കാണാക്കാഴ്ചകള്‍ തേടിയുള്ള യാത്രയില്‍ ഇത്തവണ ഞങ്ങളുടെ മനസ്സും വാഹനവും ഓടിയത് കാറ്റാടിക്കടവിലേക്കാണ്. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, September 3, 2018

കാണാക്കാഴ്ചകള്‍ തേടിയുള്ള യാത്രയില്‍ ഇത്തവണ ഞങ്ങളുടെ മനസ്സും വാഹനവും ഓടിയത് കാറ്റാടിക്കടവിലേക്കാണ്.



കാണാക്കാഴ്ചകള്‍ തേടിയുള്ള യാത്രയില്‍ ഇത്തവണ ഞങ്ങളുടെ മനസ്സും വാഹനവും ഓടിയത് കാറ്റാടിക്കടവിലേക്കാണ്. മൂവാറ്റുപുഴയില്‍നിന്ന് വണ്ണപ്പുറവും കഴിഞ്ഞ് കട്ടപ്പന വഴിയില്‍ കോടമഞ്ഞിന്റെ അകമ്പടിയോടെ ഏഴുകിലോമീറ്റര്‍ കയറ്റങ്ങളും വളവുകളും താണ്ടിയെത്തിയത് കള്ളിപ്പാറ എന്ന ചെറിയ കവലയില്‍. കോടയില്‍ മുങ്ങിയിരുന്ന ആ കവലയിലെ ചായപ്പീടികയില്‍നിന്ന് ആവി പറക്കുന്ന ചായയും പരിപ്പുവടയും കഴിച്ചിരിക്കുമ്പോഴെത്തി നല്ല ഉശിരന്‍ പേമാരി. അധികം താമസിക്കാതെ പുള്ളിക്കാരന്‍ പോയപ്പോള്‍ നമ്മുടെ കോടയെയും കൂടെ കൊണ്ടുപോയി. പിന്നെ തെളിഞ്ഞ അന്തരീക്ഷത്തില്‍ കടയുടെ എതിര്‍ദിശയിലെ മണ്‍വഴിയിലൂടെ മുകളിലേക്ക്.
.
രണ്ടുകിലോമീറ്റര്‍ ദൂരം വരുന്ന ഈ വഴി നാലുചക്രവാഹനങ്ങള്‍ക്കു മാത്രമാണ് അനുയോജ്യം. മുന്നോട്ടുള്ള യാത്രയില്‍ പല സ്ഥലങ്ങളിലും വാഹനം ചേറില്‍ താണും മറ്റും പണി തന്നുകൊണ്ടേയിരുന്നു, കൂടെ ചാറ്റല്‍മഴയും. മുന്നില്‍ കാര്‍ഷികസമൃദ്ധി നിറച്ച് കൊക്കോ, കുരുമുളക്, കാപ്പി, ചിക്കറി, നെല്ലി എന്നിവ വിളഞ്ഞുനില്‍ക്കുന്ന കാഴ്ചകള്‍ കണ്ടും ചില വ്യൂ പോയിന്റുകളിലെ ദൂരക്കാഴ്ചകള്‍ ഒപ്പിയെടുത്തുമായിരുന്നു യാത്ര. പോകുന്ന വഴിവക്കിലെല്ലാം സൂചനാബോര്‍ഡുകള്‍ ഉള്ളതുകൊണ്ട് വഴി തെറ്റില്ല. പ്രതിബന്ധങ്ങളെല്ലാം തരണംചെയ്‌തെത്തിയത് മറ്റൊരു കുന്നിനു താഴെ. ഇവിടന്നങ്ങോട്ട് നടപ്പു വഴിയാണ്. വണ്ടി ഒതുക്കി. കൊണ്ടുവന്ന ഭക്ഷണവും വടിയും കുടയുമെടുത്ത് തെരുവപ്പുല്‍ നിറഞ്ഞ വഴിയിലൂടെ മുകളിലേക്ക് നടന്നുതുടങ്ങി. ഏകദേശം അരകിലോമീറ്റര്‍കൊണ്ട് ലക്ഷ്യത്തില്‍ എത്തിയപ്പോഴേക്കും മഴ മാറി. കാഴ്ചയുടെ പെരുമഴയില്‍ എല്ലാവരും ഉഷാറായി. നാട്ടുകാരുടെ വക ഈ സ്ഥലത്തിന് മരതകമലയെന്ന മറ്റൊരു പേര്‍കൂടി നല്‍കിയിട്ടുണ്ട്.
.


പച്ചപുതച്ച മലമുകളിലെ പുല്‍മേട്ടിലെ കാഴ്ചകളില്‍ കോടമഞ്ഞിന്റെ അകമ്പടികൂടിയായപ്പോള്‍, പറയാനുണ്ടോ! ഏവരും ചിത്രശലഭങ്ങളെപ്പോലെ പാറിനടന്ന് ചിത്രങ്ങള്‍ ഒപ്പുന്ന തിരക്കിലായി. ഇതിനിടയിലാണ് മാമുനിയറയിലേക്കുള്ള ബോര്‍ഡ് കണ്ണില്‍ തടഞ്ഞത്. അല്പം ചെങ്കുത്തായി ഇറങ്ങിവേണം ഇവിടേക്ക് എത്താന്‍. നാലോ അഞ്ചോ പേര്‍ക്ക് കയറിനില്‍ക്കാന്‍ കഴിയുന്ന പാറയില്‍ പ്രകൃതി ഒരുക്കിയ അറയും അതിനകത്ത് പഴയ ലിപികളിലെഴുതിയ കാഴ്ചകളും ജിജ്ഞാസയുളവാക്കും. ഗുഹാമുഖത്തിന് അഭിമുഖമായി കുറച്ചുകൂടെ താഴേയ്ക്ക് ഇറങ്ങിയാല്‍ ഒരു വ്യൂ പോയിന്റാണ്. തിരശ്ശീല തീര്‍ത്ത കോടമഞ്ഞ് മാറുമ്പോള്‍ താഴ്വാരങ്ങളിലെ വിസ്മയക്കാഴ്ചകളില്‍ വെള്ളിയരഞ്ഞാണംപോലെ കിളിയാര്‍ പുഴയും ഇടുക്കി റോഡും വണ്ണപ്പുറം സിറ്റിയും ഹരിതാഭമായ വനപ്രദേശങ്ങളും മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മറ്റു മലകളും ഹൃദയം കവരും.

 
സമയം രണ്ട് കഴിഞ്ഞിരുന്നു, തിരിച്ച് വീണ്ടും മുകളിലെത്തി ഭക്ഷണം കഴിച്ച് അല്പം വിശ്രമത്തിനുശേഷം വീണ്ടും മുന്നില്‍ കണ്ട നടപ്പാതയിലൂടെ താഴേക്ക്. എത്തിച്ചേര്‍ന്നത് ഇരുള്‍ മൂടിയ ചോലവനത്തില്‍. വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഔഷധസസ്യങ്ങളും കാട്ടുപുഷ്പങ്ങളും പക്ഷികളും നിറഞ്ഞ്, മനുഷ്യ പ്രഹരങ്ങള്‍ ഏല്‍ക്കാത്ത, അധികമാരും എത്തിച്ചേരാത്ത കാട്. ഒരേസമയം കാടിനോടുള്ള സ്‌നേഹത്തോടെയും ഒരല്പം ഭയത്തോടെയുമാണ് ഈ ഭാഗം കടന്നുപോയത്. യാത്ര ഒരു പാറയുടെ അരികുപറ്റി മറ്റൊരു മലയുടെ താഴ്‌വാരത്താണ് എത്തിയത്.
.
ഇവിടെയുള്ളവയില്‍ ഈ മലയാണ് ഉയരത്തിലും, വലുപ്പത്തിലും തലയുയര്‍ത്തി നില്‍ക്കുന്നത്. ഇവനെ കീഴ്പ്പെടുത്താന്‍ ഒരാള്‍പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന തെരുവപ്പുല്‍ വകഞ്ഞുമാറ്റി. കോടമഞ്ഞിനിടയിലൂടെയുള്ള നടത്തം പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവംതന്നെയായിരുന്നു. മുകളിലെത്തി തിരിഞ്ഞുനോക്കുമ്പോള്‍ കയറിവന്ന വഴിയും വനവും ആദ്യം കയറിയ മലയുമെല്ലാം കോടമഞ്ഞില്‍ ഒളിച്ചുകളിക്കുന്ന കുളിരണിയിക്കുന്ന കാഴ്ച വിസ്മരിക്കാന്‍കഴിയില്ല. മലമുകളിലേക്ക് കയറുമ്പോള്‍മുതല്‍ ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടിരുന്നു, ഇപ്പോള്‍ അത് ദൃശ്യമായി. ആയിരം അടി മുകളില്‍നിന്ന് ഹരിത കോട്ടയ്ക്കിടയിലൂടെ പല തട്ടുകളായ് പാല്‍വര്‍ണത്തില്‍ പതിക്കുന്ന കാഴ്ചയും വിദൂരക്കാഴ്ചയായ് മീനൂളിയാന്‍ പാറയും ഇവിടെനിന്നു കാണാം. ഇടത്തന കുത്ത് എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് കള്ളിപ്പാറ കവലയില്‍നിന്ന് ആറുകിലോമീറ്റര്‍ ദൂരമുണ്ട്. ഏകദേശം ആദ്യം കയറിയ മലയില്‍നിന്നുള്ള കാഴ്ചകള്‍തന്നെയാണ് ഇവിടെയും.
.
ദൂരപ്രദേശങ്ങളില്‍ ഈ സമയം മഴപെയ്യുന്നതും മഴയുടെ സഞ്ചാരവും കണ്ട് രസിച്ചിരിക്കവേ, കാറ്റാടിക്കടവിലെ കാറ്റിനെയും കോടയെയും നിസ്സാരനാക്കി മഴ എത്തി. മഴയെ ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ച്, അവിടം ഒരു ഉത്സവപ്പറമ്പാക്കിമാറ്റി. മഴ മാറി തെരുവപ്പുല്ലിന്റെ നറുമണം ചാലിച്ച കാറ്റേറ്റും കോടമഞ്ഞിന്റെ തലോടലിലും കാറ്റാടിക്കടവ് എന്ന ഈ സ്വര്‍ഗത്തില്‍നിന്ന് നാലരയോടെ മലയിറങ്ങി.

No comments:

Post a Comment