മലയാളികൾ ‘ഇരട്ടപ്പേര്’ നൽകിയ ചില വാഹനങ്ങളെ പരിചയപ്പെടാം.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 22, 2018

മലയാളികൾ ‘ഇരട്ടപ്പേര്’ നൽകിയ ചില വാഹനങ്ങളെ പരിചയപ്പെടാം..

എന്തിനുമേതിനും ചെല്ലപ്പേരുകൾ ഇടാൻ നമ്മൾ മലയാളികളെ കഴിഞ്ഞേയുള്ളൂ മറ്റാരും. പല കാര്യങ്ങളിൽ നാം മലയാളികളുടെ ഈ കഴിവ് കണ്ടുകൊണ്ടിരിക്കുകയാണ്.ഇത്തരത്തിൽ ഇരട്ടപ്പേരുകൾ കൂടുതലും വീണിരിക്കുന്നത് വാഹനങ്ങൾക്കാണ്. പഴയ കൽക്കരി ബസ്സുകളെ കരിവണ്ടിയെന്നു വിളിച്ചു തുടങ്ങിയതു മുതൽ ഇത്തരം പേരിടൽ വളരെ കെങ്കേമമായി ഇന്നും നിലനിൽക്കുന്നുണ്ട്.

ബോണറ്റ് നീണ്ട പഴയ ടാറ്റാ ലോറിയെ മൂക്കൻ ലോറിയെന്നാണ് നമ്മൾ വിളിക്കുന്നത്. അതുപോലെതന്നെ നാഷണൽ പെർമിറ്റ് ലോറി ഏത് സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ആണെങ്കിലും നമ്മൾ പാണ്ടിലോറി എന്നേ വിളിക്കൂ. ആനയുടെ ചിത്രം ഉള്ളതുകൊണ്ടാണോ അതോ ആനയെപ്പോലെ രൂപം തോന്നിയത് കൊണ്ടാണോ എന്നറിയില്ല; കെഎസ്ആർടിസി ബസ്സിനെ അന്നുമിന്നും മലയാളികൾ ആനവണ്ടി എന്നേ അഭിസംബോധന ചെയ്യാറുള്ളൂ. ഈ പേജിന്റെ പേര് പോലും കണ്ടില്ലേ?

ടാറ്റയുടെ ഐറിസ് എന്ന മോഡൽ ചെറുവാഹനം (ഓട്ടോ ടാക്സി) നിരത്തിലിറങ്ങിയപ്പോൾ അതിനും കണ്ടെത്തി നമ്മൾ രസകരമായ ഒരു പേര് – വെള്ളിമൂങ്ങ. വണ്ടിയുടെ മുൻഭാഗം വെള്ളിമൂങ്ങയുടെ പോലെ തോന്നിക്കും എന്നതിനാലാണ് ഈ പേര് വന്നത്. ഇങ്ങനെ പേരിടീൽ വീരന്മാരായി വിലസുന്ന നാം പല വാഹനങ്ങളെയും യഥാർഥ പേരെന്നു കരുതി വിളിക്കുന്നത് അവയുടെ കമ്പനി, മോഡൽ തുടങ്ങിയവയുമായി ഒരു ബന്ധവുമില്ലാത്ത അടിസ്ഥാനരഹിതമായ ചില പേരുകളാണ്. മലയാളികൾ പേരുകൊണ്ട് ഇരുത്തിക്കളഞ്ഞ ചില വാഹനങ്ങളെ പരിചയപ്പെടാം.

ജെസിബി : യഥാർഥത്തിൽ ജെസിബി എന്നത് ഒരു ബ്രാൻഡ് നെയിം മാത്രമാണ്. ബ്രിട്ടീഷുകാരനായ ജോസഫ് സിറിൽ ബാൻഫോർഡ് എന്ന വാഹനനിർമാതാവിന്റെ ചുരുക്കപ്പേരാണ് ജെസിബി. യഥാർത്ഥത്തിൽ നമ്മൾ ജെസിബി എന്നു വിളിക്കുന്ന വാഹനത്തിന്റെ പേര് എക്സവേറ്ററുകൾ എന്നാണ്. ജെസിബി കൂടാതെ എസ്കോർട്സ് , ടാറ്റ, മഹീന്ദ്ര, കാറ്റർപില്ലർ തുടങ്ങിയ കമ്പനികളെല്ലാം എക്സവേറ്ററുകൾ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഇവയെയെല്ലാം നമ്മൾ വിളിക്കുന്നത് ജെസിബി എന്നുതന്നെയാണ്,

ടെമ്പോ ട്രാവലർ : വർഷങ്ങൾക്ക് മുൻപ് ബജാജ് ടെമ്പോ ലിമിറ്റഡ് പേരുമാറ്റം നടത്തി പിന്നീട് ഫോഴ്സ് മോട്ടോഴ്സ് ആയെങ്കിലും നമ്മൾ ഇപ്പോഴും അതിനെ വിളിക്കുന്നത് ടെമ്പോ ട്രാവലർ എന്നാണ്. ട്രാവലർ, ട്രാക്സ്, ക്രൂസർ തുടങ്ങിയ ജനപ്രിയ വാഹനങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും അവയെല്ലാം നമുക്ക് ടെമ്പോ ട്രാവലറുകളാണ്.

ടോറസ് : യഥാർഥത്തിൽ ടോറസ് എന്നത് അശോക് ലെയ്‌ലാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ മൾട്ടി ആക്സിൽ ട്രക്കാണ് ഇന്നു കാണുന്ന ഹെവിഡ്യൂട്ടി ടിപ്പറുകളുടെ രൂപവുമായി ആ ടോറസിന് ഒരു സാമ്യവുമില്ല. ചരക്കു നീക്കത്തിനു വ്യാപരമായി ഉപയോഗിക്കുന്ന നമ്മൾ പാണ്ടിലോറിയെന്നു വിളിക്കുന്ന, പത്തോ അതിലേറെയോ ചക്രങ്ങൾ ഉള്ള നാഷനൽ പെർമിറ്റ് ലോറിയോടാണ് ടോറസിനു സാമ്യം. ഭാരത് ബെൻസ്, ടാറ്റ, മാൻ, മഹീന്ദ്ര, അശോക് ലെയ്‌ലൻഡ് തുടങ്ങി ഏതു കമ്പനിയുടെയും ഹെവിഡ്യൂട്ടി ട്രക്കുകൾ നമുക്ക് ടോറസ് ലോറിയാണ്.

ബുള്ളറ്റ് : ബുള്ളറ്റ് എന്നു കേൾക്കുമ്പോൾ നമ്മുടെയുള്ളിൽ ഓടി വരുന്ന ഒരു രൂപമാണ് റോയൽ എൻഫീൽഡിന്റേത്. എന്നാൽ റോയൽ എൻഫീൽഡ് കമ്പനിയുടെ ഒരു പ്രത്യേക മോഡൽ ബൈക്ക് മാത്രമാണ് ബുള്ളറ്റ്. പക്ഷെ റോയൽ എൻഫീൽഡ് കമ്പനിയുടെ എല്ലാ ഇരുചക്രവാഹനങ്ങളെയും നമ്മൾ ബുള്ളറ്റ് എന്നേ വിളിക്കാറുള്ളൂ.

മാരുതി കാർ : ഇന്ത്യക്കാരെ ഡ്രൈവിംഗ് പഠിപ്പിച്ച, ഇപ്പോൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വാഹനമാണ് മാരുതി കാറുകൾ. സ്വിഫ്റ്റ്, വാഗൺ ആർ, ആൾട്ടോ തുടങ്ങിയ മോഡലുകൾ നിലവിലുണ്ടെങ്കിലും മാരുതി കാർ എന്ന് നമ്മൾ വിളിക്കുന്നത് പഴയ മാരുതി 800 നെയാണ്. പണ്ടൊക്കെ സ്ത്രീധനമായി സ്വർണ്ണത്തിനും പണത്തിനുമൊപ്പം മാരുതി കാർ കൂടി കൊടുത്തു എന്നു പറയുന്നത് ഒരു സ്റ്റാറ്റസ് ആയിട്ടായിരുന്നു നമ്മുടെ സമൂഹം കരുതിയിരുന്നത്.(സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ്).

ജീപ്പ് : ബൈക്കുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനുള്ള പദവിയാണ് ഫോര്‍ വീല്‍ വാഹനങ്ങളില്‍ ജീപ്പിനുള്ളത്. ചരിത്രത്തിന്റെ ഭാഗമായ രാജകീയ വാഹനം. അമേരിക്കയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്താണ് ജീപ്പ് എന്ന ബ്രാന്‍ഡ് പിറവികൊള്ളുന്നത്. എന്നാൽ നമ്മൾ ജീപ്പെന്നു വിളിക്കുന്നത് മഹീന്ദ്രയുടെ വാഹനങ്ങളെയാണ്. മേജർ, കമാൻഡർ, ഥാർ എന്നിങ്ങനെ വിവിധ മോഡലുകളുണ്ടെങ്കിലും ഇവയെല്ലാം നമ്മൾ സാധാരണക്കാർക്ക് ജീപ്പ് ആണ്.

കടപ്പാട് – ദിലീപ് തോമസ്, മനോരമ ഓൺലൈൻ.

The post മലയാളികൾ ‘ഇരട്ടപ്പേര്’ നൽകിയ ചില വാഹനങ്ങളെ പരിചയപ്പെടാം.. appeared first on Technology & Travel Blog from India.





No comments:

Post a Comment