ഗ്രീൻവിച്ചിലേക്ക് – ഭൂമിയെ നെടുകെ മുറിച്ച വര കാണാൻ - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, November 17, 2018

ഗ്രീൻവിച്ചിലേക്ക് – ഭൂമിയെ നെടുകെ മുറിച്ച വര കാണാൻ

വിവരണം – Shanil Muhammed.

“ചെന്നെത്തുന്ന എല്ലാ ദേശങ്ങളും ഏതെങ്കിലും വിധത്തിൽ നമ്മുടെ ആത്മാവിന്റെ ഭാഗമാകുന്നുണ്ട്” എന്ന് പറഞ്ഞത് പ്രശസ്ത ഇന്ത്യൻ സാഹിത്യകാരി അനിത ദേശായി ആണ്. ഒട്ടും പരിചയമില്ലാത്ത രാജ്യത്ത്, തീർത്തും അപരിചിതമായ കാലാവസ്ഥയിലും വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങൾക്കിടയിലും കൂടി, മുൻകൂട്ടി നിശ്ചയിക്കാതെ, വഴി അന്വേഷിച്ചു പോയി ലക്ഷ്യസ്ഥാനത്തെത്തുക എന്നത് യാത്രയെ സ്നേഹിക്കുന്ന ഏതൊരാളെയും കൊതിപ്പിക്കുന്ന കാര്യമാണ്. നടന്നും പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിച്ചും ആണ് ആ യാത്ര എങ്കിൽ, അത് യാത്രികൻ എന്ന നിലയിൽ കൂടുതൽ സംതൃപ്തി നൽകുന്ന, ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കത്തക്കതായ അനുഭവം നമുക്ക് സമ്മാനിക്കും.

ചെറുപ്പകാലത് സ്‌കൂളിൽ ജോഗ്രഫി ടീച്ചറാണ് ആദ്യമായി ഗ്രീൻവിച്ചിനെ കുറിച്ചു പറഞ്ഞുതന്നത്. അന്ന് അത് ബ്രിട്ടനിലെ ഒരു സ്ഥലപ്പേരാണെന്നും ലണ്ടൻ നഗരത്തിന് വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത് എന്നൊന്നും തലയിൽ കയറാനും മാത്രമുള്ള ബുദ്ധിയോ, പാകമോ ഉണ്ടായിരുന്നില്ല. എന്താണ് യൂ കെ ( യുണൈറ്റഡ് കിംഗ്ഡം ) എന്ന് പോലും അറിയാൻ ഉള്ള പ്രായം ആയിരുന്നില്ല അന്ന്. സമയത്തെ കുറിച് എന്തോ പഠിപ്പിക്കുമ്പോ ആണ് ടീച്ചർ ഗ്രീൻവിച്നെ പറ്റി പറയുന്നത് എന്ന് മാത്രം ആയിരുന്നു അന്നത്തെ ഓർമ.

ഒഫിഷ്യൽ ആവശ്യത്തിന് ലണ്ടനിൽ എത്തിയതിന് ശേഷം തിരക്കുകൾക്കിടയിൽ കിട്ടിയ അപ്രതീക്ഷിത ഇടവേളയിൽ എനിക്ക് പ്രിയപ്പെട്ട ജോയ്‌സ് സർ ആണ് ആദ്യമായി ലണ്ടൻ ട്യൂബിനെ പരിചയപ്പെടുത്തുന്നത്. ലണ്ടൻ ട്യൂബ് ( Underground ) കയറുന്നത് എങ്ങനെ എന്നും, ടിക്കറ്റ് എടുക്കുന്നത്, മാപ് നോക്കി റൂട്ട് മനസ്സിലാക്കുന്നത്, എന്നൊക്കെ വിശദീകരിച്ചു തന്നത് അദ്ദേഹമാണ്. അത് വരെ യൂബർ നെ ആശ്രയിച്ചുകൊണ്ടിരുന്ന ഞങ്ങൾക്ക് ഒരുപാട് സഹായകരമായ നീക്കം ആയിരുന്നു അത്.

ലോകത്തിലെ ഏറ്റവും മികച്ച പബ്ലിക് ട്രാൻസ്‌പോർട് സിസ്റ്റം ഉള്ള നാടാണ് ലണ്ടൻ. ലണ്ടൻ ന്റെ ഏത് കോണിലേക്കും എളുപ്പം എത്തിച്ചേരാൻ ഈ സിസ്റ്റം വളരെ ഉപകാരപ്രദമാണ്. ജോയ്‌സ് സർ ന്റെ ഉപദേശപ്രകാരം സെൻട്രൽ ലണ്ടൻ ന്റെ കുറച്ചു മാറിഉള്ള ഏതെങ്കിലും ഒരു സ്ഥലത്തേക് പോകുകയാണെങ്കിൽ ലണ്ടൻ ട്രെയിൻ (DLR- Docklands Light Railway), ലണ്ടൻ ട്യൂബ് ( Underground) എല്ലാം ആയി നന്നായി എക്സ്പീരിയൻസ് ചെയ്യാം എന്ന ഉപദേശവും ശിരസ്സാവഹിച്ചുകൊണ്ട് ഒരു ദിവസത്തെ ട്രാവൽ പാസ് എടുത്തു ഞങ്ങൾക്ക് സർ സജെസ്റ്റ് ചെയ്ത ഗ്രീൻവിച് ലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പുറപ്പെട്ടു. ഗൂഗിൾ മാപ്പിൽ കൃത്യമായി ട്രെയിന്റെ റൂട്ട്, സമയ ക്രമം, പ്ലാറ്റ്ഫോം എല്ലാം കാണിക്കുന്നത് കൊണ്ട് അധികം ചോദിക്കാതെയും പറയാതെയും മുന്നോട്ട് നീങ്ങാൻ സാധിച്ചു.

ചരിത്രം ഉറങ്ങികിടക്കുന്ന ലണ്ടൻ വിക്ടോറിയ സ്റ്റേഷനിൽ നിന്ന് ലണ്ടൻ ട്യൂബ് ടിക്കറ്റുമായ് ഗ്രീൻവിച് മാപ് സെറ്റ് ചെയ്ത് യാത്ര തുടങ്ങി. കാനറി വാർഫ് എന്ന സ്റ്റേഷൻ ല് ഇറങ്ങി ട്രെയിൻ ലേക്ക് മാറി കയറുന്നതിനു മുൻപ് അൽപനേരം സ്റ്റേഷന് പുറത്തു വന്ന ഞങ്ങൾക്ക് പുറത്തെ കാഴ്ചകൾ കണ്ടു അത്ഭുതം അടക്കാൻ ആയില്ല. ലണ്ടൻ എത്തിയിട്ട് അത് വരെ കാണാത്ത വിധം മോഡേൺ ആയ, അംബര ചുംബികളായ കെട്ടിടങ്ങൾ , അതിൽ മിക്കതും ലോകത്തെ ഏറ്റവും മികച്ച ബാങ്ക്കളുടെ. അടുക്കുകളായി ഒന്നിനൊന്നു മനോഹരമായി നിരത്തി വേറെയൊരു ലോകം പണിതപോലെ തോന്നി. അതുവരെ, പാരമ്പര്യത്തിൽ മുറുക്കെ പിടിച്ച, പൈതൃകത്തെ പൊന്നുപോലെ സംരക്ഷിക്കുന്ന, എന്നാൽ ആധുനികതയെ പാരമ്പര്യവുമായി കോർത്തിണക്കുന്ന ലണ്ടൻ ആണ് ഞങ്ങളുടെ കണ്മുന്നിൽ നിരന്ന് നിന്നിരുന്നത്. ഈ കാഴ്ചകൾ ഞങ്ങളെ മറ്റൊരു ലോകത്തേക്കു പറിച്ചു നട്ടപോലുണ്ടായിരുന്നു.

അധികം സമയം അവിടെ നിന്ന് കറങ്ങാതെ നേരെ ട്രെയിൻ പിടിച്ചു ഗ്രീൻവിച് ലേക്ക്. ട്രെയിൻ സ്റ്റേഷൻ ഇറങ്ങി ഗൂഗിൾ മാപ് സെറ്റ് ചെയ്ത് നടപ്പ് തുടങ്ങി. രണ്ടു കിലോമീറ്റർ എന്നൊക്കെ കാണിച്ചു തുടങ്ങിയ നടപ്പിന് എന്തെന്നില്ലാത്ത സുഖം ഉണ്ടായിരുന്നു. കാരണം, തിരക്കും ബഹളവും ഇല്ലാത്ത റോഡ്, ചുറ്റും പച്ചപ്പിന്റ മനോഹരമായ ലാൻഡ്‌സ്‌കേപ്. പിന്നെ ഏതാണ്ട് പണ്ട്രണ്ടു ഡിഗ്രി ടെമ്പറേച്ചർ. ആ സുഖകരമായ അന്തരീക്ഷത്തിൽ രണ്ടല്ല ഇരുപതു കിലോമീറ്റർ ഒക്കെ ഭംഗിയായി നടക്കാം. നടന്ന് നടന്ന് എത്തിച്ചേർന്നത് വിശാലമായ ഒരു പാർക്ക്ലേക്കാണ്. ഏക്കർകണക്കിന് വിസ്തൃതിയുള്ള പാർക്കിൽ (ഏതാണ്ട് ബാംഗ്ലൂർ ലാൽ ബാഗ് പോലെ ) എത്തിയപ്പോൾ ഗൂഗിൾ മാപ് ഞങ്ങളോട് സ്ഥലം എത്തി എന്ന് സൂചിപ്പിച്ചു. പക്ഷെ ചുറ്റും നോക്കിയിട്ട് ഞങ്ങൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

ഇവിടെ എവിടെ മെറിഡിയൻ ? ഇനി ആരോട് എങ്കിലും വഴി ചോദിക്കാം എന്ന് വിചാരിച്ചു ചോദിക്കുമ്പോ മിക്ക ആളുകളും ടൂറിസ്റ്റ് തന്നെ. അവരും ഇവിടെ എവിടെയോ ആണ്, എന്നാൽ എവിടെ ആണെന്ന് കൃത്യമായി അറിയില്ല എന്ന മട്ടിൽ ആ പാർക്കിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അവസാനം ഒരു ഉന്തുവണ്ടിയിൽ ഐസ്ക്രീം വിൽക്കുന്ന ചേച്ചി സഹായിച്ചു. പിന്നെയും ഒന്നൊര കിലോമീറ്റർ ആ പാർക്കിലൂടെ. അവസാനം , വിശാലമായ ആ പാർക്കിന്റെ ഒരു ഓരത്തുള്ള കുന്നിൻ മുകളിൽ ( നല്ല പൊക്കമുള്ള കുന്നാണ് , മുകളിലെത്തിയപ്പോഴേക്കും നന്നേ ക്ഷീണിച്ചു ) ആ സംഭവം അങ്ങനെ എത്തിപ്പിടിച്ചു. ആ കുന്നിൻ മുകളിൽ നിന്നാൽ ലണ്ടൻ നഗരത്തിന്റെ ഏരിയൽ വ്യൂ നല്ല ഭംഗിയായി ഒപ്പിയെടുക്കാം. അത്ര ഉയരെ ആണ് ഞങ്ങൾ നടന്ന് കയറിയത്.

കുന്നുകയറിയ ക്ഷീണമൊക്കെ മാറ്റി പത്തു പൗണ്ട് ടിക്കറ്റ് എടുത്ത് അകത്തു കേറി, നോക്കുമ്പോ എല്ലാ ആളുകളും ഊഴമിട്ട് ഫോട്ടോ എടുക്കുന്നു. ചെന്ന് നോക്കുമ്പോ ആണ് ആ വര ( പ്രൈം മെറിഡിയൻ ), ഭൂമിയെ നെടുകെ മുറിച്ച വര കാണുന്നത്. അവിടുന്നാണ് ടൈം സോൺ തുടങ്ങുന്നത് എന്നാണ് ടീച്ചർ പഠിപ്പിച്ചത്.

ഗ്രീൻവിച് മീൻ ടൈം – ഗ്രീൻവിച് പ്രൈം മെറിഡിയൻ. അപ്പൊ ഇതാണ് ആ വര. മ്മളെ കുഴക്കിയ, ജിയോഗ്രഫി ടീച്ചർ പറഞ്ഞ ഗ്രീൻവിച് രേഖ. ഇന്ത്യ അഞ്ചര മണിക്കൂർ മുകളിലും (+5:30), ദുബായ് ( +4:00) സിങ്കപ്പൂർ (+8:00) അമേരിക്ക ( – 5:00 ) എന്നിങ്ങനെ തരം തിരിക്കുന്നത് ഇതിനെ അടിസ്ഥാനമാക്കി ( ഇവിടെ സീറോ ആയി സെറ്റ് ചെയ്ത് ) ആണെന്നും ഒക്കെ മനസ്സിൽ മിന്നി മറഞ്ഞു.

എല്ലാരേം പോലെ അവിടെ നിന്ന് രേഖക്ക് ഇരുവശവും കാലൊക്കെ വച് രണ്ടു മൂന്നു പടം പിടിച്ചു ചുമ്മാ മാറി ആ തണുപ്പിൽ ഒരു ഐസ്ക്രീം കഴിച്ചു നിന്നു (തണുപ്പ് സ്ഥലത്തു് ഐസ്ക്രീം ന് രുചി കൂടുതലാണ്, സംശയം ഉള്ളവർക്ക് പരീക്ഷിക്കാം ) . ഒരേ സമയം രണ്ടു ടൈം സോണിൽ നില്കുന്നത് വലിയ കാര്യമാണല്ലോ. ആളുകളുടെ എക്സ്പ്രഷൻ ഒക്കെ നോക്കി നില്ക്കാൻ നല്ല രസമാണ്. പ്രത്യേകിച്ചും, ക്യാമറക് മുൻപിൽ നില്കുന്നത്. ചിലർക്ക് വേണ്ടി മ്മള് ക്യാമറ കൈകാര്യം ചെയ്യുക കൂടി ചെയ്തു.

യഥാർത്ഥത്തിൽ അതി വിശാലമായ ആ പാക്കിന്റെ പേരാണ് റോയൽ ഗ്രീൻവിച് പാർക്. ആ പാർക്കിലാണ് ഗ്രീൻവിച് രേഖ സ്ഥിതിചെയ്യുന്നത്. മെറിഡിയനോട് ചേർന്ന് ഒരു മ്യുസിയവും ( National Maritime Museum, Greenwich), ഒരു നിരീക്ഷണാലയവും ( Royal Observatory) പിന്നെ ഏതൊരു ടൂറിസ്റ്റ് കേന്ദ്രത്തിലും പൊതുവായ, ആ ടൂറിസ്റ്റ് അട്രാക്ഷനെ സംബന്ധിക്കുന്ന സുവനീർ ഷോപ്പും ക്രമീകരിച്ചിട്ടുണ്ട്. സമയക്രമങ്ങളെ കുറിച്ചും, നാവിഗേഷൻ സംബന്ധിച്ചും വര്ഷങ്ങളായി നടത്തിയ നിരീക്ഷണ പരീക്ഷണങ്ങളുടെ ആകെ തുക ഈ മ്യുസിയത്തിൽ നിന്നും നമുക്ക് മനസ്സിലാകും. അത്രക്ക് വിശാലമായ മ്യുസിയത്തിൽ ആയിരത്തിലധികം വസ്തുക്കൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

മ്യുസിയവും മറ്റ് അനുബന്ധ കാഴ്ചകളും കണ്ടു കഴിഞ്ഞു സാവധാനം താഴെ എത്തി അടുത്തുള്ള ബസ് സ്റ്റേഷൻ തിരക്കി നടന്നു. തിരിച്ചുള്ള യാത്ര ബസിൽ ആക്കാം എന്ന് വിചാരിച്ചു. ബസ്സിനും ട്രെയിനും ട്യൂബിനും എല്ലാം ഉള്ള പാസാണ് യാത്ര പുറപ്പെടുമ്പോ എടുത്തത്. ഏതിൽ വേണമെങ്കിലും കയറാൻ സാധിക്കുന്ന വിധമാണ് പാസുകൾ ലഭിക്കുക.

ബസ് സ്റ്റേഷൻ തിരക്കി നടക്കുന്നതിനിടയിൽ റോയൽ പാർക്കിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ മാറി, അടുത്ത അത്ഭുതമായ കുട്ടി സാർക്ക് ( Cutty Sark) എന്ന 1869 ഇൽ നിർമ്മിച്ച കപ്പൽ പ്രദര്ശിപ്പിച്ചിരിക്കുന്നത് കാണുന്നത്. അന്നത്തെ കാലത്തെ ഏറ്റവും വേഗമുള്ള സെയ്‌ലിംഗ് ഷിപ് എന്ന പ്രത്യേകത ഉള്ള ഷിപ് ആണ് കുട്ടി സാർക്ക് ( Cutty Sark). ഇപ്പോൾ ഇത് ലണ്ടൻ ലെ ഏറ്റവും അധികം ടൂറിസ്റ്റ്കളെ ആകർഷിക്കുന്ന ഒരിടമാണ്. അതിൽ ചെറിയ കോഫീ ഷോപ്പും, അകത്തു നടന്നു കാണുന്നതിനും ഉള്ള സൗകര്യവും ലഭ്യമാണ്. അതിനോട് ചേർന്ന് കുട്ടി സാർക്കിന്റെ മിനിയേച്ചർ മുതൽ ഇതുമായി ബന്ധപ്പെട്ട സുവനീർകൾ വിൽക്കുന്ന ഇടവും ഉണ്ട്.

ഏതെല്ലാം കണ്ടു കഴിഞ്ഞപ്പോ ബസ് ബസ്സിന്റെ വഴിക്കു പോയി. പിന്നെ ട്രെയിൻ പിടിച്ചു തിരിച്ചു കാനറി വാർഫിലേക്ക്. ബാങ്ക് സ്ട്രീറ്റിൽ കൂടി ആകാശം മുട്ടുന്ന കെട്ടിടങ്ങൾക്കിടയിൽ കൂടി കാഴ്ചകൾ കണ്ടു നടന്നു. സുഖമുള്ള, മനസ്സ് നിറഞ്ഞുള്ള സുഖകരമായ നടത്തം. തിരക്കുകളില്ലാതെ, അജണ്ടകളില്ലാതെ എന്റെത് മാത്രമായ സമയം. അടുത്ത് കണ്ട കോഫീ ഷോപ്പിൽ നിന്ന് ഒരു കാപ്പുച്ചിനോ നുണഞ്ഞുകൊണ്ടു തണുപ്പിനെ പ്രധിരോധിച്ചുകൊണ്ടുള്ള നടത്തം ജീവിതത്തിൽ ഒരിക്കലും മറക്കില്ല.

അന്ന് തിരിച്ചു ഹോട്ടലിൽ എത്തുമ്പോഴേക്കും ലണ്ടൻ പൊതുഗതാഗത സംവിധാനത്തെ കുറിച്ചും, ലോക സമയ ക്രമങ്ങളെ കുറിച്ചും നന്നായി മനസ്സിലാക്കിയിരുന്നു. അല്ലങ്കിലും അറിയാത്ത ദേശങ്ങളും അപരിചിതരായ ആളുകളും വെത്യസ്തമായ കാലാവസ്ഥകളും എല്ലാം ഒരു യഥാർത്ഥ സഞ്ചാരിയെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ഇങ്ങിനെയുള്ള യാത്രകൾ പകർന്നു നൽകുന്ന അറിവുകളും, ആത്മവിശ്വാസവും എനിക്ക് ഒരു വ്യക്തി എന്ന നിലയിലും യാത്രികൻ എന്ന നിലയിലും ഇനിയും ഒരുപാട് കാതങ്ങൾ പിന്നിടാനുള്ള പ്രേരക ശക്‌തിയായി ഭവിച്ചുകൊണ്ടിരിക്കുന്നു.

The post ഗ്രീൻവിച്ചിലേക്ക് – ഭൂമിയെ നെടുകെ മുറിച്ച വര കാണാൻ appeared first on Technology & Travel Blog from India.





No comments:

Post a Comment