കേരളത്തിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേകൾ; പഴയ പേരും പുതിയ പേരും - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, November 21, 2018

കേരളത്തിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേകൾ; പഴയ പേരും പുതിയ പേരും

കേരളത്തിൽ ഗതാഗതത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഉപരിതല ഗതാഗതമാർഗ്ഗമായ റോഡുകളെയാണ്‌. കേരളത്തിൽ അനേകം റോഡുകൾ ഉണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഉള്ളത് പഞ്ചായത്ത് റോഡുകളാണ്‌. പിന്നെ സംസ്ഥാന പാതകളും, ദേശീയപാതകളും.. ഗതാഗതത്തിനും ചരക്കുമാറ്റത്തിനും കൂടുതലായി ആശ്രയിക്കുന്നത് ദേശീയപാതകളെയാണ്‌ (National Highway). അഞ്ച് ദേശീയപാതകൾ കേരളത്തിൽ നിന്നും തുടങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കു പോകുമ്പോൾ ഒരു ദേശീയപാത (എൻ.എച്ച്. 47) തമിഴ് നാട്ടിൽ തുടങ്ങി കേരളത്തിലൂടെ തമിഴ് നാട്ടിലേക്കു പോകുന്നു. ഓരു ദേശീയപാത (എൻ.എച്ച്. 213) കേരളത്തിലെ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്നു. രണ്ടു പാതകൾ എൻ.എച്ച്. 47 ന്റെ ശാഖകളാണ്.

എൻ.എച്ച്. 17 (NH 66) : ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കന്യാകുമാരി മുതൽ മഹാരാഷ്ട്രയിലെ പൻവേൽ വരെയുള്ള ദേശീയപാതയാണ് ദേശീയപാത 66 (മുൻപ് ദേശീയപാത 17). പശ്ചിമഘട്ടത്തിനു സമാന്തരമായി കൊങ്കൺ കടലോരത്തുകൂടി പോകുന്ന ഈ പാത കന്യാകുമാരി, നാഗർകോവിൽ, പദ്മനാഭപുരം, വിളവങ്കോട് വഴി പാറശാലയിൽ വച്ച് കേരളത്തിലേക്ക് പ്രവേശിക്കുന്നു. കേരളത്തിൻറെ പടിഞ്ഞാറൻ തീരത്തുകൂടി കടന്നുപോകുന്ന പാത പിന്നീട് മഞ്ചേശ്വരം വഴി കർണ്ണാടകയിലേക്ക് കടക്കുന്നു. കർണ്ണാടകയിലാണ് ഈ പാതയ്ക്ക് ഏറ്റവും ദൈർഘ്യമുള്ളത്. പിന്നീട് മംഗലാപുരം, ഉഡുപ്പി, മർഗ്ഗാവ്, സംഗമേശ്വര്‍, വഴി ബോംബെയ്ക്ക് അടുത്തുള്ള പൻ‌വേൽ വരെ പോകുന്നു. മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1622 കിലോമീറ്റർ (1008 മൈൽ) നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഒമ്പതാമത്തെ വലിയ ദേശീയപാതയാണ്.

എൻ.എച്ച്. 47 (പുതിയ നമ്പർ NH 544) : തമിഴ്‌നാട്ടിലെ സേലത്തെയും കേരളത്തിലെ കൊച്ചിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയാണ് എൻ.എച്ച് 544 എന്ന് പൊതുവായി അറിയപ്പെടുന്ന ദേശീയപാത 544. പഴയ സേലം – കന്യാകുമാരി ദേശീയപാത 47-ന്റെ ഒരു ഭാഗം ആണ് ദേശീയപാത 544. 2010-ലെ ഭാരത സർക്കാർ വിജ്ഞാപന പ്രകാരമാണ് ഈ പേര് നിലവിൽ വന്നത്. തമിഴ്‌നാട്ടിലെ സേലത്തിൽ നിന്ന് ആരംഭിക്കുന്ന ഇ പാത ഈറോഡ്, കോയമ്പത്തൂർ വഴി പാലക്കാട് ചുരം കടന്ന് കേരളത്തിൽ പ്രവേശിച്ച്‌ പാലക്കാട്, തൃശ്ശൂർ വഴി ഏറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ വെച്ച് ദേശീയപാത 66-ൽ ചേർന്ന് അവസാനിക്കുന്നു.

എൻ.എച്ച്. 47A (പുതിയ നമ്പർ 966B) : കേരളത്തിലെ എന്ന് തന്നെ അല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതയാണിത്. ആകെ നീളം 5.9 കിലോമീറ്ററാണ്‌. എറണാകുളം ജില്ലയിലെ കണ്ടന്നൂർ മുതൽ വില്ലിംഗ്ടൺ ഐലന്റ്വരെയാണ്‌ ഈ പാതയുടെ ഗതി .

എൻ.എച്ച്. 47C ( പുതിയ നമ്പർ NH 966A) : എൻ.എച്ച്. 47ൽ കളമശ്ശേരിക്കടുത്തുനിന്നു തുടങ്ങി, എൻ.എച്ച്. 17 നെ ചേരാനല്ലൂർ വച്ച് മറികടന്ന് വല്ലാർപാടം വരെ പോകുന്നു. നീളം 17 .2 കിലോമീറ്റർ. എറണാകുളം ജില്ലയിലെ കണ്ടെയ്‌നർ റോഡ് എന്നറിയപ്പെടുന്നത് ഈ ഹൈവേയാണ്.

എൻ.എച്ച്. 49 (പുതിയ നമ്പർ NH 85) : കേരളത്തിലെ കൊച്ചിക്കും തമിഴ്‌നാട്ടിലെ രാമേശ്വരത്തിനും ഇടയിലുള്ള ഈ ദേശീയപാതയുടെ 168 കിലോമീറ്റർ കേരളത്തിലാണ്. കൊച്ചിയിലെ കുണ്ടന്നൂർ നിന്നാരംഭിക്കുന്ന ഈ പാത കേരളത്തിലെ തൃപ്പൂണിത്തുറ, മുവാറ്റുപുഴ, കോതമംഗലം, പള്ളിവാസൽ, ദേവികുളം, മൂന്നാർ എന്നീ സ്ഥലങ്ങളിലൂടെ കടന്ന് തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കന്നൂരിൽ‌ പ്രവേശിക്കുന്നു അവിടെ നിന്നും തേനി, ആണ്ടിപ്പട്ടി, ഉസലാമ്പട്ടി മുതലായ സ്ഥലങ്ങളിലൂടെ മധുരയിലെത്തുന്നു. മധുരയിൽ നിന്നും മാനമധുര, പരമക്കുടി,രാമനാഥപുരം വഴി ഈ പാത രാമേശ്വരത്തെത്തി അവസാനിക്കുന്നു. ഈ പാത പ്രകൃതി രമണീയമായ മൂന്നാർ മേഖലയിലൂടെ കടന്നു പോകുന്നു. രാമേശ്വരത്ത് പ്രസിദ്ധമായ പാമ്പൻ പാലം ഈ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പാലം രാമേശ്വരം ദ്വീപിനെ വൻ‌കരയുമായി ബന്ധിപ്പിക്കുന്നു. ഈ പാലം പാക്ക് കടലിടുക്കിലാണ് സ്ഥിതി ചെയ്യുന്നത്.

എൻ.എച്ച്. 208 (പുതിയ നമ്പർ NH 744) : ദേശീയപാത 744 (പഴയ ദേശീയപാത 208), ദക്ഷിണേന്ത്യയിലെ ഒരു ദേശീയ പാതയാണ്‌. തമിഴ്നാട്ടിലെ തിരുമംഗലത്തെ കേരളത്തിലെ കൊല്ലവുമായി ബന്ധിപ്പിക്കുന്നു. ദേശീയ പാത 47-ൽ കൊല്ലത്തു നിന്നാരംഭിച്ച് തിരുമംഗലത്ത് വച്ച് ദേശീയ പാത 44-ൽ ചേരുന്നു. 206 കിലോമീറ്റർ നീളമുള്ള ഈ പാതയ്ക്ക് തമിഴ്നാട്ടിൽ 125 കി.മി.യും കേരളത്തിൽ 81 കി.മി.യും ഉണ്ട്. കൊല്ലം മുതൽ ആര്യങ്കാവ് വഴി തമിഴ് നാട്ടിലെ മധുരക്ക് സമീപം തിരുമംഗലം വരെയാണ്‌ ഈ പാത സഞ്ചരിക്കുന്നത്.

എൻ.എച്ച്. 212 (പുതിയ നമ്പർ NH 766) : കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാതയാണ് ദേശീയപാത 766 (പഴയ ദേശീയപാത 212).കോഴിക്കോട് നിന്നും ആരംഭിക്കുന്ന ഈ പാത കൊള്ളേഗൽ വരെ നീളുന്നു. കേരളത്തിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, കർണാടകത്തിലെ ഗുണ്ടൽപേട്ട്, മൈസൂർ എന്നിവ ഈ പാതയിലെ പ്രധാന നഗരങ്ങൾ ആണ്. പശ്ചിമഘട്ടത്തിലൂടെയാണ് ഈ പാത കടന്ന് പോകുന്നത്.700 കൊല്ലം മുമ്പ് കർണ്ണാടകത്തിൽ നിന്നും വയനാട്ടിലേക്ക് കുടിയേറിയ ജൈനർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു ടിപ്പു സുൽത്താൻ വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീടു വി പി സിങിന്റെ ഭരണ കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (എൻ എച്ച് 212) ഉയർത്തി. എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഒരു കവാടമായും ഇതു പ്രവർത്തിക്കുന്നു.

എൻ.എച്ച്. 213 (പുതിയ നമ്പർ NH 966) : കേരളത്തിലെ രണ്ടുജില്ലകളായ പാലക്കാടിനേയും കോഴിക്കോടിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. തുടങ്ങുന്നത് പാലക്കാട് നഗരത്തിലും(എൻ.എച്ച്. 47 ) , അവസ്സാനിക്കുന്നത്‌ രാമനാട്ടുകരയിലും (എൻ.എച്ച്. 17 ). ആകെ ദൂരം 121 കിലോമീറ്ററാണ്‌.

എൻ.എച്ച്. 220 (പുതിയ നമ്പർ NH 183) : കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 183 (പഴയ ദേശീയപാത 220). തമിഴ്നാട്ടിലൂടെ 55 കി.മി.യും കേരളത്തിൽ 210 കി.മി.യും ഇത് കടന്നു പോകുന്നു. കേരളത്തിലെ കൊല്ലം, – കടവൂർ ,കുണ്ടറ ,കൊട്ടാരക്കര,അടൂർ- കോട്ടയം, കാഞ്ഞിരപ്പള്ളി, കുമളിഎന്നീ പട്ടണങ്ങളെയും തമിഴ്‌നാട്ടിലെ തേനി പട്ടണവുമായി ബന്ധിപ്പിക്കുന്ന ഈ പാത, തെക്കേ ഇന്ത്യയിലെ ഒരു തിരക്കേറിയ പാതയാണ്. കൊല്ലത്തു നിന്ന് ആരംഭിക്കുന്ന പാത കൊട്ടാരക്കര, അടൂർ, ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പീരുമേട്, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലൂടെ കടന്ന് കുമളിയിൽ വെച്ച് തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന പാത കമ്പം വഴി തേനിയിൽ അവസാനിക്കുന്നു. എം.സി. റോഡിന്റെ ഭാഗങ്ങളും, കോട്ടയം-കുമളി റോഡ് (കെ.കെ. റോഡ്) പൂർണ്ണമായും ഈ ദേശീയപാതയിൽ ഉൾപ്പെടുന്നു.

ഇന്ത്യ ഗവൺമെന്റിന്റെ 2010 മാർച്ച്‌ അഞ്ചിലെ എസ്‌. ഓ .542 (ഈ) നോട്ടിഫിക്കേഷൻ അനുസ്സരിച്ച് ( ഗസറ്റ് ഓഫ് ഇന്ത്യ നമ്പർ-457 , തീയതി: 05 -03 -2010),  ഇന്ത്യയിലെ എല്ലാ ദേശീയപാതകളുടെയും പേരും നമ്പരും സ്ഥലങ്ങളും മറ്റും യുക്തിസഹമായി പരിഷ്ക്കരിക്കുകയാണ്. അതനുസ്സരിച്ച് , കേരളത്തിലെ ദേശീയപാതകളുടെ പുതിയ നമ്പരും പേരും, കേരളത്തിൽ കടന്നുപോകുന്ന/ ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും താഴെ വിവരിക്കുന്നു:

കടപ്പാട് – വിക്കിപീഡിയ.

The post കേരളത്തിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേകൾ; പഴയ പേരും പുതിയ പേരും appeared first on Technology & Travel Blog from India.





No comments:

Post a Comment