പാലിയേക്കര ടോള്‍ കൊടുക്കാതെ തൃശ്ശൂര്‍ കടക്കുവാന്‍ എളുപ്പ വഴികള്‍ - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, November 25, 2018

പാലിയേക്കര ടോള്‍ കൊടുക്കാതെ തൃശ്ശൂര്‍ കടക്കുവാന്‍ എളുപ്പ വഴികള്‍

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലുള്ളവര്‍ക്ക് എറണാകുളം, ഇടുക്കി, കോട്ടയം ഭാഗത്തേക്ക് പോകുവാന്‍ തൃശൂരിലെ കുരുക്കുകളില്‍ പെടാതെയും പാലിയേക്കരയിലെ ടോള്‍ ഗേറ്റില്‍ പെടാതെയും യാത്രചെയ്യാന്‍ എളുപ്പ വഴി ഇതാ..

1. കുന്നംകുളം-തൃശൂര്‍ സംസ്ഥാന പാതയില്‍ പൂങ്കുന്നത്തിന് മുമ്പ് പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിയുക. 2. അയ്യന്തോള്‍ ചുങ്കം ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ തോപ്പിന്‍ മൂല ജംഗ്ഷനില്‍ നിന്നും നേരെ അരണാട്ടുകരയില്‍ എത്തി കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ പോയാല്‍ വടൂക്കര.

3. വടൂക്കരയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് (റെയില്‍വെ ഗേറ്റ് ഉണ്ട്) നേരെ പോയാല്‍ കൂര്‍ക്കഞ്ചേരി. തൃശൂര്‍-ഇരിങ്ങാലക്കുട സംസ്ഥാന പാതയിലെ കൂര്‍ക്കഞ്ചേരി മുതല്‍ ഊരകം വരെ 8 കിലോമീറ്റര്‍ യാത്ര. 4. ഊരകം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ 6 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പാലിയേക്കര ടോള്‍ കഴിഞ്ഞുള്ള പുതുക്കാട് എത്തിച്ചേരുന്നതാണ്. പുതുക്കാട് ജംഗ്ഷന്‍ എത്തുന്നതിന് മുമ്പും റെയില്‍വേ ഗേറ്റ് ഉണ്ട്.

അതിരപ്പിള്ളി, മലക്കപ്പാറ, വാല്‍പ്പാറ, ഡ്രീംവേള്‍ഡ്, സില്‍വര്‍‌സ്റ്റോം വിനോദയാത്രയ്ക്ക് മലബാറില്‍ നിന്നുള്ളവര്‍ക്ക് ലാഭകരമായ മാര്‍ഗ്ഗമാണ് ഇത്. ഒപ്പം തൃശ്ശൂരിന് വടക്കുള്ള ജില്ലക്കാര്‍ക്ക് മൂന്നാര്‍, വാഗമണ്‍, കോട്ടയം, കമ്പം, തേനി വിനോദയാത്രയ്ക്ക് ലാഭകരമായ മാര്‍ഗ്ഗം.ശബരിമല തീര്‍ത്ഥാടനത്തിനും അനുയോജ്യം. പ്രാദേശിക ആവശ്യങ്ങള്‍ക്കല്ലാതെ ആരും ഈ വഴി നിലവില്‍ ഉപയോഗിക്കുന്നില്ല. തിരക്കില്ലാത്തവര്‍ക്ക് ഈ വഴി തെരഞ്ഞെടുക്കാം.

തൃശൂരിലെ കുരുക്ക് പ്രശ്‌നമില്ലാത്തവര്‍ക്കും ടോള്‍ കൊടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും തൃശൂര്‍ റൗണ്ടില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള കുറുപ്പം റോഡ് വഴി നേരെ ഊരകത്തേക്ക് ഏതാണ്ട് 12 കിലോമീറ്റര്‍ പോകുക. ഊരകത്തുനിന്ന് ഇടത്തോട്ട് 6 കിലോമീറ്റര്‍ യാത്രചെയ്താല്‍ ടോള്‍ കഴിഞ്ഞുള്ള പുതുക്കാട് എത്തിച്ചേരാം. തിരികെ പോകുവാനും ഈ വഴി ഉപയോഗിക്കാം.

ഇനി എറണാകുളം ഭാഗത്തു നിന്നും വരുന്നവര്‍ക്ക് ടോള്‍ കൊടുക്കാതെ പോകുവാനായി മറ്റൊരു വഴി കൂടിയുണ്ട്. എന്നാല്‍ ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നു പോകുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കാര്‍, ടെമ്പോ യാത്രികര്‍ക്ക് ഈ വഴി ഉപയോഗിക്കാവുന്നതാണ്. പുതുക്കാട് കഴിഞ്ഞു ടോള്‍ ബൂത്ത് എത്തുന്നതിനു ഏകദേശം 200 മീറ്ററോളം മുന്‍പായി ഹൈവേയില്‍ ഒരു ചെറിയ പാലമുണ്ട്. ആ പാലം കടന്നയുടനെ ഇടതുവശത്തേക്ക് ഒരു വഴി ഇറങ്ങിപ്പോകുന്നത് കാണാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക പുതുക്കാട് സിഗ്നല്‍ കഴിഞ്ഞാല്‍പ്പിന്നെ നിങ്ങളുടെ വാഹനം ഇടതുവശം ചേര്‍ത്ത് വേണം ഓടിക്കുവാന്‍. കാരണം പെട്ടെന്നു ഈ പാലം കഴിഞ്ഞയുടനെ വഴിയുടെ മധ്യത്തില്‍ക്കൊടിയോ വലതു ഭാഗത്ത് കൂടിയോ സഞ്ചരിക്കുന്ന വാഹനം ഇടത്തേക്ക് പെട്ടെന്നു തിരിക്കുവാന്‍ ബുദ്ധിമുട്ടായിരിക്കും. ഇത് അപകടങ്ങള്‍ക്കും വഴിയോരുക്കാം. അതുകൊണ്ട് ആ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്.

പാലത്തില്‍ നിന്നും താഴേക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം സഞ്ചരിക്കണം. പോകുന്ന വഴിയില്‍ നിങ്ങള്‍ക്ക് തൃശ്ശൂര്‍ ഭാഗത്തേക്ക് ദിശ കാണിക്കുന്ന ബോര്‍ഡുകളും കാണാം. അങ്ങനെ ഏകദേശം രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ ഒരു മെയിന്‍ റോഡില്‍ എത്തിച്ചേരും. പിന്നീട് അവിടുന്ന് വലത്തേക്ക് പോകണം. കുറച്ചുകൂടി ചെന്നുകഴിഞ്ഞാല്‍ ഒരു ഹമ്പും ഒപ്പംതന്നെ വലത്തേക്കും ഒരു വഴി കാണാം. ആ വഴിയിലൂടെ കുറച്ചു ദൂരം മുന്നോട്ടു പോയാല്‍ പിന്നെ നേരെ ചെന്നു കയറുന്നത് ഹൈവേയില്‍ ടോള്‍ ബൂത്ത് കഴിഞ്ഞുള്ള സ്ഥലത്താണ്. ഏകദേശം നാലു കിലോമീറ്ററോളം കൂടുതല്‍ സഞ്ചരിക്കേണ്ടി വരും എന്നത് ഇവിടത്തെ ടോള്‍ തുകയേക്കാള്‍ ലാഭമായിരിക്കും.

കടപ്പാട് – സനല്‍ദേവ് , പ്രശാന്ത്‌ എസ്.കെ.

The post പാലിയേക്കര ടോള്‍ കൊടുക്കാതെ തൃശ്ശൂര്‍ കടക്കുവാന്‍ എളുപ്പ വഴികള്‍ appeared first on Technology & Travel Blog from India.





No comments:

Post a Comment