കടപ്പാട് – വിനോജ് അപ്പുക്കുട്ടൻ.
തുര്‍ക്കി കടല്‍ത്തീരത്ത് മുഖംപൂഴ്ത്തിക്കിടന്ന ഐലന്‍ കുര്‍ദിയുടെ ജീവനറ്റ കുരുന്നുദേഹം ഓര്‍ക്കുന്നില്ലേ? 2015 സെപ്തംബർ 2 ന് പുലരിയിൽ തുർക്കിയിലെ ബ്രോഡം തീരത്ത് മണലിൽ മുത്തമിട്ടു കിടന്ന ആ കുഞ്ഞിനെ ആദ്യം കണ്ടത് മെഹ് മദ് സിപ്ലക് എന്ന പോലീസുകാരനായിരുന്നു. ജീവനുണ്ടാകണേ എന്ന പ്രാർത്ഥനയോടെ ഓടി ചെന്ന് അദ്ദേഹം മൂന്ന് വയസ് പ്രായമുള്ള ആ കുഞ്ഞു ശരീരം വാരിയെടുത്തു. ചേതനയറ്റ ശരീരമാണെന്നറിഞ്ഞ ആ പോലീസ്കാരന്റെ ഹൃദയം തകർന്ന നിമിഷങ്ങൾ. പിറ്റേന്ന് ലോകത്തുള്ള പത്രങ്ങളിൽ ആ ചിത്രം പ്രത്യക്ഷപ്പെട്ടു. ചിത്രം കണ്ട ലോകത്തെമ്പാടുള്ള ജനങ്ങൾ ഐലന് വേണ്ടി കണ്ണീർ പൊഴിച്ചു. ചിലർ കാണാനാവാതെ കണ്ണുപൊത്തി.
ലോകത്തിന്റെ കണ്ണ് നനയിപ്പിച്ച, ആരിലും സങ്കടവും വേദനയും പെയ്തിറങ്ങുന്നതായിരുന്നു ആ ഫോട്ടോ. ആ ഹതഭാഗ്യന്റെ പോസ് മറ്റൊരു രൂപത്തിലായിരുന്നുവെങ്കില്‍ അത്രകണ്ട് വൈകാരികത തോന്നിപ്പിക്കില്ലായിരുന്നു. കളര്‍ഫുള്ളായ ഡ്രസണിഞ്ഞ് കടല്‍തീരത്ത് മുഖമമര്‍ത്തി കളിക്കുന്നതുപോലെ. നിലുഫർ ഡെമിർ എന്ന 29കാരിയുടെ ക്യാമറയിൽ പതിഞ്ഞ ആ ചിത്രം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചയായി. ഐലന്റ ചിത്രം ലോകത്തെ ഉണർത്തിയപ്പോൾ അധികം അകലെയല്ലാതെ അവന്റെ ജ്യേഷ്ഠൻ അഞ്ചു വയസുകാരൻ ഗലിപും കരക്കടിഞ്ഞിരുന്നു. അതിനുമപ്പുറത്തെ തീരത്ത് ഇരുവരുടേയും അമ്മ റീഹാന്റെയും.
തുർക്കിയിൽ നിന്ന് മെഡിറ്ററേനിയൻ കടൽ കടന്നാൽ ഗ്രീക്ക് തീരമണിയാം.അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഓരോ അഭയാർത്ഥിയും കടൽ കടക്കുന്നത്. സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ബാർബറായിരുന്നു അബ്ദുള്ള കുർദി. 2010 ൽ റീഹാനെ നിക്കാഹ് ചെയ്തു. 2011 മുതലാണ് സിറിയയിൽ കലാപം തുടങ്ങുന്നത്. ഡമാസ്കസിൽ നിന്ന് റീഹാന്റെ നാടായ കൊബാനിയിൽ താമസം മാറ്റിയെങ്കിലും സംഘർഷം അവിടെയുമെത്തി. തുടർന്ന് 2012ൽ പലരേയും പോലെ തുർക്കിയിലേക്ക് പലായനം ചെയ്തു. തുടർന്ന് ഇസ്താംബൂളിലേക്ക് നീങ്ങിയ അബ്ദുള്ള ചെറിയ തൊഴിലുകളിൽ ഏർപ്പെട്ടെങ്കിലും ഭാര്യയേയും മക്കളേയും പട്ടിണിക്കിടാതെ നോക്കാൻ കഴിയുമായിരുന്നില്ല. കാനഡയിലേക്ക് 20 വർഷം മുൻപ് കുടിയേറിയ സഹോദരി തിമ അയച്ചുകൊടുക്കുന്ന പണം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നത്. തിമയും ഹെയർ ഡ്രസറാണ്.
കടൽ കടന്ന് ഗ്രീക്ക് ദ്വീപായ കോസിൽ എത്തിയാൽ മനുഷ്യക്കടത്തുകാർക്ക് പണം നൽകി ജർമ്മനിയിലെത്താം. അതിനു സഹായിച്ചതും തിമയാണ്. ഇതേ രീതിയിൽ ജീവിതം മെച്ചപ്പെടുത്തിയതാണ് സഹോദരൻ മുഹമ്മദ്. റീഹാന് പേടിയായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ തനിക്ക് നീന്തലറിയില്ലെന്നും തിമയോട് യാത്രക്കു മുൻപ് പറഞ്ഞിരുന്നു. പരമാവധി 8 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ 16 പേരുമായാണ് ബോട്ട് യാത്ര തുടങ്ങിയത്. ഏറെ കഴിയും മുമ്പേ കടൽ പ്രക്ഷുബ്ദമായി. ബോട്ട് ആടിയുലഞ്ഞു. യാത്രക്കാരെ ഉപേക്ഷിച്ച് ക്യാപ്റ്റൻ കടലിൽ ചാടി രക്ഷപ്പെട്ടു. പിന്നീട് ബോട്ട് നിയന്ത്രിച്ചത് അബ്ദുള്ളയായിരുന്നു. തന്റെ ഭാര്യയേയും മക്കളേയും ഒരു കയ്യിൽ ചേർത്തു പിടിച്ച് മറുകയ്യിൽ അദ്ദേഹം സ്റ്റിയറിംഗ് നിയന്ത്രിച്ചു. എന്നാൽ പ്രിയപ്പെട്ടവരെ ഓരോരുത്തരായി തിരമാലകൾ കവർന്നു.
അടുത്ത പ്രഭാതത്തിൽ തുർക്കിയുടെ തീരത്ത് ആ സിറിയൻ കുട്ടികളുടേയും അമ്മയുടേയും മൃതദേഹങ്ങൾ കരക്കടിഞ്ഞു. തകർന്ന ബോട്ടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന അബ്ദുള്ളയേയും മറ്റു ചിലരേയും മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. ’എന്റെ മക്കളെ മനുഷ്യരെപ്പോലെ വളർത്താൻ ഞാൻ ആഗ്രഹിച്ചു.അവരെ പിടിച്ചു നിർത്താൻ എല്ലാ ശക്തിയും പ്രയോഗിച്ചു. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എന്റെ പ്രിയപ്പെട്ടവരെ ഞാൻ മരണത്തിലേക്ക് നയിച്ചെന്ന് മരിക്കും വരെ എന്നെ കുറ്റപ്പെടുത്തും.’ സംഭവത്തിനു ശേഷം അബ്ദുള്ളയുടെ വാക്കുകളാണിത്.
തന്റെ രണ്ട് മക്കളുടേയും ഭാര്യയുടേയും മൃതദേഹങ്ങൾ അബ്ദുള്ള തന്നെയാണ് തുർക്കിയിൽ നിന്ന് ഏറ്റുവാങ്ങിയത്. ജീവനറ്റ ശരീരങ്ങൾക്കു മുന്നിൽ കരഞ്ഞു തളർന്ന അദ്ദേഹം ബോധരഹിതനായി. തങ്ങളുടെ ദുരിതം ലോകം കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് അവസാനത്തെ അനുഭവമാകണമെന്നും മറ്റൊരാൾക്കും ഇനിയിങ്ങനെ സംഭവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയിൽ നിന്ന് സിറിയയിലെത്തിച്ച മൃതദേഹങ്ങൾ കൊബാനിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടക്കം ചെയ്തു.
2011ലാണ് സിറിയയില്‍ കലാപം തുടങ്ങിയത്. ആദ്യമാദ്യം സിറിയക്കാര്‍ അയല്‍രാജ്യങ്ങളിലെ ജോര്‍ദാന്‍, ഇറാഖ്, ലെബനന്‍, തുര്‍ക്കി രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഒടുവില്‍ ഇവിടങ്ങളിലും കാലുകുത്താനിടമില്ലാത്തവിധം അഭയാര്‍ത്ഥി പ്രവാഹം ശക്തമായി. അതുകൊണ്ടാണ് തുര്‍ക്കിവഴി മെഡിറ്റേറിയനിലൂടെ ബോട്ടില്‍ പുറപ്പെട്ടത്. പലായനം ചെയ്യുന്നതിനിടയില്‍ സുരക്ഷിതമല്ലാത്ത ബോട്ട് തിരമാലകളോട് മല്ലടിച്ച് തകര്‍ന്ന് കടലില്‍ മുങ്ങിത്താഴുന്ന ആദ്യ കുടുംബമല്ല, ഐലാന്‍ കുര്‍ദി എന്ന മൂന്ന് വയസുകാരന്‍ ഉള്‍പ്പെട്ടത്. ആഗസ്ത് അവസാനവാരം വരെ 2800 പേരെങ്കിലും മെഡിറ്റേറിയന്‍ കടലില്‍ മുങ്ങിത്താണുവെന്നാണ് കണക്ക്. കടല്‍ ഒരു സെമിത്തേരിയായി അഭയാര്‍ത്ഥികള്‍ക്ക് എന്ന് പറഞ്ഞാല്‍ അത് ഒരു അതിശയോക്തിയാവില്ല! ഒരു കോടിയോളം സിറിയക്കാരാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ച് വിവിധ രാജ്യങ്ങളിലേക്കായി അഭയാര്‍ത്ഥികളായി ചിതറിയത്. ഇതൊരു റെക്കോര്‍ഡാണ്. ഇതുവരെ ആ റെക്കോര്‍ഡ് അഫ്ഗാനിസ്ഥാനായിരുന്നു. രണ്ടുലക്ഷം പേര്‍. മൂന്നാംസ്ഥാനം ഇറാഖിനും. പിറകിലായി ആഫ്രിക്കന്‍ രാജ്യങ്ങളും.
No comments:
Post a Comment