“തായ്‌വാൻ നയാഗ്ര” – ഇനി എവിടേക്ക് യാത്ര പോവും എന്ന ചോദ്യത്തിനുള്ള ഉത്തരം - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, November 21, 2018

“തായ്‌വാൻ നയാഗ്ര” – ഇനി എവിടേക്ക് യാത്ര പോവും എന്ന ചോദ്യത്തിനുള്ള ഉത്തരം

വിവരണം – സമദ് അബ്ദുൽ.

വെറുതെ ഇന്റർനെറ്റിൽ തപ്പുന്നതിനിടയിലാണ് “തായ്‌വാൻ നയാഗ്ര” എന്ന ഒരു ഫോട്ടോയിൽ കണ്ണുടക്കിയത്. ഇനി എവിടേക്ക് യാത്ര പോവും എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ ഫോട്ടോ. തായ്‌വാൻ തലസ്ഥാനമായ തായ്‌പേയിലേക്കുള്ള എന്റെയും സഹസഞ്ചാരി മിർഷാദിന്റെയും യാത്രയുടെ തുടക്കം അവിടെയാണ് !

വിസ ആവശ്യത്തിനായി എംബസിയെ ബന്ധപ്പെട്ടപ്പോളാണ് അറിയാൻ കഴിഞ്ഞത് ഷെങ്കൻ വിസയുള്ള ഇന്ത്യക്കാർക്കു ഇ-വിസ ആണെന്നും ഓൺലൈനിൽ അപേക്ഷിക്കണമെന്നും. ആഹാ.. അങ്ങനെ ആണെങ്കിൽ ഷെങ്കൻ വിസ പാസ്സ്പോർട്ടിൽ കിടക്കുന്ന ഞങ്ങൾക്ക് സംഭവം വളരെ ഈസി ആണല്ലോ! പറഞ്ഞപ്രകാരം പാസ്പ്പോർട്ട് കോപ്പിയും വിസ പേജ് കോപ്പിയും ചേർത്തു അപേക്ഷിച്ചു. 10 മിനിറ്റ് കൊണ്ട് ഠപ്പേന്ന് വിസ റെഡി. വിസ ഫീസെല്ലാം സൗജന്യമായി തന്നെ !! ദുബായിൽ നിന്ന് തായ്‌പേയിലേക്ക് പോകുന്ന എമിറേറ്റ്സ് വിമാനത്തിൽ ടിക്കറ്റും ഉറപ്പിച്ചു.

നവംബർ 12 ആം തിയതി വൈകുന്നേരം സഞ്ചാരി ദുബായ് ഘടകത്തിന്റെ അനൗപചാരിക യാത്രയപ്പും ചുളുവിൽ കിട്ടിയ സന്തോഷത്തോടെ നേരെത്തെ തന്നെ എയർപോർട്ടിൽ എത്തി. ചെക്കിങ് ചെയ്തു നേരെ ക്രെഡിറ്റ്‌ കാർഡ് കമ്പനികൾ നൽകുന്ന ലൗഞ്ച് സൗകര്യം ഉപയോഗിക്കാനായി അഹ്‍ലൻ ലോഞ്ചിലേക്ക് വിട്ടു. വരുന്ന മൂന്നു ദിവസത്തേക്ക് ഈ കാണുന്ന ഭക്ഷണം ഒന്നും കിട്ടില്ല എന്ന് നല്ല ബോധ്യമുള്ളതിനാൽ ആർത്തിയോടെ മൂക്കറ്റം വരെ ഭക്ഷണം കഴിച്ചു. പുലർച്ചെ മൂന്നര മണിയാകുമ്പോഴേക്കും ഉറക്കം തൂങ്ങി ബോർഡിങ് ഗെയ്റ്റിലെത്തി ഫ്ലൈറ്റിനകത്തേക്ക്. സീറ്റ് തപ്പിപിടിച്ചു ഇരുന്നു.കുറച്ചു കഴിഞ്ഞ് കാണും,അതാ വരുന്നു ക്യപ്റ്റൻെറ അനൗൺസ്മെന്റ് !

“ചില സാങ്കേതിക കാരണങ്ങളാൽ ഈ വിമാനം 2 മണിക്കൂർ കഴിഞ്ഞേ പോകൂ, അതിനായി എല്ലാവരും പുറത്തിറങ്ങി അടുത്ത ഗെയ്റ്റിലേക്ക് പോകണം ” എന്ന്. തുടക്കത്തിലേ കല്ലുകടി ആണല്ലോ പടച്ചോനെ. പദ്ധതികൾ പാളുമോ എന്നൊരു ഉൾവിളി. മൂന്ന് ദിവസത്തെ കറക്റ്റ് ഷെഡ്യൂൾ ആണ്. ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കാര്യങ്ങൾ മൊത്തം അവതാളത്തിൽ ആവും. എന്തായാലും അനൗൺസ്മെന്റിൽ പറഞ്ഞ പോലെ കൃത്യം 6.15 ന് ഞങ്ങളടക്കം 400 ലധികം യാത്രക്കാരുമായി A380 വിമാനം മേഘപാളിയിലേക്ക് ഊളിയിട്ടു.

എട്ടര മണിക്കൂറോളം എടുത്തു തായ്പേയ്(Taouhan) ഇന്റർ നാഷണൽ എയർപോർട്ടിൽ എത്താൻ. പ്രേദേശിക സമയം വൈകുന്നേരം 6.15ന് ബാഗേജ്മെടുത്തു പുറത്തിറങ്ങിയപ്പോൾ ഞങ്ങളെ വരവേറ്റത് ടൂറിസ്റ്റു ഇൻഫർമേഷൻ കൗണ്ടറായിരുന്നു. പ്ലാൻ എല്ലാം എഴുതി വെച്ചിട്ടുണ്ടായിരുന്നു. എന്നാലും ഒന്ന് കൂടി ഉറപ്പ് വരുത്തേണ്ടത് കൊണ്ട് കൗണ്ടറിൽ കയറി കാര്യങ്ങൾ തിരക്കി. അവിടെയുള്ള പെൺകുട്ടി കൃത്യമായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു. അടുത്ത ലക്ഷ്യം സിറ്റി പിടിക്കലാണ്. അതിനുള്ള വഴിയും അവരോട് തന്നെ ചോദിച്ചു. ലിഫ്റ്റ്ൽ മുകളിലോട്ട് കയറി മെട്രോ സ്റ്റേഷനിലേക്ക്.

ഈസി കാർഡ് എന്ന് വിളിക്കുന്ന പബ്ലിക് ട്രാൻസ്‌പോർട് കാർഡും വാങ്ങിച്ചു മെട്രോയിൽ കയറിയിരുന്നു. ട്രെയിൻ എന്നൊന്നും തോന്നിക്കില്ല. ഒരു ചെറിയ ഫ്ലൈറ്റ്ന്റെ ഉൾവശം പോലെ തോന്നുപ്പിക്കുന്ന സെറ്റപ്പ് . മെട്രോ ട്രെയിൻ നഗരത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. വലിയ അംബരചുംബികളായ കെട്ടിടങ്ങൾ കാണാൻ തുടങ്ങി. മെട്രോ ട്രെയിനിൽ സൗജന്യമായി കിട്ടുന്ന ഇൻറർനെറ്റിൽ കയറി കാര്യങ്ങൾ ഒക്കെ ഒന്നു കൂടി പരതി ഉറപ്പുവരുത്തി. ഒന്നും വിചാരിക്കരുത് , ഇടയ്ക്കിടെ ഇങ്ങനെ ഉറപ്പു വരുത്തൽ എന്റെ ഒരു ശീലമായി, അത് കൊണ്ടാ. അതിനിടയിൽ അരമണിക്കൂർ പിന്നിട്ടു തായ്‌വാൻ തലസ്ഥാനമായ തായ്‌പേയ് മെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നു. നവംബർ മാസമായത് കൊണ്ട് ആവറേജ് 21 ഡിഗ്രി തണുപ്പും, കൂടെ ചെറിയ ചാറ്റൽ മഴയും ഇടയ്ക്കിടെ ഉണ്ട്. എന്ത് കൊണ്ടും സുഖകരമായ കാലാവസ്ഥ.

തായ്‌വാൻ എന്നത് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഇല്ലാത്ത ചൈനയുടെ ഭാഗമായ പ്രദേശമാണ് . ഫോർമോസ എന്ന പേരിൽ പണ്ട് അറിയപ്പെട്ടിരുന്ന ഈ രാജ്യം ആണ്‌ ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം ഇല്ലാത്ത ,ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം. എന്നാൽ തായ്‌വാൻ അവകാശപ്പെടുന്നത് തങ്ങൾ പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈന യുടെ (PRC ) ഭാഗമല്ലെന്നാണ്. ROC-Republic of China എന്ന പേരിൽ ആണ്‌ അവർ സ്വയം വിശേഷിപ്പിക്കുന്നത്. അതെല്ലാം അവിടെ നിൽക്കട്ടെ,നമുക്ക് തിരികെ യാത്രയിലേക്ക് വരാം.

മെയിൻ സ്‌റ്റേഷൻ എന്നത് ഒരു മഹാ സംഭവം ആണ്. ബസ് സ്റ്റേഷനും മെട്രോ , റെയിൽവേ എന്നിവയുടെ ഹബ്ബും കൂടി ചേർന്നു ഷോപ്പിംഗ് വൈവിദ്ധ്യങ്ങളുടെ കലവറ തീർത്ത മഹാസാഗരം എന്ന് വേണേൽ പറയാം.. അടുത്ത ലക്ഷ്യം ഓൺലൈൻ വഴി ബുക്ക്‌ ചെയ്ത ഹോട്ടൽ കണ്ടെത്തുകയാണ്, 10 മിനിറ്റ് നടക്കാനുള്ള ദൂരമെയുളളൂ എന്ന് ഗൂഗിൾ മാപ്പിൽ കണ്ടിരുന്നു. കാണുന്നവരോടെക്കെ ദിശ ചോദിച്ചു സ്റ്റേഷനിൽ നിന്ന് എങ്ങനൊക്കെയോ പുറത്തെത്തി.

സിറ്റി ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് പതിയെ നീങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. സ്വദേശികളോട് ഹോട്ടൽ ബുക്കിങ് പേപ്പറും കാണിച്ചു വഴി ചോദിച്ചു ഹോട്ടലിലെത്തി. സമയം രാത്രി 8 മണി! വിശ്രമത്തിനുള്ള സമയം ഇല്ല. കാരണം, ഉള്ള സമയങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആദ്യ കാഴ്ചയായ തായ്‌പെയ് 101 ലക്ഷ്യമാക്കി മെട്രോ സ്‌റേഷനിലേക്ക് വെച്ച് പിടിച്ചു. ഒമ്പത് മണി വരെ സൗധത്തിനകത്തേക്ക് പ്രവേശനം ഉണ്ടെന്നു ടൂറിസ്റ്റു ഇൻഫർമേഷൻ കൗണ്ടറിൽ നിന്ന് അറിയിച്ചിരുന്നു. പത്ത് മിനിറ്റുകൾക്കകം തായ്പേയ് വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിൽ എത്തി.

ഷോപ്പിംഗ് സമുച്ചയത്തിലേക്കാണ് ഞങ്ങൾ നടന്നെത്തിയത്. ലോകത്തൊര ബ്രാന്റുകളുടെ നീണ്ട നിരകൾ അവിടെ കാണാമായിരുന്നു. 89-ആം നിലയിലുള്ള ഒബ്സെർവഷൻ ഡെക്കിലേക്ക് ആണ്‌ പോകേണ്ടത്. 600 തായ്പേയ് ഡോളർ ആണ് എൻട്രി ഫീ. ഡോളർ എന്ന് കേൾക്കുമ്പോൾ ഞെട്ടണ്ട! ഒരു UAE ദിർഹം നൽകിയാൽ 8 ഡോളറോളം ലഭിക്കും, ഏകദേശം ഒരു ഡോളറിന് 2.33 ഇന്ത്യൻ രൂപയാണ് വിനിമയനിരക്ക്. ലിഫ്റ്റിൽ 89-ആം നിലയിലേക്ക് പിന്നെ ഒരു കുതിപ്പായിരുന്നു. അത്രയധികം വേഗതയിലാണ്(69km/മണിക്കൂർ )ലിഫ്റ്റ് സഞ്ചരിക്കുന്നത്.

തായ്പേയ് 101 ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. ഭൂമിക്കടിയിലേക്ക് 5 നിലയടക്കം 101 നിലയുള്ള തായ്‌പേയ് വേൾഡ് ഫിനാൻഷ്യൽ സെന്റർ 2004 ലാണ് പണി പൂർത്തിയാക്കിയത്. ആ സമയത്ത് കിട്ടിയ ‘ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം’ എന്ന പട്ടം 2010 ൽ ദുബായിലെ ബുർജ് ഖലീഫ ഉദ്ഘാടനം വരെ അവർ നിലനിർത്തി പോന്നു. 509 മീറ്ററാണ് ഇതിന്റെ ഉയരം.എങ്കിലും ലോകത്തിലെ ഏറ്റവും വലിയ ഗ്രീൻ ബിൽഡിംഗ്‌ എന്ന പേര് ഇപ്പോഴും ഇതിനു തന്നെയാണ്.

ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങി ഒബ്സെർവഷൻ ഡെക്കിലേക്ക് നടന്നു. അവിടെ എത്തി താഴെ ഒന്ന് വീക്ഷിച്ചപ്പോൾ കണ്ട കാഴ്ച അത്ഭുതവാഹമായിരുന്നു. വർണ്ണ വെളിച്ചങ്ങളിൽ കുളിച്ചു നിൽക്കുന്ന തായ്‌പേയ് നഗരം! 360 ഡിഗ്രി ലെവലിൽ നഗരത്തെ കാണാമെന്നതാണ് മറ്റൊരു പ്രത്യേകത. ആ കെട്ടിടത്തിന്റെ ചരിത്രങ്ങളും മറ്റും അവിടെ ചുമരിൽ രേഖപെടുത്തിയിട്ടുണ്ടായിരുന്നു. അവിടെയുള്ള കാഴ്ചകൾ അവസാനിച്ചു താഴേക്ക് ഇറങ്ങി മാളിൽ തന്നെയുള്ള ഒരു ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ ഷോപ്പിലേക്ക് കയറി.പലതരം മത്തൻ(Pumpkin​) ആണ്‌ കൂടുതൽ കാണാൻ കഴിഞ്ഞത്. കുറച്ചു പഴങ്ങളും വാങ്ങി കഴിച്ചു അടുത്ത ലക്ഷ്യമായ ഷില്ലിൻ(Shillin) നൈറ്റ് മാർക്കറ്റ് ലക്ഷ്യമാക്കി ജിയന്റൻ(Jiantan ) സ്റ്റേഷനിലേക്ക് മെട്രോ കയറി.

സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് നടന്നു. സമയം നന്നേ വൈകിയിരിക്കുന്നു. അധികം ആളുകളൊന്നും വഴിയിലില്ല. കാണുന്നവരോടൊക്കെ വഴി ചോദിച്ചു, മുന്നോട്ടു നടന്നു കൊണ്ടിരുന്നു. പക്ഷെ നൈറ്റ് മാർക്കറ്റിന്റെ ലക്ഷണമൊന്നും കാണുന്നില്ല. എന്തോ ഒരു പന്തികേട് തോന്നുന്നു ..ഇനി വഴി എങ്ങാനും തെറ്റിപ്പോയോ? വീണ്ടും വഴിയിൽ കണ്ടവരോടെക്കെ വഴിയേതെന്ന് ചോദിച്ചു ‘ഉറപ്പു’ വരുത്തി കൊണ്ടേയിരുന്നു. പതിനഞ്ചു മിനിട്ടോളമെടുത്തു അങ്ങോട്ടെത്താൻ.

പുറത്ത് നിന്നും കാണുന്നത് പോലെയായിരുന്നില്ല നൈറ്റ് മാർക്കറ്റ്. വൈകീട്ട് 5 മണിക്ക് തുടങ്ങി പുലർച്ചെ 2 വരെ ഉണർന്നിരിക്കുന്ന രാത്രി വ്യാപാര മേഖല. റോഡിനിരുവശവും വസ്ത്ര വ്യാപാര ശാലകൾ, നടുവിലായി തെരുവ് ഭക്ഷണ വിൽപ്പനക്കാരും , പോരാത്തതിന് കാതടപ്പിക്കുന്ന സംഗീതവും.എല്ലാം കൂടി ഒരു ഉത്സവത്തിനെത്തിയ പ്രതീതി. നടക്കുന്നതിനിടയിൽ ഇന്ത്യക്കാരായ വിദ്യാർത്ഥികളെയും കാണാനിടയായി. അവരും കറങ്ങാൻ വന്നതാണ്.

ലോകോത്തര സ്പോർട്സ് നിർമ്മാതാക്കളായ അഡിഡാസ് ,നൈക്കി തുടങ്ങിയ കമ്പനികളുടെ ഔട്ട്ലൈറ്റുകളും കാണാം . ഷോപ്പിങ് എന്നത് ഞങ്ങളുടെ ലിസ്റ്റിൽ പെടാത്തത് കൊണ്ട് ആ വഴികളിലേക്ക് പോയില്ല. പക്ഷെ, സ്ട്രീറ്റ് ഫുഡ്‌ ഐറ്റംസിൽ ഞങ്ങളുടെ കണ്ണെത്തി. പേരറിയാത്ത കുറേ വിഭവങ്ങൾ അകത്താക്കി. അതായിരുന്നു ഞങ്ങളുടെ അത്താഴം. Skewer എന്ന കാട കോഴിയുടെ മുട്ട കൊണ്ടുണ്ടാക്കിയ വിഭവം ഞങ്ങൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അവിടെ 12 മണി വരെ കറങ്ങി നടന്നു. തിരികെ മെട്രോ കയറി റൂമിലെത്തി കിടന്നുറങ്ങി. ആദ്യ ദിവസം അങ്ങനെ എല്ലാം വിചാരിച്ചതു പോലെ നടന്നു.

രാവിലെ നേരെത്തെയുണരണമെന്ന് കരുതി അലാറം സെറ്റ് ചെയ്തു കിടന്നുറങ്ങിയതാ, പക്ഷെ, ക്ലോക്ക്ലെ സമയം മാറ്റാൻ മറന്ന് പോയത് കാരണം നാല് മണിക്കൂർ വൈകി പത്ത് മണിക്കാണ് അലാറം അടിച്ചത്. തായ്‌വാനിലെ സമയം UAE ലെതിനെക്കാൾ 4 മണിക്കൂർ കൂടുതൽ ആയിരുന്നു.ഓരോരോ പണി വരുന്ന വഴികളെ! ചാടി എണീറ്റു ഫ്രഷ് ആയി കാന്റീനിലേക്ക് ഓടി. പ്ലാൻ A ക്ലീൻ ആയി പൊട്ടിയിരിക്കുകയാണ്. പതിനൊന്നു മണി വരെ സൗജന്യമായി പ്രാതൽ ഉണ്ടാകുമെന്നു പറഞ്ഞിരുന്നു. റൂം ചെക്ക്‌ഔട്ട് ചെയ്ത് നേരെ മെയിൽ സ്റ്റേഷനിലേക്ക് നടന്നു. പോകുന്ന വഴിയിൽ ഏതോ ഒരു തായ്‌വാൻ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. മിർഷാദിന് അതിൽ ഒന്ന് അഭിനയിച്ചാൽ കൊള്ളാമെന്നുണ്ട്. ഇനിയും അത് നോക്കി നിന്നാൽ പ്ലാൻ B യും പൊട്ടും.

തായ്‌വാൻ നയാഗ്ര എന്നറിയപ്പെടുന്ന ഷിഫെൻ വെള്ളച്ചാട്ടം കാണുക എന്നതാണ് ആദ്യ ലക്ഷ്യം. മെയിൽ സ്റ്റേഷനിൽ നിന്നും ഒരു ട്രെയിൻ കയറി റിഫാങ് ( Ruifang ) എന്ന സ്റേഷനിലെത്തണം. ട്രെയിൻ ഞങ്ങളെയും കൊണ്ട് പറക്കാൻ തുടങ്ങി. സീറ്റിനടുത്തായി ഇരിക്കുന്നത് ഒരു തായ്‌വാൻ കുടുംബമാണ്. അവരെ അങ്ങോട്ട് ചെന്ന് മുട്ടി . അവരും ഈ വെള്ളച്ചാട്ടം കാണാനുള്ള യാത്രയിൽ തന്നെയാണ്. പിന്നെ അവരായി ഞങ്ങളുടെ കൂട്ട്. അവരെ കൊണ്ട് ഏതായാലും ഒരുപാട് ഉപകാരം ഉണ്ടായി. റിഫാങ് സ്റ്റേഷനിൽ നിന്നും മാറി ശിഫെൻ സ്റ്റേഷനിലേക്കുള്ള ട്രെയിൻ കയറാൻ അവർ ഞങ്ങളെ സഹായിച്ചു.

അത്യാവശ്യം തിരക്കുണ്ട് ട്രെയിനിൽ, കൂടുതലും വിനോദസഞ്ചാരികൾ തന്നെയാണ് യാത്രക്കാർ. നഗരം വിട്ട് ട്രെയിൻ മുന്നോട്ടു പോകുന്തോറും തായ്‌വാൻ രാജ്യത്തിന് കൂടുതൽ മനോഹാര്യത തോന്നി തുടങ്ങി. പുഴകളും വയലുകളും പിന്നിട്ടു കൊണ്ടേയിരുന്നു. കൃഷി തന്നെയാണ് ഇവിടങ്ങളിലെ പ്രധാന ജോലി എന്ന് തോന്നുന്നു.കൃഷിസ്ഥലങ്ങളും ചെറിയ മലകളും താണ്ടി അവസാനം തീവണ്ടി ഞങ്ങളെ 2മണിക്കൂർ കൊണ്ട് ഷിഫെൻ(Shifen)സ്റ്റേഷനിൽ എത്തിച്ചു. ആ ട്രെയിൻ അവിടെ അവസാനിക്കുകയാണ്‌. പുറത്തിറങ്ങിയ ഞങ്ങൾക്ക് വരവേൽപ്പ് നൽകി നല്ല ചാറ്റൽ മഴ. വേഗം ഒരു കടയിൽ നിന്ന് റെയിൻകോട്ട് വാങ്ങി പുതച്ചു. വഴിയിലെല്ലാം ഭക്ഷണശാലകളുടെ നീണ്ട നിര തന്നെയാണ്. അവിടെയൊന്നും സമയം കളയാതെ എത്തിയത് ഒരു പഴയ ടൗണിൽ.

അതെ, ഷിഫെൻ(Shifen) എന്ന പുരാതന ഗ്രാമം! മുമ്പ് എപ്പോഴോ പത്ത് കുടുംബങ്ങൾ ഒരുമിച്ച് താമസിച്ചത് കൊണ്ടാണെന്നു പറയപ്പെടുന്നു ആ പുരാതന ഗ്രാമത്തിന്റെ പേരിന്റെ ഉത്ഭവം. ഒരു റെയിൽവേ പാത, അതിനു ഇരുവശവും സുവനീർ ഷോപ്പുകളും ഭക്ഷണശാലകളുടെയും നീണ്ട നിര, പക്ഷെ ആ തെരുവിനെ വ്യത്യസ്തമാക്കുന്നത് വേറെ ഒരു കാര്യത്തിലാണ്. Sky lantern!!(ആകാശദീപങ്ങൾ).നാല് വശവും പേപ്പർ കൊണ്ട് ഉണ്ടാക്കിയെടുത്തു താഴെ ഒരു വിളക്ക് ഘടിപ്പിക്കുന്നു. ആ വിളക്കിൽ നിന്നും വരുന്ന ചൂട് കാറ്റിനാൽ പ്രത്യേക ലക്ഷ്യസ്ഥാനമൊന്നും ഇല്ലാതെ ദീപങ്ങൾ ആകാശത്തേക്ക് പറത്തി വിടുന്നു. അതൊന്നുമല്ല നമ്മെ രസിപ്പിക്കുന്നത്, നമുക്ക് എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ ആ ആഗ്രഹങ്ങൾ പേപ്പറിന്മേൽ എഴുതി ചേർക്കണം, അതിനു പ്രത്യേക വർണ്ണ പേപ്പറിൽ എഴുതണം എന്ന നിയമവുമുണ്ട്. എന്തെല്ലാം ആചാരങ്ങളെ….

150 ഡോളർ കൊടുത്തു ഒരു ദീപം വാങ്ങിച്ചു ഞങ്ങളും ആ ആചാരത്തിൽ പങ്ക് ചേർന്നു. എന്ത് ആഗ്രങ്ങൾ എഴുതി ചേർക്കുമെന്ന് കുറച്ചു ആലോചിച്ചു. കിട്ടി! നാം സഞ്ചാരികൾ, നമുക്ക് ആയുസുണ്ടെങ്കിലല്ലേ യാത്രകൾ നടത്താൻ പറ്റൂ… ബ്രഷും മഷിയും കടക്കാരൻ തന്നെ തന്നു,നീട്ടി എഴുതി മലയാളത്തിൽ തന്നെ!! “സഞ്ചാരികളുടെ ദീർഘായുസിനായി” ആദ്യമായിട്ടാണ് ഈ ഭാഷയിൽ ഇവിടെ എഴുതുന്നതെന്ന് ആ കടക്കാരൻ സാക്ഷ്യപ്പെടുത്തിയപ്പോൾ തെല്ലൊന്നുമല്ല അഭിമാനം കൊണ്ടത്. ദീപത്തിന്റെ രണ്ട് ഭാഗം ഞാനും മിർഷാദും പിടിച്ചു. അദ്ദേഹം തിരി കൊളുത്തി തന്നതിനു ശേഷം കൈവിട്ടു. പൊങ്ങട്ടെ… സഞ്ചാരികളുടെ ദീർഘായുസിനായി ഒരു ദീപം പൊങ്ങട്ടെ.. ലാന്റേൺ മേലോട്ട് പറക്കാൻ തുടങ്ങി. ഞങ്ങൾ അങ്ങനെ നോക്കിയിരുന്നു. അവസാനം ഒരു പൊട്ട് രൂപത്തിലായി അത് കൺമറഞ്ഞു. ഒരു പാട് സന്ദർശകർ ആ അഭ്യാസം ചെയ്യുന്നുണ്ടായിരുന്നു. അതെല്ലാം ഒരുമിച്ചു കണ്ടപ്പോൾ ആകാശം കൂടുതൽ തെളിമ വന്ന പോലെ തോന്നിച്ചു.

വീണ്ടും മഴ തുടങ്ങിയത് കാരണം നേരെ ടാക്സി പിടിച്ചു ഷിഫെൻ വെള്ളച്ചാട്ടം കാണാനായി എൻട്രൻസിലേക്ക് വിട്ടു. എൻട്രി ഫീ ഒന്നും നൽകേണ്ടി വന്നില്ല. ആദ്യം തന്നെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് ഒരു തൂക്കുപാലമാണ്. ആ വെള്ളച്ചാട്ടത്തിലേക്ക് ഒഴുകുന്ന കീലങ്ങ്(Keelung) എന്ന പേരുള്ള പുഴയുടെ കുറുകെയാണ് ആ പാലം പണിതിരിക്കുന്നത്. അതും മുറിച്ചു നടന്നു ചെറിയ വഴിയിലൂടെ മുന്നോട്ടു പോയി. കൺ മുമ്പിൽ ഒരു ചെറിയ വെള്ളച്ചാട്ടം. ഒരു തായ്‌വാൻ സ്വദേശി ഇതല്ല ഷിഫെൻ വെള്ളച്ചാട്ടമെന്നും കുറച്ചു കൂടി മുന്നോട്ട് പോയാലാണ് യഥാർത്ഥ വെള്ളച്ചാട്ടം എന്നും ഞങ്ങളെ ബോധിപ്പിച്ചു. അതിനോട്‌ ചേർന്നു തന്നെ വേറെ ഒരു തൂക്കുപാലവും കാണാമായിരുന്നു. ഈ തൂക്കുപാലം അത്യാവശ്യം വലിപ്പം തോന്നുന്നുണ്ട്. അതിന്മേൽ കൂടി നടന്നപ്പോൾ ചെറിയ ഉൾഭയം ഉണ്ടായി, കാരണം പാലത്തിനു നല്ല ഇളക്കം ഉണ്ടായിരുന്നു. അവസാനം ഞങ്ങൾ ആ മനോഹരമായ വെള്ളച്ചാട്ടത്തിനു മുമ്പിലെത്തി.

‘നയാഗ്ര ഓഫ് തായ്‌വാൻ’ ഞങ്ങളെ ഇവിടെ എത്തിച്ച ആ വെള്ളച്ചാട്ടം.. തായ്‌വാന്റെ നയാഗ്ര എന്നറിയപ്പെടുന്ന ഷിഫെൻ വാട്ടർഫാൾ കീലങ് നദിയുടെ ഒഴുക്കിനിടയിലുള്ള വെള്ളച്ചാട്ടമാണ്. 20 മീറ്റർ ഉയരവും 40 മീറ്റർ വീതിയും ഉണ്ട് വെള്ളച്ചാട്ടത്തിനു. സ്കെയിൽ വെച്ച് അളന്നതൊന്നുമല്ല, ഗൂഗിൾ അമ്മാവൻ പറഞ്ഞു തന്നതാണെ. ഉയരെ നിന്ന് പാറകളിൽ ശക്തിയായി വീഴുന്ന വെള്ളം പതഞ്ഞു ജലകണികകളായി അന്തരീക്ഷത്തിൽ പൊങ്ങുന്നുണ്ട്. മനസ്സിന് കുളിർമ്മ നൽകുന്ന കാഴ്ചകൾ തന്നെയാണ് അതെല്ലാം. അഞ്ച് ഒബ്സെർവഷൻ ഡക്ക് ഒരുക്കിയിട്ടുണ്ട്, വെള്ളച്ചാട്ടത്തെ പല ആംഗിളിൽ നിന്നും കാണുവാനായി. കുറേ നേരം ആ മനോഹാരമായ കാഴ്ച കണ്ടു ഒരു ലൈവ് വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡും ചെയ്തിട്ട് അവിടെ നിന്നും തിരികെ ഷിഫിൻ റെയിൽവേ സ്റ്റേഷനലിലേക്ക് നടന്നു.

വഴിയോര കടക്കാർ എല്ലായിടത്തും കാണുന്നുണ്ട്. അവിടെ മാമ്പഴക്കാലമാണെന്ന് തോന്നുന്നു, എങ്ങും മാമ്പഴങ്ങളുടെ കൂമ്പാരം . കുറച്ചു മാമ്പഴവും കഷ്ണങ്ങളാക്കി വാങ്ങി കഴിച്ചു സ്റ്റേഷനിലെത്തി. 15 മിനിറ്റ്നു ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. അതിനിടയിൽ മിർഷാദിന്റെ ഫോണിലെ ബാറ്ററി കഴിഞ്ഞു . തലേന്ന് ചാർജ് ചെയ്യാൻ മറന്നതാ പുള്ളി. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചു നിൽക്കുമ്പോൾ അതാ തൊട്ടടുത്തിരുന്ന തായ്‌വാൻ സ്വദേശിനി പവർ ബാങ്ക് എടുത്ത് തരുന്നു .അവരുടെ ആതിഥ്യ മര്യാദ ഒരു പാട് ഞങ്ങളെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്ത് സഹായം ആവശ്യപെട്ടാലും ഭാഷ ഒരു പ്രശ്നമാക്കാതെ അവരുടെ സ്നേഹസഹകരണങ്ങൾ ഈ യാത്രയിൽ ആവോളം അനുഭവിച്ചിട്ടുണ്ട്. വൈകീട്ട് ഏഴു മണി യാകുമ്പോഴേക്കും വീണ്ടും ഞങ്ങൾ തായ്‌പേയ് മെയിൻ സ്റ്റേഷനിൽ എത്തിച്ചേർന്നു.

പുറത്തിറങ്ങി നേരെ നടന്നു പോയത് തായ്‌വാൻ പ്രസിഡന്റിന്റെ വസതിയുടെ മുമ്പിലേക്കാണ്. വർണ്ണമനോഹരമായ കെട്ടിടം ഫോട്ടോഷൂട്ട്‌ന് പറ്റിയ സ്ഥലം തന്നെ. തിരിച്ചു തലേന്ന് താമസിച്ച ഹോട്ടലിലിന്റെ അടുത്തേക്ക് നടന്നു പോകുമ്പോഴാണ് ഒരു ക്ഷേത്രം കണ്ണിൽ പതിഞ്ഞത്. പിന്നൊന്നും നോക്കിയില്ല അതിനത്തേക്ക് കയറി. ബുദ്ധക്ഷേത്രം ആയിരുന്നെങ്കിലും വേറെ ഒരു വിഗ്രഹം കൂടി ക്ഷേത്രത്തിനകത്ത് കാണാൻ കഴിഞ്ഞു. പ്രാത്ഥിക്കാനായി വന്നവരോട് വിഗ്രഹത്തെ പറ്റി തിരക്കി. തായ്‌വാൻ എന്ന ദ്വീപ് സംരക്ഷിക്കുന്നത് ഈ ദേവനാണ് എന്നാണ് അറിഞ്ഞത്. കാണിക്കയായി ചന്ദനത്തിരിയാണ് എല്ലാവരും വയ്ക്കുന്നത്.അവിടെയും ഞങ്ങൾക്ക് സ്വദേശികളുടെ സ്നേഹ വായ്പുകൾ കിട്ടി. അതിനടുത്തുള്ള ഒരു ഹോട്ടൽ തന്നെ അന്ന് അന്തിയുറങ്ങാനായി തിരഞ്ഞെടുത്തു. ഇപ്രാവശ്യം ഓണലൈനിൽ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നില്ല. എന്തോ അത് കുറച്ച് ലാഭമായി ഞങ്ങൾക്ക് തോന്നി.

അടുത്ത ദിവസം അലാറം സമയത്തിന് തന്നെ അടിച്ചു. കാലത്ത് 8 മണിക്ക് തന്നെ പ്രാതൽ പെട്ടെന്ന് കഴിച്ചു റെഡിയായി. ഇന്ന് പോകുന്നത് ഗോണ്ടോല (Gondola) എന്ന കേബിൾ കാർ യാത്രക്കാണ്. അവിടെത്തെ പ്രധാന പൊതു ഗതാഗത സംവിധാനം തന്നെയാണ് അത്. മെയിൻ സ്റ്റേഷനിൽ നിന്നും അരമണിക്കൂർ യാത്ര ചെയ്‌താൽ ഗൊണ്ടോല കാർ യാത്ര തുടങ്ങുന്ന മകോങ് (maokong) സ്റ്റേഷനിലെത്താം. ഞങ്ങളുടെ കയ്യിലുള്ള ഈസി കാർഡ് വെച്ചു അകത്തേക്ക് പ്രവേശിച്ചു. ഒരു വശത്തേക്കുള്ള യാത്രക്ക് 120 തായ്‌വാൻ ഡോളർ ആണ് ഈടാക്കുന്നത്.

നാല് പേർക്ക് സഞ്ചരിക്കാവുന്ന കാബിനിൽ ഞങ്ങൾ മാത്രമേയുണ്ടായിരുന്നുള്ളൂ .അത് കൊണ്ട് യാത്ര ശെരിക്കും ആസ്വദിക്കാൻ കഴിഞ്ഞു.300 മീറ്ററോളം ഉയരത്തിലാണ് കേബിൾ കാർ സഞ്ചരിക്കുന്നത്. ഗ്രൗണ്ട് ഭാഗം ഗ്ലാസ് ആയതിനാൽ താഴെയുള്ള തേയിലക്കാടുകളും തായ്പേയ് മൃഗശാലയുടെ ഒരു ഭാഗവും സിറ്റിയുടെ വിദൂര ദ്ര്യശ്യവും ശെരിക്ക് കാണാമായിരുന്നു. 4 സ്റ്റേഷൻ ഒരുക്കിയിട്ടുണ്ട്. മക്കോങ് സ്റ്റേഷനാണ് മൃഗശാലയുടെ പ്രവേശനകവാടം. മൃഗശാല, എന്തോ കാണാനുള്ള താല്പര്യമില്ലായ്‌മ കാരണം അവിടെ നിന്നും മടക്ക യാത്ര തുടങ്ങി. നാലര കിലോമീറ്റർ ആയിരുന്നു ആ യാത്രക്കുള്ള ദൂരം. തിരിച്ചു വരുമ്പോൾ ഒരു കൊറിയൻ കുടുംബമായിരുന്നു കൂടെ. അവരുമായി സംസാരിച്ചപ്പോഴാണ് യെഹിലിയോ(Yehiliu)കടലോര ജിയോ പാർക്കിനെ കുറിച്ച് അവർ പറഞ്ഞത്. ഏതായാലും വന്നതല്ലേ, എന്നാ പിന്നെ അതും കണ്ടേച്ചു പോവാം

മെയിൻ സ്റ്റേഷനിൽ ബസ് ടെർമിനലിൽ നിന്നും കുക്കുയാങ് (Kuokuang )ലേക്കുള്ള പബ്ലിക് ബസിലാണ് അങ്ങോട്ടുള്ള യാത്ര. ബസിൽ വൈഫൈ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഈസി കാർഡ് സ്വൈപ് ചെയ്ത് സീറ്റിലിരുന്നു. 96 ഡോളറാണ് ബസ് ചാർജ്. ഒന്നര മണിക്കൂർ നഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ടു ഒരു കടൽ തീരത്തെത്തി. അതിനടുത്താണ് പാർക്കിന്റെ പ്രവേശന കവാടം. 80 ഡോളർ ഫീ കൊടുത്ത് അകത്തു കയറി.

പ്രകൃതിയുടെ അത്ഭുതങ്ങൾ കാണാൻ കൊതിച്ചു നടക്കുന്നവർക്ക്‌ പറ്റിയ ഒരു വിശാലമായ ലോകം. വിവിധ ആകൃതിയിലുള്ള കല്ലുകളുടെ നീണ്ട നിര !! തിരമാല കൊണ്ടോ, കടൽക്കാറ്റു കൊണ്ടോ ഒരു പ്രത്യേക രൂപഭാവം വന്നതാണെന്ന് തോന്നുന്നു. ഒരോ പാറകൾക്കും വിവിധ പേരുകളും നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട ഒന്നുണ്ട് ‘ക്യുൻസ്‌ റോക്ക്’ ഏതോ രാഞ്ജിയുടെ ശിരസ്സ് പോലെ തോന്നിക്കുന്നു. അത് പോലെ കൂണിന്റെ ആകൃതിയുള്ള മഷ്‌റൂം റോക്ക്സ്, സീ ക്യാൻഡ്‌ൽസ് , ഫെയറി ഷൂ, അങ്ങനെ ഓരോരോ പേരുകളാണ് നൽകിയിട്ടുള്ളത്.

അതെല്ലാം നടന്നു കണ്ടു ക്ഷണിച്ചവശരായി ഞങ്ങൾ രണ്ട് പേരും. സമയം മൂന്നു മണിയോടടുക്കുന്നു. വിശപ്പും അതിന്റെ മൂർദ്ധന്യാവസ്ഥയിലാണ്. വഴിയിൽ നീണ്ടു കിടക്കുന്ന സീഫുഡ്‌ ഹോട്ടലുകളിലൊന്നിൽ കയറി. പലതരം മത്സ്യങ്ങൾ ചില്ലുകളിൽ നിരത്തി വെച്ചിരിക്കുന്നു. ഞണ്ടും കൊഞ്ചും ചേർത്തുണ്ടുണ്ടാക്കുന്ന (പേര് മറന്നു പോയി ) വിഭവമാണ് കഴിച്ചത്. കൺമുന്നിൽ നിന്ന് തന്നെ പാചകം ചെയ്യുന്നത് കൊണ്ട് അത് കാണാനും, ഇത്തിരി ഉപ്പും മുളകും ചേർത്ത് നമുക്ക് വേണ്ട വിധത്തിൽ ഉണ്ടാക്കിയെടുക്കാൻ പറയാനും കഴിഞ്ഞു. ശേഷം ബസ്സിൽ തന്നെ തായ്പേയ് സിറ്റിയിലേക്ക് തന്നെ വന്നു.

ഒത്തിരി നല്ല അനുഭവങ്ങളുമായി ഞങ്ങളുടെ തായ്‌വാൻ സന്ദർശനം അവസാനിക്കുകയാണ്.. മെട്രോ കയറി ഞങ്ങൾ എയർപോർട്ടിലെത്തി. ഇവിടെ നിന്ന് ഞങ്ങൾ രണ്ടായി പിരിയുന്നു. മിർഷാദ് ബിസിനസ് മീറ്റിംഗിനായി ചൈനയിലെ ചോങ്കിങ് (Chongqing) എന്ന സ്ഥലത്തേക്കും ഞാൻ നമ്മുടെ സ്വന്തം ദുഫായിലേക്കും. രാത്രി 10.15 നായിരുന്നു ദുബായിലേക്കുള്ള ഫ്ലൈറ്റ്. വീണ്ടും എട്ടര മണിക്കൂർ യാത്ര. സീറ്റിലിരുന്നപ്പോൾ അടുത്തിരിക്കുന്നത് പോളണ്ട് കാരൻ ജോൺ. പുള്ളിയോട് കൂട്ട് കൂടി പോളണ്ടിനെ പറ്റി ചോദിച്ചറിഞ്ഞു. ‘കർക്കോവ്’ എന്ന മനോഹര സ്ഥലത്തെ കുറിച്ച് പുള്ളി കാര്യമായിട്ടു തന്നെ വിവരിച്ചു തന്നു. എന്റെ ബക്കറ്റ് ലിസ്റ്റിൽ പുതിയ ഒരു സ്ഥലവും സ്ഥാനം പിടിച്ചു . യാത്രകൾ തുടർന്ന് കൊണ്ടേയിരിക്കും..

The post “തായ്‌വാൻ നയാഗ്ര” – ഇനി എവിടേക്ക് യാത്ര പോവും എന്ന ചോദ്യത്തിനുള്ള ഉത്തരം appeared first on Technology & Travel Blog from India.





No comments:

Post a Comment