കേരളത്തിനുള്ളിൽപ്പെട്ട എന്നാൽ കേരളത്തിന്റേതല്ലാത്ത മാഹിയുടെ വിശേഷങ്ങൾ.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Friday, November 30, 2018

കേരളത്തിനുള്ളിൽപ്പെട്ട എന്നാൽ കേരളത്തിന്റേതല്ലാത്ത മാഹിയുടെ വിശേഷങ്ങൾ..

ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ പുതുച്ചേരി) ഭാഗമായ മയ്യഴി (മാഹി) കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. രാഷ്ട്രീയമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ നാല് ഭാഗങ്ങളിലൊന്നാണ് മയ്യഴി. പുതുച്ചേരി നഗരത്തിൽ നിന്നും 630 കിലോമീറ്റർ അകലെയായാണ്‌ മയ്യഴി സ്ഥിതിചെയ്യുന്നത്. സാംസ്കാരികമായി കേരളത്തിന്റെ ഭാഗമാണ് ഈ പ്രദേശം. അഴിയൂർ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു മയ്യഴി. അഴി എന്നാൽ കടലും പുഴയും ചേരുന്ന സ്ഥലം. മയ്യം എന്ന വാക്കിന് മദ്ധ്യം‍ എന്ന് അർത്ഥമുണ്ട്. അഴിയൂരിനും മറ്റൊരു ഊരിനും മദ്ധ്യത്തിലുള്ള ഊരാണ് മയ്യഴി ആയിപരിണമിച്ചത്. മനോഹരമായ അഴി എന്ന അർത്ഥവും മയ്യഴി എന്ന വാക്കിനു കല്പിക്കാം. പുഴക്കരികെ കൽ അഴി എന്ന കല്ലായിയുമുണ്ട്.

പെരിപ്ലസിന്റെ കർത്താവ് മെലിസിഗാരെ എന്നൊരു തുറമുഖത്തെക്കുറിച്ച പറയുന്നുണ്ട്. അത് മാഹിയാണെന്നാണ് എം.പി. ശ്രീധരൻ അഭിപ്രായപ്പെടുന്നത്. കേരളത്തിൽ അക്കാലത്ത് ലോകത്തിലെ വിവിധഭാഗങ്ങളിലേക്ക് ഏലം കയറ്റി അയച്ചിരുന്നത് മാഹി വഴിയായിരുന്നു. കടത്തനാട്ടിൽ നിന്നും മറ്റു മലഞ്ചരക്കുകളും മാഹി വഴി കയറ്റുമതി ചെയ്തിരുന്നു. മയ്യഴിയുടെ ഭാഗമായ ചെമ്പ്രയിലെ പുരാതനമായ സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്ന് മഹോദയപുരം ആസ്ഥാനമാക്കി കേരളം വാണിരുന്ന ഇന്ദുക്കോതവർമ്മന്റെ പന്ത്രണ്ടാം ഭരണവർഷത്തിലുള്ള ലിഖിതം കണ്ടെത്തിയിട്ടുണ്ട്.ഒരു ആവാസകേന്ദ്രമെന്ന നിലയിൽ മയ്യഴിയുടെ പഴക്കം വ്യക്തമാക്കുന്ന രേഖയാണിത്. അതിൽ മലയഴി എന്ന ഒരു സ്ഥലത്തെ പറ്റി പറയുന്നുണ്ട്. മാഹിയെ പറ്റി പ്രശസ്ത സഞ്ചാരി അലക്സാണ്ടർ ഹാമിൽട്ടൺ വിവരിച്ചിട്ടുണ്ട്. മീലിയിലാണ്‌ ലോകത്തിലെ ഏറ്റവും മുന്തിയ ഇനം ഏലം കൃഷി ചെയ്യപ്പെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ബുർഗാറെ എന്ന തുറമുഖപ്പട്ടണം മീലിയിൽ നിന്ന് 8-10 നാഴിക മാത്രം അകലെയാണ്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്.

മാഹിയിൽ ഫ്രഞ്ചുകാരുടെ ചരിത്രം 1721-നാണ് ആരംഭിക്കുന്നത്. പടിഞ്ഞാറൻ തീരത്ത് ബ്രിട്ടീഷുകാർ കച്ചവടാധിപത്യം സ്ഥാപിച്ചതോടെയാണ് ഫ്രഞ്ചുകാരും ഇന്ത്യയിലേക്ക് തിരിഞ്ഞത്. ബ്രിട്ടീഷുകാരുമായി കച്ചവടത്തിൽ മത്സരിക്കാൻ അവർക്ക് ഭദ്രമായ കേന്ദ്രം എന്ന നിലക്കാണ് മയ്യഴി തിരഞ്ഞെടുത്തത്. അതിനു മുന്ന് അവർ തലശ്ശേരിയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് മയ്യഴിയ്യുടെ അധിപൻ വടകര വാഴുന്നോർ ആയിരുന്നു. 17-‍ാം നൂറ്റാണ്ടുവരെ കോലത്തിരിയുടെ കോയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരെ കടത്തനാട്ട് രാജാവ് എന്ന് വിളിച്ചിരുന്നു. ഫ്രഞ്ചുകാർ ആദ്യം 1670-ൽ തലശ്ശേരിയിൽ കോട്ട കെട്ടുകയുണ്ടായി. അതിനു ചിറക്കൽ രാജാവും തലശ്ശേരി നാടുവാഴിയായിരുന്ന കുറുങ്ങോത്ത് നായരും പിന്തുണക്കുകയുണ്ടായി. എന്നാൽ തലശ്ശേരിയിലെ ഇംഗ്ലീഷുകാരുമായി മത്സരിക്കാനവർക്കായില്ല, തുടർന്ന് 1702-ൽ പുന്നോലിൽ അവർ പാണ്ടികശാല പണിതു. അവീടെയും കച്ചവടം ശോഭിച്ചില്ല. തുടർന്ന് 1721-ലാണ്‌ മയ്യഴിയിൽ ഫ്രഞ്ചുകാർ എത്തുന്നത്.

സെങ്-ലൂയി എന്ന കപ്പലിൽ മയ്യഴിയിലെത്തിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധിയായ മൊല്ലന്തേനെ മയ്യഴിയുടെ അധിപനായ വടകര വാഴുന്നൊർ സ്വീകരിച്ചു. 1722-ൽ വാഴുന്നോരുടെ അനുമതിയോടെ ഫ്രഞ്ചുകാർ ഒരു കോട്ടയും പാണ്ടികശാലയും പണിതു. ആദ്യം പണിത കോട്ട മാഹിയിലെ ചെറുകല്ലായിയിലായിരുന്നു. സെന്റ് ജോർജ്ജ് ഫോർട്ട് എന്നായിരുന്നു അതിന്റെ പേർ. 1739-ലാണ്‌ അത് പണിതത്. അതിനുശേഷം പണിതതാണ്‌ ഫോർട്ട് മാഹി. ഈ ഭീമാകാരമായ കോട്ട 1769-ലാണ്‌ പൂർത്തീകരിച്ചത്. എന്നാൽ ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തിൽ ഈ കോട്ട നശിച്ചു. അവശിഷ്ടങ്ങൾ ഇപ്പോഴും മാളിയേമ്മൽ പറമ്പിൽ കാണാം. ഇവ രണ്ടും കൂടാതെ ഫോർട്ട് ദൂഫേൻ, ഫോർട്ട് കൊന്തെ എന്നീങ്ങനെ രണ്ട് കോട്ടകൾ കൂടി ഫ്രഞ്ചുകാർ മാഹിയിൽ നിർമ്മിച്ചു.

വാഴുന്നോരുമായി വാണിജ്യ ഉടമ്പടി ഉണ്ടാക്കി ഫ്രഞ്ചുകാർ താമസിയാതെ മയ്യഴി പിടിച്ചെടുക്കുകയായിരുന്നു. വാഴുന്നോർ ഉടമ്പടി തെറ്റിച്ചതായിരുന്നു കാരണം. അന്നത്തെ കരാറനുസരിച്ച് കടത്തനാട്ടിലെ കുരുമുളക് മുഴുവനും ഫ്രഞ്ചു കമ്പനിക്ക് വിൽകാൻ വാഴുന്നോർ ബാധ്യസ്ഥനായിരുന്നു. ഇത് ഇംഗ്ലീഷുകാർക്ക് രസിച്ചില്ല. അവർ വാഴുന്നോരുടെ അധികാര പരിധിയെക്കുറിച്ച് ആരോണം ഉന്നയിച്ചു. ഫ്രഞ്ചുകാർക്ക് വിട്ടുകൊടുത്ത സ്ഥലം കോലത്തിരി രാജാവിന്റേതാണെന്നും അത് ഇംഗ്ലീഷുകാർക്ക് പണ്ട് കോലത്തിരി വിട്ടുകൊടുത്തതാണെന്നുമായിരുന്നു അവരുടെ അവകാശവാദം. ഇതിനെ കോലത്തിരി തുണക്കുകയും ചെയ്തു. ഇംഗ്ലീഷുകാർ വാഴുന്നോരെ പാട്ടിലാക്കി പുതിയ ഒരു ഉടമ്പടിയിൽ ഒപ്പു വയ്പിക്കുകയും ചെയ്തു. (1725 ഫെബ്രുവരി 17). ഈ കരാർ ഫ്രഞ്ചുകാരുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമായിരുന്നു. തുടർന്ന് വാഴുന്നോരെ കോലത്തിരിയുടെ നായർപട ആക്രമിക്കുകയും ഫ്രഞ്ചുകാർക്ക് മയ്യഴിയിൽ നിന്ന് പിൻ‌വാങ്ങേണ്ടതായും വന്നു. മറ്റു സ്ഥലങ്ങളിലുണ്ടായപോലെ ഇംഗ്ലീഷുകാരാൽ തുരത്തപ്പെടുകയായിരുന്നു മയ്യഴിയിലും. എന്നാൽ മയ്യഴിയെ സംബന്ധിച്ചിടത്തോളം ഒരു കീഴടങ്ങലിനു ഫ്രഞ്ചുകാർ തയ്യാറായില്ല. അവർ 1725-ൽ വാഴുന്നോർക്കെതിരെ യുദ്ധം ചെയ്ത് മയ്യഴി കീഴടക്കുകയുണ്ടായി.

ഇംഗ്ലീഷുകാരുടെ കൈവശമുണ്ടായിരുന്ന തലശ്ശേരിയുടെ ഔട്ട് പോസ്റ്റുകളിൽ നിന്നും വളരെ അടുത്തായി നില നിന്നിരുന്ന മയ്യഴിയിൽ ഫ്രഞ്ചുകാർ സ്ഥാനമുറപ്പിച്ചത് ഇംഗ്ലീഷുകാർക്ക് പേടിസ്വപ്നമായിത്തീർന്നു. അവർ ഫ്രഞ്ചുകാരുമായി സന്ധിയും കരാറിലുമേർപ്പെട്ടു. 1728 മാർച്ച് 9 നു കുരുമുളകിന്റെ വിലയിൽ അവർ ധാരണയിലെത്തുകയും അതിന്റെ വില നിയന്ത്രിക്കാൻ അവർക്ക് കഴിയുകയും ചെയ്തു. അങ്ങനെ തലശ്ശേരിയിൽ ഇംഗ്ലീഷുകാരും മയ്യഴിയിൽ ഫ്രഞ്ചുകാരും കച്ചവടം തുടർന്നു.

1761-ൽ യൂറോപ്പിൽ ഫ്രഞ്ചുകാരും ഇംഗ്ലീഷുകരും തമ്മിൽ യുദ്ധം ആരംഭിച്ചത് കേരളത്തിലും പ്രത്യാഘാതങ്ങൾ ഉളവാക്കി. മയ്യഴിയിലെ ഫ്രഞ്ചുകാരോട് കീഴടങ്ങാൻ ഇംഗ്ലീഷ് മേധാവി തോമസ് ഹോഡ്ജ് ആവശ്യപ്പെട്ടു. 176-1 ഫെബ്രുവരി 6 നു ഫ്രഞ്ചുകാർ ചില വ്യവസ്ഥകളോടെ ആണെങ്കിലും ഇംഗ്ലീഷുകാർക്ക് കീഴടങ്ങി. തുടർന്ന് ഇംഗ്ലീഷുകാർ രണ്ട് വർഷത്തോലം മയ്യഴി ഭരിച്ചു. 1763-ലെ പാരീസ് സമാധാന കരാർ നിലവിൽ വരുന്നതുവരെ അവർ മയ്യഴിയിൽ തങ്ങി. വീണ്ടും 1779-ൽ അവർ മയ്യഴി കീഴടക്കി. ഫ്രഞ്ചുകാർക്ക് 1785 വരെ കാത്തിരിക്കേണ്ടി വന്നു മയ്യഴി തിരികെ ലഭിക്കാൻ. എന്നാൽ 1793-ൽ ഇംഗ്ലീഷുകാർ ഒരിക്കൽ കൂടി മയ്യഴി ആക്രമിച്ചു. പിന്നീട് 1817-ൽ മാത്രമാണ്‌ ഫ്രഞ്ചുകാർക്ക് മയ്യഴി തിരികെ ലഭിച്ചത്. അതിനിടേ മലബാർ മുഴുവനും ഇംഗ്ലീഷുകാർക്കധീനമായിത്തീർന്നിരുന്നു. ഫ്രഞ്ചുകാർക്ക് ചില ഉപാധികളോട് കൂടെ മാത്രമേ മയ്യഴിയിൽ ഭരണം നടത്താനായുള്ളൂ.

ഫ്രഞ്ചുകാർ മയ്യഴിയിൽ പ്രവേശിച്ച കാലത്ത് അവിടെ ജനസംഖ്യ തീരെ കുറവായിരുന്നു. അവർ ഭരണം നടത്തിയിരുന്ന കാലത്ത് അവിടെയുള്ളവരേയും ഫ്രഞ്ച് ജനത എന്ന് തന്നെയാണ്‌ അവർ വിളിച്ചിരുന്നത്. മയ്യഴിയിലെ പുരാതനമായ തീയ്യ തറവാട്ടുകാരുമായി അവർ നല്ല ബന്ധം സ്ഥാപിച്ചു. പുത്തലം തറവാട്ടിലെ കാരണവർക്ക് ഫ്രഞ്ചുകാർ മൂപ്പൻ സ്ഥാനം നൽകി. പ്രമുഖമായ മറ്റു നായർ തറവാടുകളുമായും അവർ ബന്ധം സ്ഥാപിച്ചിരുന്നു. എങ്കിലും പ്രബലമായ ജനവിഭാഗമായ തീയ്യരുമായി അവർ അടുത്തു. യുദ്ധത്തിന്റേയും പോർ‌വിളികളൂടേയും മദ്ധ്യത്തിൽ വളർന്ന പുതിയ തലമുറ ഫ്രഞ്ചുകാരോട് ആഭിമുഖ്യവും ആദരവും പുലർത്തി. താമസിയാതെ ഫ്രഞ്ചുകാർ അവരെ പട്ടാളത്തിലേക്ക് എടുക്കുകയും ചെയ്തു. 1774-ൽ മയ്യഴിയിൽ ആദ്യത്തെ തിയ്യപ്പട്ടാളം രൂപവത്കരിക്കപ്പെട്ടു. ഫ്രഞ്ചുകാർ തിയ്യരുടെ സം‌രക്ഷകരാണെന്ന് ധാരണയും പടർന്നു. കേരളത്തിൽ മറ്റെങ്ങും തിയ്യരെ അവർണ്ണരായി തരം താഴ്തിയപ്പോൾ ഫ്രഞ്ചുകാർ അവർക്ക് സമത്വം കല്പിച്ചു. ഫ്രഞ്ചുപട്ടാളത്തിലും താമസിയാതെ ഫ്രഞ്ച് കമ്പനിയിൽ ഉദ്ദ്യോഗസ്ഥരായും മയ്യഴിക്കാർ പ്രവേശിച്ചുതുടങ്ങി.

ഫ്രഞ്ച് കോളനിയായിരുന്ന മാഹിയില്‍ അവര്‍ അവശേഷിപ്പിച്ചുപോയ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ പലതുമുണ്ട്. ഇന്നും അവരിൽ ചിലരൊക്കെ മാഹിപ്പളളിയില്‍ പെരുന്നാളുകൂടാനെത്തുന്നു. മാഹി ബോട്ട് ഹൗസും ഏറെ പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നാണ്. വര്‍ഷം മുഴുവന്‍ സഞ്ചരിക്കാന്‍ അനുയോജ്യമായ നഗരമാണ് മാഹി.

കടപ്പാട് – വിക്കിപീഡിയ.

The post കേരളത്തിനുള്ളിൽപ്പെട്ട എന്നാൽ കേരളത്തിന്റേതല്ലാത്ത മാഹിയുടെ വിശേഷങ്ങൾ.. appeared first on Technology & Travel Blog from India.





No comments:

Post a Comment