മലപ്പുറത്തു നിന്നും നേപ്പാളിലേക്ക് ട്രിപ്പ് പോകുവാൻ വെറും 7500 രൂപ മാത്രം..!! - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, December 4, 2018

മലപ്പുറത്തു നിന്നും നേപ്പാളിലേക്ക് ട്രിപ്പ് പോകുവാൻ വെറും 7500 രൂപ മാത്രം..!!

വിവരണം – ആദിൽ സി.കെ.

പണ്ട് എവിടേയോ വായിച്ച ഓർമയുണ്ട് നേപ്പാൾ ബോർഡർ നടന്നു ക്രോസ്സ് ചെയ്യാം എന്ന്. അന്നു മുതൽ ഉള്ള ആഗ്രഹം ആണ് നേപ്പാൾ. ഈ അടുത്താണ് പോവാൻ ഉള്ള സമയം കിട്ടിയത്. ഏറ്റവും ആദ്യം train ടിക്കറ്റ്‌ book ചെയ്യുക ആണ് ചെയ്തത്. ഷൊർണൂരിൽ നിന്നും എല്ലാ വെള്ളിയാഴ്ചയും ഗോരഖ്‌പൂർ വരെ രപ്തിസാഗർ എക്സ്പ്രസ്സ് ഉണ്ട്. സ്ലീപ്പറിന് 900 രൂപ ആണ് ചാർജ്. AC ക്ക് 2350 ഉം. യാത്ര പ്ലാൻ ചെയ്തപ്പോൾ കുറേപേർ ഉണ്ടെന്നു പറഞ്ഞിരുന്നു. അവസാനം ടിക്കറ്റ് ബുക് ചെയ്ത ടൈമിൽ ഞാൻ മാത്രം ആയി.വച്ച കാൽ മുന്നോട്ട് എന്നു രണ്ടും കരുതി ടിക്കറ്റ് എടുത്തു. ഇതിനു മുൻപേ ഷിംല വരെ backpacking ചെയ്തതാണ് ആകെ ഉണ്ടായിരുന്ന കൈമുതൽ.

അങ്ങനെ സെമസ്റ്റർ വെക്കേഷൻ ആയി. നവംബർ 16 ന് ഞാൻ എൻറെ ബാഗും എടുത്തു വീട്ടിൽ യാത്ര പറഞ്ഞിട്ടു ഇറങ്ങി. ഇറങ്ങുമ്പോൾ വല്ലാത്ത ഒരു ഭയം ഉണ്ടായിരുന്നു പോകാണമോ വേണ്ടയോ എന്ന്. അപ്പോളാണ് ഫ്രണ്ട്‌സ് സപ്പോര്ട്ടും ആയിട്ടു വന്നത്. പിന്നെ ഒന്നും നോക്കിയില്ല നേരെ വിട്ടു റെയിൽവേ സ്റ്റേഷനിലോട്ട്. 1:30 ആയപ്പോയേക്കും ട്രെയിൻ സ്റ്റേഷനിൽ നിന്നും എടുത്തിരുന്നു. ഇതു ഒരു ബഡ്ജറ്റ് backpacking ആയതു കൊണ്ട് ഞാൻ സ്ലീപ്പർ ആണ് ബുക് ചെയ്തിരുന്നത്.

തിരുപ്പൂർ വരെ നല്ല സുഖമുള്ള യാത്ര ആയിരുന്നു. ട്രെയിൻ തിരുപ്പൂർ എത്തിയപ്പോൾ തിരക്കു കൂടാൻ തുടങ്ങി. തിരുപ്പൂരിൽ നിന്നും ട്രെയിൻ എടുത്തപ്പോൾ സ്ലീപ്പർ ഒരു ജനറൽ കംപാർട്ട്‌മെന്റ ആയി മാറിയിരുന്നു.അപ്പോൾ ആണ് ട്രെയിൻ ബീഹാറിലേക്ക് ആണ് പോകുന്നത് എന്നു മനസിലായത്.പിന്നെ അങ്ങോട്ടുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. ട്രെയിൻ ഫുൾ ബംഗാളി ഭായിമാരെ കൊണ്ട് നിറഞ്ഞിരുന്നു. പക്ഷെ എല്ലാരും നല്ല ഭായിമാർ ആയിരുന്നു. അവർക്ക് മലയാളികളെകുറിച്ച് പറയുമ്പോൾ നൂറു നാവാണ്. അതിൽ ബീഹാറിൽ നിന്നുള്ള ഒരു പയ്യൻ ഉണ്ടായിരുന്നു. രാത്രി കിടക്കാൻ നേരം അവൻ അവന്റെ പേഴ്സും മൊബൈലും എൻറെ കയ്യിൽ തരും safe ആയിട്ടു വെക്കാൻ. അത്രക്കും വിശ്വാസം ആയിരുന്നു അവർക്ക് നമ്മളെ.

നവംബർ 18, 4:30 Pm ആയപ്പോൾ ഞാൻ ഗോരഖ്‌പൂർ സ്റ്റേഷനിലെത്തി. ഗോരഖ്‌പൂരിൽ നിന്നും 3 മണിക്കൂർ ബസ് യാത്ര ഉണ്ട് ബോർഡർ വരെ. പോകുന്നതിനു മുന്നേ കുറേ ട്രാവൽ ബ്ലോഗുകൾ റഫർ ചെയ്തിരുന്നു. അതിൽ നിന്നും മനസിലായത് ബോർഡർ 24 hr ഓപ്പൺ ആണ്. പക്ഷെ രാത്രി ക്രോസ് ചെയ്യുന്നത് safe അല്ല എന്നാണ്. അതുകൊണ്ട് രാത്രി ഗോരഖ്‌പൂരിൽ റൂം എടുത്തിട്ടു മോർണിംഗ് ക്രോസ് ചെയ്യാൻ ആയിരുന്നു പ്ലാൻ.

സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി റൂം തപ്പാൻ തുടങ്ങി. പക്ഷെ റൂം തപ്പിതപ്പി റൂം കിട്ടാതെ നേരെ പോയിപെട്ടത് സൊനാലിയിലേക്ക് പോകുന്ന ബസ്സിന്‌ മുന്നിൽ ആണ്. പിന്നെ ഒന്നും നോക്കിയില്ല ബസ് കയറി. ഇന്ത്യൻ – നേപ്പാൾ അതിർത്തിയിൽ ഇന്ത്യൻ സൈഡിലുള്ള സ്ഥലമാണ് സൊനാലി. രാത്രി ഒരു 10:00 മണി ആയപ്പോൾ ഞാൻ ബോർഡറിൽ എത്തി. ഇന്ത്യൻ സൈഡിൽ കുറച്ചു പൊലീസുകാർ നിൽക്കുന്നുണ്ടായിരുന്നു. അവർ ഐഡി കാർഡ് വാങ്ങി ചെക്ക് ചെയ്തു. പിന്നെ രാത്രി ആയതു കൊണ്ട് ബാഗ് മുഴുവനായും ചെക്ക് ചെയ്തു.

അവരു പറഞ്ഞപ്പോൾ ആണ് അറിയുന്നത് ഭൈരവ (നേപ്പാൾ സൈഡ് ബോർഡർ) യിൽ നിന്നും കാഠ്മണ്ഡുവിലേക്കുള്ള അവസാന ബസ് രാത്രി 9:00 ന് ആണെന്ന്. ഇനി ബസ് ഉള്ളത് രാവിലെ 5:00ന് ആണ്. എന്തായാലും അവർ ബോർഡർ കടക്കാൻ സമ്മതിച്ചു. ബോർഡർ കടന്നപ്പോൾ നേപ്പാൾ സൈഡിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവർ എൻ്റെ ഐഡി ഒന്ന് ചെക്ക് ചെയ്തു. എന്നിട്ടു പൊക്കോളാൻ പറഞ്ഞു. ‘ഭൈരവ’യിൽ എത്തിയിട്ടു എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആണ് ഒരാൾ വന്നിട്ടു റൂം വേണമോ എന്നു ചോദിക്കുന്നത്. 320 രൂപയ്ക്ക് അയാൾ റൂം തരാം എന്നു പറഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല ഒക്കെ പറഞ്ഞു. രാത്രി അവിടെ stay ചെയ്തു.

രാവിലെ നേരത്തെ തന്നെ എണീറ്റിട്ടു ആദ്യത്തെ ബസ് തന്നെ പിടിച്ചു കാഠ്മണ്ഡുവിലേക്ക്. ഞാൻ കയറിയത് ഒരു ലോക്കൽ ബസ് ആയിരുന്നു, അതു കാഠ്മണ്ഡുവിൽ എത്താൻ 9 മണിക്കൂർ എടുത്തു. ഈ റൂട്ടിൽ ടൂറിസ്റ്റ് ബസുകളും ലഭ്യമാണ്. പക്ഷെ റേറ്റ് കുറച്ചു കൂടുതലാണ്. ലോക്കൽ ബസ്സുകൾക്ക് മുന്നേ അതു കാഠ്മണ്ഡുവിൽ എത്തുകയും ചെയ്യും. ഈ യാത്രകൾ ഒക്കെ പോകുമ്പോൾ ഹോസ്റ്റലുകളിൽ സ്റ്റേ ചെയ്യുകയാണ് പതിവ്. ഞാൻ റൂമെല്ലാം ട്രിപ്പിന്നു മുന്നേ തന്നെ ബുക്ക് ചെയ്യാറാണ് പതിവ്.

വൈകീട്ട് കാഠ്മണ്ഡുവിൽ എത്തിയിട്ട് നേരെ പോയത് റൂമിലൊട്ടാണ്. ചെക്ക് ഇൻ ചെയ്തു റൂമിൽ എത്തിയപ്പോൾ കൂടെ താമസിക്കുവാൻ ഉണ്ടായിരുന്നത് (സഹമുറിയന്മാർ) രണ്ടു ചൈനക്കാരും ഒരു റഷ്യക്കാരനും ആയിരുന്നു. ഞാൻ അവരോട് “ഹായ്” പറഞ്ഞു. പിന്നെ എൻറെ ബെഡിൽ കയറി കിടന്നു. കുറച്ചു നേരം കഴിഞ്ഞു ഞാൻ ഒരു സിം എടുക്കാൻ വേണ്ടി പുറത്തിറങ്ങി.

സിം എടുക്കാൻ നോക്കുമ്പോൾ അവർ പറയുന്നത് പാസ്സ്‌പോർട്ട് വേണം എന്നാണ്. ഞാൻ ആണേൽ ബോർഡർ ക്രോസ് ചെയ്യാൻ പാസ്പോർട്ട് ആവശ്യമില്ലാത്തതിനാൽ എടുത്തിട്ടും ഇല്ല. “പടച്ചോനെ പെട്ടല്ലോ..” എന്നു കരുതി ഇരിക്കുമ്പോൾ ആണ് ഫോണിൽ പാസ്‌പോർട്ടിന്റെ ഫോട്ടോ ഉള്ളത് ഓർമ വന്നത്. വേഗം അതു കൊടുത്തിട്ടു ഒരു സിം എടുത്തു. 1 ജിബി ഇന്റർനെറ്റും കയറ്റി എന്നിട്ടു ഭക്ഷണം കഴിച്ചിട്ടു തിരിച്ചു റൂമിലോട്ട്.

നേപ്പാളിൽ ഇന്ത്യൻ രൂപയും എടുക്കും. അതുകൊണ്ട് ക്യാഷ് Convert ചെയ്യേണ്ട ആവശ്യം ഇല്ല. ഞാൻ വെറുതെ എൻറെ എടിഎം കാർഡ് വർക് ചെയ്യുമോ എന്നു നോക്കി. കാർഡ് വർക്ക് ആകുന്നുണ്ട്, പക്ഷെ 500 നേപ്പാളി രൂപ എടുത്താൽ 500 നേപ്പാളി രൂപ തന്നെ ചാർജ്ജ് ആയിട്ടു വലിക്കുന്നുണ്ട്. കാഠ്‌മണ്ഡുവിൽ അധികം കാണാൻ ആയിട്ടു ഒന്നും ഇല്ല. മാർക്കറ്റുകളും ബുദ്ധക്ഷേത്രങ്ങളും ആണ് ഉള്ളത്. അതുകൊണ്ട് ഞാൻ ഒരുദിവസം അവിടെ ഫുൾ കറങ്ങിയിട്ടു നേരെ പൊഖ്‌റയിലേക്ക് ബസ് കയറി. വീണ്ടും ഒരു 9 മണിക്കൂർ യാത്ര.

വൈകുന്നേരം ഒരു 4:00 മണി ആയപ്പോൾ ഞാൻ റൂമിൽ ചെക്ക് ഇൻ ചെയ്തു. ഇവിടെയും ഉണ്ട് വിദേശികൾ റൂംമേറ്റ്സ് ആയിട്ട്. കാഠ്‌മണ്ഡു പോലെയല്ല പൊഖ്‌റ. ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതു ഇതാണെന്ന് പറഞ്ഞു പോകും. അത്രക്കും സുന്ദരമാണ് പൊഖ്‌റ. 2 ദിവസം ഞാൻ അവിടെ ട്രെക്കിംഗിനും മറ്റു കാഴ്ചകൾ കാണുവാനുമായി തങ്ങുകയുണ്ടായി.

പൊഖ്‌റയിൽ അഡ്വഞ്ചർ ആക്ടിവിറ്റികളായ Bungee jumping, Zip line, Paragliding എന്നിവ ഉണ്ട്. ഇവയ്‌ക്കെല്ലാം ഒരേ റേറ്റ് തന്നെയാണ്. ഏകദേശം 5000 ഇന്ത്യൻ രൂപ. ഫോട്ടോയും വീഡിയോയും വേണം എങ്കിൽ എക്സ്ട്രാ 1300 രൂപ കൊടുക്കണം. അതുപോലെതന്നെ പൊഖ്‌റയിലെ ബോട്ടിംഗ് ഒരു മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്.

അങ്ങനെ 2 ദിവസം അവിടെ അടിച്ചു പൊളിച്ചിട്ടു 3 ആം ദിവസം തിരിച്ചു ഭൈരവയിലേക്ക് ബസ് കയറി. ഇത്തവണ പകൽ ആണ് ബോർഡർ ക്രോസ് ചെയുന്നത്. ഞാൻ നേപ്പാൾ സൈഡിൽ ബസ് ഇറങ്ങി കൂൾ ആയിട്ടു നടന്നു ബോർഡർ ക്രോസ് ചെയ്തു. ആരും ഒന്നും ചോദിക്കാൻ വന്നില്ല. ഇന്ത്യൻ സൈഡിൽ മാത്രം സുരക്ഷാ ഉദ്യോഗസ്ഥർ “എവിടെന്നു വരുന്നു? എങ്ങോട്ടു പോകുന്നു?” എന്നു ചോദിച്ചു. അവിടെ ഐഡി കാർഡ് പോലും കാണിക്കേണ്ട ആവശ്യം വന്നില്ല.

ബോർഡർ ക്രോസ് ചെയ്തതിനു ശേഷം ഞാൻ അവിടെ നിന്നും ഗോരഖ്പൂരിലേക്ക് ബസ് കയറി. അടുത്ത ദിവസം രാവിലെ ആണ് എനിക്ക് ട്രെയിൻ ഉള്ളത്. മുന്നേ റൂം കിട്ടാത്ത അനുഭവം ഉള്ളത് കൊണ്ട് നേരത്തെ ഇന്ത്യൻ റയിൽവേയുടെ ഡോർമിറ്ററി ബുക്ക് ചെയ്തിരുന്നു, വെറും 71രൂപയ്ക്ക്. രാത്രി അവിടെ താമസിച്ചിട്ടു പിറ്റേന്നു രാവിലെതന്നെ ട്രെയിൻ കയറി മലപ്പുറത്തേക്ക്. 2 ദിവസത്തെ ട്രെയിൻ യാത്രക്കു ശേഷം എൻറെ ഒരുഗ്രൻ Solo Backpacking വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തിൽ നേരെ വീട്ടിലേക്ക്.

ഇതൊരു ബഡ്ജറ്റ് ട്രിപ്പ് ആയിരുന്നു. ഈ യാത്രയുടെ പ്രധാന ലക്ഷ്യം യാത്ര ചെയ്യാൻ അധികം ക്യാഷ് വേണ്ട എന്നു കാണിക്കാൻ ആയിരുന്നു. ഈ യാത്രയ്ക്ക് എനിക്ക് ആകെ ചെലവായത് : ഭക്ഷണം – 1961 Rs, യാത്രാച്ചെലവുകൾ – 3485 Rs, താമസം – 1632 Rs, മറ്റുള്ളവ 456 Rs എന്നിവയായിരുന്നു. മൊത്തത്തിൽ 7534 രൂപയാണ് എനിക്ക് ഈ യാത്രയിൽ ചിലവായിട്ടുള്ളത്.

The post മലപ്പുറത്തു നിന്നും നേപ്പാളിലേക്ക് ട്രിപ്പ് പോകുവാൻ വെറും 7500 രൂപ മാത്രം..!! appeared first on Technology & Travel Blog from India.





No comments:

Post a Comment