ബിജാപുർ എന്ന വസന്തലോകം തേടി ഒരു കർണാടക യാത്ര - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Thursday, November 8, 2018

ബിജാപുർ എന്ന വസന്തലോകം തേടി ഒരു കർണാടക യാത്ര

പ്രളയവും പേമാരിയും ദുരന്തം വിതച്ചപ്പോൾ യാത്രകൾക്ക് തൽക്കാലം ഒരു അവധി നല്കിയിരിക്കുമ്പോഴാണ് പലരുടെയും കമന്റ് കല്യാണം ഉറപ്പിച്ചോ എന്ന്. ചോദിച്ചവരോട് നന്നായി ഒന്ന് ഇളിച്ചു കാട്ടി. കാണിച്ചു തരാടാ തെ@&#%കളെ എന്ന് മനസ്സിലും പറഞ്ഞു😉.
കാത്തിരുന്നു മൂന്ന് ദിവസം അവധി വീണ് കിട്ടിയെങ്കിലും എപ്പോഴത്തെയും പോലെ ഇടുക്കിക്ക് വിടാം എന്നല്ലാതെ പ്രതേകിച്ചു ലക്ഷ്യം ഒന്നും ഉണ്ടായിരുന്നില്ല പോകുന്നതിനു രണ്ടു ദിവസം മുന്നേ വരെ. മിക്കയാത്രയിലും കൂടെ ഉണ്ടാവുന്ന ചങ്ക് ആദർശ് ആണ് "ബിജാപുർ" പോകാം എന്ന് പറഞ്ഞത്.
"ങ്ങേ ബിജാപുരോ അതെവിടാ", സ്ഥലം കർണാടകയിൽ ആണെങ്കിലും അത് വരെ ഞാൻ കേട്ടിട്ട് പോലുമില്ല അങ്ങനെയൊരു പേര്🙄. വെറുതെ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ ചിത്രങ്ങൾ കണ്ടതും ഞാൻ മൂക്കും കുത്തി വീണു. ആ ഫിക്സിഡ്, പോകാം👍. വീഴാൻ ആഗ്രഹം ഉള്ളവർ വേഗം പോയി ഗൂഗിൾ ചെയ്തു നോക്ക്😃.
ഉത്തരകർണാടകയിൽ ആണ് ബിജാപുർ. കേട്ടറിവ് പോലും ഇല്ലാത്ത ഒരു സ്ഥലത്തേക്ക് എങ്ങനെ എത്തിപ്പെടും എന്നത് ഒരു കടമ്പയായിരുന്നു. മൂന്ന് ദിവസം ഉണ്ട് വേറെ ഏതെങ്കിലും സ്ഥലങ്ങൾ കൂടെ ഉൾപ്പെടുത്താം പക്ഷെ ആദ്യമൊന്നും ഒരെത്തും പിടിയും കിട്ടിയില്ല.
വെറുതെ ഗൂഗിൾ മാപ്പ് എടുത്ത് പരതി നോക്കിയപ്പോഴാണ് ബൾബ് കത്തിയത്. പിന്നെല്ലാം പെട്ടന്നായിരുന്നു ഗൂഗിളിൽ നിന്ന് കിട്ടിയ വിവരങ്ങൾ വച്ച് ബാക്കി സ്ഥലങ്ങൾ കൂടെ ഉൾപ്പെടുത്തി കൊണ്ട് റൂട്ട് മാപ്പ് റെഡിയാക്കി. ഈ യാത്ര പ്ലാൻ ചെയ്യാൻ ഗൂഗിൾ ഏറെക്കുറെ സഹായിച്ചു എന്ന് വേണം പറയാൻ.

അങ്ങനെ സെപ്റ്റംബർ 29ന് ശനിയാഴ്ച രാത്രി ഞങ്ങൾ രണ്ടുപേരും കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് ബസ് കയറി. എട്ടരയ്ക്ക് പുറപ്പെടുന്ന കർണാടക സർക്കാരിന്റെ വോൾവോ ബസ്സാണ്. ഉറക്കം അത്ര ശെരിയായില്ലെങ്കിലും വെളുപ്പിന് ആറു മണിക്ക് മംഗലാപുരം എത്തി.
ആദ്യത്തെ ലക്ഷ്യം ഉഡുപ്പിയിലെ St Marys ദ്വീപാണ്. ഒരു ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഉടുപ്പിക്കുള്ള ബസ് കിട്ടി. പുലർച്ചെ കർണാടകയുടെ ആനവണ്ടിയിൽ വിന്ഡോ സീറ്റിൽ ഇരുന്നു കാഴ്ചകൾ കണ്ട് നല്ലൊരു യാത്ര. ഇരുവശത്തേയും കാഴ്ചകൾ കേരളം പോലെ തന്നെ, നല്ല പച്ചപ്പ്‌. ഈ റൂട്ടിൽ ഒരുപാട് ബീച്ച് ഉണ്ടെന്ന് തോന്നുന്നു. പോകുന്ന വഴിയെല്ലാം പല പല ബീച്ചുകളിലേക്കുള്ള ബോർഡുകൾ കണ്ടു. മംഗലാപുരത്ത് നിന്ന് ഏകദേശം ഒരുമണിക്കൂർ സമയം എടുക്കും ഉഡുപ്പി എത്താൻ.
8 മണിയോടെ ഉടുപ്പിയെത്തി. നല്ല വെജിറ്റേറിയൻ ഭക്ഷണം കിട്ടുന്ന സ്ഥലമാണെന്ന് കേട്ടിട്ടുണ്ട് പക്ഷെ സമയക്കുറവു മൂലം പരീക്ഷണം നടത്താൻ പോയില്ല. ബസ് സ്റ്റാന്റിന് അടുത്ത് ആദ്യം കണ്ട കടയിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു.
ഉഡുപ്പിയിൽ നിന്ന് മാൽപെ എന്ന സ്ഥലത്തോട്ടു പോകുന്ന ബസ് ആണ് കയറേണ്ടത്. പത്തു രൂപ ടിക്കറ്റ് ആണ്. ഉഡുപ്പിയിൽ നിന്ന് അരമണിക്കൂർ സമയമെടുക്കും മാൽപെ എത്താൻ.
ബസ് മാൽപെ ബീച്ചിൽ തന്നെ നിർത്തി. വളരെ മനോഹരവും വൃത്തിയുള്ളതുമായ ബീച്ച്. ദ്വീപിലേക്കുള്ള വലിയ ബോട്ട് സർവീസിന്റെ ടിക്കറ്റ് കൌണ്ടർ കണ്ടില്ല. പകരം ബീച്ചിൽ നിന്ന് ദ്വീപിലേക്കുള്ള വേറെ ബോട്ടിനു ടിക്കറ്റ് എടുത്തു. ഒരാൾക്ക് 300രൂപയാണ് ചാർജ്. രാവിലെ 8.30 മുതൽ വൈകിട്ട് 4 മണി വരെ ബോട്ട് സർവീസ് ഉണ്ടാവും.
കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞു അവർ. സഞ്ചാരികൾ വേറെയും ഉണ്ടായിരുന്നു ഒപ്പം പലരും മലയാളികൾ തന്നെ. ആ സമയം ബീച്ചിലെ കാഴ്ചകൾ കണ്ടും ചിത്രങ്ങൾ എടുത്തും സമയം കളഞ്ഞു.
അരമണിക്കൂറോളം യാത്രയുണ്ട് ദ്വീപിലേക്ക്. ബോട്ട് അടുക്കുന്തോറും ദ്വീപിലെ തെങ്ങിൻ തലപ്പുകളും പാറക്കെട്ടുകളും തെളിഞ്ഞു കാണാം. ബോട്ടിൽ നിന്നിറങ്ങി പ്രധാന കവാടം ഒഴിവാക്കി പടിഞ്ഞാറു വശത്തോട്ടു നടന്നു.

കണ്ടൽ ചെടികളുടെ പച്ചപ്പും കറുത്ത പാറക്കൂട്ടങ്ങളും നല്ല തെളിഞ്ഞ വെള്ളം അലയടിക്കുന്ന പഞ്ചാര മണലുകളും ചേർന്ന് വിദേശ രാജ്യങ്ങളിലെ ബീച്ച് ഓർമിപ്പിക്കും വിധം ഭംഗിയുണ്ട്. പടിഞ്ഞാറേ തീരം നിറയെ മണലിന് പകരം നിറയെ കക്കകൾ(Shell) ആണ്. ചെരിപ്പില്ലാതെ നടന്നാൽ കാല് മുറിയാൻ സാധ്യതയുണ്ട്. നടക്കുമ്പോൾ കക്കകൾ അമരുന്ന ശബ്ദം കേൾക്കാൻ തന്നെയൊരു രെസമുണ്ട്.
എവിടെത്തേയും പോലെ സഞ്ചാരികൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അങ്ങിങ്ങായി കിടപ്പുണ്ട്. എങ്കിലും മൊത്തത്തിൽ വളരെ മനോഹരവും ശാന്തവുമാണ് ദ്വീപ്. കുടുംബമായും സഞ്ചാരികൾ എത്തുന്നുണ്ട്. പലരും ബീച്ചിലെ കുളിയും, കളിചിരികളും, ഫോട്ടോ പിടിക്കലുമൊക്കെയായി സന്തോഷം കണ്ടെത്തുന്നു. ആകെ രെസംകൊല്ലിയായത് കത്തുന്ന വെയിലാണ്.
ദ്വീപിന്റെ പ്രതേകതയായ "Basaltic Rock" ആണ് ചുറ്റിനും. ഈ പാറകൾ ആണ് ദ്വീപിന്റെ സൗന്ദര്യം കൂട്ടുന്നത്. ഇവയെല്ലാം 88 മില്യണ്‍ വര്‍ഷങ്ങള്‍ക് മുന്‍പ് മഡഗാസ്കര്‍ ഇന്ത്യയുടെ ഭാഗമായിരുന്നപോള്‍ സംഭവിച്ച "Sub-aerial Sub-volcanic activity" മൂലം രൂപംകൊണ്ടതാണ്. 2001 ല്‍ ഈ പാറകള്‍ National Geological Monument ആയി പ്രഖ്യാപിച്ചു.
1498 ൽ കാപ്പാട് തീരത്തേക്കുള്ള യാത്രയിൽ വാസ്കോ ഡി ഗാമ ഈ ദ്വീപിൽ ഇറങ്ങി. അദ്ദേഹം ദ്വീപിന് നൽകിയ "O Padrão de Santa Maria"എന്ന പേരിൽ നിന്നാണ് ദ്വീപിന് ഇപ്പോഴത്തെ പേര് ലഭിച്ചത്. Coconut Island എന്നും പേരുണ്ട്.
പ്രധാന കവാടത്തിനടുത്തായി ലെഘു ഭക്ഷണ ശാലകൾ ഉണ്ട് അത്യാവശ്യം വിശപ്പും ദാഹവും മാറ്റാനുള്ളത് ഇവിടെ നിന്ന് കിട്ടും.
തിരികെ ബോട്ട് കയറി മാൽപെ ബീച്ചിൽ നിന്ന് ഉടുപ്പിക്ക് വന്ന് കുറച്ച് സ്‌നാക്‌സും വെള്ളവും വാങ്ങി മുരുഡേശ്വർ പോകുന്ന ബസ് കയറി. രണ്ട് മണിക്കൂറോളം സമയമെടുക്കും അവിടെയെത്താൻ. ഉത്തര കർണാടകയിലെ ഭട്ക്കൽ താലൂക്കിലാണ് മുരുഡേശ്വരം സ്ഥിതിചെയ്യുന്നത്. റോഡ് സൈഡിൽ മുരുഡേശ്വർ അമ്പലത്തിന്റെ വലിയ കവാടത്തിനു മുന്നിൽ തന്നെ സ്റ്റോപ്പ്‌ ഉണ്ട്.
ഇവിടെ നിന്ന് അമ്പലത്തിലേക്ക് രണ്ട് കിലോമീറ്ററോളം പോകണം. നല്ല വെയിൽ ആയത് കൊണ്ട് നടക്കാൻ പറ്റില്ല. ഓട്ടോ നോക്കി നിക്കുമ്പോഴാണ് വഴിയരികിൽ നിന്ന കച്ചവടക്കാർ അത് വഴി വന്ന ടെമ്പോയിൽ ഞങ്ങളെ കയറ്റി വിട്ടു. ഒരാൾക്ക് അഞ്ച് രൂപയെ കൊടുക്കേണ്ടി വന്നുള്ളൂ.
അമ്പലത്തിനു മുന്നിൽ ഇറങ്ങി ഉച്ചഭക്ഷണം കഴിഞ്ഞു ഒരു റൂം തിരക്കി നടന്നപ്പോഴാണ് ബൈക്കിൽ ഒരാൾ വന്നിട്ട് റൂം വേണോ എന്ന് ചോദിക്കുന്നത്. അമ്പലത്തിനടുത്ത് തന്നെ 500 രൂപയ്ക്ക് നല്ലൊരു മുറി കിട്ടി. ഫ്രഷ് ആയി വിശ്രമം കഴിഞ്ഞു റൂമിൽ ഇരുന്ന് ബിജാപുർ പോകാനുള്ള ബസ് ഓൺലൈൻ വഴി ബുക്ക്‌ ചെയ്തു. ഒരാൾക്ക് 800 രൂപയായി. മംഗലാപുരത്തു നിന്ന് ബിജാപൂരിലേക്കു ടൂറിസ്റ്റ് ബസ് സർവീസ് ഉണ്ട്. വെയിൽ താണ് തുടങ്ങിയപ്പോൾ അഞ്ച് മണിയോടെ അമ്പലത്തിലേക്ക് പോയി.
അമ്പലം മാത്രമല്ല നല്ലൊരു ടൂറിസ്റ്റ് സ്പോട്ട് കൂടിയാണ് മുരുഡേശ്വർ. മൂകാംബികയ്ക്കു പോകുന്നവർക്ക് ഇതും കൂടെ ഉൾപ്പെടുത്താം. നല്ലൊരു അനുഭവം ആയിരിക്കുമത്.
മൂന്ന് ഭാഗം കടലാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ കുന്നിൻ മുകളിലാണ് ക്ഷേത്രം.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമയും 20 നിലകൾ ഉള്ള കൂറ്റൻ ഗോപുരവുമാണ് പ്രധാന ആകർഷണങ്ങൾ. ഇവ രണ്ടും കാണുമ്പോൾ തന്നെ നമ്മൾ അത്ഭുതം കൊണ്ട് വാ പൊളിച്ചു പോകും. മുരുഡേശ്വരനാണ്(ശിവൻ) പ്രധാന പ്രതിഷ്ഠ.

രാവിലെ 6 മണി മുതൽ 1 മണി വരെയും വൈകീട്ട് 6 മണി മുതൽ 8.30 വരെയുമാണ് ദർശന സമയം. മനോഹരവും വൃത്തിയുള്ളതുമായ ബീച്ച് കൂടിയായപ്പോൾ ശെരിക്കും കടലിനു മുകളിൽ ഒരു വിസ്മയം തന്നെയാണ് ഇവിടം.
പ്രവേശന കവാടത്തിന് മുന്നിലായി കോൺക്രീറ്റിൽ തീർത്ത രണ്ട് ഗജവീരന്മാരുണ്ട്. അവിടെ നിന്നും കടക്കുന്നത് വലിയൊരു ഗോപുരത്തിലേക്കാണ്. പുറമെ മനോഹരമായ ശില്പങ്ങളോട് കൂടിയ 237 അടിയോളം ഉയരമുള്ള ഗോപുരം. ഒരാൾക്ക് പത്തു രൂപ ടിക്കറ്റ് എടുത്താൽ ലിഫ്റ്റ് വഴി ഏറ്റവും മുകളിലെ നിലയിൽ എത്താം. അവിടെ അറബിക്കടലിന്റെയും ശിവ പ്രതിമയുടെയും ഏരിയൽ വ്യൂ കാണാം. പക്ഷെ അത് സൂര്യാസ്തമയം ആകുമ്പോൾ മതി എന്ന് തീരുമാനിച്ചു മുന്നോട്ട് നടന്നു.
ഗോപുരത്തിനടിയിലൂടെ പടവുകൾ കയറി മുകളിൽ എത്തിയാൽ ശിവപ്രതിമയുടെ താഴെ എത്താം. കാശിനാഥ് എന്ന ശിൽപിയാണ് ഈ പ്രതിമയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. കല്ലുകൾ കൊണ്ടാണ് ക്ഷേത്രത്തിലെ കൂടുതൽ നിർമ്മിതികളും.
ശ്രീകോവിലിനു മുന്നിലായി നന്തി മണ്ഡപവും ചുറ്റിനും മറ്റ് ഉപദേവതകളും സ്ഥിതി ചെയ്യുന്നു. തൊഴുതു കഴിഞ്ഞു അൽപനേരം ആ മഹാത്ഭുതം നോക്കി നിന്ന ശേഷം ടിക്കറ്റെടുത്തു മ്യൂസിയം കാണാൻ കയറി. മുരുഡേശ്വരന്റെ പുരാണ കഥകൾ പറയുന്ന പലതരം ശില്പങ്ങൾ ഇവിടെ കാണാൻ കഴിയും. കണ്ട് തീർന്നാൽ പ്രതിമയുടെ മറ്റേ അറ്റത്തു കൂടെ പുറത്ത് വരാം. പിന്നിലായി അറബിക്കടലിന്റെ മനോഹര ദൃശ്യവും.
സൂര്യാസ്തമയത്തിനു സമയമായപ്പോൾ ഗോപുരത്തിനടുത്തേക് നടന്നു. ടിക്കറ്റെടുത്തു അൽപനേരം ക്യൂ നിന്ന് ലിഫ്റ്റ് കയറി മുകളിൽ എത്തി. നല്ല തണുപ്പാണ് ഉള്ളിൽ. ഇപ്പോൾ തന്നെ ജനാലപ്പാളിയിലൂടെ ചിത്രങ്ങൾ എടുക്കാൻ നല്ല തിരക്കാണ്. കാത്തിരുന്ന് കിട്ടിയ സമയം കൊണ്ട് ഞാനും ചറപറാന്ന് ചിത്രങ്ങൾ എടുത്തു.
ആ കാഴ്ച മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. ആകാശത്തിൽ ചുവപ്പ് വിതറി അറബിക്കടലിൽ മുങ്ങാൻ പോകുന്ന സൂര്യനും ആ വെളിച്ചത്തിൽ ശിവന്റെ പ്രതിമയും ചേർന്ന് ഭക്തിയും ശാന്തതയും സന്തോഷവും ഒന്നിച്ച് മനസ്സിന് തന്ന കുറച്ച് നിമിഷങ്ങൾ.
താഴെ ഇറങ്ങി അൽപനേരം പുറത്ത് തിരക്ക് ഒഴിഞ്ഞ ഒരു സ്ഥലത്ത് നിന്ന ശേഷം ബീച്ചിലോട്ട് പോയി. അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങി. ബീച്ചിൽ നിറയെ കച്ചവടക്കാരാണ്. ഒന്ന് ചുറ്റിയടിച്ചു വരുമ്പോഴാണ് നല്ല ഫ്രഷ് മീൻ ഫ്രൈ ചെയുന്ന കട കണ്ടത്. അപ്പോ തന്നെ ചൂടോടെ രണ്ട് അയല ഫ്രൈ വാങ്ങി കഴിച്ചു. മസാല നമ്മുടെ നാട്ടിലെ പോലെ സ്വാദ് തോന്നിയില്ല. എങ്കിലും മീൻ നല്ല ഫ്രഷ് ആയിരുന്നു.

തിരികെ റൂം എത്തി, ഉറങ്ങാനല്ല പാക്ക് ചെയ്യാൻ. രാത്രി 10.45ന് ആണ് ബസ് വരുന്നത്. ഉറങ്ങാനുള്ള സൗകര്യം നോക്കി സ്ലീപ്പർ ബസ്സാണ് ബുക്ക്‌ ചെയ്തത്.
9 മണിയോടെ മുരുഡേശ്വരനോട് വിട പറഞ്ഞു മെയിൻ റോഡിലേക്ക് നടന്നു. അരമണിക്കൂർ വൈകിയാണ് ബസ് വന്നത്. നല്ല ക്ഷീണമുള്ളതിനാൽ കിടന്നപാടേ ഉറങ്ങിപ്പോയി.

Part- 2

ഉത്തര കർണാടകയിലെ ഏതോ റോഡിൽ കൂടി ബസ് ചീറിപ്പായുകയാണ്. സമയം നോക്കിയപ്പോൾ വെളുപ്പിന് 6.30 ആകുന്നതേയുള്ളൂ. വീണ്ടും കണ്ണടച്ച് കിടന്നപ്പോഴാണ് ചായ കുടിക്കാൻ ഏതോ സ്ഥലത്തു നിർത്തിയത്. പാതി മയക്കത്തിൽ മൊബൈൽ തപ്പിയെടുത്ത് മാപ്പ് നോക്കി. ഇനിയും ഒന്നര മണിക്കൂർ എടുക്കും ബിജാപ്പൂർ എത്താൻ. ഇറങ്ങി ഒരു ചായ കുടി കഴിഞ്ഞപ്പോൾ ഒരു ഉഷാർ വന്നു.

അവിടുന്ന് ബസ് എടുത്തപ്പോൾ സൈഡ് സീറ്റിൽ വന്നിരുന്നു പുറത്തെ കാഴ്ചകളും കണ്ടിരുന്നു. പേരറിയാത്ത ഏതോ നാട്ടിലൂടെ പച്ച വിരിച്ച കൃഷിയിടങ്ങളും പ്രഭാത കാഴ്ചകളും കണ്ടു പുറത്തെ തണുത്ത കാറ്റിനെ മുത്തമിട്ട് അങ്ങനെയിരിക്കാൻ വല്ലാത്ത അനുഭൂതിയാണ്.

എട്ടരയോടെ ഞങ്ങൾ ബിജാപ്പൂർ ബസ്സിറങ്ങി. ഇറങ്ങിയപാടെ ഓട്ടോക്കാർ വളഞ്ഞു. ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് എങ്ങോട്ട് പോകണം എവിടെ തുടങ്ങണം എന്നത് ഞങ്ങളെ കുഴക്കി. അല്പം മാറിനിന്നു പോകേണ്ട സ്ഥലങ്ങൾ ഗൂഗിളിൽ പരതുമ്പോഴാണ് ഒരോട്ടോക്കാരൻ വന്നു സംസാരിക്കുന്നത് പേര് റഹ്‌മാൻ. ഞങ്ങൾ കേരളത്തിൽ നിന്നാണെന്നും വരവിന്റെ ഉദ്ദേശവും കക്ഷിയോട് പറഞ്ഞു.

ഒടുവിൽ റഹ്മാന്റെ ഓട്ടോയിൽ സ്ഥലങ്ങൾ കൊണ്ട് കാണിക്കാൻ 700രൂപ ചാർജ് പറഞ്ഞു. ബ്രേക്ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ 500 രൂപയ്ക്ക് ഫ്രഷ് ആവാൻ ടൗണിൽ തന്നെ ചെറിയൊരു ലോഡ്‌ജും റഹ്‌മാൻ ശെരിയാക്കി തന്നു. കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ പലർക്കും അറിയാനുണ്ടായിരുന്നത് പ്രളയത്തെ കുറിച്ചായിരുന്നു.

ലോഡ്ജിൽ നിന്ന് ഫ്രഷായി ഞങ്ങൾ ഇറങ്ങി. അറിയാവുന്ന മുറി ഹിന്ദി വച്ചാണ് പലതും കണ്ടും കെട്ടും മനസ്സിലാക്കിയെടുത്തത്. പക്ഷെ അന്ന് കിട്ടിയ അറിവുകൾ വച്ച് ഒരു വിവരണം എഴുതാൻ പിന്നെയും സമയമെടുത്തു. ബിജാപ്പൂരിനെ കുറിച്ച് മുൻപ് വന്ന പല യാത്ര വിവരണങ്ങളും വിക്കിപീഡിയയും എഴുത്ത് പൂർത്തിയാക്കാൻ സഹായിച്ചു.

#ബിജാപ്പൂർ_സ്മൃതി_കുടീരങ്ങൾ_വിസ്മയിപ്പിക്കുന്ന_നാട്

ചരിത്രപരമായും പുരാതന ഇസ്ലാമിക് വാസ്തു വിദ്യകൾ  കൊണ്ടും വിസ്മയിപ്പിക്കുന്ന ഇന്ത്യയിലെ മഹത്തായ നഗരങ്ങളിൽ ഒന്ന്.

പതിനൊന്നാം നൂറ്റാണ്ടിൽ ചാലൂക്യ സാമ്രാജ്യം രൂപം കൊടുത്ത നഗരത്തിന് വിജയപുര(വിജയങ്ങളുടെ നഗരം) എന്നായിരുന്നു പേര്. ചാലൂക്യന്മാർക്ക് ശേഷം യാദവരും പിന്നീട് പതിമൂന്നാം നൂറ്റാണ്ടിൽ ഡൽഹി  സുൽത്താനേറ്റിന്റെ കീഴിലുമായി ഈ നഗരം. 1347ൽ ഇവിടം ബാഹ്മണി സുൽത്താന്മാർ പിടിച്ചടക്കി. അങ്ങനെ വിജയപുര ബിജാപുർ ആയി.

അക്കാലത്ത് ഡെക്കാൻ പീഠഭൂമിയിൽ നിലനിന്നിരുന്ന  അഞ്ച് മുസ്ലീം സാമ്രാജ്യങ്ങളായിരുന്നു ഡെക്കാൻ സുൽത്താനത്തുകൾ , ബേരാർ, ബിജാപ്പൂർ, അഹ്മദ്നഗർ ബീദാർ, ഗോൽക്കൊണ്ട. പതിനഞ്ചാം നൂറ്റാണ്ടു വരെ ഇവിടം ഭരിച്ചിരുന്നത് ബാഹ്മണി സുൽത്താന്മാർ ആയിരുന്നു. അവരുടെ സാമ്രാജ്യം വിഘടിച്ചപ്പോൾ ഇവ അഞ്ചും സ്വതന്ത്ര രാജ്യങ്ങളായി.



പിന്നീട് ആദിൽ ഷാ സുല്ത്താന് ആണ് ബിജാപുർ ഉൾപ്പെടുന്ന രാജ്യം ഭരിക്കാനുള്ള അവകാശം കിട്ടിയത്(1490-1686). ആദ്യത്തെ ഭരണാധികാരിയായ യൂസഫ് ആദിൽ ഷായാണ് അവരുടെ രാജവംശത്തിന്റെ തലസ്ഥാനമായി ബിജാപൂരിനെ പ്രഖ്യാപിച്ചത്. 1686ൽ മുഗൾ രാജവംശം ബിജാപുർ സിറ്റി പിടിച്ചടക്കിയതോടെ ആദിൽ ഷാ രാജവംശത്തിന്റെ ഭരണം അവസാനിച്ചു. ഇന്നിവിടെ കാണുന്ന സ്മാരകങ്ങളും കോട്ടകളും എല്ലാം തന്നെ ആദിൽ ഷാ ഭരണകാലത്ത് നിർമ്മിച്ചവയാണ്. സ്മൃതി കുടീരങ്ങൾ ഓരോന്നായി കാണുമ്പോൾ ഓരോ തലമുറയിൽ പെട്ടവർ തങ്ങളുടെ ഖബർ പൂർവികരുടെ ഖബറിനെക്കാൾ മികച്ചതാക്കാൻ ശ്രമിച്ചിരുന്നു എന്ന് മനസ്സിലാവും.

ഇന്ന് ബിജാപുരിലെ പൊടി പിടിച്ച നിരത്തുകളിൽ നിന്ന് എങ്ങോട്ട് നോക്കിയാലും പഴയ രാജഭരണത്തിന്റെ കഥകൾ ഉറങ്ങുന്ന പള്ളികളും, കോട്ടകളും, ശവകുടീരങ്ങളും മാത്രമേ കാണൂ.

റഹ്‌മാൻ ഞങ്ങളെ ആദ്യം കൊണ്ടുപോയത് ജാമിയ മസ്ജിദ് കാണാനാണ്. 1565ൽ അലി ആദിൽ ഷാ രാജാവ് 116300 ചതുരശ്ര അടിയിൽ പണി കഴിപ്പിച്ചതാണീ പള്ളി. വെള്ള പൂശിയ വലിയ ആർച്ചുകൾ ആണ് ഉൾവശം. വലിയൊരു താഴികക്കുടം, സ്വർണ നിറത്തിൽ ഖുർആൻ വരികൾ ആലേഖനം ചെയ്ത മിഹ്‌റാബ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 2200ൽ അധികം ആളുകൾക്ക് ഒരേ സമയം നിസ്കരിക്കാനുള്ള സൗകര്യം ഇവിടുണ്ട്.

പിന്നീട് പോയത് ശിവഗിരിയിലെ ശിവ പ്രതിമ കാണാനാണ്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശിവ പ്രതിമ(85അടി) എന്ന പ്രത്യേകതയും ഇതിനുണ്ട്. ടിക്കറ്റെടുത്ത് അകത്തു കയറി. പകൽ സമയം ആയതിനാൽ തിരക്ക് ഒട്ടും ഉണ്ടായിരുന്നില്ല. വലിയ പ്രതിമയുടെ താഴെ ശിവന്റെ പ്രതിഷ്ഠയും ഉണ്ട്. മനോഹരമായ പൂന്തോട്ടവും ഇതിനോട് ചേർന്ന് നിർമ്മിച്ചിട്ടുണ്ട്.

ഇനിയാണ് യാത്രയുടെ പ്രധാന ഉദ്ദേശവും ബിജാപ്പൂരിന്റെ സ്വകാര്യ അഹങ്കാരവുമായ "ഗോൽ ഗുംബസ്" കാണാൻ പോയത്.

ടിക്കറ്റെടുത്ത് അകത്തു കയറിയപാടെ ഗൈഡ് ഞങ്ങളെ സമീപിച്ചു. അവിടുത്തെ കല്ലുകൾ പോലും കഥ പറയും അതിനാൽ ഒരു ഗൈഡിന്റെ സഹായം എന്ത് കൊണ്ടും നല്ലതാണ്. 300 രൂപയാണ് ഗൈഡിന്റെ ചാർജ്.

നേരിൽ കാണുന്ന ആരെയും വിസ്മയിപ്പിക്കുന്ന നിർമ്മിതിയാണ് ഗോൽ ഗുംബസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടോംബ്‌ ആണിത്. വൃത്താകൃതിയിൽ ഉള്ള കുംഭ ഗോപുരം എന്നാണ് ഗോൽ ഗുംബസ് അർത്ഥമാക്കുന്നത്.

നടന്നടുക്കുമ്പോൾ ആകാശംമുട്ടെ തലയുയർത്തി നിൽക്കുന്ന താഴികക്കുടം ആണ് നമുക്ക് കാണാനാവുക. പക്ഷെ പുരാതന ഇൻഡോ ഇസ്ലാമിക് വാസ്തു വിദ്യയുടെ അത്ഭുത ലോകത്തേക്കുള്ള ചെറിയൊരു കാൽവെയ്പ് മാത്രമാണത്.

ഏറ്റവും മുന്നിലായി നക്വർ ഖാനയാണ് നമ്മൾ കാണുന്നത്. രാജഭരണകാലത്ത് നടന്നിരുന്ന ചടങ്ങുകളിൽ വാദ്യമേളക്കാർ ഇരുന്നിരുന്നത് ഇവിടെയാണ്. ഇപ്പോൾ അത് AD അഞ്ചാം നൂറ്റാണ്ട് മുതൽ ഡെക്കാൻ ഭരിച്ചിരുന്ന വിവിധ രാജവംശങ്ങളുടെ ചരിത്രം വിവരിക്കുന്ന മ്യൂസിയം ആണ്. പഴയ കാലത്തെ നാണയങ്ങൾ, കല്ലിൽ കൊത്തിയെടുത്ത ശില്പങ്ങൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ, യുദ്ധ സാമഗ്രികൾ അങ്ങിനെ പലതും അവിടെ കാണാം. മ്യൂസിയത്തിന്റെ ഉള്ളിൽ ഫോട്ടോ എടുക്കാൻ അനുവാദമില്ല. പുറത്ത് ചുറ്റും പുല്ലുകൾ വച്ച് പിടിപ്പിച്ച മനോഹരമായ ഉദ്യാനമുണ്ട്.

നക്വർ ഖാനയ്ക്കും ഗോൽ ഗുംബസിനും ഇടയിലായി മറ്റൊരു പ്രവേശന കവാടമുണ്ട്. ടിക്കറ്റ് കാണിച്ച ശേഷം ഇവിടുത്തെ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു മാത്രമേ അകത്തോട്ടു പ്രവേശനം ഉള്ളു. ഏഴ് നില കെട്ടിടത്തിന്റെ ഉയരമുണ്ട് ഈ മഹാത്ഭുതത്തിന്. പാദരെക്ഷകൾ പുറത്ത് വച്ച് വേണം അകത്തു കടക്കാൻ. അകത്തു കയറിയാൽ നല്ല തണുപ്പാണ്.

ഏഴാം ഭരണാധികാരി ആയിരുന്ന മുഹമ്മദ്‌ ആദിൽ ഷാ രാജകുമാരൻ തന്റെ പതിനാറാം വയസ്സിൽ പണി തുടങ്ങിയ സ്വന്തം ശവ കുടീരം ആണ് ഗോൽ ഗുംബസ്. 30 വർഷമെടുത്തു ഇത് പൂർത്തിയാക്കാൻ(1626-1656). ഗ്രേ ബസാൾട്ട് കല്ലുകൾ കൊണ്ട് നിർമ്മിച്ച ഗോൽ ഗുംബസ് രൂപ കല്പന ചെയ്തത് Yaquit of Dabul ആണ്. സുൽത്താനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യമാരെയും(താജ് ജഹാൻ ബീഗം, അറൂസ് ബീവി), മകനെയും മകളെയും അടക്കം ചെയ്തിരിക്കുന്നു

നടുക്ക് തൂണുകൾ ഇല്ലാതെ ഉയരത്തിൽ നിൽക്കുന്ന താഴികക്കുടം നമ്മെ ശെരിക്കു അത്ഭുതപ്പെടുത്തും. 10 അടി വീതിയിൽ ആണ് ഭിത്തികൾ പണിതിരിക്കുന്നത്.

ഏഴ് നിലകളുടെയും മുകളിലായി നില കൊള്ളുന്ന മറ്റൊരു അത്ഭുതമാണ് "Whispering Gallery". താഴെ നിന്ന് നോക്കിയാൽ പൊട്ട് പോലെ മുകളിൽ നിൽക്കുന്ന ആളുകളെ കാണാം. അപ്പോഴാണ് ഇതിന്റെ ഉയരം ശെരിക്കും മനസ്സിലായത്.

നാല് മൂലകളിലായി ഒരാൾക്ക് മാത്രം കടന്ന് പോകാവുന്ന രീതിയിൽ മുകളിലേക്കുള്ള വഴികൾ ഉണ്ട്. ഉയരമുള്ള പടികൾ ആണെങ്കിലും കയറുമ്പോൾ തല തട്ടാത്ത രീതിയിൽ മുകളിലെ ഭിത്തി ഛേദിച്ചിട്ടുണ്ട്.

ലോകത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തിൽ ഒരു നിർമ്മാണ വൈഭവം ഉണ്ടോ എന്ന് തന്നെ സംശയമാണ്. അങ്ങനെ പറയാൻ കാരണം ഞങ്ങൾ നേരിൽ കണ്ട് അനുഭവിച്ച കുറച്ചു കാര്യങ്ങൾ ആണ്. Whispering Gallery യിൽ നിന്ന് ശബ്ദം ഉണ്ടാക്കിയാൽ അത് പന്ത്രണ്ട് തവണ പ്രതിധ്വനിക്കും. ഇനി മറ്റൊരു വിസ്മയം 144 അടി വ്യാസമുള്ള ഡോമിന്റെ ഒരു വശത്തെ മതിലിൽ നമ്മൾ എന്ത് പറഞ്ഞാലും അത് നേരെ എതിർവശത്തെ മതിലിൽ ചെവി ചേർത്താൽ കേൾക്കാം. ഗൈഡ് അപ്പുറത്തെ മതിലിൽ ഉള്ള ചെറിയ വാതിലിൽ നിന്ന് കൈ കൂട്ടി തിരുമ്മിയ ചെറിയ ശബ്ദവും ഒരു നാണയം നിലത്തിട്ട ശബ്ദവും വളരെ വ്യക്തമായി നേരെ എതിർവശത്തെ വാതിലിൽ നിന്ന ഞങ്ങൾ കേട്ടു.

ഇനി അരോചകമായ മറ്റൊരു കാര്യം എന്താന്ന് വെച്ചാൽ അവിടെ നിന്ന ആളുകൾ എല്ലാം തന്നെ ഒച്ചയെടുത്ത് ആകെ ബഹളമയം. അത് താഴെ അന്ത്യ വിശ്രമം കൊള്ളുന്ന രാജാവിന്റെ ഖബറിനോട് ചെയ്യുന്ന അനാദരവ് ആയിട്ടാണ് എനിക്ക് തോന്നിയത്.

അവിടുന്ന് ചെറിയ വാതിലിലൂടെ പുറത്തേക്കിറങ്ങിയാൽ ബിജാപുർ നഗരത്തിന്റെ നല്ലൊരു വ്യൂ കിട്ടും. നഗരത്തിൽ ഉയരമുള്ള എവിടെ നിന്ന് നോക്കിയാലും ഈ താഴികക്കുടം കാണുന്ന രീതിയിൽ ആണ് ഗോൽ ഗുംബസ് നില കൊള്ളുന്നത്. ഗോൽ ഗുംബസ് കണ്ടിറങ്ങുമ്പോൾ ഉച്ചയായിരുന്നു ഒപ്പം നല്ല വെയിലും.

ഇവിടുന്ന് റഹ്‌മാൻ ഞങ്ങളെ കൊണ്ട് പോയത് അലി റോസ കാണാനാണ്. ബാരാ കമാൻ എന്നും പേരുണ്ട്. അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ശേഷം അങ്ങോട്ട്‌ പ്രവേശിച്ചു.

ആദിൽ ഷാ രാജവംശത്തിലെ അവസാന രാജാവായിരുന്ന അലി II ആദിൽ ഷാ ഇവിടെ അന്ത്യ വിശ്രമം കൊളളുന്നു
മുഹമ്മദ്‌ ആദിൽ ഷാ രാജാവിന്റെ മകനാണ് അലി II ആദിൽ ഷാ. ബസാൾട്ട് കല്ലിൽ അനേകം കമാനങ്ങളോട്‌ കൂടിയ സ്വന്തം ഖബറിന്റ നിർമ്മാണം 1656ൽ അധികാരം ഏറ്റെടുത്ത ശേഷം അലി II രാജാവ് ആരംഭിച്ചു. ഈ കമാനങ്ങളാണ് പ്രധാന ആകർഷണം. പന്ത്രണ്ട് നിലകളായി പൂർത്തിയാവേണ്ട കൂറ്റൻ കുടീരം. പക്ഷെ തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ രാജാവ് മരണപെട്ടതോടെ ഒന്നാം നിലയിൽ മാത്രം നിർമ്മാണം നിന്ന് പോയി. അപ്പൂർണ്ണമായ ഒരു ശില്പം പോലെ ഇന്നും അത് നിലകൊള്ളുന്നു. പണി പൂർത്തിയായിരുന്നെങ്കിൽ ഒരുപക്ഷെ പന്ത്രണ്ട് നിലകളിലായി ഗോൽ ഗുംബസിനെ വെല്ലുന്ന മറ്റൊരു സ്മൃതി കുടീരം അവിടെ ഉയർന്നേനെ.

ഇനി ഹൈദർ ബുർജ്. പഴയ ഒരു നിരീക്ഷണ ഗോപുരം ആണിത്. 72 പടികൾ കയറി മുകളിൽ എത്തിയാൽ മുഴുവൻ നഗരവും കാണാം. പഴയ കാലത്തെ രണ്ട് കൂറ്റൻ പീരങ്കികളും മുകളിൽ ഉണ്ട്. നല്ല പൊരിവെയിലത്തു ഈ പടികൾ കയറി ഇറങ്ങിയപ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ചു പോയിരുന്നു.

ഇനി താജ് ബാവ്‌ദി. അലി ആദിൽ ഷാ രാജാവ് തന്റെ പത്നിയായിരുന്ന ചന്ദ് ബീവിയുടെ പേരിൽ പണി കഴിപ്പിച്ച ഒരു വലിയ ജല സംഭരണി. നിറയെ വെള്ളമുണ്ട് പക്ഷെ വൃത്തിഹീനമായ പരിസരം അവിടെ അധിക നേരം നിൽക്കാൻ സമ്മതിച്ചില്ല.

പിന്നെ പോയത് മാലുക് മൈദാൻ. അകത്തു കയറാൻ ടിക്കറ്റ് എടുക്കണം. മനോഹരമായ പുൽ മൈതാനത്താൽ ചുറ്റപ്പെട്ട കോട്ടയിലൂടെ നടന്നെത്തുന്നത് ഒരു പീരങ്കിയുടെ മുന്നിൽ. തൊട്ട് നോക്കിയപ്പോഴാണ് ഞെട്ടിയത്. ഈ പൊള്ളുന്ന വെയിലിലും അതിന്റെ പ്രതലം തണുത്തിരിക്കുന്നു. 1549ൽ പഞ്ച ലോഹത്തിൽ നിർമ്മിച്ച 55 ടൺ ഭാരവും 14 അടി നീളവുമുള്ള കൂറ്റൻ പീരങ്കി. തളിക്കോട്ട യുദ്ധത്തിൽ ഇത് ഉപയോഗിച്ചതായി കരുതുന്നു. പ്രതലത്തിൽ അറബിയിൽ ഉള്ള ആലേഖനങ്ങളും കാണാം.

ഇനി ഇബ്രാഹിം റോസ. ഇവിടെയും പ്രവേശിക്കാൻ ടിക്കറ്റ് എടുക്കണം. മുഹമ്മദ്‌ ആദിൽ ഷാ രാജാവിന്റെ പിതാവായ ഇബ്രാഹിം II ആദിൽ ഷാ രാജാവിന്റെ സ്മൃതി കുടീരമാണ് ഇബ്രാഹിം റോസ. അദ്ദേഹത്തിന്റെ മരണ ശേഷം പത്നി താജ് സുൽത്താനയാണ് 1627ൽ ഇതിന്റെ പണി പൂർത്തിയാക്കിയത്.

ഇസ്ലാമിക് വാസ്തു വിദ്യയുടെ മറ്റൊരു അത്ഭുതം. മനോഹരമായ പുൽത്തകിടിക്ക് നടുവിലായി ചെമ്മൺ പാത. ചെരുപ്പിടാതെ വേണം അകത്തു കയറാൻ. നടുവിലായി ഹൈദരാബാദിലെ ചാർമിനാറിനോട് സാമ്യമുള്ള കെട്ടിടം. ഇടതു വശത്തായി സ്മൃതി കുടീരവും വലതു ഭാഗത്ത്‌ ഒരു പള്ളിയും. കാലപ്പഴക്കം ഉണ്ടെങ്കിലും സ്മൃതി കുടീരത്തിന്റെ ചുവരുകളിൽ അറബിക് ആലേഖനങ്ങളാലും പല വിധത്തിലുള്ള ചിത്രപ്പണികളാലും മനോഹരമായ കാഴ്ച്ചയൊരുക്കുന്നു. താഴികക്കുടങ്ങളുടെയും മിനാരങ്ങളുടെയും ഭംഗിയാൽ വലതു ഭാഗത്തുള്ള പള്ളിയും നമ്മെ മോഹിപ്പിക്കും. കുറച്ചധികം സമയം അവിടെ ചിലവിട്ടു.

ഇനി സംഗീത് മഹൽ. വൃത്താകൃതിയിൽ വലിയൊരു പുൽമൈതാനത്തിനു നടുവിൽ ജീർണ്ണിച്ചു കൊണ്ടിരിക്കുന്ന ഒരു കെട്ടിടം. പതിനാറാം നൂറ്റാണ്ടിൽ ജഗത്ഗുരു ബാദ്ഷാ എന്നറിയപ്പെട്ടിരുന്ന ആദിൽ ഷാ II ആണ് ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള നവരസ്പൂരിൽ സംഗീത് മഹൽ പണി കഴിപ്പിച്ചത്. പേര് പോലെ തന്നെ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഹിന്ദു-മുസ്ലിം ബന്ധം ദൃഢപ്പെടുത്തുന്നതിനായി ധാരാളം സംഗീത നൃത്ത വിരുന്നുകൾ ഇവിടെ നടന്നിരുന്നു. നർത്തകരെയും ഗായകരെയും താമസിപ്പിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ടായിരുന്നു. ഇന്നത് നോക്കാൻ ആളില്ലാതെ ഒരു ഭാർഗ്ഗവീ നിലയം പോലെ നഗരത്തിൽ നിന്ന് മാറി ഒറ്റപ്പെട്ടു കിടക്കുന്നു.

അവസാനമായി ഞങ്ങൾ പോയത് ഗഗൻ മഹലിലേക്കാണ്. രാജഭരണകാലത്ത് ദർബാർ കൂടിയിരുന്നത് ഇവിടെയാണ്. ഇന്നത് കുടുംബമായി വരാവുന്ന നല്ലൊരു പാർക്കാണ്. പുൽ മൈതാനത്തിനു നടുവിൽ ജീർണ്ണാവസ്ഥയിൽ വലിയൊരു ആർച്ചും അതിനു പുറകിൽ തറയിൽ നിന്ന് അല്പം ഉയർന്ന ഒരു വേദി അതാണ് ഗഗൻ മഹൽ. നിലവിൽ ബിജാപൂരിലെ ഏറ്റവും ഉയരമുള്ളതും വീതിയുള്ളതുമായ ആർച്ചാണിത്.

ആറു മണി കഴിന്നിരുന്നു അപ്പോഴേക്കും. റഹ്മാന് പറഞ്ഞ പണം നൽകി നമ്പരും വാങ്ങിയ ശേഷം ഞങ്ങളെ തിരികെ ലോഡ്ജിൽ കൊണ്ട് വിട്ടു. ഫ്രഷായി വന്നു കിടന്നതേ ഓർമ്മയുള്ളു പിന്നെ കണ്ണു തുറന്നത് എട്ടരയ്ക്കാണ്. അല്പം വൈകിയിരുന്നേൽ നല്ല പണി കിട്ടിയേനെ. 9 മണിക്കാണ് ബാംഗ്ലൂർക്കുള്ള ബസ് പുറപ്പെടുന്നത്. ലോഡ്ജിന് അടുത്ത് തന്നെയാണ് ബസ് വരുന്നത്. വളരെ പെട്ടന്നു തന്നെ പാക്ക് ചെയ്തു ഇറങ്ങി. പേരിന് അല്പം ഭക്ഷണം കഴിച്ച ബസ് പുറപ്പെടുന്നതിനു അഞ്ചു മിനിറ്റ് മുൻപേ കയറിപ്പറ്റി. അങ്ങനെ ബിജാപ്പൂരിനോട് വിട പറഞ്ഞു. ഇനിയും വരുന്നവർക്കായ്‌ പഴയ രാജവംശത്തിന്റെയും ഒരുപാട് ചോര വീണ യുദ്ധങ്ങളുടെയും പിന്നെ മുന്നൂറോളം സ്മൃതി കുടീരങ്ങളുടെയും കഥ പറയാനുണ്ട് ചരിത്ര ഭൂമിയായ ബിജാപുരിന്‌.

പിറ്റേന്ന് വെളുപ്പിനെ ബാംഗ്ലൂർ എത്തി. പകൽ സമയം ഇസ്കോൺ ടെമ്പിളിലും പിന്നെ അല്പം സമയം ഷോപ്പിങ്ങിനും പോയി. ബാംഗ്ലൂർ പോകുന്നവർ കാണേണ്ട ഒന്നാണ് ഇസ്കോൺ ടെംപിൾ. മെട്രോ കയറിയാൽ സാൻഡൽ സോപ്പ് ഫാക്ടറി സ്റ്റോപ്പിൽ ഇറങ്ങിയാൽ മതി. അന്ന് നല്ല തിരക്കുണ്ടായിരുന്നു. ക്യൂ നിന്ന് അകത്തു കയറി. ഉള്ളിൽ ചിത്രങ്ങൾ എടുക്കാൻ അനുവാദമില്ല. കൃഷ്ണ ഭക്തി ഗാനങ്ങൾ കോർത്തിണക്കിയ ഭജന നടക്കുന്നുണ്ട് ആകെ ഭക്തി സാന്ദ്രമായ അന്തരീക്ഷം. ദർശനം കഴിഞ്ഞാൽ അവിടെ തന്നെ പർച്ചെസിനു ഇഷ്ടം പോലെ സ്ഥലങ്ങൾ ഉണ്ട് നല്ലൊരു ഫുഡ് കോർട്ടും(Veg). ഉച്ചക്ക് ശേഷം ലാൽ ബാഗിലും പോയി ചെറുതായി ഒരു പക്ഷി നിരീക്ഷണം നടത്തി😃. അന്ന് രാത്രി തന്നെ ബാംഗ്ലൂർ നിന്ന് തിരികെ കൊച്ചിക്ക് ട്രെയിൻ കയറി.

ഈ യാത്ര അവസാനിച്ചിട്ടില്ല. കർണാടകയിലെ ബാക്കി സ്ഥലങ്ങൾ ഉൾപ്പെടുത്തി ഇനിയും രണ്ട് ഭാഗങ്ങളായി എഴുതാൻ ആഗ്രഹമുണ്ട്. ആ യാത്രകൾ നടത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഞാൻ. പറ്റിയ അവധി ദിവസങ്ങൾ കിട്ടിയാൽ അത് പൂർത്തിയാക്കാനാകും. തൽക്കാലം നിർത്തുന്നു.

---------------------------------------

#Love_To_Travel#


No comments:

Post a Comment