മലബാർ എന്നത് നമ്മൾ ധാരാളം കേട്ടിട്ടുള്ള ഒരു വാക്കാണ്. ചില അറബ് രാജ്യങ്ങളിൽ ഇന്നും നമ്മളെയൊക്കെ അറിയപ്പെടുന്നത് മലബാറികൾ എന്നാണു. ശരിക്കും എന്താണ് മലബാർ? എങ്ങനെയാണ് ഈ പേര് വന്നത്? അറിയാമോ? കേരളത്തിലെ പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളാണ് മലബാർ എന്നറിയപ്പെടുന്നത്. മുൻകാലങ്ങളിൽ കേരളം മുഴുവനും മലബാർ എന്നറിയപ്പെട്ടിരുന്നത്രേ. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ് അറിയപ്പെടുന്നത്.
മധ്യ കാലഘട്ടത്തിൽ കേരളം മലബാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിന് മലബാർ എന്ന് പേരു നൽകിയത് അറബി നാടുകളിൽ നിന്നും പേർഷ്യയിൽ നിന്നും കച്ചവടത്തിനായി ഇവിടെ വന്നു പോയിരുന്ന കപ്പലോട്ടക്കാരായിരുന്നു. മല എന്ന മലയാള/തമിഴ് വാക്കിനോട് നാട് എന്നർത്ഥം വരുന്ന ബാർ എന്ന പേർഷ്യൻ വാക്ക് ചേർന്നാണ് മലബാർ എന്ന പേരുണ്ടായത്. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇത് ബർ (തീരം) എന്ന അറബി പദത്തിൽ നിന്നാണ് നിഷ്പന്നമായത്. തഞ്ചാവൂർ മഹാക്ഷേത്രത്തിലെ ഒരു ശിലാരേഖയിൽ മലകളുടെ നാട് എന്നർത്ഥം വരുന്ന “മലൈനാട്“ എന്നാണ് ഈ പ്രദേശത്തിന്റെ പേർ. ക്രി വ 545 ൽ കോസ്മോസ് എഴുതിയ ക്രിസ്ത്യൻ റ്റോപ്പോഗ്രഫി എന്ന ഗ്രന്ഥത്തിൽ മലൈ എന്നാണ് മലബാറിനുനൽകിയിരിക്കുന്ന പേര്. ക്രി വ 1400 നടുത്തുണ്ടായ ഉണ്ണിയാടി ചരിതത്തിലും മലൈനാട് എന്നാണ് പറഞ്ഞിരിക്കുന്നത്.
ഈ പ്രദേശത്തെ മലബാർ എന്ന് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഇബ്ൻ ഖുർദാർദ്ബി(879) യും അൽ ബറൂണിയും (10ആം നൂറ്റാണ്ട്) ആണ്. ശരീഫ് ഇദ്രീസി(1153), യാഖൂദ് ഹമവി(1228), അബുൽ ഫിദാ(1273), റഷീദ്ദുദ്ദിൻ (1247), മാർക്കോ പോളോ (1293) തുടങ്ങിയ സഞ്ചാരികൾ മലീബാർ എന്നും മനീബാർ എന്നും സൂചിപ്പിച്ചിരിക്കുന്നു.
അതുലൻ എന്ന കവിയുടെ മൂഷകവംശം എന്ന കാവ്യത്തിൽ നിന്ന് ഏഴിമല ആസ്ഥാനമായി മലബാർ മേഖല ഭരിച്ചിരുന്ന ഒരു പ്രാചീന രാജവംശത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു. മദ്ധ്യകാലത്ത് നിരവധി നാട്ടുരാജ്യങ്ങളായി നിലനിന്ന സ്ഥലമായിരുന്നു മലബാർ. കോഴിക്കോട്ടെ സാമൂതിരി വംശമായിരുന്നു അതിൽ ഏറ്റവും ശക്തർ. കണ്ണൂരെ കോലത്തിരി, ചിറക്കൽ തുടങ്ങി പല രാജകുടുംബങ്ങളും മലബാറിന്റെ പല ഭാഗങ്ങളിലായി ഭരണം നടത്തിയിരുന്നു. ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടത്തോടെയാണ് മലബാർ ഇന്നു വിശേഷിപ്പിക്കുന്ന രൂപത്തിലായത്. അതോടെ മലബാർ മൈസൂർ രാജ്യത്തിന്റെ ഭാഗമായി.
1793 രണ്ടാം മൈസൂർ യുദ്ധത്തിൽ ടിപ്പുസുൽത്താനെ പരാജയപ്പെടുത്തിയതോടെ മലബാർ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. ബ്രിട്ടീഷ് ആധിപത്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ വടക്കൻ മേഖലകൾ മദിരാശി സംസഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നു. കോഴിക്കോടായിരുന്നു പ്രധാനകേന്ദ്രം. ഇതേ കാലഘട്ടത്തിൽ തിരുവിതാംകൂറും കൊച്ചിയിലും നാട്ടുരാജാക്കൻമാരിലൂടെയാണ് ബ്രിട്ടീഷുകാർ ഭരണം നടത്തിയിരുന്നത്. ഇതിനാൽ തന്നെ സ്വാതന്ത്ര്യ സമരത്തിന്റയും മറ്റ് പ്രക്ഷോഭങ്ങളുടേയും രൂപം മലബാറിൽ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. സ്വാതന്ത്ര്യാനന്തരം 1956ൽ ഐക്യകേരളം നിലവിൽ വന്നപ്പോൾ മദ്രാസിന്റെ ഭാഗമായിരുന്ന മലബാർ തിരുകൊച്ചിയൊടൊപ്പം കേരള സംസ്ഥാനത്തിന്റെ ഭാഗമായി.
ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കും, പാലക്കാട് (ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ പ്രധാന ഭാഗങ്ങളൊഴിച്ച്), മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളുമുൾപ്പെടുന്ന പ്രദേശമാണ് മലബാർ.
കടപ്പാട് – വിക്കിപീഡിയ.
The post ‘മലബാർ’ – എങ്ങനെയാണ് ഈ പേരുണ്ടായത്? ചരിതം അറിയാം.. appeared first on Technology & Travel Blog from India.
No comments:
Post a Comment