ഞാനും എന്റെ പാത്തുവും മാമല ക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ. Malayalam Travelogues - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Saturday, November 3, 2018

ഞാനും എന്റെ പാത്തുവും മാമല ക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ. Malayalam Travelogues

By : Danish Riyas
"ഭൂമിയിലുള്ള ഓരോ പ്രദേശങ്ങളും അരിച്ചു പെറുക്കുന്ന ഗൂഗിളിന്റെ ചാരക്കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ കഴിയാത്ത ഒരു #സ്ഥലം, സൂര്യന്റെ കിരണങ്ങൾ പോലും കടന്ന് വരാൻ മടിക്കുന്ന ഒരു #കാട്. ഇന്നും ലോകമറിയാത്ത ഒരു '30' കിലോമീറ്റർ കൊടും വനപ്രദേശം. അതിലെ തന്നെ പത്ത് കിലോമീറ്റർ ചുറ്റളവിൽ 50- തിലധികം കാട്ടാനകൾ,, നിഴലിനെ പോലും വന്ന് കടിച്ച് കുടഞ്ഞെറിയാൻ നിൽക്കുന്ന ഇഴ ജന്തുക്കൾ, രാജവെമ്പാലകൾ... പേരറിയാത്ത മറ്റ് ജന്തു ജീവജാലങ്ങൾ. വനം വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത്രയേറെ ആനക്കൊമ്പന്മാർ അഴിഞ്ഞാടുന്ന അപകടകരമായ ഒരു പ്രദേശം വേറെയില്ല.

"ഡൈഞ്ചറസ്, ദി മോസ്റ്റ്‌ ഡൈഞ്ചറസ് ഡെസ്റ്റിനേഷൻ"

അത്ഭുതപ്പെടേണ്ട, ഈ സഥലം ആഫ്രിക്കയിലോ ആമസോണിലോ അല്ല. ഇവിടെ നമ്മുടെ കേരളത്തിൽ, രണ്ട്‌ ജില്ലകളിലായി,, മലകളുടെ മടിത്തട്ടിലിൽ. ഇടുക്കിയുടെയും എറണാകുളത്തിന്റെയും അതിർത്തി പങ്കിടുന്ന ഒരു പ്രദേശം.

പണ്ട് പ്രാദേശിക രാജാക്കന്മാർ അപ്രതീക്ഷിത യുദ്ധങ്ങളിൽ തോൽവിക്ക് മുൻപ് ജീവൻ രക്ഷിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന രാജപാത. കൊച്ചി - കോതമംഗലത്ത് നിന്നും തട്ടേക്കാട് - ഭൂതത്താൻ കെട്ട് വഴി മൂന്നാറിലേക്കും അതുവഴി കൊടൈക്കനാലിലേക്കും, മൈസൂരിലേക്കും മദ്രാസിലേക്കുമൊക്കെ കടന്നിരുന്ന ഈ #മരണപാത' ഇന്ന് പക്ഷേ അടച്ചിട്ടിരിക്കുകയാണ്.

"മറ്റൊന്നുമല്ല, ഓരോ പൗരന്റെയും ജീവന്റെ വില സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്"

ഇന്നത്തെ കാലഘട്ടത്തിനറിയാത്ത ഈ കാട്ടുപാതയിലേക്ക് എത്തുന്നതിന് മുൻപ്, നിങ്ങൾ 'മാമലക്കണ്ട'ത്തെ കുറിച്ചറിയണം. അതിനോട് ചേർന്ന് കിടക്കുന്ന 'പൂയംകുട്ടി' വനമെന്തെന്ന് കാണണം. ഇവകൾക്കെല്ലാം ഇടയിലൂടെ തെന്നിയും തെറിച്ചും ഒഴുകി നീങ്ങുന്ന കുട്ടമ്പുഴ' യോരത്ത് വല്ലപ്പോഴും ഒന്നിറങ്ങി നടക്കണം.
………………………………………………………………………

"ശനിയാഴ്‍ച്ച വൈകീട്ടാണ് ബുക്ക് ചെയ്തിരുന്ന #വെസ്പ സ്‌കൂട്ടർ കിട്ടുന്നത്. എങ്കിൽ പിന്നെ വീക്കെൻഡ് ട്രിപ്പ്‌ അതിൽ തന്നെ എന്ന് തീരുമാനിച്ചു"

"കാടറിയാൻ,, ആസ്വദിക്കാൻ,, അനുഭവിക്കാൻ 'ബൈക്ക് യാത്ര' പോലെ മനോഹരം മറ്റെന്തുണ്ട്.

പെരുമ്പാവൂർ റൂട്ടിലെ ചെമ്പറക്കി പെട്രോൾ പമ്പിൽ സ്‌കൂട്ടർ നിർത്തി, ഫുൾ ടാങ്ക് അടിക്കാൻ പറഞ്ഞു. 430 രൂപക്ക് ടാങ്ക് നിറഞ്ഞു. 500 രൂപ കൊടുത്ത് ബാക്കി ഫാത്തിമയോട് മേടിക്കാൻ പറഞ്ഞു ഞാൻ ബൈക്ക് കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി. ബാക്കി പൈസയുമായി വന്ന പാത്തു ചിരിച്ചു കൊണ്ട് പറഞ്ഞു : ''ആ പയ്യൻ ബാക്കി 70 രൂപ തരേണ്ടതിന് പകരം 170 രൂപ തന്നിരിക്കുന്നു. വാ, പോകാം.. വണ്ടി വിട്ടോ''

'അടിക്കടി പെട്രോൾ വില കൂടുന്നതും പമ്പിന്റെ മുതലാളിയുടെ 100 രൂപ പോണെങ്കിൽ പോട്ടെ' എന്നതുമായിരിക്കാം അവളെ അത്തരത്തിൽ ചിന്തിപ്പിച്ചത്. നമ്മളിൽ പലരും അങ്ങിനെയാണ് ധരിച്ചിരിക്കുന്നതും. എന്നാൽ തെറ്റാണത്, ഓരോ ദിവസവും ക്ളോസിങ് ടൈമിൽ കാശിന്റെ ഷോർട്ടേജുണ്ടെങ്കിൽ അതവിടത്തെ സ്റ്റാഫിന്റെ ശമ്പളത്തിൽ നിന്നും പിടിക്കുന്നതാണ് പമ്പിലെ ഒരു രീതി. അയ്യായിരമോ ആറായിരമോ ഒക്കെ മാസം കിട്ടുന്ന ഇതുപോലുള്ള പാവം ബംഗാളികളുടെ ശമ്പളത്തിൽ നിന്നും പോയാൽ പിന്നെ എന്തുണ്ടാകും അവർക്ക്, ആരും മറന്ന് പോകരുത്. 😔

ബൈക്ക് സ്റ്റാൻഡിലിട്ട് ഞാൻ, പെട്രോളടിച്ച ബംഗാളി പയ്യന്റെ അടുക്കലേക്ക് പോയി ഒന്ന് കൂടി ചോദിച്ച് ഉറപ്പ് വരുത്തി. എത്ര രൂപക്കാണ് അടിച്ചതെന്ന്,,,

'430 രൂപ' - മനസ്സിലാകുന്ന മലയാളത്തിൽ അവൻ പറഞ്ഞു.

''എങ്കിൽ ഇതില് 100 രൂപ കൂടുതലുണ്ട്, പിടിച്ചോ'' എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു. കാഴ്ച്ചയിൽ തന്നെ പാവത്താനായ അവന് പരിഭ്രമവും സന്തോഷവും ഒരുമിച്ച്.

ആ സമയം അകത്ത് നിന്നും മാനേജർ വന്നു ചോദിച്ചു,,, 'എന്താ പ്രശ്നം,,?

അല്ല, അയാള് 100 രൂപ കൂടുതല് തന്നു, തിരിച്ചു കൊടുത്തതാ,,,

കേട്ടതും അയാൾ ദേഷ്യത്തോടെ ആ പയ്യനെ ഒരു നോട്ടം. എന്നിട്ട് എന്തോ പറയാൻ വേണ്ടി വാ തുറന്നതും,,, ഞാൻ പറഞ്ഞു : പോട്ടെ, ചേട്ടാ,, അറിയാതെയല്ലേ,, അയാളെ വഴക്ക് പറയേണ്ട''.
അയാളുടെ ഭാവവും ശരീരഭാഷയും എനിക്കൊട്ടും പിടിച്ചില്ല. അതുകൊണ്ട് ഞാൻ ഇത്തിരി പരുഷമായിട്ട് തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാവണം, ഓക്കേ സർ,, ഓക്കേ സർ,, പറഞ്ഞുകൊണ്ട് ഒരു ഇളിഞ്ഞ ചിരി ചിരിച്ചു മധ്യവയസ്കനായ ആ മാനേജർ.

…………………………………………………………………………
ഞായറാഴ്ച്ച ആയതുകൊണ്ടാകണം പെരുമ്പാവൂർ ടൗണിൽ വലിയ തിരക്കില്ല. മിക്ക കടകളും അടഞ്ഞു കിടക്കുന്നു. സിഗ്നലിൽ ഞങ്ങളുടെ ബൈക്കിനോട് ചേർന്ന് വന്ന് നിർത്തിയ കാറിനുള്ളിലെ പെൺകുട്ടി ഇടക്കിടെ നോക്കിയിരുന്നത് എന്നെയാണോ പുതിയ ബൈക്കിനെയാണോ, അറിയില്ല. 😊

കോതമംഗലവും തട്ടേക്കാടും കഴിഞ്ഞ്, വൃക്ഷങ്ങൾ നിഴലുകളെകൊണ്ട് തണലൊരുക്കിയ റോഡിലൂടെ മുന്നോട്ട് പോകുന്ന നമ്മളെ വരവേൽക്കുന്നത് നിരവധി പ്രദേശങ്ങളുടെ ജീവനാഡിയായ കുട്ടമ്പുഴയാണ്. ഏതൊക്കെയോ മലനിരകൾക്കിടയിലൂടെ അനേകം വനാന്തരങ്ങൾക്കിടയിലൂടെ നീർച്ചാലുകളായി... അരുവികളായി... തോടുകളായി... ഒടുവിൽ... ഒരു പുഴയായ് പിന്നെ, കുട്ടിക്കൽ എന്ന സ്ഥലത്തെത്തി കുട്ടമ്പുഴ പെരിയാറുമായി പ്രണയിച്ച്, ശേഷം അവർ ഒന്നായി ഒഴുകുന്നു.

കുട്ടമ്പുഴയിൽ നിന്നും നേരെ പോയാൽ 'പൂയം കുട്ടി വനം'. പുലിമുരുകനെന്ന ചരിത്ര സിനിമയിലൂടെ നാം കണ്ടതും അറിഞ്ഞതുമാണ് പൂയംകുട്ടി വനം. വർഷങ്ങൾക്ക് മുൻപ് ഐ.വി ശശിയുടെ 'ഈറ്റ' എന്ന സിനിമയും ഈ വനത്തിലാണ് ചിത്രീകരിച്ചത്. പക്ഷേ, നമുക്ക് കാട് കണ്ട് മനം നിറഞ്ഞതും നാം അതിശയിച്ചതും പുലിമുരുകനിലൂടെയാണ്.

എനിക്ക് പോകേണ്ടത് പക്ഷേ കുട്ടമ്പുഴയിൽ നിന്നും വലത്തേക്കാണ്, ഉയരങ്ങളിലേക്ക്...

11 ഇഞ്ചുള്ള വെസ്പ സ്‌കൂട്ടറിന്റെ അലോയ് വീലുകൾ അതിന്റെ ട്യൂബ് ലെസ്സ് ടയറുകളുമായി, ഉരുളൻ തണ്ണിയിലേക്കും ആ വഴി  മാമലക്കണ്ടമെന്ന മലകളാൽ ചുറ്റപ്പെട്ട പറുദീസയിലേക്കുമുള്ള പാത കയറാൻ തുടങ്ങി.

"9 കിലോമീറ്റർ - ഉരുളൻ തണ്ണിയിൽ നിന്നും പന്തപ്ര വഴി മാമലക്കണ്ടത്തേക്കുള്ള റൂട്ട്. ഒരിക്കൽ പോയാൽ പിന്നീടൊരിക്കലും മറക്കാത്ത ആ അരമണിക്കൂർ യാത്ര"

തുടക്കത്തിൽ അങ്ങിങ്ങായി ആദിവാസി ഊരുകൾ കാണാം. പിന്നെ വിജനമാണ്, കാടിന്റെ ഭംഗിയുടെ തുടക്കമാണ്. ഒരു നാല് വീൽ വാഹനത്തിന് കടന്ന് പോകാൻ കഴിയുന്ന വിധത്തിൽ കോൺക്രീറ്റ് ചെയ്ത വൃത്തിയുള്ള വഴി. ഇടക്കിടെ ആനപ്പിണ്ടങ്ങൾ, ഉണങ്ങിയതും ഉണങ്ങാത്തതും.... അവിടെവിടെയായി ഏതൊക്കെയോ കിളികളുടെ കലപില ശബ്ദങ്ങൾ... ഇടക്ക് ഒരിലയനങ്ങാത്ത നിശബ്ദത, നിഗൂഢത. ഒരു നിമിഷം അരുവികൾ പോലും ഉറങ്ങുകയാണെന്ന് തോന്നും. ആ ഭയത്തിനിടയിലും ഒരു ത്രില്ലിംഗ്, ഒരാവേശം. അതിലൂടെ കിട്ടുന്ന ഒരു സുഖം.
"വിവരിക്കാൻ എന്റെ വിരലുകളിൽ പിറവിയെടുക്കുന്ന വാക്കുകൾ മതിയാവില്ല"

'അങ്ങിനെ,, അങ്ങിനെ കാട്ടിലൂടെ കുറേ കയറ്റങ്ങളും വളവുകളും ഇറക്കങ്ങളുമൊക്കെ പിന്നിട്ട്,,,,,,,,

#മാമലക്കണ്ടം.


ഇന്നും "മുനിയറ"കളെ ആരാധിക്കുന്ന ഒരു കൂട്ടം ജനങ്ങൾ അധിവസിക്കുന്ന മാമലക്കണ്ടം. മഴയില്ലാത്ത കാലത്ത്, ജനങ്ങൾ കൂട്ടമായി നിന്ന് മുനിയറകളിൽ കാട്ടു തേനൊഴിച്ച് പായസം വെച്ചാൽ മഴ പെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു ജനത ജീവിക്കുന്നിടം. നാല് വശവും കാട്. ഏത് പൊസിഷനിൽ നിന്ന് നോക്കിയാലും ചുറ്റിനും മലനിരകൾ. അതിന് മുകളിൽ അങ്ങിങ്ങായി വെള്ളിനൂൽപോലെ ഒഴുകുന്ന നീർച്ചാലുകൾ. "അവ എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നോ എവിടേക്ക് വീഴുന്നുവെന്നോ എന്നത് മിഴികൾക്ക് ഒരത്ഭുതമായി മാറുന്നു"

അങ്ങിനെ ചോയ്ച്ച് ചോയ്ച്ച് ഇടറോഡുകളിൽ നിന്നും ഇടറോഡുകളിലൂടെ... എല്ലാ യാത്രകളിലും പലരോടും പലതും ചോദിച്ചറിയുക എന്നത് ഒരു ശീലമാണ്.

പോകുന്നവഴിക്കെല്ലാം മരങ്ങളിൽ കൊക്കോ ഫ്രൂട്ട് വിളഞ്ഞു നിൽക്കുന്നു. വേണമെന്ന പാത്തുവിന്റെ ആഗ്രഹം മനസ്സിലാക്കിയിട്ടാകണം ഒരു കുടിലിലേക്ക് കയറിച്ചെന്ന ഞങ്ങൾക്ക് ആദിവാസിക്കുട്ടികൾ സ്നേഹപൂർവ്വം പഴം വച്ചു നീട്ടി.

മാമലക്കണ്ടവും പിന്നിട്ട് ഞങ്ങൾ ഇളംപ്ലാശേരി എത്തി. അവിടെയാണ് ചെക്ക് പോസ്റ്റ്. മേൽപറഞ്ഞ ആ 30' കിലോമീറ്ററിലേക്കുള്ള കവാടം. മൂന്നാറിലേക്ക് മുങ്ങാം കുഴിയിട്ട് പോകാനുള്ള ആ പഴയ രാജപാതയുടെ തുടക്കം.  കേരളത്തിൽ ഏറ്റവും കൂടുതൽ ആനകളും പാമ്പുകളും വസിക്കുന്നിടം. ആ വഴിയിലേക്ക് ഒരീച്ചയെപോലും കടത്തിവിടാതെ ചെക്ക് പോസ്റ്റിൽ കർമ്മ നിരതനായിരിക്കുന്ന ഓഫീസർ - അലി മുഹമ്മദ്‌. പരിചയപെട്ടു, കാടിന്റെ വിശേഷങ്ങളെല്ലാം പറഞ്ഞും അറിഞ്ഞും തിരികെ പോരാൻ നേരം ഞാൻ ആ ഓഫീസറോട് ഒരു ഉറപ്പ് മേടിച്ചെടുത്തു.

"ആദിവാസികളുടെ സഹായത്തോടെ ഇനി ഒരിക്കൽ സാറ് ഈ വഴിക്ക് പോകുമ്പോൾ കൂടെ എന്നെയും കൊണ്ടുപോണം. ഒരിക്കലെങ്കിലും ആ വഴിയിലൂടെ എനിക്കുമൊരു യാത്ര പോകണം. ഞാൻ ഒന്നുകൂടി വരും, അന്ന് നമുക്ക് വേണ്ടി സർ, ഈ ചെക്ക്പോസ്റ്റ് മലർക്കെ തുറക്കണം"..!

⏩എറണാകുളം ⏩ ആലുവ ⏩ പെരുമ്പാവൂർ ⏩കോതമംഗലം⏩ തട്ടേക്കാട് ⏩കുട്ടമ്പുഴ⏩ ഉരുളൻ തണ്ണി⏩ പന്തപ്ര⏩ മാമലക്കണ്ടം⏩ ഇളംപ്ലാശേരി = 96 കിലോമീറ്റർ🏞

#Love_To_Travel#






No comments:

Post a Comment