എഴുത്ത് – ഋഷിദാസ് എസ്.
സൗരയൂഥത്തിന്റെ തലവനായ സൂര്യനെ മനുഷ്യന്‍ സൃഷ്ടിച്ചാല്‍ എന്താവും അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോ? കഴിഞ്ഞ ഏതാനും ദിവസമായി മാധ്യമങ്ങൾ സർവ്വശക്തിയുമെടുത്ത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചൈനീഡ് ഉടായിപ്പാണ് – ‘ചൈനീസ് കൃത്രിമ സൂര്യൻ.’ ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞര്‍ ഭൗമാധിഷ്ഠിത സണ്‍ സിമുലേറ്റര്‍ നിര്‍മിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂമിക്കാവശ്യമായ ഊര്‍ജോത്പാദനമാണ് കൃത്രിമ സൂര്യനെ സൃഷ്ടിക്കാനുള്ള ചൈനയുടെ നീക്കത്തിന് പിന്നില്‍.
അടിസ്ഥാനപരമായി ഇതൊരു അറ്റോമിക് ഫ്യൂഷന്‍ റിയാക്ടറാണ്. 10കോടി ഡിഗ്രി സെല്‍ഷ്യസ് താപം ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ റിയാക്ടറിനുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. എന്നാല്‍ സൂര്യന്റെ കേന്ദ്രഭാഗത്തെ താപനില 1.5കോടി ഡിഗ്രി സെല്‍ഷ്യസാണ്.
വാർത്തകളെ എങ്ങനെ വളച്ചൊടിക്കാമെന്നതിന്റെ ഏറ്റവം വലിയ ഉദാഹരണമാണ് ഈ വ്യാജവാർത്ത. ആധുനിക കാലത്തു വാർത്തകൾ ഇല്ല നരേറ്റിവുകൾ മാത്രമേ ഉള്ളൂ എന്നതിന്റെ മകുടോദാഹരണമാണ് ഈ വാർത്തകൾ. ഒന്നാമതായി സൂര്യന്റെ ദ്രവ്യമാനം ഭൂമിയുടേതിന് ആയിരം മടങ്ങിലധികമാണ് . ചൈന എത്ര മുക്കിയാലും അതിന്റെ സഹസ്രകോടികളിൽ ഒരംശം കൊണ്ട് ഒരു നക്ഷത്രത്തെ സൃഷ്ടിക്കാനാവില്ല. രണ്ടാമതായി ഫ്യൂഷൻ എന്ന ആണവ പ്രക്രിയയുടെ കാര്യം ആണവ ഫ്യൂഷൻ ആണ് നക്ഷത്രങ്ങളുടെ ഊർജ്ജ ഉല്പാദനത്തിന്റെ ആധാരം . ഇന്നേവരെ ഭൂമിയിൽ നിയന്ത്രിതമായ ഫ്യൂഷൻ വലിയ കാലയളവിൽ നിലനിർത്തിയിട്ടില്ല.
അൻപതുകളിൽ റഷ്യൻ ശാസ്ത്രജ്ഞൻ ഇഗോർ ട്ടാം ( Igor Tamm) രൂപകൽപന ചെയ്ത ടോക്കാമാക്ക് ( Tokamak) എന്ന സംവിധാനമാണ് ഭൂമിയിൽ ഏതാനും മൈക്രോ സെക്കൻഡ് സമയത്തേക്ക് നിയന്ത്രിത ഫ്യൂഷൻ നടത്താൻ കെൽപ്പുള്ള ഏക ഉപകരണം . ടോക്കാമാ ക്കിന്റെ പരിഷ്കരിച്ച ഒരു പതിപ്പാണ് ITER ( International Thermonuclear Experimental Reactor (ITER) ) എന്ന പേരിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ചേർന്ന് ഫ്രാൻസിൽ നിർമിച്ചുകൊണ്ടിരിക്കുന്നത് . ITER പ്രാഥമികമായെങ്കിലും പ്രവർത്തനസജജമാകാൻ 2030 എങ്കിലുമാകും .
കാര്യങ്ങൾ ഇങ്ങനെ നിൽക്കെയാണ് 2020 ൽ ചൈന സൂര്യനെക്കാൾ വലിയ സൂര്യനെ നിർമിക്കും എന്ന പ്രചാരണം. ഒന്നുകിൽ ഈ വാർത്ത പ്രസാധനത്തിന് നൽകിയവർക്ക് വെളിവില്ല . അല്ലെങ്കിൽ ഇത് പ്രചരിപ്പിക്കുന്നവർക്ക് വെളിവില്ല. എന്തായാലും വ്യാജവാർത്തകൾ എത്രവേഗത്തിലാണ് പടരുന്നത് എന്നതിന് വേറെ ഉദാഹരണം ഒന്നും വേണ്ട .
വാൽകഷ്ണം : ചൈന ബിഗ് ബാങ് പുനഃസൃഷ്ടിക്കും എന്ന വാർത്തയുടനെയുണ്ടാവും -കാത്തിരുന്നു കാണുക. എന്തായാലും ചൈന പുതിയ സൂര്യനെ നിർമിക്കുമ്പോൾ, നമ്മുടെ പഴയ പാവം സൂര്യനെ ആകാശഗംഗയുടെ അഗാധതകളിലേക്ക് വലിച്ചെറിയില്ല എന്ന് പ്രത്യാശിക്കാം.
The post ഒരു ചൈനീസ് ഉടായിപ്പ് -പുതിയ സൂര്യനെ നിർമ്മിക്കുന്ന ചൈന appeared first on Technology & Travel Blog from India.
No comments:
Post a Comment