കേരളത്തിൽ അന്നുമിന്നും ഏറ്റവും കൂടുതൽ ഫാൻസുള്ള ഒരു സിനിമാ തിയേറ്റർ - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Tuesday, December 4, 2018

കേരളത്തിൽ അന്നുമിന്നും ഏറ്റവും കൂടുതൽ ഫാൻസുള്ള ഒരു സിനിമാ തിയേറ്റർ

തിയേറ്ററിൽ പോയി സിനിമ കാണാത്ത മലയാളികൾ കുറവായിരിക്കും. പൊതുവെ സിനിമയോട് കമ്പം ഇല്ലാത്തവർ ആണെങ്കിലും ആരുടെയെങ്കിലും നിർബന്ധപ്രകാരം ജീവിതത്തിൽ ഒരിക്കലെങ്കിലും ബിഗ് സ്‌ക്രീനിൽ സിനിമ കണ്ടിരിക്കും. അപ്പോൾ നമ്മൾ പറഞ്ഞു വരുന്നത് തിയേറ്ററുകളെക്കുറിച്ചാണ്. കേരളത്തിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ ഏതാണെന്ന് അറിയാമോ? കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുകാർ ഉള്ള തിയേറ്റർ ഏതാണെന്നു പറയാമോ? അധികം ആലോചിക്കാനില്ല ഒരേയൊരു ഉത്തരമേയുള്ളൂ – തൃശ്ശൂർ രാഗം.

തൃശൂരിനെ അറിയാവുന്ന ആര്‍ക്കും ‘രാഗ’ത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പൂരത്തിന്റെ തട്ടകത്ത് തലയെടുപ്പോടെ ആനച്ചന്തമുള്ള രാഗം തിയറ്റര്‍ സിനിമാ പ്രേമികളുടെ മായാലോകമാണ്. കവാടത്തിലെ വലിയ തളത്തില്‍ നിന്ന് രണ്ട് ഭാഗത്തേക്കായി വളഞ്ഞുപോകുന്ന വലിയ പിരിയന്‍ ഗോവണി. നാല് ഭാഗത്തുനിന്നുമുള്ള ഗജമുഖ ശില്പങ്ങള്‍ നിന്ന് തുമ്പിക്കയ്യിലൂടെ താമരപൊയ്കയിലേക്ക് വീഴുന്ന ജലധാര. അതില്‍ ചൂണ്ടയിട്ടിരിക്കുന്ന മത്സ്യതൊഴിലാളിക്കാരന്റെ മാതൃക. കൗതുകത്തോടെ ആ കാഴ്ച നോക്കിയിരിക്കുന്ന കുരുന്നു ബാലന്‍. ജലാശയത്തിലെ കൊറ്റികളുടെ ശില്പങ്ങളും ജീവനുള്ള വളര്‍ത്തുമത്സ്യങ്ങളും വര്‍ണ്ണരാശി വിരിയിച്ച് ഉയര്‍ന്നു താഴുന്ന ചെറിയ ഫൗണ്ടനും… ഒപ്പം 70 എംഎം സ്‌ക്രീന്‍ ഉയരുന്നതിനൊപ്പമുള്ള ആവേശകരമായ പിന്നിണി സംഗീതം… തൃശ്ശൂരുകാർ ഗൃഹാതുരതയോടെ ഓര്‍ക്കുന്നതാണ് രാ​ഗം തീയേറ്റററിന്റെ ആ സുവർണകാലം.

1974 ആഗസ്ത് 24 നാണ് രാഗത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ നെല്ല് ആയിരുന്നു പ്രഥമ സിനിമ. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ പ്രദര്‍ശനത്തിന് പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങി നിരവധി പ്രമുഖര്‍ രാഗത്തിലെത്തിയിരുന്നു. തുടങ്ങുമ്പോള്‍ നഗരത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം. അന്നാണ് ആദ്യമായി തൃശ്ശൂരിലെ സാധാരണക്കാര്‍ എസി യുടെ തണുപ്പറിഞ്ഞത്. തൃശൂരിലെ ധനാഢ്യരില്‍ ഒരാളായിരുന്ന കെ.ജെ.ഫ്രാന്‍സിസ് എന്ന നാട്ടുകാരുടെ പൊറിഞ്ചുവേട്ടന്‍ ആയിരുന്നു തിയേറ്ററിന്റെ ഉടമ. രാഗത്തിന്റെ ഉദ്ഘാടനത്തിന് 30 കിലോമീറ്റര്‍ ഇപ്പുറത്തു നിന്ന് വരെ പോയവരുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നും സ്വീകരിച്ച വ്യത്യസ്ത ഡിസൈനുകളിലൂടെയായിരുന്നു തിയേറ്ററിന്റെ നിര്‍മ്മാണം. അത് ഗുണം ചെയ്തത് സിനിമാ പ്രേമികള്‍ക്കാണ്.

ലോ ക്ലാസ്സിന് 80 പൈസ, സെക്കന്‍ഡ് ക്ലാസ്സിന് ഒന്നര രൂപ, ഫസ്റ്റ്ക്ലാസ്സിന് മൂന്ന് രൂപ, ബാല്‍ക്കണിക്ക് അഞ്ചു രൂപ, പിന്നെ പത്ത് സീറ്റ് മാത്രമുള്ള ലക്ഷ്വറി സീറ്റിന് 10 രൂപ അങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. 1120 സീറ്റായിരുന്നു ഉണ്ടായിരുന്നത്. ആധുനിക ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തനമാരംഭിച്ച തിയറ്റര്‍ മലയാള സിനിമാചരിത്രത്തില്‍ എപ്പോഴൊക്കെ പുതുമകളും പരീക്ഷണങ്ങളും പരീക്ഷിക്കുന്നുവോ അപ്പോഴെല്ലാം രാഗത്തിലാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തുക. ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം തച്ചോളി അമ്പു, ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം, ആദ്യത്തെ ത്രീഡി സിനിമ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചു.

തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിച്ച ഇംഗ്ലീഷ് പടം മെക്കന്നാസ് ഗോള്‍ഡ് ആയിരുന്നു. ഇതില്‍ വെടിവക്കുന്ന രംഗം വരുമ്പോള്‍ കാണുന്ന ആളുകളുകള്‍ക്ക് നേരെ വെടിപൊട്ടുന്ന പോലെയായിരുന്നു എന്ന് പഴയ ആളുകൾ സാക്ഷ്യപ്പെടുത്തുന്നു. ഷോലെ, ബെന്‍ഹര്‍, ടൈറ്റാനിക് തുടങ്ങിയ ചിത്രങ്ങള്‍ അതിന്റെ എല്ലാ സൗന്ദര്യത്തോടെയും കാണാന്‍ രാഗം പ്രേക്ഷകര്‍ക്ക് വഴിയൊരുക്കി. ടൈറ്റാനിക് 140 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. ഏറ്റവും കൂടുതല്‍ വിതരണ- പ്രദര്‍ശന ഷെയര്‍ ലഭിച്ചത് മോഹൻ ലാലിന്റെ ദൃശ്യം പ്രദര്‍ശിപ്പിച്ചപ്പോഴാണ്. സ്വാതന്ത്യ സമരസേനാനി വി.ആര്‍ കൃഷ്ണന്‍ എഴുത്തച്ഛനെ ആദരിക്കുന്ന ചടങ്ങിന് രാഗം തിയേറ്റര്‍ വേദിയായിരുന്നു.

പ്രമുഖ വ്യവസായി ജോര്‍ജ് നെരേപ്പറമ്പില്‍ വാങ്ങിയതോടെയാണ് തീയേറ്ററിന്റെ പേര് ‘ജോര്‍ജേട്ടന്‍സ് രാഗം’ എന്ന് മാറിയത്. പിന്നീട് ഏഴു വർഷത്തോളം രാഗം നന്നായി നടത്തിക്കൊണ്ടു പോയി. 2015 ഫെബ്രുവരി എട്ടിന് രാഗത്തിലെ പ്രദര്‍ശനം നിലച്ചതോടെ ഒരു ജനതയുടെ വികാരം അണയുകയായിരുന്നു. തിയേറ്റര്‍ ഉള്‍പ്പെടെയുള്ള വ്യവസായ സമുച്ചയത്തിന് വേണ്ടിയായിരുന്നു ‘ജോര്‍ജേട്ടന്‍സ് രാഗം’ പൂട്ടിയത്. പൂട്ടുന്നതിന് മുൻപായി അവസാനം രാ​ഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ആമയും മുയലുമായിരുന്നു. തിയേറ്റർ നിന്നിടത്ത് 16 നിലകളിലായി ജിയോമാള്‍ എന്ന വ്യവസായ സമുച്ചയം നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ നാല് വര്‍ഷമായിട്ടും കെട്ടിടം പൊളിക്കുകയുണ്ടായില്ല. എന്നാൽ പ്രതീക്ഷിച്ചതുപോലെ പദ്ധതികൾ നടക്കാതെ വന്നപ്പോൾ ഉടമയായ ജോർജ്ജ് രാഗം തിയേറ്റർ വീണ്ടും തുറന്നു പ്രവർത്തിപ്പിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

പഴയ രാഗത്തിൽനിന്ന് അടിമുടി മാറി, ആധുനിക ശബ്ദ, വെളിച്ച, ഇരിപ്പിട സംവിധാനങ്ങളോടെയാണ് വീണ്ടും പ്രദർശനത്തിന് അണിഞ്ഞൊരുങ്ങിയത് . 4K യും ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവുമായിട്ടാണ് രാഗത്തിന്റെ തിരിച്ചുവരവ്. 4230‐4 കെ പ്രൊജക്ടർ ഉപയോഗിച്ച് സിനിമ പ്രദർശിപ്പിക്കുന്ന കേരളത്തിലെ ആദ്യ തിയറ്ററാകും രാഗം. സിനിമയിലെ ദൃശ്യങ്ങൾക്ക് കൂടുതൽ മികവും കൃത്യതയും നൽകുന്ന ഈ സംവിധാനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ്. അത്യാധുനിക ക്യാമറകളിൽ പകർത്തിയ വിദേശസിനിമകളുടെ കാഴ്ചകളെല്ലാം നേരിൽകാണുന്നതുപോലെ അനുഭവപ്പെടും.

നവീന ശബ്ദ‐ ദൃശ്യ സംവിധാനങ്ങൾ അതേപടി ഒപ്പിയെടുത്ത് ജനങ്ങളിലേക്ക് പകർന്നു നൽകാൻ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത വമ്പൻ സ്ക്രീനും തിയറ്ററിൽ സ്ഥാപിച്ചിട്ടുണ്ട്. വീതികൂട്ടി മൃദുലമായ പ്രതലത്തോടെ സീറ്റുകൾ ഒരുക്കിയതിനാൽ, നേരത്തേ രാഗത്തിലുണ്ടായിരുന്ന 1218 സീറ്റുകൾ എന്നത് 800 സീറ്റുകളായി ചുരുക്കേണ്ടിവന്നു. ഫസ്റ്റ് ക്ലാസ്, ബാൽക്കണി, അപ്പർ ബോക്സ് എന്നീ വിഭാഗങ്ങളിലായി സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. ബോക്സിൽ 20 ഉം ബാൽക്കണിയിൽ 200ഉം ബാക്കി സീറ്റുകൾ ഫസ്റ്റ് ക്ലാസിലുമാണ് ഒരുക്കിയിട്ടുള്ളത്.

തൃശ്ശൂരിലെ ഗഡികൾ രാഗം തീയറ്ററിനു വേണ്ടി കാത്തിരുന്നതു പോലെ ആരും ഒന്നിനു വേണ്ടിയും കാത്തിരുന്നിട്ടില്ല. രാഗം സിനിമാപ്രേമികളുടെ സ്വപ്നങ്ങളിലേക്ക് വീണ്ടും ചിറകു വിരിക്കുമ്പോൾ നാട്ടിലെ ആബാലവൃദ്ധം ജനങ്ങൾക്കും പെരുത്ത് സന്തോഷം. പുതിയകാലത്ത് പുത്തൻ സാങ്കേതിക വിദ്യകളുമായി തിയറ്റർ വീണ്ടും ഒരുങ്ങിയപ്പോൾ പുതിയ ‘രാഗ’ത്തെ വരവേൽക്കാൻ തൃശൂരുകാരും അടിമുടി ഒരുങ്ങി.

2018 ഒക്ടോബറിൽ പതിവ് പശ്ചാത്തല സംഗീതത്തോടെ വീണ്ടും രാഗത്തിന്റെ കർട്ടൻ ഉയർന്നപ്പോൾ ഉയർന്ന കരഘോഷം തൃശ്ശൂർക്കാരുടെ മാത്രമായിരുന്നില്ല, രാഗം എന്ന ബിഗ്സ്‌ക്രീനിന്റെ കേരളത്തിലുടനീളമുള്ള ആരാധകരുടേതായിരുന്നു. കായംകുളം കൊച്ചുണ്ണിയായിരുന്നു രാഗത്തിന്റെ രണ്ടാം വരവിൽ സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്. ഇന്നും കേരളത്തിലെ വിവിധ നിന്നുള്ള സിനിമാപ്രേമികൾ രാഗത്തിൽ സിനിമ കാണുവാനായി മാത്രം തൃശ്ശൂർ എത്തുന്നു എന്നത് ഈ തിയേറ്ററിന്റെ ഫാൻസ്‌ പവറിനെയാണ് കാണിക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്, ദേശാഭിമാനി, അഴിമുഖം തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ.

The post കേരളത്തിൽ അന്നുമിന്നും ഏറ്റവും കൂടുതൽ ഫാൻസുള്ള ഒരു സിനിമാ തിയേറ്റർ appeared first on Technology & Travel Blog from India.





No comments:

Post a Comment