഫ്രീക്വൻസി സ്റ്റാൻഡാഡ്സ് ലബോറട്ടറിയിൽ നിന്നാണ് പുറപ്പെടിവിക്കുന്നത്. ഔദ്യോഗികവും വാണിജ്യപരവുമായ ആവശ്യങ്ങൾക്ക് ഈ സൂചകങ്ങൾ ഉപയോഗിക്കുന്നു. ഏകീകൃത ആഗോള സമയത്തിനൊപ്പം ക്രമീകരിച്ചിരിക്കുന്ന ഒരു ആറ്റോമിക് ഘടികാരത്തെ ആണ് ഇതിനുപയോഗിക്കുന്നത്.

ഇതിനായി റ്റൈം ആൻഡ് ഫ്രീക്വൻസി സ്റ്റാൻഡാഡ്സ് ലബോറട്ടറി താഴെ പറയുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. നാല് സീസിയം റുബീഡിയം ആറ്റോമിക് ഘടികാരങ്ങൾ. 10 MHz-ൽ പ്രക്ഷേപണം നടത്തുന്ന കൂടിയ ആവൃതിയുള്ള സംവിധാനം. ഇത് ഉപയോക്താക്കളുടെ ക്ലോക്കിലേക്ക് ഒരു മില്ലിസെക്കന്റ് വരെ മാത്രം വ്യത്യാസത്തിൽ ക്രമീകരിക്കപ്പെടുന്നു. ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ച് ±10 മൈക്രോസെക്കന്റുകൾ മാത്രം വ്യത്യാസത്തിൽ സമയം പ്രക്ഷേപണം നടത്താനുള്ള ഉപകരണങ്ങൾ, ഈ സംവിധാനത്തിൽ ആവൃത്തി ±10−10 കൃത്യമായിരിക്കും. പൈകോ സെക്കന്റുകളും നാനോ സെക്കന്റുകളും കൃത്യമായിരിക്കും സമയം അതിനായി റ്റൈം ഇന്റർവെൽ ഫ്രീക്വൻസി കൌണ്ടറുകളും തരംഗ ഫേസ് റെക്കോഡറുകളും ഉപയോഗിക്കുന്നു. സർക്കാർ ആകാശവാണി വഴിയും ദൂരദർശൻ വഴിയും ഔദ്യോഗിക സമയം പ്രക്ഷേപണം നടത്തിപോരുന്നു. ടെലിഫോൺ കമ്പനികൾക്കും പൊതുജനങ്ങൾക്ക് സമയം അറിയാനായി റ്റൈം സെർവറിന്റെ പ്രക്ഷേപിണിയിലേക്ക് തിരിച്ചു വച്ചിരിക്കുന്ന പ്രത്യേക നമ്പരുകൾ ഉണ്ട്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം റിസീവറുകൾ ഉപയോഗിച്ചും സമയം കണക്കാക്കാൻ ഇന്നു കഴിയും

The post എന്താണ് ഔദ്യോഗിക ഇന്ത്യൻ സമയം? ഇത് കണക്കാക്കുന്നത് എങ്ങനെ? appeared first on Technology & Travel Blog from India.





No comments:

Post a Comment