കാടിന്റെ തണുപ്പും കാഴ്ചകളുമായി പറമ്പിക്കുളം യാത്ര 💚 ♥ .Parambikulam Tiger Reserve - ROUTE MAP - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, August 26, 2018

കാടിന്റെ തണുപ്പും കാഴ്ചകളുമായി പറമ്പിക്കുളം യാത്ര 💚 ♥ .Parambikulam Tiger Reserve - ROUTE MAP


കാടും മലയും നിരവധി തവണ മാടി വിളിച്ചിട്ടുണ്ട്, കാടിന്‍റെ മടിയില്‍ അന്തിയുറങ്ങിയിട്ടുണ്ട്, മരങ്ങളോടും, മൃഗങ്ങളോടും കഥകള്‍ പറഞ്ഞിട്ടുണ്ട്, ഇല്ലാത്ത കാട്ടുവഴികളിലൂടെ ക്യാമറയും തൂക്കി നടന്നിട്ടുണ്ട്, പക്ഷേ കാട്ടിലെ മഴ നനയണമെന്ന പൂതി അവശേഷിച്ചു. അങ്ങനെയാണ് പ്രിയതമക്കൊപ്പം പറമ്പിക്കുളത്തേക്ക് കാട് കയറിയത്.
.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്. നെല്ലിയാമ്പതി മലയുടെയും ആനമലയുടെയും ഇടയില്‍ കിടക്കുന്ന പറമ്പിക്കുളത്ത് എത്തിച്ചേരാന്‍ തമിഴ്നാട്ടിലൂടെ മാത്രമേ വഴിയുള്ളൂ. പാലക്കാട് നഗരത്തില്‍നിന്നും 110 കി.മീ ദൂരമുണ്ട് പറമ്പിക്കുളത്തേക്ക്.
.
മഴക്കാലത്ത് പറമ്പിക്കുളം പച്ചക്കുടചൂടി നില്‍ക്കും , കൂടുതല്‍ സുന്ദരിയായി സഞ്ചാരികളെ മാടിവിളിക്കും. മുന്‍കൂട്ടി ബുക്ക്‌ ചെയ്ത പ്രകാരം പട്ടാമ്പിയില്‍ നിന്നും യാത്ര ആരംഭിച്ചു. ഒറ്റപ്പാലം - ആലത്തൂര്‍ - കൊല്ലങ്കോട് വഴി ഗോവിന്ദാപുരം ചെക്ക്പോസ്റ്റ്‌ പിന്നിട്ട് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ഇരുവശങ്ങളിലും പുളിമരങ്ങള്‍ തണലിട്ട നീണ്ടുനിവര്‍ന്ന മനോഹരമായ വഴികളിലൂടെ സേത്തുമടയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് ആനമല വഴി തമിഴ്നാട് ചെക്ക്പോസ്റ്റിലെത്തി. ഇനിയുള്ള വഴി തികച്ചും മോശമാണ്, വഴിയില്‍ എവിടേയും വണ്ടി നിര്‍ത്തരുത്, മൃഗങ്ങളെ കണ്ടാല്‍ ഹോണ്‍ മുഴക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തമിഴ്നാട് ഉദ്യോഗസ്ഥര്‍ തന്നത്.
.
കുഴികള്‍ നിറഞ്ഞ കാട്ടുവഴിയിലൂടെ ശ്രദ്ധയോടെ വേണം വണ്ടിയോടിക്കാന്‍. കയറുംതോറും റോഡിന്‍റെ ഒരു വശത്തെ ആഴം കൂടുന്നത് കാണാം. വളവുകള്‍ തിരിഞ്ഞ് കയറുമ്പോള്‍ ആനകള്‍ വഴിമുടക്കികളായി നില്‍ക്കാം . കാറിന്‍റെ ഗ്ലാസുകള്‍ താഴ്ത്തി കാടിന്‍റെ മണവും, നിറവും, സംഗീതവും ആസ്വദിച്ച് 13 കി.മീ. പിന്നിട്ട് കേരള ചെക്പോസ്റ്റിലെത്തി. ബാഗും, കാറും കര്‍ശന പരിശോധനക്ക് വിധേയമാക്കി. ലഹരി പദാര്‍ത്ഥങ്ങളും, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുമായി ആരും ഇങ്ങോട്ടേക്ക് വരണ്ട. കാട്ടിലൂടെ വീണ്ടും 4 കി.മീ പിന്നിട്ട് ഉച്ചക്ക് 12 മണിയോടെ ടിക്കറ്റ് കൌണ്ടറില്‍ എത്തിച്ചേര്‍ന്നു.
.
തുണക്കടവിലെ തടാക കരയിലെ ട്രീ ടോപ്പ്‌ ഹട്ടാണ് ഞങ്ങള്‍ ബുക്ക്‌ ചെയ്തിരിക്കുന്നത്. രണ്ടു പേര്‍ക്ക് ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനുമായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് 4400 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ തുണക്കടവില്‍ നിന്നും 17 കി.മീ ദൂരെയുള്ള പറമ്പിക്കുളത്തേക്കും, തിരിച്ച് തുണക്കടവിലേക്കും വനം വകുപ്പിന്‍റെ വാഹനത്തില്‍ കാട്ടിലൂടെയുള്ള സഫാരിയും.


പറമ്പിക്കുളം ഡാമിലെ റിസര്‍വോയറില്‍ അര മണിക്കൂര്‍ മുളച്ചങ്ങാടത്തില്‍ റാഫ്റ്റിങ്ങും ഉണ്ട്. ആദിവാസി സ്ത്രീകളുടെ ഗോത്ര നൃത്തം, തിരിച്ചു പോകുന്നവരെ പ്രദേശവാസിയായ ഗാർഡിന്‍റെ സംരക്ഷണം എന്നീ സൗകര്യങ്ങളും ഈ പാക്കേജിൽ ഉൾപ്പെടും.
.

ടിക്കറ്റ് കൗണ്ടറിൽ നിന്നും ഗൈഡ് മുരുകന്‍ ചേട്ടനെയും കൂട്ടി 5 കി.മീ സഞ്ചരിച്ച് തുണക്കടവിലെ ട്രീ ടോപ്പ് ഹട്ടിൽ എത്തി. തടാക കരയിലെ വലിയ മരങ്ങൾക്ക് മുകളിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഹട്ട് നിർമ്മിച്ചിരിക്കുന്നത്. പ്രതീക്ഷിക്കിച്ചതിലും അപ്പുറത്തായിരുന്നു അതിന്‍റെ ഭംഗി. ഹട്ടിന് മുകളിൽ നിന്നുള്ള കാഴ്ച്ച അതിമനോഹരമാണ്. താഴെ തടാകകരയിൽ വെള്ളം കുടിക്കാൻ വരുന്ന മാൻ കൂട്ടങ്ങളും, വെയിൽ കായൻ കിടക്കുന്ന ചീങ്കണ്ണികളുമാണ് കാഴ്ച്ച. ഭക്ഷണം കഴിക്കാന്‍ അടുത്തുള്ള ഫോറസ്റ്റ് ഗസ്റ്റ്ഹൗസിലേക്ക് പോകണം. ഉച്ചയൂണ് കഴിഞ്ഞ് അൽപ്പം വിശ്രമിച്ചപ്പോഴേക്കും വനം വകുപ്പിന്‍റെ ബസ്സ് താഴെയെത്തി. ഇനി ഇതിലാണ് യാത്ര. ഞങ്ങളെ കൂടാതെ വേറെ നാല് പേരും ഗാർഡും മാത്രമേ ബസ്സിൽ ഉള്ളൂ. ചെറിയ ചാറ്റൽ മഴയിൽ ചക്രങ്ങളുടെ പാട് മാത്രമുള്ള കാട്ട് വഴിയിലൂടെ തുള്ളി തെറിച്ച് ബസ്സ് മുന്നോട്ട് നീങ്ങി. പ്രകൃതിയാല്‍ വളര്‍ന്ന്‍ ലോകത്തിലെ ഏറ്റവും വലിയ തേക്കുകളില്‍ ഒന്നായ കന്നിമര തേക്കിനടുത്തേക്കാണ് ഞങ്ങളുടെ യാത്രാ ലക്ഷ്യം. പണ്ട് ബ്രിട്ടീഷ്കാര്‍ മൂന്ന് ഭീമന്‍ തേക്ക് മരങ്ങളെ മുറിക്കാന്‍ കല്പിക്കുകയും രണ്ടെണ്ണം മുറിക്കുകയും ചെയ്തു. കന്നിമരത്തെ മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും രക്തം വന്നുവത്രെ! അത് കണ്ട ആദിവാസികള്‍ മുറിക്കുന്നത് നിര്‍ത്തി. ഇതിന് 'കന്നിമരം' എന്നു പേര് നല്കിയെന്നുമാണ് പറയപ്പെടുന്നത്. നൂറു കണക്കിന് മാൻ കൂട്ടങ്ങളാണ് വഴിയരികിൽ. കുറച്ച് മുന്നോട്ട് നീങ്ങിയതും കുടുംബസമേതം കാട്ടാനകൾ വഴിയിൽ നിലയുറപ്പിച്ചു. ബസ്സ് ഓഫാക്കി അവരുടെ സഞ്ചാരത്തിന് വഴിയൊരുക്കി. പറമ്പിക്കുളം ടൈഗര്‍ റിസര്‍വില്‍ 78 പുലികളും 26 കടുവകളും ഉണ്ടെന്നാണ് കണക്ക് കാട്ടുപോത്ത്, കുറുക്കൻ, മ്ലാവ്, മുയൽ, കാട്ടു പന്നി, അങ്ങനെ പോകുന്നു പറമ്പിക്കുളത്തെ താമസക്കാർ.
.
തണുത്ത മഴയിൽ നനഞ്ഞു കുളിച്ചു നിൽക്കുന്ന കാട് അതീവ സുന്ദരിയായിരുന്നു. ഒരു മണിക്കൂർ യാത്ര ചെയ്ത് പറമ്പിക്കുളത്തെത്തി. മുളച്ചങ്ങാടത്തിലാണ് ഇനി യാത്ര. വിവരണാതീതമാണ് യാത്രാനുഭവം. തേക്കടിയിലെ ബോട്ട് യാത്രയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പച്ചവിരിച്ച തടാക കരയിൽ മേഞ്ഞു നടക്കുന്ന കാട്ട്പോത്തുകളും, ആനക്കൂട്ടങ്ങളും. ചങ്ങാടത്തിലെ അര മണിക്കൂർ യാത്ര കഴിഞ്ഞാൽ പരമ്പരാഗത രീതിയിലുള്ള ആദിവാസി സ്ത്രീകളുടെ ഗോത്ര നൃത്തം അരങ്ങേറും, രാത്രി ആകുന്നതോടെ തിരികെ തുണക്കടവിലേക്ക് യാത്ര തിരിക്കും


രാത്രിയിൽ കാട്ടിനുള്ളിൽ നിന്നും തിളങ്ങുന്ന കണ്ണുകൾ കാണാം. ഫോറസ്റ്റ് ഗാർഡ് മരങ്ങളുടെ മുകളിലേക്ക് ബസ്സിലിരുന്ന് ടോർച്ചടിക്കുന്നത് കാണാം. രാത്രിയിൽ ഇരയെത്തേടി പുലികൾ ഇരുപ്പുറപ്പിക്കുന്നത് മരങ്ങൾക്ക് മുകളിലാണ്. നിർഭാഗ്യവശാൽ അന്ന് രാത്രിയിൽ പുലികൾക്കൊന്നും വിശന്നില്ലെന്നു തോനുന്നു. രാത്രി 8 മണിയോടെ തുണക്കടവിൽ തിരികെയെത്തി.
.
ഞങ്ങളെയും കാത്ത് ചൂട് നെയ്ച്ചോറും തയ്യാറാക്കി മുരുകന്‍ ചേട്ടൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അത്താഴം കഴിച്ച് ഹട്ടിന് മുകളിലേക്ക് കയറി. കാടിന്‍റെ പേടിപ്പെടുത്തുന്ന ഇരുട്ടിൽ, മരം കോച്ചുന്ന തണുപ്പിൽ, കോരിച്ചൊരിയുന്ന മഴയിൽ, ഉറക്കത്തിലേക്ക് വഴുതിവീണു. ചിഹ്നം വിളിയും, കുറുക്കന്‍റെ ഓരിയിടലും രാത്രിയെ ഭയപ്പെടുത്തി.
.


കാടിനോട് പ്രണയമുള്ളവര്‍ മാത്രം പറമ്പിക്കുളത്തേക്ക് വന്നാല്‍ മതി. ലഹരിയും, പ്ലാസ്റ്റിക്കും യാത്രയെ തടസ്സപ്പെടുത്തും, ഗൈഡുകളുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം, വാഹനത്തില്‍ നിന്നും ഇറങ്ങി ഫോട്ടോയെടുക്കുന്നത് അപകടമാണ്. മഴക്കാലത്ത് പറമ്പിക്കുളം കൂടുതല്‍ സുന്ദരിയാകും, താമസത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്തേ മതിയാകു. 09442201691, 09442201690 എന്നീ നമ്പറുകളില്‍ വിളിച്ച് ബുക്ക്‌ ചെയ്യാവുന്നതാണ്. ഫോണിനു എവിടേയും റേഞ്ച് കിട്ടില്ല. ATM, പെട്രോള്‍ അവിശ്യങ്ങള്‍ക്ക് അടുത്തുള്ള പട്ടണമായ ആനമലയെ ആശ്രയിക്കാം.
.
കെ.എസ്‌.ആര്‍.ടി.സിയുടേയും, ടി.എന്‍.എസ്‌.ടി.സിയുടേയും ബസ്സുകളും പറമ്പിക്കുളത്തേക്കുണ്ട്‌. കേരള സംസ്ഥാന വനംവകുപ്പ് നേരിട്ടു നടത്തുന്ന ടൂറിസം പദ്ധതികള്‍ മാത്രമേ പറമ്പിക്കുളത്തുള്ളൂ. അതിനാല്‍ താമസം, ഭക്ഷണം എന്നീ കാര്യങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്.
 

No comments:

Post a Comment