ആഗസ്ത് മാസത്തിൽ കേരളത്തെ മൊത്തത്തിൽ പിടിച്ചുലച്ച പ്രളയത്തിൽ നിന്നും കരകയറി വന്നിട്ടേയുള്ളൂ നമ്മളൊക്കെ. അന്ന് നമ്മളെയൊക്കെ ഭയപ്പെടുത്തി നിന്നിരുന്ന ന്യൂനമർദ്ദം ഇപ്പോഴിതാ തമിഴ്‌നാട് തീരത്ത് ഗജ എന്നപേരിൽ ഭീതി വിതച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം കൊള്ളുകയായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നൈയ്ക്ക് വടക്ക് കിഴക്ക് മാറി 860 കിലോമീറ്റര്‍ ദൂരത്തിലാണ് ഗജ ചുഴലിക്കാറ്റിന്റെ ഉത്ഭവം.
തമിഴ്‌നാട് തീരങ്ങളിൽ മണിക്കൂറില്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി. വേളാങ്കണ്ണി പള്ളിയോടു ചേർന്ന് ഒരു മാസം മുൻപ് നിർമ്മിച്ച ക്രിസ്തു രൂപത്തിന്റെ കൈകൾ കാറ്റിൽ തകർന്നു വീഴുകയുണ്ടായി. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമാണ് ഇത്. ശക്തമായ ചുഴലിക്കാറ്റിൽപ്പെട്ട് കെഎസ്ആർടിസിയുടെ ചങ്ങനാശ്ശേരി – വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ്സ് ബസ്സിന് കേടുപാടുകൾ സംഭവിച്ചു. വേളാങ്കണ്ണിയിൽ മലയാളികൾ അടക്കമുള്ളവർ പെട്ടുപോയിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ ഇരുപതോളം ആളുകൾ മരിച്ചതായാണ് സൂചനകൾ.
സംസ്കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം. ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അര്‍ഥത്തിലാണ് ഇതിനു ഗജ എന്നു പേരിട്ടത്. ചുഴലിക്കാറ്റിനെ തിരിച്ചറിയുന്നതിനും നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കാനുമാണ് സാങ്കേതിക വാക്കുകള്‍ക്ക് പകരം പേരുകള്‍ ഉപയോഗിക്കുന്നത്. ആശയവിനിമയം എളുപ്പമാക്കുന്നതിന്റെ ഭാഗമായി ചെറിയ പേരുകളാണ് നല്‍കാറുള്ളത്.
തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും വമ്പിച്ച നാശംവിതച്ച് ‘ഗജ’ ചുഴലിക്കാറ്റ് കര കടന്നു. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച ചുഴലിക്കാറ്റ് നൂറ് കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശമുണ്ടാക്കി. ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണു. തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരയ്ക്കല്‍ തുടങ്ങിയ ജില്ലകളിലാണ് ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും, വേദാരണ്യത്തിനുമിടയില്‍ ‘ഗജ’ തീരം കടന്ന് കരയിലേയ്ക്ക് കയറിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകളില്‍ നാശനഷ്ടങ്ങളുണ്ടാവുകയും, ചെന്നൈ അടക്കമുള്ള പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുകയും ചെയ്തു. കാറ്റ് കരയിലെത്തി ഒമ്പത് മണിക്കൂറിന് ശേഷമാണ് ശക്തി കുറഞ്ഞത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മധ്യകേരളത്തിലൂടെ അറബിക്കടലിലേക്ക് സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
ശക്തമായ കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ മാസം 20 വരെ അറബിക്കടലിനും, കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും, ഗള്‍ഫ് ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിനായി പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള അറിയിപ്പ് : ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോര മേഘലയിലേക്കുള്ള യാത്ര ഒഴിവാക്കുക. മലയോര മേഘലയിലെ റോഡുകള്ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്പൊട്ടലും ഉണ്ടാകുവാന് സാധ്യതയുണ്ട് എന്നതിനാല് ഇത്തരം ചാലുകളുടെ അരികില് വാഹനങ്ങള് നിർത്തരുത്. മലയോര മേഘലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കല് ഒഴിവാക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില് കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും . പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ വെള്ളം കയറാത്തതും എളുപ്പം എടുക്കാൻ പറ്റുന്നതുമായ ഉയര്ന്ന സ്ഥലത്തു സൂക്ഷിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്ദേശം നല്കുക.
ജില്ലാ എമര്ജന്സി ഓപ്പറേഷന്സ് സെന്റര് നമ്പരുകള് 1077 എന്നതാണ്. ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക. പഞ്ചായത്ത് അധികാരികളുടെ ഫോണ് നമ്പര് കയ്യില് സൂക്ഷിക്കുക. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക. വൈദ്യുതോപകരണങ്ങള് വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില് വെക്കുക. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക.
കടപ്പാട് – മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പേജ്, വിവിധ മാധ്യമങ്ങൾ.
The post ഗജ ചുഴലിക്കാറ്റ് വേളാങ്കണ്ണിയിൽ ; കെഎസ്ആർടിസി ബസ്സിനു കേടുപാട് appeared first on Technology & Travel Blog from India.
No comments:
Post a Comment