എന്താണ് കഞ്ചാവ്? കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമായത് എങ്ങനെ? - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, August 27, 2018

എന്താണ് കഞ്ചാവ്? കഞ്ചാവ് ഉപയോഗിക്കുന്നത് കുറ്റകരമായത് എങ്ങനെ?

The information is provided for educational and informational purposes only.

കഞ്ചാവ് എന്നു കേൾക്കാത്തവർ ആരുംതന്നെ ഉണ്ടാകില്ല നമ്മുടെയിടയിൽ. എല്ലാവരും ഭീതിയോടെ നോക്കിക്കാണുന്ന ഒരു ചെടിയാണിത്. ലഹരി ഉപയോഗം ആരോഗ്യത്തിനു ഹാനികരവും നിയമപരമായി കുറ്റകരവുമാണ്. എന്നാൽ ശരിക്കും എന്താണ് കഞ്ചാവ്? അതിൻ്റെ വിശേഷങ്ങൾ ഒന്നു അറിഞ്ഞിരിക്കാം. പിന്നെയൊരു കാര്യം, ഈ പോസ്റ്റ് കണ്ടിട്ട് കഞ്ചാവിൻ്റെ രുചി അറിയാൻ ആരും ശ്രമിക്കരുത്. പണി പാളും..

കന്നബിസ്‌ (ലാറ്റിൻ ഭാഷയിൽ നിന്ന് ഉത്ഭവം) ഗണത്തിൽപ്പെടുന്ന പുഷ്പിക്കുന്ന ചെടിയാണ്‌ കഞ്ചാവ്‌. കന്നബിസ്‌ ഇൻഡിക്ക, കന്നബിസ്‌ സറ്റൈവ, കന്നബിസ്‌ റുഡെറലിസ്‌ എന്ന മൂന്ന് ഉപവർഗ്ഗങ്ങളിൽ കാണുന്നു ഈ ചെടി കൂടുതൽ കാണപ്പെടുന്നത്‌ ഏഷ്യ ഭൂഖണ്ഡത്തിലാണ്‌. ഇത്‌ ഒരു ഔഷധമായും ലഹരി പദാർത്ഥമായും ഉപയോഗിക്കുന്നു. കന്നാബിസ് ഇൻഡിക്ക എന്ന കഞ്ചാവ് ചെടിയെ സംസ്കൃതത്തിൽ ഗഞ്ചിക എന്നാണ്‌ വിളിക്കുന്നത്. നേപ്പാളിലും മറ്റും ഇത് ഗഞ് ആണ്‌. ഇവയിൽ നിന്നാണ്‌ മലയാളത്തിലെ കഞ്ചാവ് എന്ന വാക്ക് ഉണ്ടായത്.കഞ്ചാവ് ചെടിയിൽ നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, കഞ്ചൻ, സ്റ്റഫ്, മാരിവ്വാന (marijuana) എന്നീ പേരുകളിലും പ്രാദേശികമായി വിളിക്കപ്പെടുന്നുണ്ട്.

കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ്‌ എന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കൾ പുരാതന ഇന്ത്യയിലെ ‘ ഇന്തോ-ആര്യന്മാരും’ പിന്നെ ഹഷാഷിനുകളുമായിരുന്നു. പല പുരാതന ആയുർവ്വേദഗ്രന്ഥങ്ങളിലും കഞ്ചാവ്‌ മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. പുരാതന ഭാരതത്തിൽ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക്‌ ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്റ്റിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന്‌ പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ ഇൻഡോ-ആര്യന്മാരിൽ നിന്ന് അസ്സീറിയന്മാർ ‍സൈത്യരും ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവർക്കിടയിലെ ഷാമാൻ എന്ന വൈദ്യ-പുരോഹിതന്മാർ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നു.

മൂവായിരം വർഷങ്ങൾ പഴക്കമുള്ള ഭാരതീയ-ചൈനീസ് ഗ്രന്ഥങ്ങളിൽ പോലും കഞ്ചാവിന്റെ ഉപയോഗത്തെ സംബന്ധിച്ച് രേഖകളുണ്ട്. ബെറിബെറി, മലബന്ധം, മലേരിയ, സന്ധി വാതം , ശ്രദ്ധക്കുറവ്, വിഷാദരോഗം, നിദ്രാവിഹീനത, ഛർദി തുടങ്ങിയ അവസ്ഥകൾക് പരിഹാരമായി കഞ്ചാവ് നിർദ്ദേശിക്കപ്പെട്ടിരുന്നതായ് ഈ ഗ്രന്ഥങ്ങൾ പറയുന്നു..

1800-കളുടെ മധ്യത്തിൽ ഗൊണേറിയ, നെഞ്ച് വേദന തുടങ്ങിയ അസുഖങ്ങൾകുള്ള ചികിൽസാവിധികളിലും ഈ സസ്യം നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വേദന സംഹാരിയായും വിശപ്പ് വർധിപ്പിക്കുവാനും ലൈംഗിക പ്രശ്നങ്ങൾകും ഉള്ള ഔഷധം എന്ന നിലയ്ക്കും കഞ്ചാവ് സത്ത് വിപണനം ചെയ്തിരുന്നു. കഞ്ചാവ് സത്തിന്റെ നിർമ്മാണരീതികൾകനുസരിച്ച് അത് മനുഷ്യ ശരീരത്തിലുളവാക്കുന്ന ഫലങ്ങൾ വ്യത്യാസപ്പെടുന്നു എന്ന് മനസ്സിലാക്കിയതിനാലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ അവസ്ഥകൾക് മറ്റ് മെച്ചപ്പെട്ട മരുന്നുകൾ ലഭ്യമായത് കൊണ്ടും ഇതിന്റെ ഉപയോഗം ക്രമേണ കുറഞ്ഞ് വന്നു.

കഞ്ചാവിൽ നിന്ന് നിർമ്മിക്കപ്പെടുന്ന രണ്ട് ഔഷധങ്ങൾ ഇപ്പോൾ അമേരിക്കയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. കഞ്ചാവിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ടെട്രാ ഹൈഡ്രോ കനാബിനോൾ ഉള്ള ഡ്രോണാബിനോൾ ഗുളിക 1985 മുതൽ അമേരിക്കൻ വിപണിയിൽ ലഭ്യമാണ്. കീമോതെറാപ്പിയോടനുബന്ധിച്ചിട്ടുണ്ടാകുന്ന ഓക്കാനവും ഛർദിക്കുമുള്ള മരുന്നായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. എയ്ഡ്സ് രോഗികളിലെ വിശപ്പില്ലായ്മയും ഭാരക്കുറവിനും ഈ മരുന്ന് നിർദ്ദേശിക്കപ്പെടുന്നുണ്ട്. നാബിലോൺ എന്ന മരുന്നിലാകട്ടെ, ടെട്രാ ഹൈഡ്രോ കനാബിനോളുമായി സാമ്യതയുള്ള കൃത്രിമമായി നിർമ്മിക്കുന്ന ഒരു കനാബിനോയ്ഡ് ആണ് ഉപയോഗിക്കുന്നത്. കീമോതെറാപ്പിയുമായി ബന്ധപ്പെട്ട ഓക്കാനത്തിനും ഛർദ്ദിക്കുമാണ് ഇതും നിർദ്ദേശിക്കുന്നത്.

കാനഡയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ടെട്രാ ഹൈഡ്രോ കനാബിനോളും കനാബിഡയോളും അടങ്ങിയ മൗത്ത് സ്പ്രേ നാബിക്സിമോൾ എന്ന പേരിൽ കാൻസർ സംബന്ധിയായ വേദനകൾക്കായിട്ടും, മൾടിപിൾ സ്ക്ലീറോസിസ് മൂലമുള്ള പേശീവലിവിനും വേദനകൾകും ആയി നിർദ്ദേശിക്കപ്പെടുന്നുണ്ട്. അമേരിക്കയിൽ പ്രസ്തുത മരുന്നിനെ പറ്റിയുള്ള പഠനങ്ങൾ തുടരുകയാണ്. മൈഗ്രേൻ, മൾടിപ്പിൾ സ്ക്ളീറോസിസ്, ആസ്ത്മ, പക്ഷാഘാതം, പാർകിൻസൺസ് അസുഖം, അൽഹൈറ്റ്മേഴ്സ് അസുഖം, അമിത മദ്യപാനം, ഉറക്കമില്ലായ്മ, ഗ്ലോക്കോമ, ഒബ്സസീസ് കമ്പൽസീവ് ഡിസോർഡർ തുടങ്ങിയ അസുഖങ്ങൾക്ക് കഞ്ചാവ് ഫലപ്രദമായ മരുന്നാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അമേരിക്കയുൾപടെയുള്ള പല രാജ്യങ്ങളിലും കഞ്ചാവിന്റെ നിർമ്മാണത്തിലും വിതരണത്തിലുമുള്ള നിയമപരമായ വിലക്കുകളും നിയന്ത്രണങ്ങളും കാരണം ഔഷധമെന്ന നിലക്കുള്ള കഞ്ചാവിന്റെ പ്രയോജനങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

ചാരായത്തിനെ അപേക്ഷിച്ച് മാരകശേഷി കുറഞ്ഞ പദാർഥമെങ്കിലും കഞ്ചാവ് കേന്ദ്ര നാഡീവ്യൂഹത്തിൽ വരുത്തുന്ന ഫലങ്ങളാണ്‌ ഇതിനെ ഒരു ലഹരി പദാർഥമായി ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നത്‌. അത്‌ തുടക്കത്തിൽ കൃത്രിമമായ ഒരു മനഃസുഖം പ്രദാനം ചെയ്യുന്നു. അതിനെ തുടർന്നുണ്ടാകുന്ന മയക്കവും സ്വപ്നാവസ്ഥയും അതുപയോഗിക്കുന്നയാൾക്ക്‌ വൈകാരിക ഉദ്ദീപനവും ആന്തരിക സുഖവും പ്രദാനം ചെയ്യുന്നു. പൊതുവെ ആഹ്ലാദ ഭരിതരായി കാണുന്ന ഇവർ വളരെ ചെറിയ പ്രേരണകൾ മൂലം അനിയന്ത്രിതമായി ചിരിക്കുന്നു. ഇവർക്ക്‌ ആക്രമണ മനോഭാവം തീരെ കാണില്ല. സമയബോധം വ്യത്യാസപ്പെടുകയും, ഏകാഗ്രത നഷ്ടപ്പെടുകയും, കേൾവി ശക്തി അതികൂർമ്മമാവുകയുംചെയ്യുന്നു. കാഴ്ച പലപ്പോഴും വക്രതയുള്ളതാകും. വിശപ്പു വർദ്ധിക്കുന്നതിനു പുറമെ ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതൽ ആസ്വദിക്കുവാൻ സാധിക്കുന്നു. തുടർച്ചയായുള്ള കന്നബിനോൾ ഉപയോഗം ഓർമ്മ, അവബോധം, മാനസികാവിഷ്കാരങ്ങൾ മുതലായവയെ പ്രതികൂലമായി ബാധിക്കുന്നു.

ഹെമ്പ് ഡ്രഗ്സ് ആക്റ്റ് നടപ്പാകുന്നതിന് ഒരു നൂറ് വർഷം മുമ്പെങ്കിലും, അന്ന് ബംഗാൾ പ്രവിശ്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റിന്, കഞ്ചാവുൾപടെ ഈ ദേശങ്ങളിൽ ഉപയോഗിക്കപ്പെടുന്ന ലഹരിമരുന്നുകളെ പറ്റി അറിവുണ്ടായിരുന്നു. നാടുവാഴികൾ ചാരായവും മറ്റ് ലഹരി പദാർഥങ്ങൾക്കും വേണ്ടി ഗവൺമെന്റിന് നൽകേണ്ടുന്ന ചുങ്കം ആദ്യമായി നടപ്പിലാക്കിയത് 1790-ലായിരുന്നു.

1793-ൽ കഞ്ചാവിനെയും കഞ്ചാവുല്പന്നങ്ങളെയും ഇതിൽ പ്രത്യേകമായി എഴുതിച്ചേർതു. ജില്ലാ കളക്റ്ററുടെ ലൈസൻസില്ലാതെ ഭാംഗ്, ഗാഞ്ചാ, ചരസ്സ്, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ കഞ്ചാവിൽ നിന്ന് ഉല്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിച്ച് തുടങ്ങുന്നത് 1793 തൊട്ടാണ്. അമിതമായ ഉപഭോഗം കുറക്കുകയും നികുതി വരുമാനം വർധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങൾ തുടങ്ങിയത്. 1800-ൽ ചരസ്സിന്റെ നിർമ്മാണവും വില്പനയും “ഏറ്റവും അപകടകരമായ തരത്തിൽ ശുദ്ധതയുള്ള കഞ്ചാവുല്പന്നം” ആയി കണക്കാക്കിക്കൊണ്ട് അത് മാത്രം പൂർണമായി നിരോധിക്കുകയുണ്ടായി. എന്നാൽ മേല്പറഞ്ഞ കണ്ടെത്തൽ തെറ്റാണെന്ന് കണ്ട് ഈ നിരോധനം പിന്നീട് 1824-ൽ പിൻവലിക്കുകയുണ്ടായി. 1849-ൽ കൽക്കട്ട പട്ടണത്തിന്റെ നികുതി വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി ചില്ലറ വില്പനയ്ക്കുള്ള കഞ്ചാവിന്റെ പരിധികൾ നിശ്ചയിക്കുകയുണ്ടായി. ഇത് പിന്നീട് ബംഗാളിൽ മുഴുവനും നടപ്പിലാക്കി. 1853-ൽ ദിവസേന നികുതി സമ്പ്രദായം പിൻവലിച്ച് ഭാരക്കണക്കിന് നികുതി നിശ്ചയിക്കൽ തുടങ്ങി. 1860-ൽ അധിക നികുതി ബാദ്ധ്യതകൾ കൂടി കഞ്ചാവ് വില്പനരംഗത്ത് ഏർപെടുത്തുകയുണ്ടായി. ബംഗാളിലേതിന് സമാനമായി മറ്റ് പ്രവിശ്യകളിലും കഞ്ചാവിന്റെ ഉല്പാദനവും, വില്പനയും ഉപഭോഗവും നിയന്ത്രിക്കുവാൻ പ്രാദേശിക ഭരണകൂടങ്ങൾ ഉൾപടെയുള്ളവർ നിർമിച്ച നിയമങ്ങൾ നിലവിലുണ്ടായിരുന്നു.

ദ ഇന്ത്യൻ ഹെമ്പ് ഡ്രഗ്സ് കമ്മീഷൻ ആക്റ്റ് (1894) : ബ്രിട്ടീഷ് ഇന്ത്യയിലെ പ്രവിശ്യയായിരുന്ന ബംഗാളിൽ കഞ്ചാവിന്റെ ഉല്പാദനവും ഉപഭോഗവും സൃഷ്ടിക്കുന്ന ആഘാതങ്ങളെ സംബന്ധിച്ച് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമ്മൺസിൽ, 1893 മാർച്ച് രണ്ടിന് ഉന്നയിക്കപ്പെട്ടൊരു ചോദ്യത്തിന്റെ പ്രതികരണമായിട്ടാണ് അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് 1893 ജൂലൈ 3-ന് ഒരു ഏഴ് അംഗ കമ്മീഷനെ ഈ വിഷയം പഠിക്കുവാനായി നിയോഗിച്ചത്. പിന്നീട് കിംബർലി പ്രഭുവിന്റെ നിർദ്ദേശപ്രകാരമാണ് കമ്മീഷന്റെ പരിധി ഇന്ത്യയൊട്ടാകെ ആക്കുവാൻ തീരുമാനിച്ചത്. 1893 ഓഗസ്റ്റ് മൂന്നിന് കൽക്കട്ടയിൽ [ഇന്നത്തെ കൊൽക്കത്ത] ആണ് കമ്മീഷൻ അദ്യമായി കൂടിയത്. 1894 ഓഗസ്റ്റ് ആറിന് കമ്മീഷന്റെ പഠനം പൂർതിയാക്കിയപ്പോൾ ബർമയിലെയും ബ്രിട്ടീഷ് ഇന്ത്യയിലെയും എട്ട് പ്രവിശ്യകളിലെ മുപ്പത്ത് പട്ടണങ്ങളിൽ ആകെമൊത്തം നടന്ന 86 മീറ്റിങ്ങുകളിൽ വെച്ച് 1193 സാക്ഷികളിൽ നിന്നും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ഏഴു വോള്യങ്ങളിൽ, 3281 പേജ് ബൃഹത്തായ ഒരു റിപ്പോർടാണ് ഏഴംഗ കമ്മീഷൻ നൽകിയത്. കഞ്ചാവിന്റെ അമിതമല്ലാത്ത ഉപയോഗം മനസ്സിന് തകരാറുകൾ ഒന്നും വരുത്തുന്നില്ല എന്നൊരു കണ്ടെത്തൽ കമ്മീഷൻ നടത്തിയിരുന്നു.

ഇന്ത്യയിൽ 1985 വരെ കഞ്ചാവിന്റെ ഉപയോഗം നിയമപരമായി നിരോധിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ തന്നെ കഞ്ചാവിന്റെയും അതിൽ നിന്നുള്ള ഉല്പന്നങ്ങളുടെയും നിർമ്മാണവും വിപണനവും ഉപഭോഗവും സ്വതന്ത്രമായി നടന്നിരുന്നു. 1961 മുതൽ അമേരിക്കൻ ഐക്യനാടുകൾ എല്ലാവിധ മയക്കുമരുന്നുകൾ നിരോധിക്കുന്നതിന് വേണ്ടി ആഗോളതലത്തിൽ ശക്തമായ പ്രചരണം ആരംഭിച്ചിരുന്നുവെങ്കിലും ചരസ്സ്, ഭാംഗ് മുതലായ കഞ്ചാവുല്പന്നങ്ങൾക്ക് ഇന്ത്യയിലുള്ള പ്രത്യേക സാംസ്കാരിക പ്രാധാന്യം നിമിത്തം 25 വർഷത്തോളം അമേരിക്കൻ സമർദങ്ങളെ വകവെച്ച് പോന്നിരുന്നില്ല. എന്നാൽ 1985-ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധിക്ക് അമേരിക്കൻ താല്പര്യങ്ങൾക്ക് വഴങ്ങേണ്ടി വരികയും കഞ്ചാവ് നിരോധനത്തിനായുള്ള നടപടികൾ സ്വീകരിക്കേണ്ടതായും വന്നു.

1985 സെപ്റ്റമ്പർ 16-ന് ലോകസഭ പാസാക്കിയ നാർകോടിൿ ഡ്രഗ്സ് ആൻഡ് സൈകോട്രോപിൿ സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) (Narcotic Drugs & Psychotropic Substances (NDPS) Act) പ്രകാരമാണ് ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം ഗവൺമെന്റിന്റെ നിയന്ത്രണത്തിന് വിധേയമാക്കിയത്. 2012 വരെ അമേരിക്കൻ ഐക്യനാടുകളിലെ 19 സ്റ്റേറ്റുകളിലും ഔഷധാവശ്യങ്ങൾക്കുള്ള കഞ്ചാവിന്റെ ഉപഭോഗം നിയമാനുസൃതമാണ്.



from ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam https://ift.tt/2NkZjic
via IFTTT

No comments:

Post a Comment