കാലാവസ്ഥാ വകുപ്പിനേക്കാൾ ജനങ്ങൾക്ക് വിശ്വാസം ഈ വെതർമാൻ്റെ പ്രവചനം.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, December 3, 2018

കാലാവസ്ഥാ വകുപ്പിനേക്കാൾ ജനങ്ങൾക്ക് വിശ്വാസം ഈ വെതർമാൻ്റെ പ്രവചനം..

വെതര്‍മാന്‍ അഥവാ കാലാവസ്ഥാ മനുഷ്യൻ… കേരളം മഴക്കെടുതിയില്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത് ‘തമിഴ്‌നാട് വെതര്‍മാന്‍’ എന്ന ഫേസ്ബുക്ക് പേജിലേക്ക് ആയിരുന്നു. ഇന്നും കാലാവസ്ഥാ വകുപ്പിനേക്കാള്‍ പലര്‍ക്കും വിശ്വാസം പ്രദീപ് ജോണ്‍ എന്ന സാധാരണക്കാരന്റെ പ്രവചനങ്ങളെയാണ്.

മഴ കനക്കുന്ന കേരളത്തിലെ ബാണാസുര സാഗര്‍ ഡാമില്‍നിന്നു തമിഴ്നാട്ടിലെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്കുകളും മഴയുടെ ലഭ്യതയും ജാഗ്രതാ മുന്നറിയിപ്പുകളും ഉള്‍പ്പെടെ വേണ്ടതെല്ലാം മുപ്പത്തിയെട്ടുകാരനായ പ്രദീപ് അതില്‍ ഒരുക്കിയിട്ടുണ്ടാകും. മക്കളുടെ കല്യാണം മഴയില്ലാത്തപ്പോള്‍ നടത്താന്‍ മാതാപിതാക്കള്‍ തേടിയെത്തുന്നുതും പ്രദീപിനെയാണ്.

തമിഴ്‌നാട് വെതര്‍മാനെ ഫേസ്ബുക്കില്‍ പിന്തുടരുന്നത് 57 ലക്ഷം ആളുകളാണ്. 2015ലെ വെള്ളപ്പൊക്കത്തോടെയാണു തമിഴ്നാട്ടുകാര്‍ പ്രകൃതിയുടെ ചലനങ്ങളെക്കുറിച്ചു കൂടുതല്‍ ബോധവാന്മാരായതെന്നു പ്രദീപ് പറയുന്നു 2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായതോടെയാണ് ആരാധകരേറിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു കൃത്യമായ വിശകലനങ്ങള്‍ നടത്തിയശേഷമാണു പ്രവചനങ്ങള്‍ നടത്തുന്നത്. കടുകട്ടിയായ സാങ്കേതികപദാവലികള്‍ ഒഴിവാക്കി സാധാരണക്കാര്‍ക്കു മനസിലാക്കുന്ന തരത്തില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുകയെന്ന ശൈലിയാണു പ്രദീപിനെ ജനപ്രിയനാക്കിയത്.

വാര്‍ധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരില്‍ പതിക്കുമെന്നാണു കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ചെന്നൈയിലേക്കാണ് എത്തുകയെന്ന പ്രദീപിന്റെ മുന്നറിയിപ്പാണു ഫലിച്ചത്. വിവിധ സ്ഥലങ്ങളിലെത്തി മഴയുടെ കണക്കും കാറ്റിന്റെ ഗതിയും മറ്റും നേരിട്ടറിഞ്ഞു വിശകലനങ്ങളും പഠനങ്ങളും നടത്തുകയാണു ചെയ്യുന്നത്. അഗുംബെ, ചിറാപ്പുഞ്ചി, കുറ്റ്യാടി, ചിന്നക്കല്ലാര്‍, തലക്കാവേരി തുടങ്ങി നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ധരെ കണ്ടു കൂടുതല്‍ അറിവുകള്‍ ശേഖരിക്കാനും ശ്രമിക്കാറുണ്ട്. മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പ്, താപനില, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെ കഴിഞ്ഞ 200 വര്‍ഷത്തെ കണക്കുകള്‍ പ്രദീപിന്റെ ശേഖരത്തിലുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിവരങ്ങളും മറ്റു കാലാവസ്ഥാ വെബ്സൈറ്റുകളിലെ വിവരങ്ങളും പ്രദീപ് ഉപയോഗിക്കുന്നുണ്ട്. എക്കണോമിക്‌സില്‍ എംബിഎ നേടിയ പ്രദീപ് 1996 ലെ പെരുമഴക്കാലത്താണ് ഈ രംഗത്തേക്കു ചുവടുറപ്പിക്കുന്നത്.

1996 ജൂണില്‍ ചെന്നൈയില്‍ മൂന്നുദിവസം തുള്ളിതോരാതെ പെയ്ത മഴയില്‍ പതിനാലുകാരനായ പ്രദീപ് പുറത്തിറങ്ങാനാവാതെ വീട്ടില്‍ തന്നെ കുടുങ്ങിപ്പോയി. 700 മില്ലീമീറ്റര്‍ മഴയാണു മൂന്നു ദിവസം കൊണ്ടുമാത്രം ചെന്നെ നഗരത്തില്‍ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കത്തില്‍ വൈദ്യുതിബന്ധം പോലുമില്ലാതെ ആളുകള്‍ വീടുകളില്‍ അകപ്പെട്ടു. സ്വന്തം വീടിന്റെ ബാല്‍ക്കണിയില്‍ 36 മണിക്കൂറോളം മഴ നോക്കിയിരുന്ന പ്രദീപിന്റെ പിന്നീടുള്ള ജീവിതം മഴയുടെ വഴിയേ ആയിരുന്നു.

അന്നു മുതല്‍ മഴയെക്കുറിച്ച്‌ പഠിക്കാന്‍ ആരംഭിച്ച പ്രദീപ് 2010-ല്‍ വിവിധ സംസ്ഥാനങ്ങളിലെ മഴ സംബന്ധിച്ച പ്രതിദിന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗ് ആരംഭിച്ചു. പ്രമുഖ കാലാവസ്ഥാ ബ്ലോഗുകള്‍ക്കായി ലേഖനങ്ങള്‍ തയാറാക്കി. 2012ലാണ് പ്രദീപ് ഫേസ്ബുക്കില്‍ വെതര്‍മാന്‍ എന്ന പേജ് ആരംഭിക്കുന്നതും കാലാവസ്ഥാ വിവരങ്ങള്‍ പങ്കുവച്ചു തുടങ്ങിയതും. ഓരോ കാലവര്‍ഷം കഴിയും തോറും പ്രദീപിന്റെ പേജിലേക്കു വിവരങ്ങള്‍ തേടി ആയിരങ്ങള്‍ ഒഴുകിയെത്തി തുടങ്ങി.

സംശയങ്ങളും സന്ദേശങ്ങളും ഇന്‍ബോക്സില്‍ നിറഞ്ഞു. മഴ കനക്കുമോ, വെള്ളക്കെട്ടുണ്ടാകുമോ, വീട് ഒഴിഞ്ഞു പോകേണ്ടതുണ്ടോ തുടങ്ങി മക്കളുടെ വിവാഹം ഏതു സമയത്തു നടത്തണമെന്ന ചോദ്യം വരെ പ്രദീപിനു മുന്നിലെത്തി. ഇതോടെ ഉത്തരവാദിത്തങ്ങളും എതിര്‍പ്പുകളും ഏറി. ആഴ്ചകളോളം ഉറക്കം പോലും ഒഴിവാക്കി വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു മഴ പ്രവചനങ്ങളും ജാഗ്രത നിര്‍ദേശങ്ങളും കൃത്യമാക്കി.

2010ല്‍ ലൈല ചുഴലിക്കാറ്റ് ചെന്നെയില്‍ ആഞ്ഞടിച്ചപ്പോള്‍ രണ്ടു ദിവസം അവധിയെടുത്തു വീട്ടിലിരുന്നു കാര്യങ്ങള്‍ നിരീക്ഷിച്ചു കൃത്യമായി വിവരങ്ങള്‍ പങ്കുവച്ചു. 2015ലെ വെള്ളപ്പൊക്കത്തിന്റെ സമയത്തും മറ്റും കൂടുതല്‍ ആളുകള്‍ സമൂഹമാധ്യമങ്ങളെ ആശ്രയിച്ചതോടെ പ്രദീപിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ കവിഞ്ഞു. ചില ഘട്ടങ്ങളില്‍ തെറ്റായ വിവരങ്ങളില്‍ നിന്നു ചെന്നൈ സ്വദേശികളെ രക്ഷിക്കാനും പ്രദീപിനു കഴിഞ്ഞു.

ഒരു രാജ്യാന്തര മാധ്യമം ഉള്‍പ്പെടെ പ്രളയ മുന്നറിയിപ്പു പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നു പരിഭ്രാന്തിയിലായ ആളുകള്‍ വിലപ്പെട്ടതെല്ലാം വാരിക്കൂട്ടി വീടുകള്‍ വിട്ടുപോകാന്‍ നീക്കം തുടങ്ങി. എന്നാല്‍ മറിച്ചായിരുന്നു പ്രദീപിന്റെ നിരീക്ഷണങ്ങള്‍. ഒടുവില്‍ പ്രദീപിന്റെ പ്രവചനങ്ങള്‍ ഫലിച്ചതോടെ ആശങ്ക ഒഴിഞ്ഞു. ആളുകള്‍ക്കു വിശ്വാസമേറുകയും ചെയ്തു. തമിഴ്നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡപ്യൂട്ടി മാനേജരാണ് ജോണ്‍. ബംഗാള്‍ ഉള്‍ക്കടലിലുണ്ടാകുന്ന ഏതൊരു ചെറിയ മാറ്റം പോലും പ്രദീപിന്റെ ഉറക്കം കെടുത്തും. ഒടുവില്‍ ഭാര്യയും കുഞ്ഞുമെത്തുമ്പോഴാണ് ലാപ്‌ടോപ്പില്‍ നിന്ന് കണ്ണെടുക്കുന്നത്.

Courtesy – News Blog & News Channel, ജിജ്ഞാസാ Malayalam infotainment group.

The post കാലാവസ്ഥാ വകുപ്പിനേക്കാൾ ജനങ്ങൾക്ക് വിശ്വാസം ഈ വെതർമാൻ്റെ പ്രവചനം.. appeared first on Technology & Travel Blog from India.





No comments:

Post a Comment