‘രാമശ്ശേരി ഇഡ്ഡലി’ തേടി തലശ്ശേരിയിൽ നിന്നും പാലക്കാട്ടേക്ക്.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, December 6, 2018

‘രാമശ്ശേരി ഇഡ്ഡലി’ തേടി തലശ്ശേരിയിൽ നിന്നും പാലക്കാട്ടേക്ക്..

വിവരണം – തുഷാര പ്രമോദ്.

അഗാധമായ പ്രണയമാണ് എന്നും യാത്രയോട്.. വറ്റാത്ത പ്രണയം പോലെ അറ്റമില്ലാത്ത യാത്രകൾ പോകാനാണ് എന്നും കൊതിച്ചത് ..കുറച്ചു നാളത്തെ ഇടവേളകൾക് ശേഷം യാത്രയൂടെ വസന്തം തേടി രുചിയുടെ വൈവിധ്യങ്ങൾ തേടി ഒരു യാത്ര പോവുകയാണ്. നൂറിൽപ്പരം വർഷങ്ങൾ പാരമ്പര്യമുള്ള ഒരു ഇഡ്ഡലി തേടി.. രാമശ്ശേരി എന്ന ചെറിയ ഗ്രാമമാണ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം.

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നും രാമശ്ശേരിയിലേക്ക് കുടിയേറിപ്പാർത്ത മുതലിയാർ കുടുംബം കേരളത്തിന് സമ്മാനിച്ച ഒരു രുചികൂട്ടായിരുന്നു രാമശ്ശേരി ഇഡ്ഡലിയുടേത് .ഇഡ്ഡലിമാവിന്റെ കൂട്ടിലായാലും അത് ഉണ്ടാക്കുന്ന രീതിയിൽ ആയാലും അതിന്റെ രൂപത്തിലും എല്ലാം വ്യത്യസ്തത പുലർത്തുന്നു രാമശ്ശേരി ഇഡ്ഡലി .മുതലിയാർ കുടുംബത്തിലെ ചിറ്റൂരി മുത്തശ്ശിയുടെ കൈപുണ്യമാണ്‌ ഈ ഇഡ്ഡലിയെയും അതിന്റെ പേരിൽ ഈ ഗ്രാമത്തെയും ഇത്രയും പ്രശസ്തമാക്കിയത് .

അങ്ങനെ അന്നൊരു ചൊവ്വാഴ്ച്ച പുലർച്ച പെട്ടിയും കെട്ടി വീട്ടിൽനിന്ന് ഇറങ്ങി .പുലർച്ചെ ആയതിനാൽ വാഹനങ്ങളുടെ തിരക്കൊന്നും ഇല്ലായിരുന്നു. കാലിക്കറ്റ് എത്തിയപ്പോഴേക്കും നന്നായി വിശന്നു തുടങ്ങി. രാമശ്ശേരി ഇഡ്ഡലി കഴിക്കണമെന്ന മോഹം ഉള്ളതിനാൽ തല്ക്കാലം കയ്യിൽ ഉണ്ടായിരുന്ന കേക്ക് കഴിച്ചു വിശപ്പടക്കി. 8 മണിയോടുകൂടി മലപ്പുറത്ത് എത്തി. അപ്പോഴേക്കും വിശപ്പ് കലശലായിരുന്നു. എന്നാലും രാമശ്ശേരി ഇഡ്ഡലിയെ മറക്കാൻ പറ്റില്ലലോ. അവിടത്തെ ഫോൺ നമ്പർ തപ്പി വിളിച്ചു നോക്കി. കട തുറന്നിട്ടുണ്ടാകുമെന്ന് കേട്ടപ്പോൾ സമാധാനമായി.

തല്ക്കാലം വിശപ്പടക്കുവാൻ എന്തേലും കഴിക്കാൻ തീരുമാനിച്ചു. മലപ്പുറത്ത് നേരെ മുന്നിൽ കണ്ട സൂര്യ ഭവൻ വെജ്. റെസ്റ്റോറന്റിൽ കയറി പൂരി മസാലയും ഇടിയപ്പവും സ്ടൂയും കഴിച്ചു. പൂരി മസാല നന്നായിട്ടുണ്ടായിരുന്നു. നല്ല ചായയും. ഒരു നല്ല ബ്രേക്‌ഫാസ്റ് കഴിച്ച സംതൃപ്തിയോടെ ഞങ്ങൾ ഇറങ്ങി. പിന്നെ നേരെ വച്ച് പിടിച്ചു രാമശ്ശേരി ഇഡ്ഡലി കടയിലേക്ക്. പാലക്കാട്ടെ ഒരു ചെറിയ ഗ്രാമമാണ് രാമശ്ശേരി. പാലക്കാടിന്റെയും പൊള്ളാച്ചിയുടേം ബോർഡറിൽ വരുന്ന എലപ്പുള്ളിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

അവിടെ എത്തിയപ്പോഴേക്കും ചൂട് വളരെ കൂടി വന്നിരുന്നു. രാമശ്ശേരി ഇഡ്ഡലിക്കട ഗൂഗിൾ കൃത്യമായി കാണിച്ചു തന്നു. കാണുമ്പോൾ ഒരു തമിഴ് ഗ്രാമത്തിൽ എത്തിയപോലെ തോന്നി. അധികം വലുതല്ലാത്ത കാഴ്ച്ചയിൽ ഒരേപോലെ തോന്നുന്ന കുറച്ചധികം വീടുകൾ. അടുത്തടുത്തായി ചെറിയ ചായപ്പീടികകളും. എല്ലായിടത്തും ബോർഡുകൾ വച്ചിട്ടുണ്ട് രാമശ്ശേരി ഇഡ്ഡലി ഇവിടെ ലഭിക്കുമെന്ന്.

അവിടെ ഒരു വീടിനോടു ചേർന്നു നിന്നിരുന്ന കടയിൽ വെളിയിൽ തന്നെ ഒരു ചേട്ടൻ നില്പുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ അകത്തേക്ക് വിളിച്ചു. 2 -3 മേശകൾ മാത്രമുള്ള വളരെ ചെറിയ ഒരു ചായക്കട. കടയുടെ തൊട്ടു മുന്നിൽ തന്നെ ശ്രീ മന്നത്ത് ഭഗവതി ക്ഷേത്രവും സ്ഥിതിചെയ്യുനുണ്ട് .അവരുടെ വീട് ആണ് കടയോട് ചേർന്ന് നിൽക്കുന്നതെന്നും അദ്ദേഹത്തിന്റെ അമ്മയാണ് ഇഡ്ഡലി ഉണ്ടാക്കിയിരുന്നതെന്നും പറഞ്ഞു .

രാമശ്ശേരി ഇഡ്ഡലിയും പക്കാവടയും ഉണ്ട്. ലക്ഷ്യം ഇഡ്ഡലി ആയതുകൊണ്ട് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. രണ്ടു വാഴയില ഡിസൈൻ ഉള്ള പ്ലേറ്റിൽ 2 വീതം രാമശ്ശേരി ഇഡ്ഡലി ഞങ്ങളുടെ മുന്നിൽ കൊണ്ടുവന്നു വച്ചു. കാണുമ്പോൾ തന്നെ കൗതുകം തോന്നി .ഒരു മിനി ദോശ പോലെ ഉണ്ട് . കൂടെ കഴിക്കാൻ സാമ്പാറും ചട്‌നിയും ഇഡ്ഡലി പൊടിയും ഉണ്ട് . അധികം പുളി ഇല്ലാത്ത വളരെ സോഫ്ട് ആയ ഇഡ്ഡലി. കാഞ്ചീപുരത്തുനിന്നും കുടിയേറിപ്പാർത്ത ഈ രുചി വെറുതെയൊന്നുമല്ല ഇത്ര പ്രശസ്തമായത് .തീർച്ചയായും വയറിനൊപ്പം മനസ്സും നിറയ്ക്കുന്ന രുചിപ്പെരുമ തന്നെ. ഇഡ്ഡലി പൊടി തന്നെ ആണ് ബെസ്റ് കോമ്പിനേഷൻ എന്നു തോന്നി .

കഴിച്ചു കഴിഞ്ഞപ്പോൾ ഇതെങ്ങനെ ഉണ്ടാക്കും എന്നറിയാൻ കൗതുകമായി. അങ്ങനെ അവിടെയുള്ള ചേച്ചിയോട് സംസാരിച്ചു. അവർ ഒരു മടിയും കൂടാതെ ഞങ്ങളെ അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി. പ്രത്യേകതരം പാത്രത്തിൽ ആണ് രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്നത്. ഒരു പാത്രത്തിൽ വെള്ളം നിറച്ചു അതിൻ്റെ മുകളിലായി മൺചട്ടിയുടെ രൂപത്തിൽ മറ്റൊരു മൺപാത്രമാണ് വയ്ക്കുക. അതിൻ്റെ മുകളിലും താഴെയും ഓപ്പൺ ആണ്‌. അതിന്റെ ഒരുവശം നൂൽ കൊണ്ട് നെറ്റ് പോലെ കെട്ടിയിരിക്കുന്നു. അതിന്റെ മുകളിൽ തുണി വിരിച്ചിട്ടാണത്രെ മാവ് ഒഴിക്കുക. ഇങ്ങനെ അടുക്കുകളായി കൂടുതൽ പാത്രങ്ങൾ വെക്കും.

പരമ്പരാഗത രീതിയിൽ വിറകടുപ്പിൽ പുളി വിറക് കത്തിച്ചിട്ടാണത്രെ ഇഡ്ഡലി ഉണ്ടാക്കാറ്. പക്ഷെ ഇപ്പോഴത്തെ കൂടി വരുന്ന ചൂട് അസഹനീയം ആയതിനാൽ വിറക് അടുപ്പിൽ പുളി വിറക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ചൂട് കൂടി സഹിച്ചു കൂടുതൽ ഇഡ്ഡലികൾ ഉണ്ടാകുക സാധ്യമല്ല. അവിടെ ഒക്കെ പൂഴിമണൽ കൂടി ആയതിനാൽ അസഹനീയമായ ചൂട് ആണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചു.

പോരുന്നതിനു മുൻപ് ഒരു പാക്കറ്റ് ഇഡ്ഡലിപ്പൊടി വാങ്ങാനും മറന്നില്ല. ഇഡ്ഡലി ചുടാനുള്ള പൊടി അല്ല കേട്ടൊ, വെളിച്ചെണ്ണ ചാലിച്ചു കൂട്ടാനുള്ള ചട്‌നി പൊടി ആണിത്. മുൻപ് നിരവധി കുടുംബങ്ങൾ ഇവിടെ ഇഡ്ഡലി ഉണ്ടാക്കി വിറ്റിരുന്നെങ്കിലും ഇപ്പോൾ നാലഞ്ച് കുടുംബങ്ങൾ മാത്രമാണ് ഇതുചെയ്യുന്നത്. കടകളിലിൽ നിന്നു ലഭിക്കുന്ന വരുമാനം വല്യ ലാഭം നല്കുന്നില്ലെങ്കിലും കല്യാണം പിറന്നാൾ ആഘോഷം പോലെയുള്ള പാർട്ടി ഓർഡറുകളാണ് ലാഭകരമായിട്ടുള്ളത്. അങ്ങനെ അവരോട് യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി പഴനി ലക്ഷ്യമാക്കി യാത്ര തുടർന്നു….

The post ‘രാമശ്ശേരി ഇഡ്ഡലി’ തേടി തലശ്ശേരിയിൽ നിന്നും പാലക്കാട്ടേക്ക്.. appeared first on Technology & Travel Blog from India.





No comments:

Post a Comment