പൊന്മുടിയിൽ പോകുന്നവർക്ക് എന്തൊക്കെ കാണാം? എവിടെ താമസിക്കാം? - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, December 5, 2018

പൊന്മുടിയിൽ പോകുന്നവർക്ക് എന്തൊക്കെ കാണാം? എവിടെ താമസിക്കാം?

വിവരണം – Akhil Surendran Anchal.

കോടമഞ്ഞിന്റെ തണുപ്പും ആശ്ലേഷവും കുന്നുകളുടെ സൗന്ദര്യവും. പ്രകൃതിയെ മനോഹരമായി വരച്ചു വച്ച ക്യാൻവാസിൽ കാണുന്നതു പോലെ ആസ്വദിക്കാനും അവിടെ കുറച്ചു സമയം ചിലവഴിക്കാനും താല്പര്യമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ യാത്രികരെ ?. കോടമഞ്ഞു പൊതിയുന്ന കേരളത്തിലെ മറ്റു ഹിൽസ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചയാണ് പൊൻമുടി മലമുകളിലേക്ക് ആരും ആഗ്രഹിക്കുന്ന ഒരു സ്വപ്ന തുല്യമായ യാത്ര. അതെ കോഴിക്കോട്ടുക്കാരൻ മൊഞ്ചൻ സലാം T.K ഇക്കയുമായി ആയിരുന്നു പൊൻമുടിയിലേക്കുള്ള യാത്ര.

പേരു സൂചിപ്പിക്കുന്നതു പോലെ കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് ആനമുടി. അപ്പോൾ സ്വാഭാവികമായും പൊന്മുടിക്കും പൊന്നിനും തമ്മിൽ എന്തെങ്കിലും അഭേദ്യമായ ബന്ധം കാണണമല്ലോ? മല ദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാലാണു പൊൻമുടി എന്ന പേരു വന്നതെന്ന് ഇവിടുത്ത കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു എന്നൊരു കഥയുണ്ട് . എന്നാൽ ചരിത്രകാരന്മാർക്കു മറ്റൊരു അഭിപ്രായമാണുള്ളത്. ഇവിടെ പുരാതന കാലത്തുണ്ടായിരുന്ന ബൗദ്ധരും , ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നു വിളിച്ചിരുന്നെന്നും അവിടെ നിന്നാണ് ഈ മലയ്ക്ക് പൊൻമുടി എന്നു പേരു വന്നതെന്നുമാണ്‌ നിഗമനം.

പൊന്മുടിയുടെ സൗന്ദര്യം : തിരുവനന്തപുരത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സഹ്യന്റെ മടിത്തട്ടിലാണ് പൊന്മുടിയെന്ന ഈ മനോഹര സ്ഥലം സ്ഥിതിചെയ്യുന്നത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ശുദ്ധവായു ശ്വസിക്കാനും മനസിലും ശരീരത്തിലും കോടമഞ്ഞിന്റെ തണുപ്പ് ഊറിയെടുക്കാനും ഇതിലും പറ്റിയ മറ്റൊരു സ്ഥലമില്ലെന്നു തന്നെ പറയാം. സമുദ്രത്തീരത്തു നിന്നും വെറും 60 കിലോമീറ്റർ താണ്ടിയാൽ ഹൈറേഞ്ചിൽ എത്താവുന്ന ലോകത്തെ തന്നെ അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. ഇവിടെ മിക്കവാറും എല്ലാ കാലാവസ്ഥയിലും തണുപ്പു തന്നെയാണ്. കല്ലാറിന്റെയും മറ്റ് അരുവികളുടെയും നനുത്ത തണുപ്പും കുന്നുകളുടെ ഹരിതശോഭയും നിമിഷ നേരം കൊണ്ട് എല്ലാം മറയ്ക്കുന്ന കോടമഞ്ഞുമാണ് പൊന്മുടിയുടെ പ്രധാന നമ്മളിലേക്ക് എത്തിക്കുന്ന പ്രധാന ആകർഷണങ്ങൾ.

22 ഹെയർ പിൻ വളവുകൾ : വന സൗന്ദര്യം ആസ്വദിച്ച്, തേയിലത്തോട്ടങ്ങളും കാട്ടരുവികളും കടന്ന് കാഴ്ചകളുടെ സദ്യയുണ്ണാൻ പൊന്മുടി കുന്നിന്റെ മുകളിലെത്തണമെങ്കിൽ 22 ഹെയർ പിൻ വളവുകൾ കടക്കണം. ഇതിനിടെ ഇറങ്ങി വിശ്രമിക്കാവുന്ന ചെറിയ സ്ഥലങ്ങൾ നിരവധിയാണ്. കഷ്ടിച്ചു രണ്ട് വാഹനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകാവുന്ന കുന്നിൻ ചെരുവുകളിലൂടെയുള്ള റോഡിലെ ഹെയർ പിൻ വളവുകൾ യാത്രികർക്ക് യാത്രയ്ക്ക് മറ്റൊരനുഭവം നൽകുന്നു. ഡ്രൈവ് ചെയ്ത് പോകുന്ന ഓരോ ഹെയർ പിൻ കഴിയുമ്പോഴും കാലാവസ്ഥയ്ക്കുണ്ടാകുന്ന മാറ്റം നമുക്ക് അനുഭവിച്ചറിയാം. ഇത്രയും ഹെയർപിന്നിലൂടെ, ചെറു റോഡിലൂടെ വലിയ വാഹനങ്ങൾക്കു പോകാൻ ബുദ്ധിമുട്ടാണെന്ന നിഗമനത്തിലെത്താൻ വരട്ടെ യാത്രികരെ കേരള സർക്കാറിന്റെ വേണാട് ബസ് പൊന്മുടിയുടെ ഹൈറേഞ്ചിലേക്ക് സ്ഥിരം സർവീസ് നടത്തുന്നുണ്ട്.

ക്രിസ്മസും പുതുവര്‍ഷവും വരുന്നതോടെ പൊന്മുടിയിലെ കോടമഞ്ഞിന്റെ തണുപ്പുതേടി സഞ്ചാരികളെത്തിത്തുടങ്ങി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ സീസണില്‍ മുക്കാല്‍ ലക്ഷം പേരാണ് മല കയറിയത് എന്നാണ് വനം ടൂറിസത്തിന്റെ നിഗമനം . ഇത് സര്‍വകാല റെക്കോഡായിരുന്നുത്ര. ഇക്കുറി ഇതിലേറെ സഞ്ചാരികള്‍ എത്തുമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിനായി വനം, ടൂറിസം, പോലീസ് വകുപ്പുകള്‍ ഒരുക്കം തുടങ്ങിയിരിക്കുന്നത് കാണാം. പച്ചക്കുന്നുകളുടെ ഹരിത കാന്തിയും കോടമഞ്ഞിന്റെ തണുപ്പും കാട്ടാറിന്റെ കുളിരും ആസ്വദിക്കാനാണ് പ്രധാനമായും സന്ദര്‍ശകരെത്തുന്നത്.

കല്ലാറിലെ ഉരുളന്‍ കല്ലുകളില്‍ നിന്നാണ് പൊന്മുടിയുടെ സൗന്ദര്യം തുടങ്ങുന്നത്. വിതുര, ആനപ്പാറ കഴിഞ്ഞാല്‍ കല്ലാറിലെ കാട്ടരുവികളായി. ഇവിടമാണ് പൊന്മുടിയുടെ പ്രവേശനകവാടം. ഗോള്‍ഡന്‍ വാലിയെന്നറിയപ്പെടുന്ന ഇവിടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കാട്ടാറില്‍ കുളിക്കാനുള്ള സൗകര്യമുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ നിബിഡ വനസൗന്ദര്യം ആസ്വദിക്കാവുന്ന വള്ളിപ്പടര്‍പ്പുകള്‍ ഗോള്‍ഡന്‍ വാലിക്ക് ചാരുതയേകുന്നു. സ്വാഭാവികമായ കാടാണ് പൊന്മുടിയുടെ മറ്റൊരു സവിശേഷത. മല ദൈവങ്ങള്‍ പൊന്ന് സൂക്ഷിക്കുന്ന മലയാണ് പൊൻമുടി മലകൾ കാട്ടരുവികളും വള്ളിക്കുടിലുകളും , മല മടക്കുകളും പിന്നിട്ട് 22 ഹെയര്‍പിന്‍ വളവുകളും കടന്ന് എത്തിച്ചേരുന്ന അപ്പര്‍ സാനിറ്റോറിയം മനസ്സിന് നല്‍കുന്ന ആനന്ദം ചെറുതല്ല. സീത കുളിച്ച കുളത്തിന്റെ തണുപ്പാസ്വദിച്ചശേഷം കുന്നിന്‍ മുകളിലെ വാച്ച് ടവറില്‍ കയറിയാല്‍ മാനംമുട്ടുന്ന സൗന്ദര്യം ആസ്വദിക്കാം. പക്ഷേ ഇപ്പോൾ വാച്ച് ടവർ അട്ടിച്ചിരിക്കുന്നു.

രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ പ്രവേശനം അനുവദിക്കും. മദ്യം, പ്ലാസ്റ്റിക്ക് എന്നിവ കൊണ്ടുപോകാന്‍ അനുവാദമില്ല. കല്ലാര്‍, പൊന്മുടി, ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയുണ്ട്. ഇതു കൂടാതെ കല്ലാര്‍ മുതല്‍ അപ്പര്‍ സാനിറ്റോറിയം വരെ പൊന്മുടി പോലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാകും. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാനായി പൊന്മുടിയില്‍ ഇരുപത് നിരീക്ഷണ ക്യാമറകളും സദാ മിഴിതുറന്നു നില്‍ക്കുന്നുമുണ്ട് .

പൊന്മുടിയിലെ താമസം : സ്വകാര്യ ഹോട്ടലുകൾക്കും റിസോര്‍ട്ടുകൾക്കും പൊന്മുടിയിൽ പ്രവേശനമില്ല. പിന്നെ താമസിക്കാൻ കഴിയുന്ന ഏകസ്ഥലം കെടി.ഡി.സി.യുടെ ഗോൾഡൻ പീക്ക് എന്ന ഹിൽ റിസോർട്ട് മാത്രമാണ്. ഗോൾഡൻ പീക്കിലേക്കുള്ള വഴിയിലൂടെ മുന്നിലേക്കു പോകുമ്പോൾ ഇരുവശവും ഹരിതാഭമായ കാഴ്ചകൾ കാണാം. പോകുന്ന വഴിയിൽ ഇടത്തേക്ക് മറ്റൊരു ചെറിയ ടാറിട്ട റോഡ് കാണാം. ഇത് പൊന്മുടി പോലീസ് സ്റ്റേഷനിലേക്കും ഇവിടുത്തെ ഏക റസ്റ്റോറന്റായ ഓർക്കിഡിലേക്കുമുള്ള വഴിയാണിത് . ഈ വഴിയിലേക്കു കയറാതെ മുന്നോട്ടു നീങ്ങിയാൽ പ്രത്യേക രീതിയിൽ പണികഴിപ്പിച്ച ഗോൾഡൻ പീക്കിന്റെ സൗധങ്ങൾ കാണാവുന്നതാണ് .

മൂന്നു തരത്തിലുള്ള പതിനാലു കോട്ടേജുകളാണ് ഗോൾഡൻ പീക്കിലുള്ളത്. ഡീലക്സ്, പ്രീമിയം, സ്യൂട്ട്. എട്ട് ഡീലക്സ് കോട്ടേജുകളും, മൂന്നു വീതം പ്രീമിയം, സ്യൂട്ട് കോട്ടേജുകളും. വൈകുന്നേരം കണക്കാക്കി എത്തിയാൽ ഈ കോട്ടേജിനു ചുറ്റുമുള്ള ചില കാഴ്ചകൾ ചെറു തണുപ്പു നുകർന്നു തന്നെ നമ്മുക്ക് ആസ്വദിക്കാവുന്നതാണ് .

കല്ലാറിലെ കുരങ്ങുകൾ : രാവിലെ 8.30 മണിമുതലാണ് പൊന്മുടിയുടെ ടോപ് സ്റ്റേഷനിലേക്ക് പോകാൻ അനുമതിയുള്ളത്. ചെക്ക് പോസ്റ്റും കടന്നു പൊന്മുടിയുടെ അമരത്തേക്കെത്താൻ രണ്ടു കിലോമീറ്ററോളം ദൂരമാണുള്ളത്. മൂടൽമഞ്ഞു നിറഞ്ഞ വഴിയിലൂടെ റിസോർട്ടിൽ നിന്നും നടന്നെത്തുന്നവരും കുറവല്ല. പൊന്മുടിയുടെ ടോപ് സ്റ്റേഷനിൽ പുൽമേടുകളും മലഞ്ചെരിവുകളും ചോലവനങ്ങളും കാണാം. അവിടെയുമുണ്ട് ആളൊഴിഞ്ഞ ചെറിയൊരു ചെക്ക് പോസ്റ്റ്. ഇവിടെ വരെ മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടത്തി വിടുന്നത്. ഈ ചെക്ക് പോസ്റ്റിനരികിലായി പൊന്മുടി ടൂറിസത്തിന്റെ ശിലാഫലകവും ശില്പങ്ങളും കാണാം.

അവിടിവിടായി വിശ്രമിക്കാനുള്ള ഹട്ടുകൾ പുതുതായി പണി കഴിപ്പിച്ചിട്ടുണ്ട്. മഴയുള്ളപ്പോൾ ഈ ഹട്ടുകൾ മാത്രമാണ് സഞ്ചാരികൾക്ക് ഏക ആശ്രയം. ആ ചെക്ക് പോസ്റ്റും കടന്നു പൊന്മുടി കുന്നിന്റെ അരികിലേക്കെത്താം. അവിടെ നിന്നും ട്രക്കിങിനിറങ്ങുന്നതു പോലെ കുറച്ചു ദൂരം വരെ മലയിറങ്ങാനും കഴിയും. എന്നാൽ മൂടൽ മഞ്ഞു കൂടുതലുള്ളപ്പോൾ ഇത് അസാധ്യമാണ്.

കുടുംബത്തോടൊപ്പം അല്ലാതെയും എല്ലാ ജീവിത വേദനകളും മറന്നു താമസിക്കാനും തണുപ്പും വന സൗന്ദര്യവും ആവോളം ആസ്വദിക്കാനും കേരളത്തിന്റെ തലസ്ഥാനത്ത് പൊന്മുടിയല്ലാതെ മറ്റൊരു സ്ഥലമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു തന്നേ യാത്രികൻ കോഴിക്കോട്ടുകാരൻ സലാം ടി.കെ ഇക്ക. അതേ ഇക്ക ശരിയാണ്. യാത്രകൾ തുടരും.

The post പൊന്മുടിയിൽ പോകുന്നവർക്ക് എന്തൊക്കെ കാണാം? എവിടെ താമസിക്കാം? appeared first on Technology & Travel Blog from India.





No comments:

Post a Comment