വെറും 250 രൂപയ്ക്ക് എറണാകുളത്ത് ബോട്ടിംഗ് നടത്താം, ചൂണ്ടയിടാം, മീൻ കഴിക്കാം… - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, December 6, 2018

വെറും 250 രൂപയ്ക്ക് എറണാകുളത്ത് ബോട്ടിംഗ് നടത്താം, ചൂണ്ടയിടാം, മീൻ കഴിക്കാം…

വിവരണം – തുഷാര പ്രമോദ്.

തലേദിവസത്തെ ആഘോഷ ലഹരിയിൽ നിന്നും ഉണരാൻ മടിച്ചു നിൽക്കുന്ന കൊച്ചിയിൽ ഞങ്ങൾ രാവിലെ തന്നെ യാത്രക്കുള്ളഒരുക്കങ്ങൾ തുടങ്ങി. 10 മണിയോടുകൂടി ഹോം സ്റ്റേയിൽ നിന്നും ഇറങ്ങി.ബ്രേക്‌ഫാസ്റ് കഴിക്കാനായി ഇറങ്ങിയപ്പോഴാണ് പണി കിട്ടിയത് ഒറ്റ ഹോട്ടൽ തുറന്ന് തുടങ്ങിട്ടില്ല. ഇന്നലെ വൈകി നടന്ന ആഘോഷങ്ങൾ കാരണം ഇന്ന് എല്ലാം പതിവുപോലെ ആകാനും അൽപ്പം വൈകുമെന്നാണ് തോന്നുന്നത്. അടുത്തടുത്തായി കണ്ട ഒട്ടുമിക്ക ഹോട്ടൽസിലും പോയി നോക്കി.പലതും തുറന്നിട്ടില്ല. ചിലതൊക്കെ തുറന്നതേയുള്ളു,ഇനി നിന്നിട് കാര്യമില്ലെന്നു മനസിലായി. ഞങ്ങൾ വീണ്ടും മുന്നോട് പോയി. അപ്പോഴാണ് ഒരു പ്രതീക്ഷയുടെ വെളിച്ചം പോലെ വഴിയിൽ മലബാർ ഗ്രിൽസ് റെസ്റ്റോറന്റ് തുറന്നതുകണ്ടത്. ഭാഗ്യം വിശപ്പ് മാറ്റാനുള്ള വക ഉണ്ട്. അങ്ങനെ അവിടെ നിന്നും പ്രാതലും കഴിച്ചു യാത്ര തുടർന്നു.

ഞാറക്കൽ ഫിഷ് ഫാമിലേക്കാണ് ഇന്നത്തെ യാത്ര.ഫോർട്ട് കൊച്ചിയിൽ നിന്നും വൈപ്പിൻ വഴി പോകുകയാണെങ്കിൽ ഏകദേശം 11 കിലോമീറ്റർ കാണും ഞാറക്കലിലേക്ക്. പക്ഷെ ആ ദിവസം എന്തോ കാരണത്താൽ ജങ്കാർ സർവീസ് നിർത്തിയിരിക്കുകയായിരുന്നു,അതിനാൽ തോപ്പുംപടി പാലവും വെണ്ടുരുത്തി പാലവുമൊക്കെ കടന്നു മറൈൻ ഡ്രൈവ് വഴി ചുറ്റിയാണ് പോയത്. എന്തായാലും മറൈൻ ഡ്രൈവ് വഴിപോയത് ഭാഗ്യമായി. ഷാജിക്കയുടെ കടയിലെ കുലുക്കി സർബത്ത് കുടിക്കാൻ പറ്റി. ഹൈകോർട്ട് ജംഗ്ഷനിൽ ഉള്ള മൻഹ എന്ന കുലിക്കി സർബത്ത് കടയാണ് ഷാജിക്കയുടേത്. ഇക്കയുടെ സർബത്ത് വേറെ ലെവൽ ആണ്.


ഒരിക്കൽ അവിചാരിതമായി ചെന്നെത്തിയതാണ് ഷാജിക്കയുടെ കടയുടെ മുന്നിൽ, എന്തൊരു തിരക്കാണ്. സംഭവം എന്താന്നറിയാൻ നോക്കിയപ്പോഴാണ് കുലുക്കി സർബത്ത്. മറൈൻ ഡ്രൈവ് ഒക്കെ കറങ്ങി നടന്നു തളർന്നു വന്നു നിന്നതായിരുന്നു. എന്നാൽപ്പിന്നെ ഒരു സർബത്ത് കുടിച്ചേക്കാമെന്നു കരുതി.തിരക്കുണ്ടങ്കിലും ഇക്ക വളരെ സ്പീഡിൽ ഉണ്ടാക്കി കൊടുക്കുന്നതിനാൽ അധികനേരം കാത്തിരിക്കേണ്ടി വന്നില്ല. ചുമ്മാതല്ല ഈ തിരക്ക്, ഈ കുലുക്കി സർബത്ത് ഒരു സംഭവം തന്നെ. അന്ന് നാവിൽ വന്നു കയറിയ രുചി പിന്നീട് എപ്പോൾ കൊച്ചിയിൽ വന്നാലും ഓർമയിൽ ഓടിയെത്തും.അതുകൊണ്ട് കൊച്ചിയിൽ വരുമ്പോഴെല്ലാം ഷാജിക്കയുടെ കുലുക്കി സർബത്ത് ഒരു പതിവായി. അങ്ങനെ ശരീരവവും മനസ്സും ഒന്ന് തണുപ്പിച്ച ശേഷം ഞാറക്കലിലേക്ക്.

നഗരത്തിരക്കിൽ ഓടി തളരുമ്പോൾ ഏറ്റവും കുറഞ്ഞ ചിലവിൽ ഒരുദിവസം ആസ്വദിക്കാൻ പറ്റിയൊരിടമാണ് ഞാറക്കൽ ഫിഷ് ഫാം. 45 ഏക്കറിൽ പരന്നുകിടക്കുന്ന കായലിന്റെ ചിറകെട്ടിതിരിച്ച 7 ഹെക്ടറിൽ ഒരു ഭാഗത്തു മൽസ്യ ഫാമും മറുഭാഗത്തു സഞ്ചാരികളെ കാത്തു അക്വാ ടൂറിസവും.മത്സ്യഫെഡിന്റെ കീഴിലാണ് ഈ അക്വാ ടൂറിസം പദ്ധതിയും നടപ്പിലാക്കിയിരിക്കുന്നത്.

വെറും 250 രൂപ പ്രവേശന ഫീസിൽ വെൽക്കം ഡ്രിങ്ക്, ഊണ്,ഐസ് ക്രീം,ബോട്ടിംഗ് എല്ലാം ഉൾപ്പെടുന്നു. അവധി ദിവസങ്ങളിൽ പ്രവേശന ഫീസ് 300 രൂപയാണ്.
രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെ ഇവിടെ സമയം ചിലവഴിക്കാം. 20 രൂപ കൊടുത്താൽ അവിടെ നിന്നും ചൂണ്ടയും ഇരയും ലഭിക്കും.ചൂണ്ട ഇട്ടു പിടിക്കുന്ന മത്സ്യത്തെ നമുക്ക് കൊണ്ടുപോവുകയോ അവിടെ പാകം ചെയ്തുതരാൻ ഏൽപ്പിക്കുകയോ ചെയ്യാം. സ്പീഡ് ബോട്ടിംഗ്,കുട്ടവഞ്ചി,സൈക്കിൾ ബോട്ട് എല്ലാം ചെറിയ നിരക്കിൽ ആസ്വദിക്കാവുന്നതാണ്.സ്‌പീഡ്‌ ബോട്ട് യാത്രക്കിടെ ഉള്ള മീൻചാട്ടം വളരെ കൗതുകമുണർത്തുന്ന ഒരു കാഴ്ചയാണ്.

പൂമീൻ ,കരിമീൻ,കണവ,ഞണ്ട് തുടങ്ങി ധാരാളം മൽസ്യങ്ങളാൽ സമ്പുഷ്ടമാണ് ഇവിടം. കായലിനു നടുവിൽ മുളംകുടിലുകൾ ഉണ്ട്. അര ദിവസത്തേക്കോ ഒരു ദിവസത്തേക്കോ അവ ബുക്ക് ചെയ്യാവുന്നതാണ്. കായലിനു നടുവിൽ ഇരുന്നുകൊണ്ട് ചൂണ്ടയിടുകയും ആവാം. ഭക്ഷണം അവിടെ എത്തിച്ചു തരികയും ചെയ്യും. അതുമല്ലെങ്കിൽ കായലിനു ചുറ്റുമുള്ള വരമ്പിൽ തെങ്ങോട് തെങ്ങു ചേർന്നു നിരവധി ഊഞ്ഞാലുകൾ ഉണ്ട്.അതിൽ ഇരുന്ന് ഇളം കാറ്റേറ്റ് കായലിന്റെ ഓളപ്പരപ്പുകൾ നോക്കിയിരിക്കാം. അടുത്തടുത്തായി ചെറിയ ഇരിപ്പിടങ്ങൾ ഉണ്ട്,അവിടെ ഇരുന്നു ചൂണ്ടയിടുകയുമാവാം. നമ്മുടെ ഒരു ദിവസത്തെ വ്യത്യസ്തമായി ആസ്വദിക്കാനുള്ള ചേരുവകളെല്ലാം ഒരുക്കിയാണ് ഞാറക്കൽ ഫിഷ് ഫാം കാത്തിരിക്കുന്നത്.
ഞങ്ങൾ അവിടെ എത്തിയപ്പോൾ മുളംകുടിലുകളിലൊക്കെ ആളുകൾ ഉണ്ടായിരുന്നു.അതുകൊണ്ട് കായലോരത്തു ഊഞ്ഞാലിൽ ഇളംകാറ്റേറ്റു വെയിൽകാഞ്ഞിരുന്നു.

നഗരത്തിന്റെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാതെ മാറി നിക്കുന്ന ഇവിടെ എത്ര നേരം വേണമെങ്കിലും ശാന്തമായി ഇരിക്കാം.കായലിനപ്പുറം ഉള്ള വീട്ടിലെ ചേച്ചിമാരും ചൂണ്ട ഇട്ടുകൊണ്ട് കായലോരത്തു ഇരിപ്പുണ്ട്.കുറെ നേരം അവിടെ ഇരുന്ന ശേഷം ഊണ് കഴിക്കാനായി ഭക്ഷണശാലയിലേക്ക് പോയി. ഭക്ഷണം കുടുംബശ്രീ സ്വയം സഹായ സംഘം നടത്തുന്ന ഭക്ഷണ ശാലയിൽ നിന്നുമാണ്.

ഉച്ചയ്ക്ക്, മീൻ കറിയും സാമ്പാറും പരിപ്പ് കറിയും,രസവും,തോരനും,പപ്പടവും,ഫിഷ് ഫ്രൈയും എല്ലാം ചേർന്ന വിശാലമായ ഊണാണ്. ഞണ്ട് റോസ്സ്റ്റും,കരിമീൻ ഫ്രയും,കക്ക തോരനുമൊക്കെ പോലെയുള്ള സ്പെഷ്യൽ ഐറ്റംസ് വേണമെങ്കിൽ പ്രത്യേകം പൈസ കൊടുത്തു വാങ്ങാവുന്നതാണ്. കുടുംബശ്രീ ചേച്ചിമാരുടെ കൈപ്പുണ്യം അസാധ്യം, രുചികരമായ മത്സ്യ വിഭവങ്ങൾ ഒത്തിരിയുള്ള ഒരു നാടൻ ഊണ്. സംഘങ്ങളായി പോകാൻ ആഗ്രഹിക്കുകയാണെങ്കിൽ മുൻകൂട്ടി അറിയിച്ചാൽ സഞ്ചാരികളുടെ ഇഷ്ടാനുസരണമുള്ള ഭക്ഷണവും തയ്യാറാക്കി കിട്ടുന്നതാണ്.അവിടെ നിന്ന് തന്നെ ഐസ് ക്രീം എപ്പോ വേണമെങ്കിലും പോയി വാങ്ങി കഴിക്കാം.

ഉച്ചയ്ക്ക് ഊണിനു ശേഷം ചൂണ്ടയും വാങ്ങിക്കൊണ്ട് കായലോരത്തെ ഇരിപ്പുറപ്പിച്ചു. നന്നായി മീൻ പിടിക്കാൻ അറിയാവുന്നത് കൊണ്ടാണെന്നു തോന്നുന്നു ഇട്ട് കൊടുക്കുന്ന ഇരയെല്ലാം മീൻ സുന്ദരമായി എടുത്തുകൊണ്ട് പോവുന്നുണ്ട്. അങ്ങനെ ചൂണ്ടയിൽ ഒരു മീനും കൊത്തുന്നില്ലല്ലോ എന്ന നിരാശയിൽ ഇരിക്കുമ്പോഴാണ്, ഒരു മുളംകുടിൽ ഒഴിഞ്ഞത് കണ്ടത്.പെട്ടെന്ന് തന്നെ പോയി അത് ബുക്ക് ചെയ്തു. അങ്ങനെ ചൂണ്ടയുമെടുത്തു വള്ളത്തിൽ മുളംകുടിലിലേക്ക്.ഞങ്ങളെ അവിടെ എത്തിച്ചശേഷം കൂടെവന്ന ചേട്ടൻ നമ്പർ തന്നിട്ട് ഇറങ്ങേണ്ടപ്പോൾ വിളിച്ചാൽ മതിയെന്ന് പറഞ്ഞു തിരിച്ചുപോയി.

ഒരു വ്യത്യസ്തമായ അനുഭവം തന്നെയാണ് കായലിനു നടുവിൽ കുടിലിൽ ചെന്നിരിക്കുമ്പോൾ ഉണ്ടായത്.കായലിനെ കാണുന്ന കാഴ്‌ചകൾ തന്നെ വ്യത്യസ്തമായി തോന്നി.കായലിന്റെ മടിത്തട്ടിൽ ഇരുന്നു അതിന്റെ ആഴപ്പരപ്പിലേക്ക് നോക്കുന്നപോലെ. സൂക്ഷിച്ചുനോക്കിയാൽ കുടിലിനു ചുറ്റും മീനുകൾ ഓടി നടക്കുന്നത് കാണാം.ഇടയ്ക്ക് മീൻ ചാട്ടവും ഉണ്ട്.ഇവിടെ നിന്ന് ചൂണ്ടയിട്ടാൽ ഉറപ്പായും മീൻ കിട്ടുമെന്ന വിശ്വാസത്താൽ വീണ്ടും ചൂണ്ട ഇടാൻ തുടങ്ങി. മീനിനു ഫുഡ് കൊടുക്കുന്ന പ്രക്രിയ നടന്നുകൊണ്ടേ ഇരുന്നു. ഞങ്ങൾ രണ്ടുപേരും മാറി മാറി തീറ്റകൊടുപ്പ് തുടർന്നു. ഒടുവിൽ തീറ്റകാലിയായപ്പോൾ ഇത്രയും മീനുകൾക്ക് ഭക്ഷണം കൊടുക്കാനായല്ലോ എന്ന ചാരിതാർഥ്യത്തോടെ ചൂണ്ടയിടൽ അവസാനിപ്പിച്ചു.

കായലിൽ ബോട്ടിംഗ് നടത്തുന്ന നിരവധിപേരെ കാണാമായിരുന്നു. കുടുംബമായി വരുന്നവർക്കൊക്കെ വളരെ അധികം ആസ്വാദ്യകരമാണ് ഇവിടം. കുട്ടികൾക്കൊക്കെ ഏറെ ഇഷ്ട്ടപെടുമെന്നു തീർച്ചയാണ്. സമയം 6 മണിയോടടുത്തപ്പോഴേക്കും ബോട്ടിംഗ് ഒക്കെ അവസാനിപ്പിച്ചു. ഞങ്ങൾ ആ ചേട്ടനെ വിളിച്ചു കരയിലേക്കും പോയി. പുതിയ കാഴ്ച്ചകളും അനുഭവങ്ങളും ഇവിടെ ഇനിയും ഒരുക്കുന്നുണ്ടത്രേ. അങ്ങനെ സവിശേഷമായൊരു ഒരു അനുഭവം സമ്മാനിച്ച ഫിഷ് ഫാമിനോട് വിട പറഞ്ഞുകൊണ്ട് അവിടെ നിന്നും നേരെ തൃശ്ശൂർക്ക് വച്ചുപിടിച്ചു.

നേരം ഇരുട്ടി തുടങ്ങി. മഴക്കാറ് പേറി നിൽക്കുന്ന മാനം സന്ധ്യയെ പെട്ടന്ന് പറഞ്ഞയച്ചു നട്ടപ്പാതിരപോലെ ആക്കി കളഞ്ഞു. 9 :30 യോടുകൂടി ഞങ്ങൾ തൃശ്ശൂർ എത്തി. തൃശ്ശൂർ എത്തുന്ന വരേയും താമസത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ആദ്യം വിശപ്പടക്കാമെന്നു കരുതി. തൃശ്ശൂരിലെ സഫയർ ഹോട്ടലിലെ ബിരിയാണിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.ഞങ്ങൾ തലശ്ശേരിക്കാർക് പാരീസ് ഹോട്ടലിലെ ബിരിയാണി പോലെ തൃശ്ശൂർകാർക്ക് സഫയറിലെ ബിരിയാണി എന്നാണ് അറിഞ്ഞത്.

പലപ്പോഴും കണ്ണൂർ,കോഴിക്കോട് ഒക്കെ വിട്ടതിനുശേഷം ബിരിയാണി എന്ന് പറഞ്ഞു കിട്ടിയത് ഉപ്പുമാവ് പോലെ ഇരിക്കുന്ന എന്തോ ഒന്നാണ് .അതുകൊണ്ട് തന്നെ വല്യ പ്രതീക്ഷ ഒന്നും വെക്കാതെ ആണ് സഫയറിൽ പോയത്. രാത്രി വൈകിയിട്ടും തിരക്കുണ്ട്.അങ്ങനെ കൈ ഒക്കെ കഴുകി ഓർഡർ കൊടുക്കാനായി കാത്തിരുന്നു. ചുറ്റുമുള്ളവർ എല്ലാം തന്നെ ബിരിയാണി ആണ് കഴിച്ചോണ്ടിരിക്കുന്നത്. ഇടംകണ്ണിട്ട് മെല്ലെ അവരുടെ പ്ലേറ്റിലേക് ഒന്ന് എത്തി നോക്കി,കാണാൻ ഒക്കെ നല്ല ബിരിയാണി തന്നെ,ഇനി കഴിക്കാൻ എങ്ങനാണാവോ. ഓർഡർ എടുക്കാൻ ആളെത്തി, മുന്നേ കുറെ തവണ ബിരിയാണി എന്ന പേരിൽ ചിക്കനിട്ട ഉപ്പുമാവ് തന്നു പലരും പണി തന്നതുകൊണ്ട്,ഒരു ബിരിയാണിക്ക് മാത്രം ഓർഡർ കൊടുത്തു.ഈ തിരക്കിൽ രണ്ടുപേർ വന്നിട്ട് ഒരു ബിരിയാണിക്ക് പറഞ്ഞതുകൊണ്ടാണെന്നു തോനുന്നു ആ ചേട്ടന്റെ മുഖത്തു ഇത്ര ഗൗരവം. ഒടുവിൽ ആവി പാർക്കുന്ന ഒരു ബിരിയാണി ഞങ്ങളുടെ മുന്നിൽ കൊണ്ടുവച്ചു.

കണ്ണുമടച്ചു ആ മണത്തെ മൂക്കിലേക് വലിച്ചുകയറ്റി,കൊതിയൂറുന്ന നല്ല ധം ബിരിയാണിയുടെ മണം. അപ്പോൾ തന്നെ മനസിലായി ഇതൊരു ഒന്നൊന്നര ബിരിയാണി ആണെന്ന്. കഴിച്ചു നോക്കിയപ്പോഴാണ് ഒരു ബിരിയാണി മാത്രം പറഞ്ഞത് അബദ്ധമായിപ്പോയി എന്ന് തോന്നിയത്. പിന്നെ കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീണ്ടും ഓർഡർ കൊടുക്കാനായി വെയ്റ്റർ ചേട്ടനെ കണ്ണുകൊണ്ട് പരതലായി.ദൂരെ ഉണ്ടായ ചേട്ടനെ വിളിച്ചു വരുത്തി ഒന്നുടെ ഓർഡർ കൊടുത്തു.ഇതങ്ങു ആദ്യമേ ചെയ്തുകൂടായിരുന്നില്ലേ എന്നൊരു പുച്ചഭാവം ചേട്ടന്റെ മുഖത്തു കാണാതിരുന്നില്ല.തെക്കോട്ടു വന്നാൽ നല്ല ബിരിയാണി കിട്ടില്ല എന്ന ധാരണയെ സഫയർ ഹോട്ടൽ മാറ്റിമറിച്ചു.

ബിരിയാണിയും കഴിച്ചു ഹോട്ടലിനു പുറത്തു വന്നു നിൽക്കുമ്പോഴാണ് ഇനി എന്ത് വേണം എന്ന് ആലോചിച്ചത്.വയറുനിറയെ ബിരിയാണിയും കഴിച്ചു ഈ രാത്രി ഡ്രൈവ് ചെയ്‌താൽ ശരിയാവില്ല എന്ന് തോന്നിയതുകൊണ്ട് താമസിക്കാൻ ഒരിടം നോക്കി തുടങ്ങി.ഗൂഗിൾ ചെയ്തിട്ടൊന്നും ഈ അവസാന നിമിഷത്തിൽ കാര്യമുണ്ടായില്ല. അപ്പോഴാണ് കുറച്ചു ഓട്ടോ ചേട്ടന്മാരെ കണ്ടത്.അങ്ങനെ അതിലൊരു ചേട്ടൻ ഹോട്ടൽ രാജ് മഹൽ പറഞ്ഞു തന്നു.ചേട്ടന്മാർ ഉള്ളതുകൊണ്ട് ഗൂഗിളിലും വേഗത്തിൽ റൂം കിട്ടി.പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാത്ത നാളയെയും കാത്തു ഉറങ്ങാൻ കിടന്നു..

The post വെറും 250 രൂപയ്ക്ക് എറണാകുളത്ത് ബോട്ടിംഗ് നടത്താം, ചൂണ്ടയിടാം, മീൻ കഴിക്കാം… appeared first on Technology & Travel Blog from India.





No comments:

Post a Comment