ആതിരപ്പള്ളി വാൽപാറ റൂട്ടിലെ കൊമ്പനെ തേടി ഒരു യാത്ര - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Sunday, October 21, 2018

ആതിരപ്പള്ളി വാൽപാറ റൂട്ടിലെ കൊമ്പനെ തേടി ഒരു യാത്ര

ശനിയാഴ്ച്ച രാത്രി പ്ലാൻ ചെയ്തപോലെ ഞായറാഴ്ച്ച രാവിലെ 7' മണിക്ക് തന്നെ എറണാകുളത്ത് നിന്നും ഇറങ്ങി. ഇടക്ക് ചാലക്കുടിയിൽ നിന്ന് സുഹൃത്ത് രാഹുലിനെയും ഒപ്പം കൂട്ടി. ഹൈ-വേയിലുള്ള ഒരു ഹോട്ടലിൽ നിന്നും ബ്രേക്ക്‌ ഫാസ്റ്റും കഴിച്ച് ഞങ്ങൾ കേരളത്തിലെ ഏറ്റവും മനോഹരമായ ഡെസ്റ്റിനേഷനുകളിൽ ഒന്നായ 'വാൾപ്പാറ' റൂട്ടിലേക്ക് തിരിഞ്ഞു യാത്ര തുടർന്നു...

'എന്ത് പറ്റിയാവ്വോ,, അങ്ങോട്ടേക്ക് ഇന്ന് സഞ്ചാരികളെയൊന്നും കാണാനില്ലല്ലോ. ഡ്രൈവിങിനിടക്ക് വെറുതെ ഓർത്തു. വാഴച്ചാൽ ചെക്ക് പോസ്റ്റും കഴിഞ്ഞു കാടിന്റെ ഉള്ളിലേക്ക് പോകും തോറും സിരകളിൽ ത്രില്ലിനൊപ്പം ഭയവും നിറയാൻ തുടങ്ങി. കേട്ടിട്ടുണ്ട്, ഏതു നിമിഷവും ഒരു വളവിനപ്പുറം അവനെ പ്രതീക്ഷിക്കണം. ഈ റൂട്ടിൽ അവനൊരു നിത്യ സംഭവമാണ്.
'മുന്നിൽ ആനയെ കണ്ടാൽ ഒച്ചയുണ്ടാക്കാതെ ഹോണടിക്കാതെ എന്നാൽ വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്യാതെ ഇരിക്കുക. അത് മാത്രമേ വഴിയുള്ളൂ... എന്നിട്ടും ആക്രമിക്കാൻ വരുന്നു എന്ന് തോന്നുകയാണെങ്കിൽ ഡോർ തുറന്ന് ഇറങ്ങി ഓടുക. വാഹനം പോയാലും ജീവൻ പോകരുതല്ലോ'' ഞാനവർക്ക് ക്ലാസ് എടുത്ത് കൊടുത്തു പതിയെ നീങ്ങിക്കൊണ്ടിരുന്നു...
കുറച്ചു കൂടി കഴിഞ്ഞു മുന്നോട്ട് നീങ്ങിയപ്പോൾ മുന്നിൽ ഫ്രഷ് ആനപ്പിണ്ടം. എന്റെ മുഖത്തെ ചിരി മാഞ്ഞു, രക്തം വാർന്ന മുഖത്തോടെ ഞാൻ പാത്തുവിനെ ഒന്ന് നോക്കി. അവൾക്കും പുറകിലിരിക്കുന്ന രാഹുലിനും പക്ഷെ കുലുക്കമൊന്നുമില്ല. ക്യാമറ പുറത്തേക്ക് തുറന്നു വെച്ചിരിക്കുന്നു രണ്ടുപേരും.
എന്റെ ഭയം കണ്ടിട്ടാകണം അവൾ പറഞ്ഞു. "നിങ്ങൾ പേടിക്കേണ്ട, ഓടേണ്ട അവസ്ഥ വന്നാൽ ഞാൻ ഓടി രക്ഷപ്പെട്ടോളാം. നിങ്ങൾ ആണുങ്ങൾക്ക് മാത്രമല്ല ഞങ്ങൾ പെണ്ണുങ്ങൾക്കും അറിയാം ഓടാനും ചാടാനും രക്ഷപ്പെടാനും" അവളിലെ 'ഫെമിനിസം' ഉണർന്നു...
എന്തോ,,, ഞാൻ ഒരുപാട് ഭയപ്പെട്ടെങ്കിലും, ചിലയിടങ്ങളിൽ റോഡ് ഇത്തിരി മോശമാണെങ്കിലും ഒന്നും സംഭവിക്കാതെ മലക്കപ്പാറ ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. വരുന്ന വഴി ആതിരപ്പള്ളി മുതൽ മലക്കപ്പാറവരെ വരണ്ടുണങ്ങിക്കിടക്കുന്നു. നീർച്ചോലകൾ വെറും കൊട്ടച്ചാലുകൾ ആയി മാറിയിരിക്കുന്നു. കനത്ത വേനലിൽ സഹ്യന്റെ കണ്ണുനീർ വറ്റിയിരിക്കുന്നു.

ഉയരും കൂടും തോറും സ്വാദ് കൂടുമെന്നൊരു പരസ്യം പോലെയാണ് വാൾപ്പാറയും. കാഴ്ചയിൽ അവളെന്നും മൊഞ്ചാണ്. 'മലബാറിലെ തട്ടമിട്ട ഉമ്മച്ചിക്കുട്ടിയെപ്പോലെ' അവൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നു, പ്രകൃതി അവളെ അണിയിച്ചൊരുക്കിയിരിക്കുന്നു.
സമുദ്ര നിരപ്പിൽ നിന്നും 3500 - അടി ഉയരത്തിലാണെങ്കിലും ഏത് സീസണിലും വാൾപ്പാറയിലെ തേയിലത്തോട്ടങ്ങളും മേഘങ്ങളെ തഴുകി നിൽക്കുന്ന കുന്നുകളും അവക്കിടയിലെ യൂക്കാലിപ്സ് മരങ്ങളും വഴിയരികിൽ കണ്ണുകളെ കുളിരണിയിപ്പിക്കാനായി നമ്മൾ സഞ്ചാരികളെ വീണ്ടും അതുവഴി മാടി വിളിച്ചു കൊണ്ടേയിരിക്കുന്നു.
ഇടക്ക് ഫോട്ടോകൾ എടുത്തും കുഞ്ഞു കടകളിൽ വാഹനം നിർത്തി സാധങ്ങൾ മേടിച്ചും ഞങ്ങൾ യാത്ര തുടർന്നു....
മൊട്ടക്കുന്നുകളും കാടുകളും കയറിയിറങ്ങി ചുരങ്ങളും വളവുകളും താണ്ടി ആളിയാറിലേക്ക് താഴ്ന്നു പോകും തോറും, കരഞ്ഞു കണ്ണുനീർ വറ്റിയതു പോലെ ഇടക്കൊക്കെ പ്രകൃതി നമ്മെ സങ്കടപ്പെടുത്തുന്നു. ഓരോ പുൽക്കൊടിയും ഇവിടം കാലവർഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്. യാത്രകളെ സ്നേഹിക്കുന്നവരുടെ കണ്ണുകൾക്ക് കാഴ്ച്ചകളുടെ വസന്തം തീർക്കാനായി...



പ്രകൃതിക്ക് പച്ച നിറം കുറവാണെങ്കിലും മലമടക്കുകളിൽ നിന്ന് നീർച്ചോലകൾ ഒഴുകിയിറങ്ങുന്നില്ലെങ്കിലും ഈ യാത്ര ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല. പൊള്ളാച്ചിയുടെ പ്രാന്ത-പ്രദേശങ്ങളിലൂടെ തെങ്ങും മാവും പപ്പായയും കരിമ്പും പൂക്കുന്ന കൃഷിയിടങ്ങളിലൂടെ തിരിച്ചു മീനാക്ഷിപുരം വഴി വടക്കഞ്ചേരി NH - ലേക്ക് വാഹനം എത്തി നിന്നപ്പോൾ ഞങ്ങൾ പറഞ്ഞു, മൺസൂൺ ആകട്ടെ ഒന്നുകൂടി വരണം. ആ ഒരു പെരുമഴക്കാലത്ത് ഇതേ ചുരങ്ങൾ താണ്ടി, മേഘങ്ങളെ ഉമ്മ വെക്കുന്ന വാൾപ്പാറയിലെ പർവ്വതങ്ങളിൽ നിന്നുകൊണ്ട്, അവിടം ഇറ്റു വീഴുന്ന കോടമഞ്ഞും പുതഞ്ഞു കൊണ്ട് ഞങ്ങൾക്കും പങ്കുവെക്കാനുണ്ട്, ഞങ്ങളുടെ സ്വപ്നങ്ങളും സങ്കടങ്ങളും ഒപ്പം ഇനിയുള്ള യാത്രാ മോഹങ്ങളും. അതേ, ഇനിയുമൊരു മൺസൂണിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു..!
എറണാകുളം - അങ്കമാലി - ചാലക്കുടി - വാഴച്ചാൽ - മലക്കപ്പാറ - വാൾപ്പാറ - ആളിയാർ - ആനമലൈ - മീനാക്ഷിപുരം - വടക്കാഞ്ചേരി - തൃശൂർ - എറണാകുളം.
Travel Date : 04/02/2018




No comments:

Post a Comment