പാലക്കാട് ജില്ലയിലെ കൽപ്പാത്തി ഗ്രാമവും പുഴയും രഥോത്സവവും.. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 15, 2018

പാലക്കാട് ജില്ലയിലെ കൽപ്പാത്തി ഗ്രാമവും പുഴയും രഥോത്സവവും..

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കൽ‌പാത്തി. പാലക്കാട് ടൗണിൽ നിന്ന് ഏകദേശം 2 കീ.മി. ദൂരത്തിൽ നിളാതീരത്ത് ബ്രാഹ്മണർ ഒരുമിച്ച് താമസിക്കുന്ന അഗ്രഹാരം ഉൾപ്പെടുന്ന പ്രദേശമാണിത്.

കോരയാറും മലമ്പുഴയും കുടിച്ചേരുന്നതും ഇതിനടുത്താണ്. കല്പാത്തിപുഴയുടെ ഇരുകരകളിലും കല്ലുകളാണ്(പാറ) പാറകൊണ്ടുണ്ടാക്കിയ ഒരു ഓവി(പാത്തി)ലൂടെ വെള്ളം ഒഴുകുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് കല്പാത്തിയെന്നു പേരു വന്നതെന്ന് പറയപ്പെടുന്നു. കല്പാത്തിപുഴ എന്നത് ഭാരതപുഴയുടെ ഒരു ഭാഗമാണ്.ദക്ഷിണ കാശി (അല്ലെങ്കിൽ തെക്കിന്റെ വാരണാസി) എന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. പാലക്കാട് ബ്രാഹ്മണർ ആദ്യമായി കുടിയേറിപ്പാർത്ത സ്ഥലങ്ങളിൽ ഒന്നാണ് കൽ‌പാത്തി. ഇവിടെ തമിഴ് ബ്രാഹ്മണരാണ് കൂടുതലായും താമസിക്കുന്നത്. പഴയ കൽപ്പാത്തിയും പുതിയ കൽപ്പാത്തിയുമായി കൽപ്പാത്തിയെ വേർതിരിക്കപ്പെട്ടിരിക്കുന്നു.

കൽ‌പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പരബ്രഹ്മമൂർത്തിയായ കാശി വിശ്വനാഥപ്രഭുവും (പരമശിവൻ) ഭഗവാന്റെ പത്നിയും ആദിപരാശക്തിയുമായ വിശാലാക്ഷിയും (ശ്രീപാർവ്വതി) ആണ്. ശ്രീ ലക്ഷ്മീനാരായണപ്പെരുമാൾ (മഹാവിഷ്ണു), മന്തക്കര മഹാഗണപതി തുടങ്ങി ഗ്രാമത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ മൂർത്തികളും ഈ രഥോത്സവത്തിൽ പങ്കെടുക്കാറുണ്ട്.

എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാളമാസം തുലാം 28, 29, 30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന ഭാരതപ്പുഴയുടെ കൈവഴിയായ കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി.യിൽ‍ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥസ്വാമിക്ഷേത്രം സന്ദർശിച്ചു മടങ്ങിയ തമിഴ്‌നാട് മായാവാരം സ്വദേശിനിയായ ഒരു തമിഴ് ബ്രാഹ്മണസ്ത്രീ കൊണ്ടു വന്ന ശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കാശി വിശ്വനാഥസ്വാമിക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പാതി കൽപ്പാത്തി എന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്.

ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ, ചണ്ഡികേശ്വരൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, വള്ളിദേവസേന സമേതനായ സുബ്രമണ്യൻ, ഗണപതി, സൂര്യൻ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിലുണ്ട്. ഈ ക്ഷേത്രത്തിന് സമീപത്തായി ലക്ഷ്മീസമേതനായ ഭഗവാൻ നാരായണന്നും, ഗണപതിക്കും പ്രത്യേകം ക്ഷേത്രങ്ങളുമുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കൽ‌പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ പ്രദേശങ്ങളിൽ ഒന്നാണ്. ശിവക്ഷേത്രനിർമ്മാണത്തോടനുബന്ധിച്ചാണ് ഇവർ ഇവിടേക്ക് കുടിയേറിയത്.

കൽപ്പാത്തിപ്പുഴ : കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ. പാലക്കാട് ജില്ലയിലെ ചെന്താമരക്കുളം എന്ന മലമ്പ്രദേശത്ത് പശ്ചിമഘട്ടത്തിന്റെ ഉയർന്ന മലയിടുക്കുകളിൽ നിന്നാണ് കൽപ്പാത്തിപ്പുഴ ഉൽഭവിക്കുന്നത്. ‍വാളയാറിന് വടക്കായി ചെന്താമരക്കുളം സ്ഥിതിചെയ്യുന്നു.

നാല് അരുവികൾ (നദികൾ)‍ ചേർന്നാണ് കൽപ്പാത്തിപ്പുഴ ഉണ്ടാവുന്നത്. മലമ്പുഴ, വാളയാർ, കോരയാറ്, വരട്ടാറ് എന്നിവയാണ് അവ. പ്രശസ്തമായ മലമ്പുഴ അണക്കെട്ട് മലമ്പുഴയുടെ കുറുകെയാണ് കെട്ടിയിരിക്കുന്നത്. പുഴ പാലക്കാട് പട്ടണത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് അണ കെട്ടിയിരിക്കുന്നത്. പാലക്കാട് നഗരത്തിലെ കൽപ്പാത്തി ശിവക്ഷേത്രത്തിന്റെ പേരാണ് കൽപ്പാത്തിപ്പുഴയ്ക്കു നൽകിയിരിക്കുന്നത്. പാലക്കാടിന് പടിഞ്ഞാറുള്ള പറളിയിൽ വച്ച് കൽപ്പാത്തിപ്പുഴ ഭാരതപ്പുഴയിൽ ചേരുന്നു.

കേരളത്തിന്റെ മറ്റു നദികളെപ്പോലെ കൽപ്പാത്തിപ്പുഴയും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അനധികൃത മണൽ‌വാരലാണ്. ഇത് നദിയുടെ അടിത്തട്ടിൽ പല കുഴികളും നിർമ്മിച്ചിരിക്കുന്നു. നദിക്കു ചുറ്റും പാഴ്ചെടികൾ വളരുന്നതിനും നദി ഇടുങ്ങുന്നതിനും ഇത് കാരണമായി. വേനൽക്കാലത്ത് ആഫ്രിക്കൻ പച്ചയും മറ്റ് പാഴ്ച്ചെടികളും കൽപ്പാത്തിപ്പുഴയെ മൂടുന്നു.

എങ്ങനെ എത്തിച്ചേരാം : ഏറ്റവും അടുത്ത ടൗൺ : പാലക്കാട് – 3 കീ. മീ., ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ: പാലക്കാട് ജംഗ്ഷൻ – 3 കീ. മീ., ഏറ്റവും അടുത്ത വിമാനത്താവളം: കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം – 55 കീ. മീ.

കടപ്പാട് – വിക്കിപീഡിയ.

The post പാലക്കാട് ജില്ലയിലെ കൽപ്പാത്തി ഗ്രാമവും പുഴയും രഥോത്സവവും.. appeared first on Technology & Travel Blog from India.





No comments:

Post a Comment