കൊച്ചി തുറമുഖവും വെല്ലിങ്‌ടൺ ഐലൻഡും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, November 20, 2018

കൊച്ചി തുറമുഖവും വെല്ലിങ്‌ടൺ ഐലൻഡും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും..

ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്‌ കൊച്ചി തുറമുഖം. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്. കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-2000 സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ തുറമുഖം പ്രവർത്തിക്കുന്നത്.

ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. 1936ൽ ദിവാനായിരുന്ന സർ ആർ കെ ഷണ്മുഖം ചെട്ടി അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിച്ചു.1341 ൽ ചെറിയ നദി മാത്രമുണ്ടായിരുന്ന കൊച്ചിയിൽ ഈ വെള്ളപ്പൊക്കത്തെത്തുടർന്ന് കായലുകൾ ഉണ്ടായി. വൈപ്പിൻ രൂപം കൊണ്ടു.

ബ്രിട്ടിഷ് ആധിപത്യ കാലത്ത് 1859 ൽ ക്യാപ്റ്റൻ കാസ്സർ ആണ്‌ കൊച്ചിയിലെ ആദ്യ പോർട്ട് ഓഫീസർ. തുടർന്ന് ഇവിടെ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപിതമായി. കൊച്ചി തുറമുഖത്തിന്റെ വികസനത്തിന്‌ കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ശ്രമഫലമായി 1919 ൽ സർ ജോൺ വോൾഫ് ബാരി പഠനം നടത്താൻ നിയോഗിക്കപ്പെട്ടു.1920 ബ്രിട്ടീഷ് തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോയെ തുറമുഖത്തിന്റെ ജോലികൾക്കായി നിയോഗിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സമുദ്രത്തിലെ മണ്ണു നീക്കി തുറമുഖത്തിന്റെ ആഴംകൂട്ടി. ഈ മണ്ണ് നിക്ഷേപിച്ചുണ്ടായതാണ്‌ വെല്ലിങ്ങ്‌ടൺ ഐലൻഡ്‌. ആധുനിക തുറമുഖത്തിന്റെ ഉദ്ഘാടനം 1936-ൽ നടന്നു. 26.05.1928 ന് ആധുനികരിച്ച തുറമുഖത്തിന്റെ ഉദ്ഘാടനം നടന്നു.1931 ൽ യാത്രാക്കപ്പലുകൾ കൊച്ചിയിൽ വന്നു.

1964ൽ കൊച്ചിൻ പോർട്ട്ട്രസ്റ്റ് രൂപീകരിച്ചു. ശ്രീ പി. ആർ. സുബ്രപ്മണ്യനായിരുന്നു, ആദ്യത്തെ പോർട്ട് ട്രസ്റ്റ് ചെയർമാൻ. ഇന്ത്യയിൽ ആദ്യമായി കൊച്ചിയിലാണ് കണ്ടെയിനർ കപ്പൽ എത്തിയത്. പ്രസിഡ്ന്റ് ടെയ്ലർ എന്ന കപ്പലായിരുന്നു അത്.

വെല്ലിങ്‌ടൺ ഐലൻഡ്‌ : കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന ഒരു മനുഷ്യനിർമ്മിത ദ്വീപാണ് വെല്ലിങ്ടൺ ഐലന്റ്. കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ചാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന വില്ലിങ്ടൻ പ്രഭുവിന്റെ പേരിലാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.

1920-കളിൽ, ദ്വീപിന്റെ രൂപവത്കരണത്തിലേയ്ക്ക് നയിച്ച തുറമുഖ വികസനത്തിന് നേതൃത്വം കൊടുത്തത് ബ്രിട്ടീഷുകാരനായ റോബർട്ട് ബ്രിസ്റ്റോ എന്ന എഞ്ചിനീയർ ആയിരുന്നു. 1929-ൽ അവസാനിച്ച മൂന്നു പ്രവൃത്തി സീസണുകളിൽ, തുറമുഖത്തെ ആഴക്കടലുമായി ബന്ധിപ്പിച്ചുകൊണ്ട് 450 അടി വീതിയിലും മൂന്നര മൈൽ നീളത്തിലും ഒരു കടല്പാത നിർമ്മിച്ചപ്പോൾ എടുത്തുമാറ്റിയ മണ്ണാണ് 780 ഏക്കർ വിസ്താരമുള്ള ദ്വീപിനു രൂപം കൊടുത്തത്. ഇതിന് നിയോഗിച്ച മണ്ണുമാന്തിക്കപ്പലുകളിൽ (Suction Dredger) ഏറ്റവും പ്രധാനമായിരുന്നത് “ലേഡി വെല്ലിം‌ഗ്‌ടൻ” എന്ന കപ്പലാണ്. വേഗത്തിലും, കാര്യക്ഷമതയിലും, പ്രവർത്തനദൈർഘ്യത്തിലും അത് ഒരു ലോകറെക്കോർഡ് തന്നെ സ്ഥാപിച്ചതായി പറയപ്പെടുന്നു.

കൊച്ചി ഹാർബർ ടെർമിനസ് എന്ന കൊച്ചി റെയിൽ‌വേ സ്റ്റേഷൻ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ടാജ് മലബാറിന്റെ പഞ്ചനക്ഷത്ര ഹോട്ടലും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു. കൊച്ചി നഗരത്തെ സംബന്ധിച്ചിടത്തോളം ജനവാസം കുറഞ്ഞ ഈ ദ്വീപിൽ കൊച്ചി കസ്റ്റംസിന്റെ ഉദ്യോഗസ്ഥരുടെ ഔദ്യോഗികവസതികളും വിനോദസഞ്ചാരികൾക്കായുള്ള ഹോട്ടലുകളുമാണ് അധികമായിട്ടുള്ളത്.

ലക്ഷദ്വീപിലേയ്ക്ക് കൊച്ചിയിൽ നിന്ന് പോകുന്ന യാത്രാക്കപ്പലുകൾ പുറപ്പെടുന്നത് ഈ ദ്വീപിൽ നിന്നാണ്. ലക്ഷദ്വീപ് വിനോദസഞ്ചാരവിഭാഗമായ സ്പോർട്ട്സിന്റെ (സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് നാച്ചുർ ടൂറിസം ആന്റ് സ്പോർട്ട്സ്) ഓഫീസ് ഈ ദ്വീപിലാണ് പ്രവർത്തിക്കുന്നത്.

മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, വൈപ്പിൻ, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിൽ നിന്ന് ഈ ദ്വീപിലേയ്ക്ക് ധാരാളം യാത്രാബോട്ടുകൾ ദിവസവും സർവീസ് നടത്തുന്നു. കൂടാതെ ഈ ദ്വീപിലേയ്ക്ക് ദേശീയപാതകളിൽ ഏറ്റവും ചെറിയ പാത എന്നറിയപ്പെടുന്ന ദേശീയപാത 47A (കുണ്ടന്നൂർ – വെല്ലിങ്ടൺ ഐലന്റ്) വഴിയും എത്തിച്ചേരാം.

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ : ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ. ഇത് കേരളത്തിൽ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ വല്ലാർപാടത്താണ് സ്ഥിതി ചെയ്യുന്നത്.

ടെർമിനൽ പ്രദേശത്തേക്കുള്ള 18.2 കിലോമീറ്റർ ദൂരമുള്ള ദേശീയപാതയ്ക്ക് (966 എ) കേന്ദ്രസർക്കാർ 872 കോടി രൂപ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. 2012-ൽ ഈ പാത നാലുവരിയാക്കി ഉയർത്തും. ഈ പാതയെ കളമശ്ശേരിയിലൂടെ കടന്നു പോകുന്ന ദേശീയപാത 544-മായി ബന്ധിപ്പിച്ചിരിക്കുന്നു. ടെർമിനൽ പ്രദേശത്തേക്കുള്ള റയിൽപാതയ്ക്ക് 364 കോടി രൂപയാണ് നിർമ്മാണച്ചിലവ്. ഈ പാതയുടെ നീളം 8.86 കിലോമീറ്ററാണ്. ഈ പാതയിൽ 4.62 കിലോമീറ്റർ ദൂരം വേമ്പനാട് പാലമാണ്.

വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമ്മിനലും വെല്ലിംഗ്ടൺ ദ്വീപും തമ്മിൽ ബന്ധിപ്പിച്ച് ഒരു കണ്ടെയ്നർ റോ-റോ സർവ്വീസ് നിലവിലുണ്ട്. ഇതുവഴി കണ്ടെയ്‌നറുമായി വരുന്ന ട്രക്കുകൾക്ക് ഐലൻഡിൽ നിന്നും വല്ലാർപാടത്തേക്കും തിരിച്ചും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകാൻ കഴിയും. ഇതിനായി ഐലൻഡിലും ബോൾഗാട്ടിയിലും രണ്ട് ജെട്ടികൾ പണിതിട്ടുണ്ട്. ലോട്സ് ഷിപ്പിംഗ് കമ്പനിക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ലോട്സ് ബ്രിഡ്ജ് എന്നാണ് ഈ ബാർജ്ജ് സർവ്വീസിന്റെ പേര്.

The post കൊച്ചി തുറമുഖവും വെല്ലിങ്‌ടൺ ഐലൻഡും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും.. appeared first on Technology & Travel Blog from India.





No comments:

Post a Comment