വിവരണം – Rojisha Babu.
വളരെ യാഥർശ്ചികമായാണ് സുന്ദരപാണ്ഡ്യപുരം എന്ന ഗ്രാമ പേര് കേൾക്കാൻ ഇടയായത്. ഗ്രാമ ഭംഗി കൊണ്ടും കൃഷി പാടങ്ങൾ കൊണ്ടു സപൂർണ്ണയാണ് സുന്ദരപാണ്ഡ്യപുരം. `ആ ഗ്രാമ ഭംഗി കൂട്ടുന്നത് അവിടുത്തെ സൂര്യകാന്തി പാടങ്ങൾ ആണ്. അതു തന്നെയാണ് ഏവരെയും അവിടേയ്ക്കു ആകർഷിക്കുന്നത്. അങ്ങനെ ഞാനും അവിടേയ്ക്കു പുറപ്പെടാൻ തീരുമാനിച്ചു. ഒരു ഓണക്കാലത്ത് ആയിരുന്നു യാത്ര. പൂത്തുലഞ്ഞ നെല്പാടങ്ങളും കൃഷിയിടങ്ങളും സൂര്യകാന്തി പൂക്കളും പ്രതീക്ഷിച്ച എന്നെ നിരാശ പെടുത്തുന്നതായിരുന്നു അവിടുത്തെ കാഴ്ച. വരണ്ട് ഉണങ്ങിയ ഭൂമി !!!ആ വർഷം മഴ പെയ്യാത്തതിനാൽ കൃഷി ഇറക്കിട്ടില്ല. നിരാശയോടെ അന്ന് ഞാൻ മടങ്ങി.
അങ്ങനെ ഇരിക്കുമ്പോഴാണ് വീണ്ടും ഒരു ഓണക്കാലം എത്തുന്നത്. സുന്ദരപാണ്ടിയപുരത്തു സൂര്യകാന്തി വിരിഞ്ഞിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു.പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചില്ല അങ്ങോട്ടേക് ഉള്ള യാത്ര പ്ലാൻ ചെയ്തു.ഒരു ഞായറാഴ്ച ആണ് പോകാനായി തീരുമാനിച്ചത്. തിരുവനന്തപുരത്തിന്ന് ഏകദേശം 120km ഓളം ദൂരം ഉണ്ട്.അതായത് മൂന്നര നാല് മണിക്കൂർ മാത്രം മതി അങ്ങോട്ടേക്ക്.തെന്മല-ഷെങ്കോട്ട വഴി തെങ്കാശി. അവിടുന്ന് സുന്ദരപാണ്ടിയപുരം ഇതാണ് പോകുന്ന വഴി.
പുലർച്ചെ 5.30നു തന്നെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു.നേരിയ മഴ ഉണ്ട് പുറത്ത്. ഇടക്ക് പ്രഭാത ഭക്ഷണം കഴിച്ചു യാത്ര തുടർന്നു.തമിഴ്നാട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ഗ്രാമഭoഗി ദൃശ്യമായി തുടങ്ങും. കഴിഞ്ഞ വർഷത്തെ ആ ചിത്രം മാറിയിരിക്കുന്നു. വരണ്ട് കിടന്ന പ്രദേശം എല്ലാം പച്ചപ്പും കൊണ്ടു മൂടി കാണാൻ ആഗ്രഹിച്ച കാഴ്ചകൾ എല്ലാം ദൃശ്യമാകാൻ തുടങ്ങി.നെല്പാടങ്ങളും തെങ്ങിൻ തോപ്പുകളും കടന്നു യഥാർത്ഥ ഗ്രാമത്തിലേക്കു കടന്നു. പോകുന്ന വഴിയിലെ തടാകങ്ങളിൽ എല്ലാം നിറയെ വെള്ളം. കാറ്റിന്റെ താളത്തിൽ ആടുന്ന അതിന്റെ കുഞ്ഞു ഓളങ്ങൾ കാണാൻ ഒരു പ്രതേക ഭംഗി ഉണ്ട്. ഇവിടെ നെൽ കൃഷിക്ക് പുറമെ പച്ചക്കറി കൃഷി ആണ് കൂടുതലായും കാണാൻ കഴിയുക.
വളരെ ചെറിയ വഴിയിൽ കൂടിയാണ് ഞങ്ങൾ പോകുന്നത്. അതു കൊണ്ട് തന്നെ വണ്ടി നിർത്തി കാഴ്ചകൾ ആസ്വദിക്കുക പ്രയാസം ആണ് എന്നാലും ചെറിയ പാടത്തൊക്കെ ഇറങ്ങി നടന്നു.അങ്ങനെ മൂന്ന് നാല് മണിക്കൂറിന്റെ കാത്തിരിപ്പിനൊടിവിൽ കാണാൻ ആഗ്രഹിച്ച കാഴ്ച ദൃശ്യമായി. അങ്ങ് അകലെ പൂക്കൾ കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു.കഴിഞ്ഞ വർഷം കാണാൻ സാധിക്കാത്തതിനാൽ നേരിയ ആശങ്കയോട് കൂടിയാണ് ഇവിടെക്ക് എത്തിയത്. കാറിന്റെ പുറത്തേക്കു ഇറങ്ങിയപ്പോൾ തന്നെ നല്ല കാറ്റ്. മഴക്കാർ ഉള്ളത് കൊണ്ടു വെയിൽ കുറവായിരുന്നു.പതുക്കെ പാടത്തേക്കു ഇറങ്ങി.നെൽ പാടത്തിന്റെ ഓരത്തു ചേർന്നുള്ള വഴിയിലൂടെ ആണ് നടന്നത്. കണ്ണുകളെ തന്നെ വിശ്വസിക്കാൻ പറ്റാത്ത ഭംഗിയാണ്.
ജീവിതത്തിൽ ആദ്യമായായിട്ടാണ് സൂര്യകാന്തി പാടം കാണുന്നത്.നല്ല വലിപ്പം ഉള്ള സൂര്യകാന്തി പൂക്കൾ. കാറ്റിന്റെ താളത്തിൽ ആടി അഭിമാനത്തോടെ തന്റെ പ്രിയതമനായ സൂര്യനെയും പ്രതീക്ഷിച്ചു നിൽക്കുന്ന ആ കാഴ്ച്ച അതി മനോഹരം ആണ്. തൊട്ടടുത്ത പാടത്തു വിരിയാൻ പൂക്കൾ കാത്തു നിൽപ്പുണ്ട്. ഞങ്ങൾ പാടത്തേക്കു കയറിയപ്പോൾ തന്നെ അപേക്ഷയും ആയി കർഷകർ എത്തി.നിങ്ങൾക്ക് അടുത്ത് നിൽക്കാം, ഫോട്ടോ എടുക്കാം, പക്ഷെ ഒരിക്കലും പൂ പറിക്കരുത്, അതിനെ നശിപ്പിക്കരുത് എന്ന അപേക്ഷ ആയിരുന്നു.
ഏതൊരു കർഷകന്റെയും വിയർപ്പിന്റെയും അധ്വാനത്തിൻറെ ഫലമാണ് നമ്മുടെ മുന്നിൽ കാണുന്ന ഈ പാടങ്ങൾ. അവരുടെ ആ സ്നേഹവും പരിലാളനയും ഏറ്റവാങ്ങിയത് കൊണ്ടാകാം ഈ പൂക്കൾക്ക് ഇത്രയും ഭംഗി. വെയിൽ കുറവായതിനാൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.സിനിമകാരുടെ ഇഷ്ട ലൊക്കേഷൻ കൂടി ആണ് ഈ ഗ്രാമം ഒത്തിരി മലയാളം തമിഴ് സിനിമകൾക്ക് ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. മണി രത്നത്തിന്റെ റോജ പിന്നെ അന്നിയൻ,മുതൽവൻ,ജന്റലിൽമാൻ അങ്ങനെ പോകുന്നു നീണ്ട ലിസ്റ്റ്. ജൂലൈ-സെപ്റ്റംബർ മാസകാലം ആണ് ഇവിടെ സീസൺ. പൂക്കളുടെ ആ ഭംഗി ആവോളം ആസ്വദിച്ചു ആ ഗ്രാമത്തോട് വിട പറഞ്ഞു അവിടുന്ന് തിരികെ മടങ്ങി..
No comments:
Post a Comment