മണാലിക്ക് പോകുമ്പോൾ ഈ സ്ഥലങ്ങൾ കാണാതെ പോകരുത് ; മണാലിക്ക് സമീപമുള്ള ടൂറിസ്റ്റ് 12 കേന്ദ്രങ്ങളും വിവരങ്ങളും - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, December 5, 2018

മണാലിക്ക് പോകുമ്പോൾ ഈ സ്ഥലങ്ങൾ കാണാതെ പോകരുത് ; മണാലിക്ക് സമീപമുള്ള ടൂറിസ്റ്റ് 12 കേന്ദ്രങ്ങളും വിവരങ്ങളും

1. ഡല്‍ഹൌസി, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ ദൗലാധര്‍ നിരകളിലെ വിനോദ സഞ്ചാര കേന്ദ്രമാണ് ഡല്‍ഹൌസി. 1854 ല്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറലായ ഡല്‍ഹൌസി പ്രഭു തന്റെ വേനല്‍ക്കാല സുഖവാസ കേന്ദ്രമെന്ന നിലയിലാണ് 13 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം ഒരുക്കിയെടുത്തത്. കത്ലോഗ്,പോര്‍ത്രിയന്‍,തെഹ്ര,ബക്രോട,ബലുന്‍ എന്നീ കുന്നുകളെ കേന്ദ്രീകരിച്ചു നിര്‍മ്മിച്ചതാണീ പ്രദേശം. ചമ്പല്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടമായി ഡല്‍ഹൌസി അറിയപ്പെടുന്നു. ചമ്പ ജില്ലയിലെ താമസക്കാരുടെ അസുഖങ്ങള്‍ ചികിത്സിക്കാനായി ഇവിടെയൊരു ആശുപത്രി പണികഴിപ്പിക്കാന്‍ ബ്രിട്ടീഷ്‌ ജനറലായിരുന്ന നേപ്പിയര്‍ മുന്‍കയ്യെടുത്തിട്ടുണ്ട്.

 

സന്ദര്‍ശകരെ വിസ്മയം കൊള്ളിക്കുന്ന കാഴ്ച്ചകളുടെ ഒരു വമ്പന്‍ നിര തന്നെ ഇവിടെയുണ്ട്. ഇവിടെയുള്ള ബ്രിട്ടീഷ്‌ ഭരണ കാലത്തെ ചര്‍ച്ചുകള്‍ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു. ബലൂനിലെ സെന്‍റ് പാട്രിക്സ്‌ ചര്‍ച്ച്, സെന്‍റ് ആണ്ട്രൂസ് ചര്‍ച്ച്,സുഭാഷ്‌ ചൗക്കിലെ സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ച്, ഗാന്ധി ചൗക്കിലെ സെന്‍റ് ജോണ്‍സ് ചര്‍ച്ച് എന്നിവയാണ് പ്രധാന ചര്‍ച്ചുകള്‍. ജന്ദ്രി ഘട്ടിലെ കൊട്ടാരം ചമ്പ ദേശത്തെ വാസ്തു വിദ്യയുടെ പ്രതീകമായി നിലകൊള്ളുന്നു.

അജിത്‌ സിംഗ്,സുഭാഷ്‌ ചന്ദ്ര ബോസ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുമായി ബന്ധപ്പെട്ടു പ്രചാരം സൃഷ്‌ടിച്ച പ്രദേശങ്ങളാണ് പഞ്ച് പുല,സുഭാഷ്‌ ബയോലി എന്നിവ. സഞ്ചാരികളില്‍ ആവേശം നിറയ്ക്കുന്ന ഒട്ടേറെ സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്. ഖജ്ജയര്‍,ദയിന്‍ കുണ്ട്,ട്രൈയുണ്ട്,ധര്‍മ്മ ശാല,ചമ്പ,പലംപൂര്‍,ബൈജ് നാഥ്,ബിര്‍,ബില്ലിംഗ് തുടങ്ങിയവ യാത്രികരുടെ ലിസ്റ്റില്‍ പെടുന്ന പ്രധാന കേന്ദ്രങ്ങളാണ്. ചോബിയ പാസ്‌,ഗാന്ധി ചൗക്ക്, ഭര്‍മൌര്‍,ചമ്പ,ഗരം സടക്,അലഹ് വാട്ടര്‍ ടാങ്ക്,ഗഞ്ചി പഹാരി,ബജ്രെശ്വരി ദേവി ക്ഷേത്രം തുടങ്ങി ഒട്ടനവധി പ്രദേശങ്ങള്‍ ഇവിടെ കാണാം.

ചരിത്രരേഖകളുള്‍പ്പെടെ അപൂര്‍വ്വങ്ങളായ ഒട്ടേറെ വസ്തുക്കളുടെ കലവറയാണ് ഇവിടെയുള്ള ഭുരി സിംഗ് മ്യൂസിയം. ഭുരി രാജാവ് സംഭാവന നല്‍കിയ പെയിന്റിംഗ്സ് ആണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണം. 1908 ലാണ് ഈ മ്യൂസിയം നിര്‍മ്മിച്ചത്. ചമ്പ പ്രദേശത്തെ ചരിത്ര രേഖകള്‍ പ്രതിപാദിക്കുന്ന സര്‍ദ ലിപികളിലുള്ള ശിലാ ലേഖകള്‍ ഇവിടുത്തെ അമൂല്യമായ ശേഖരങ്ങളില്‍ പ്പെടുന്നു. രാജാ ഉമേദ് സിംഗ് പണികഴിപ്പിച്ച രംഗ് മഹല്‍ മുഗള്‍,ബ്രിട്ടീഷ്‌ വാസ്തു വിദ്യയുടെ മാസ്മരികത പ്രതിഫലിപ്പിക്കുന്നതാണ്.

ഭഗവാന്‍ കൃഷ്ണന്റെ ജീവിതം പ്രതിപാദിക്കുന്ന പഞ്ജാബി ചുവര്‍ ചിത്രങ്ങള്‍ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ഈ മ്യൂസിയത്തിന്റെ ചുറ്റളവിലായി തന്നെ ഹിമാചല്‍ എമ്പോറിയം സ്ഥിതി ചെയ്യുന്നുണ്ട്. കൈത്തറിയില്‍ നിര്‍മ്മിതമായ തൂവാലകള്‍,രുമാലുകള്‍, ഷാളുകള്‍ കൂടാതെ ചപ്പലുകള്‍ തുടങ്ങി ഈ ദേശത്തെ കലാവിരുത് പ്രകടമാകുന്ന ഒട്ടേറെ വസ്തുക്കള്‍ ഇവിടെ നിന്നും വാങ്ങാം. വര്‍ഷത്തിലുടനീളം പ്രസന്നമായ കാലാവസ്ഥയാണിവിടെ. 15.5 ഡിഗ്രിക്കും 25.5 ഡിഗ്രിക്കുമിടയില്‍ താപനിലയോട് കൂടി മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ് ഡല്‍ഹൌസിയിലെ വേനല്‍ക്കാലം.

സുഖകരമായ കാലാവസ്ഥയും മനോഹരമായ കാഴ്ച്ചകളും നിറം ചാര്‍ത്തുന്ന വേനല്‍ക്കാലത്താണ് സഞ്ചാരികളേറെയും എവിടെ എത്താറുള്ളത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഇവിടുത്തെ മലയോര കാഴ്ചകള്‍ കൂടുതല്‍ സുന്ദരവും തിളക്കമാര്‍ന്നതുമാകുന്നത് ആ സമയത്താണ്. 10 ഡിഗ്രിക്കും 1 ഡിഗ്രിക്കുമിടയില്‍ തണുപ്പ് പകര്‍ന്നു കൊണ്ട് ശീതകാലമെത്തുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2700 മീറ്റര്‍ ഉയരെ നില്‍ക്കുന്നതിനാല്‍ തന്നെ ശീതകാലത്ത് മഞ്ഞു വീഴ്ച ഇവിടെ സാധാരണമാണ്. ഡല്‍ഹിയില്‍ നിന്നും ഏകദേശം 563 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. ഡല്‍ഹൌസിക്ക് 191 കിലോമീറ്റര്‍ അകലെ അമൃതസറും,43 കി. മീ. അകലെ ചമ്പയും,315 കി. മീ.

അകലെയായി ചണ്ടി ഗഡും സ്ഥിതി ചെയ്യുന്നു. വിമാനത്തിലാണ് യാത്രയെങ്കില്‍ 80 കിലോമീറ്റര്‍ അകലെ പതന്‍ കോട്ട് എയര്‍പോര്‍ട്ടുണ്ട്. ഇവിടുന്നു ഡല്‍ഹിയിലേക്ക് വിമാനം കയറാം. 180 കിലോമീറ്റര്‍ അകലെയുള്ള ജമ്മു എയര്‍പോര്‍ട്ടില്‍ നിന്നു മറ്റു പ്രധാന നഗരങ്ങളിലേക്കെല്ലാം തന്നെ സര്‍വീസുകളുണ്ട്. തീവണ്ടിയാത്രക്കാര്‍ക്ക് പതന്‍ കോട്ടില്‍ തന്നെ റെയില്‍വേ സ്റ്റേഷനുണ്ട്. ഡല്‍ഹി,മുംബായ്,അമൃതസര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് ട്രെയിനുകള്‍ പുറപ്പെടുന്നുണ്ട്. കുടാതെ തൊട്ടടുത്ത പട്ടണങ്ങളിലേക്കെല്ലാം തന്നെ ഇവിടുന്നു ധാരാളം ബസ്‌ സര്‍വീസുകളുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇവിടേക്ക് ലക്ഷുറി ബസുകള്‍ ലഭ്യമാണ്.

2.മാണ്ഢി, ഹിമാചല്‍ പ്രദേശ്‌

ഏറെ നാള് നീണ്ട ഒരു തീര്‍ത്ഥാടനത്തിന് ഒരുങ്ങുകയാണോ നിങ്ങള്‍. എന്നാല്‍ ലിസ്റ്റില്‍ ഒരു സ്ഥലം കൂടി ഉള്‍പ്പെടുത്താന്‍ മറക്കണ്ട. ഹിമാലയത്തിന്‍റെ മടിത്തട്ടിലുള്ള ‘കുന്നുകളുടെ വരാണസി’ എന്ന് വിളിക്കപ്പെടുന്ന മാണ്ഡി. വെറുമൊരു തീര്‍ത്ഥാടനകേന്ദ്രം മാത്രമല്ല ഇവിടം മനോഹരമായ പ്രകൃതിദൃശ്യങ്ങളാസ്വദിക്കാനും സാഹസിക വിനോദങ്ങളിലേര്‍പ്പെടാനും അവസരം ലഭിക്കുന്ന ഒരുഗ്രന്‍ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് മാണ്ഢി. ഹിമാചല്‍ പ്രദേശിലെ ബിയാസ് നദിക്കരയിലുള്ള ചരിത്രപ്രധാനമായ ഈ പുണ്യസ്ഥലം ഋഷി ശ്രേഷ്ഠനായ മാണ്ഢവന്‍റെ കാലശേഷം ‘മാണ്ഢവനഗരം’ എന്നാണ് അറിയപ്പെട്ടിരുന്നത്.

അത് ലോപിച്ചാണ് മാണ്ഢിയായത്. കരിങ്കല്ലില്‍ത്തീര്‍ത്ത മുന്നൂറിലധികം ക്ഷേത്രങ്ങളാണ് മാണ്ഢിയെ മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്.ശിവനും കലിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാന മൂര്‍ത്തികള്‍.ചരിത്രപ്രസിദ്ധമായ പഞ്ചവക്ത്ര ക്ഷേത്രവും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,ത്രൈലോകനാഥ ക്ഷേത്രവുമെല്ലാം മാണ്ഡിയിലാണുള്ളത്. പുണ്യപുരാതനക്ഷേത്രമായ ഭൂതനാഥ ക്ഷേത്രമാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. 1520 ലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഇതുപോലെ ഗോവിന്ദസിംഗ് ഗുരുദ്വാരയും തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 11,500 അടി ഉയരത്തിലുള്ള ശിഖരി കൊടുമുടിയും ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.കൊടുമുടിയില്‍ ശിഖരി ദേവിയുടെ ക്ഷേത്രവുമുണ്ട്.

സണ്‍കെന്‍ ഗാര്‍ഡന്‍,ജില്ലാ ലൈബ്രറി ബില്‍ഡിംഗ്,വിജയ് കേസരി ബ്രിഡ്ജ്,പാണ്ഡു തടാകം,സുന്ദര്‍ നഗര്‍,പ്രഷാര്‍ തടാകം, ജാന്‍ജെലി താഴ്വര, റാണി അമൃത് കൌര്‍ പാര്‍ക്ക്,ബിര്‍ മൊണാസ്ട്രി,,നാര്‍ഗു വൈല്‍ഡ് ലൈഫ് സാന്‍ച്യുറി എന്നിങ്ങനെ എത്രയോ കാഴ്ച്ചകള്‍ മാണ്ഢിയെ നിങ്ങള്‍ക്ക് മറക്കാനാവാത്ത ഇടമാക്കി മാറ്റും. അപൂര്‍വ്വ ജന്തുജാലങ്ങളെ അടുത്തു കാണാനുള്ള അവസരവും സഞ്ചാരികള്‍ക്ക് മാണ്ഡിയിലുണ്ട്. ആടുവര്‍ത്തില്‍പ്പെട്ട ഗോറല്‍,മയിലിനോട് സാദൃശ്യമുള്ള മോണല്‍,കറുത്ത കരടി,കുരയ്ക്കും മാന്‍,കസ്തൂരിമാന്‍,ഹിമാലയന്‍ കരടി,പൂച്ച,പുലി,വെരുക് എന്നിവയെയെല്ലാം ശിഖരിദേവി വന്യജീവി സങ്കേതത്തില്‍ കാണാം. മാണ്ഢി സന്ദര്‍ശനത്തിന് റെയില്‍,റോഡ് മാര്‍ഗ്ഗങ്ങളോ വിമാനയാത്രയോ തെരെഞ്ഞടുക്കാം.മാര്‍ച്ചിനും ഒക്ടോബറിനുമിടയിലാണ് മാണ്ഢി സന്ദര്‍ശനത്തിന് അനുയോജ്യമായ കാലാവസ്ഥ.

3. ഛണ്ഡിഗഢ്‌, ഛണ്ഡിഗഢ്‌

തെക്ക്‌ പടിഞ്ഞാറന്‍ ഇന്ത്യയിലെ ശിവാലിക്‌ മലനിരകള്‍ക്ക്‌ താഴെ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശമായ ഛണ്ഡിഗഢ്‌ പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാണ്‌. ഈ പ്രദേശത്ത്‌ സ്ഥിതി ചെയ്‌തിരുന്ന ചണ്ഡി ദേവിയുടെ പുരാതന ക്ഷേത്രത്തില്‍ നിന്നാണ്‌ ചണ്ഡിഗഢ്‌ എന്ന പേരുണ്ടായത്‌. നാഗരിക ശൈലിയോടും വാസ്‌തുവിദ്യയോടും കൂടിയ ഛണ്ഡിഗഢ്‌ ഇന്ത്യയിലെ ആസൂത്രിത നഗരം എന്ന പേരിലാണ്‌ ലോകത്താകെ അറിയപ്പെടുന്നത്‌. ഇന്ത്യ വിഭജനത്തിന്‌ ശേഷം ലാഹോറിന്‌ പകരം പഞ്ചാബിന്‌ പുതിയൊരു തലസ്ഥാനം ആവശ്യമായി വന്നപ്പോള്‍ മുന്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുതിയൊരു ആസൂത്രിത നഗരം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നഗരാസൂത്രികനും ഫ്രഞ്ച്‌ ആര്‍കിടെക്‌റ്റുമായ ലി കോര്‍ബുസിയര്‍ 1950 ല്‍ രൂപകല്‍പന ചെയ്‌തതാണ്‌ ഛണ്ഡിഗഢ്‌ നഗരം. 1966 ല്‍ ഈ ആസൂത്രിത നഗരം കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചു.കൂടാതെ പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമാക്കുകയും ചെയ്‌തു. ഛണ്ഡിഗഢിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലീ കോര്‍ബുസിയറുടെ ഏറ്റവും വലിയ നിര്‍മ്മിതിയായ ` ദിഓപ്പണ്‍ ഹാന്‍ഡ്‌’ ഇപ്പോഴും നഗരത്തിനകത്തെ കാപിറ്റോള്‍ കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്നുണ്ട്‌. മൂന്ന്‌ പ്രധാന ഭരണ സംവിധാനങ്ങളും നഗരത്തിന്റെ ചിഹ്‌നവും ഉള്‍ക്കൊള്ളുന്ന കാപിറ്റോള്‍ കോംപ്ലക്‌സ്‌ ഛണ്ഡിഗഢിലെ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.കലയും സംസ്‌കാരവും ഒത്തുചേരുന്ന ലോക പ്രശസ്‌തമായ റോക്‌ ഗാര്‍ഡനാണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം.

ഇന്റര്‍നാഷണല്‍ഡോള്‍സ്‌മ്യൂസിയം,ഗവണ്‍മെന്റ്‌മ്യൂസിയം,ആര്‍ട്‌ഗാലറിഎന്നിവയാണ്‌ കാണാനുള്ള മറ്റ്‌ പ്രധാന സ്ഥലങ്ങള്‍. വടക്കന്‍ ഛണ്ഡിഗഢിലെ വനമേഖല നിരവധി വന്യജീവി പ്രേമികളെ ആകര്‍ഷിക്കുന്നു. കന്‍സാല്‍, നേപ്പാളി വനങ്ങള്‍ വൈവിധ്യമാര്‍ന്ന സസ്യ ജന്തുജാലങ്ങളുടെ ആവാസസ്ഥലമാണ്‌. ഇതില്‍ ഏറെ പ്രശസ്‌തമാണ്‌ സുഖ്‌ന വന്യജീവി സങ്കേതം . സുഖ്‌ന തടാകത്തിന്‌ ചേര്‍ന്ന്‌ കിടക്കുന്ന ഈ വന്യജീവി സങ്കേതത്തില്‍ നിരവധി സസ്യജന്തു ജാലങ്ങളുണ്ട്‌.

ഛണ്ഡിഗഢിന്‌ സമീപം മൊഹാലിയില്‍ സ്ഥിതി ചെയ്യുന്ന ഛത്‌ബീര്‍ സൂ, റോസ്‌ ഗാര്‍ഡന്‍, ഗുരുദ്വാര കോഹിനി സാഹിബ്‌ എന്നിവയാണ്‌ ഛത്തീസ്‌ഗഢ്‌ വിനോദ സഞ്ചാരത്തിലെ മറ്റ്‌ പ്രധാന ആകര്‍ഷണങ്ങള്‍. എങ്ങനെ എത്തിച്ചേരാം വിമാനം, ട്രയിന്‍, ബസ്‌ മാര്‍ഗം വളരെ എളുപ്പം എത്താവുന്ന സ്ഥലമാണ്‌ ഛണ്ഡിഗഢ്‌. നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയാണ്‌ ആഭ്യന്തര വിമാനത്താവളം. സെക്‌ടര്‍17 ലാണ്‌ ഛണ്ഡിഗഢ്‌ റെയില്‍വെസ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. സെക്‌ടര്‍ 17 ലെയും സെക്‌ടര്‍ 43 ലെയും അന്തര്‍ സംസ്ഥാന ബസ്‌ ടെര്‍മിനലില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്കുള്ള ബസ്‌ സര്‍വീസ്‌ ഉണ്ട്‌.

4. മണികരന്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ കുളു താഴ്വരയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഒരേസമയം ഹിന്ദുക്കളുടേയും സിക്കുകാരുടേയും പ്രിയ തീര്‍ത്ഥാടനകേന്ദ്രമായ മണികരന്‍. പുരാണകഥയില്‍ പാര്‍വ്വതീദേവി ധരിച്ചിരുന്ന അമുല്യരത്നവുമായി ബന്ധപ്പെട്ട കഥയാണ് മണികരന് ഈ പേരുലഭിക്കാന്‍ കാരണമായത്. ഒരിക്കല്‍ ഇവിടെ വച്ച് പാര്‍വ്വതീദേവിയുടെ വിലപ്പെട്ട ഒരു ആഭരണം ഒരു തടാകത്തില്‍ നഷ്ടപ്പെട്ടു. ഇത് കണ്ടുപിടിക്കാന്‍ ശിവഭഗവാന്‍ തന്‍റെ ഭൂതഗണങ്ങളെ നിയോഗിച്ചെങ്കിലും അവര്‍ക്ക് കണ്ടെത്താനായില്ല.

ഇതില്‍ കോപാക്രാന്തനായ ശിവന്‍ തന്‍റെ മൂന്നാം കണ്ണ് തുറന്നുവെന്നും അതിന്‍റെ ഫലമായി ഭൂമി പിളര്‍ന്ന് എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര അമൂല്യ രത്നങ്ങള്‍ ഉണ്ടായെന്നുമാണ് കഥ.,സമുദ്രോപരിതലത്തില്‍ നിന്നും 1737 മീറ്റര്‍ ഉയരത്തിലുള്ള മണികരനിലെ ശിവക്ഷേത്രവും മറ്റ് മൂര്‍ത്തീക്ഷേത്രങ്ങളും സന്ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്.1905 ലുണ്ടായ ഭുചലനത്തില്‍ ചരിഞ്ഞുപോയ നിലയിലാണ് ഇന്നും ഈ ക്ഷേത്രമുള്ളത്.

റിക്ടര്‍ സ്കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. സിക്ക് മതസ്ഥാപകനായ ഗുരു നാനാക്ക് തന്‍റെ അഞ്ച് ശിഷ്വന്‍മാര്‍ക്കൊപ്പം മണികരനില്‍ സന്ദര്‍ശനം നടത്തിയെന്ന വിശ്വാസമാണ് മണികരനെ സിക്കുമതസ്ഥരുടെ കൂടി പുണ്യഭൂമിയാക്കുന്നത്.സിക്കു ഗുരുദ്വാരയ്ക്കടുത്തെ ചൂടുവെള്ളം ഒഴുകുന്ന ഒരു നീരുറവ മണികരനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. മചന്ദ്രദേവക്ഷേത്രം,കുലാന്ത് പിത്ത് തുടങ്ങിയവയാണ് മണികരനിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങള്‍.

ഹരീന്ദര്‍ കുന്നും പാര്‍വ്വതീ നദിയും ഷോജ,മലന,ഖിര്‍ഗംഗ തുടങ്ങി പ്രദേശങ്ങളുമാണ് മണികരനില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നയിടങ്ങള്‍. ഇവിടങ്ങളിലെത്തുന്നവര്‍ക്ക് ട്രക്കിംഗിനുള്ള സൌകര്യങ്ങളുമുണ്ട്. വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവുമെല്ലാം സഞ്ചാരികള്ക്ക് മണികരനിലെത്താവുന്നതാണ്. ഏപ്രില്‍ മുതല് ജൂണ്‍ വരെയുള്ള വേനല്‍ക്കാലമാണ് മണികരനിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും യോജിച്ച സമയം.

5. നദൌന്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ ബീസ് നദിക്കരയിലാണ് നദൌന്‍ എന്ന സുപ്രസിദ്ധ ടൂറിസ്റ്റ്കേന്ദ്രം സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 508 മീറ്റര്‍ ഉയരത്തില്‍ നിലകൊള്ളുന്ന ഈ പ്രദേശം സമീപ ദേശങ്ങളുടെ ചേതോഹരമായ കാഴ്ച സന്ദര്‍ശകന് സമ്മാനിക്കുന്നു. നദൌന്‍ ജാഗിറിന്‍റെ ഭരണ സിരാകേന്ദ്രമായിരുന്ന ഇന്നത്തെ നദൌല്‍, കങ്റ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന സന്‍സാര്‍ ചന്ദ് മഹാരാജാവിന്‍റെ വേനല്‍കാല വസതിയായിരുന്നെന്നും ചരിത്രം പറയുന്നു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരുപാട് സ്ഥലങ്ങള്‍ നദൌന്‍ പട്ടണത്തിലുണ്ട്.

ശ്രീ ഗുരുദ്വാര സാഹെബ്, ബില്‍ കലേശ്വര്‍ ക്ഷേത്രം, അമതര്‍-നദൌന്‍ കോട്ട എന്നിവ അവയില്‍ ചിലതാണ്. സിഖ് തീര്‍ത്ഥാടന കേന്ദ്രമായ ശ്രീ ഗുരുദ്വാര സാഹെബ് ബീസ് നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. ബില്‍ കലേശ്വരക്ഷേത്രം കാണാതെ നദൌന്‍ സന്ദര്‍ശനം പൂര്‍ണ്ണമാകില്ല. മഹാഭാരത വേദത്തിലെ പാണ്ഡവരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് നാട്ടുമൊഴി. ദര്‍ശന ത്തിനും ആരാധനാമൂര്‍ത്തിയായ ശിവനെ കണ്ട് വണങ്ങുവാനും എണ്ണമറ്റ വിശ്വാസികള്‍ എല്ലാ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നു.

സന്ദര്‍ശകരെ വളരെയേറെ ആകര്‍ഷിക്കുന്ന നദൌനിലെ പ്രമുഖ സഞ്ചാര കേന്ദ്രമാണ് അമതര്‍- നദൌല്‍ കോട്ട. കതോച് രാജവംശത്തിലെ സന്‍സാര്‍ ചന്ദ് മഹാരാജാവിന്‍റെ രാജകീയ പ്രൌഢി വിളിച്ചോതുന്ന പ്രാചീന പെയിന്‍റിങ്ങുകള്‍ കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് കാണാം. പീര്‍ സാഹിബി ന്‍റെ കബറിടം മറ്റൊരു സഞ്ചാര കേന്ദ്രമാണ്. നദൌനിലെ ബര്‍മോതി ഗ്രാമത്തിലാണിത്. നദൌനിലെത്തുന്ന സഞ്ചാരികള്‍ക്ക് ബീസ് നദിയില്‍ മീന്‍ പിടിക്കാനും തടിച്ചങ്ങാടത്തില്‍ സഞ്ചരിക്കുവാനുമുള്ള സൌകര്യങ്ങളുണ്ട്. വിമാനമാര്‍ഗ്ഗവും റെയില്‍, റോഡ് പാതകള്‍ വഴിയും സഞ്ചാരികള്‍ക്ക് നദൌനിലെത്താം.

ഗഗ്ഗല്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്ത വിമാനത്താവളം. ജ്വാലാമുഖി റോഡ് റെയില്‍വേ സ്റ്റേഷനാ ണ് സമീപസ്ഥമായ റെയില്‍വേ താവളം. വേനല്‍കാലത്ത് നദൌന്‍ സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉത്തമം. മേയില്‍ തുടങ്ങി ജൂലൈ വരെയാണ് ഇവിടത്തെ വേനല്‍. പ്രസന്നമായ കാലാവസ്ഥ ആയതിനാല്‍ ശൈത്യകാലങ്ങളിലും നദൌന്‍ സന്ദര്‍ശിക്കാവുന്നതാണ്.

6. കുഫ്രി, ഹിമാചല്‍ പ്രദേശ്‌

മഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ സിംലയില്‍ എത്താതിരിക്കില്ല. മഞ്ഞില്‍ കുളിച്ച്‌ സിംലമാത്രമല്ല ഇവിടെ സന്ദര്‍ശകര്‍ക്ക്‌ വിരുന്നൊരുക്കിയിരിക്കുന്നത്‌. മഞ്ഞിനും മരങ്ങള്‍ക്കും ഇടയില്‍ സാഹസികതയുടെ വലിയ ലോകം തുറന്നുവച്ചുകൊണ്ടൊരു ചെറിയ നഗരം ഉണ്ടിവിടെ. സിംലയുടെ മഞ്ഞ്‌ തൊപ്പി എന്നു വിശേഷിപ്പിക്കാവുന്ന കുഫ്രി. മഞ്ഞ്‌ മലനിരകളിലൂടെ സാഹസിക യാത്ര ഇഷ്‌ടപ്പെടുന്നവര്‍ ഒരിക്കലും സിംല സന്ദര്‍ശിക്കുന്ന വേളയില്‍ കുഫ്രി ഒഴിവാക്കരുത്‌. സിംലയില്‍ നിന്നും 13കിലോമീറ്റര്‍ ദൂരം മാത്രമെ കുഫ്രിയിലേയ്‌ക്കുള്ളു.

സമുദ്ര നിരപ്പില്‍ നിന്നും 2,743 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കുഫ്രിയ്‌ക്ക്‌ ആ പേര്‌ ലഭിക്കുന്നത്‌ തടാകമെന്ന അര്‍ത്ഥം വരുന്ന കുഫിര്‍ എന്ന വാക്കില്‍ നിന്നാണത്രെ. കുഫ്രിയിലെ മഞ്ഞ്‌ തന്നെ ഒരു കാഴ്‌ചയാണ്‌. ഇതിന്‌ പുറമെ സന്ദര്‍ശകര്‍ക്ക്‌ ഏര്‍പ്പെടാവുന്ന സാഹസിക വിനോദങ്ങളും ഏറെയാണ്‌. മഹസു കൊടുമുടി, ഗ്രേറ്റ്‌ ഹിമായന്‍ നേച്ചര്‍ പാര്‍ക്ക്‌, ഫഗു തുടങ്ങിയവയാണ്‌ കുഫ്രിയിലേക്ക്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

180 തിലേറെ ഇനത്തിലുള്ള പക്ഷിമൃഗാദികളുടെ വാസ സ്ഥലമാണ്‌ ഗ്രേറ്റ്‌ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്ക്‌. കുഫ്രിയില്‍ നിന്നും ആറ്‌ കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫഗു മതപരാമായി ഏറെ പ്രധാന്യമുള്ള സ്ഥലമാണ്‌. മല നിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ പ്രദേശത്ത്‌ നിരവധി ക്ഷേത്രങ്ങള്‍ ഉണ്ട്‌. മരങ്ങളില്‍ തീര്‍ത്ത ഈ ക്ഷേത്രങ്ങളിലെ കൊത്തുപണികള്‍ വളരെ ആകര്‍ഷണീയമാണ്‌. ഈ കാഴ്‌ചകള്‍ക്ക്‌ പുറമെ സാഹസിക യാത്ര ഇഷ്‌പ്പെടുന്നവര്‍ക്ക്‌ വേണ്ടെതെല്ലാം ഫഗു ഒരുക്കുന്നുണ്ട്‌. മഞ്ഞ്‌ പൊതിഞ്ഞ മലനിരകളിലൂടെയുള്ള ദീര്‍ഘ ദൂര യാത്രയ്‌ക്കും ട്രക്കിങ്ങിനും ഏറെ പ്രശസ്‌തമാണ്‌ ഫഗു.

ഇതിനു പുറമെ ശാതന്ത ആസ്വാദിക്കാന്‍ ഇവിടെ താവളമടിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള സൗകര്യം ലഭ്യമാകും. സ്‌കീയിങ്‌, കുതിര സവാരി, ടോബോഗ്ഗാനിങ്‌, ഗോ-കാര്‍ട്ടിങ്‌ തുടങ്ങി മഞ്ഞിനുള്ളില്‍ ചെയ്യാനാഗ്രഹിക്കന്ന എല്ലാ സാഹസികതയ്‌ക്കും കുഫ്രി അവസരം ഒരുക്കുന്നുണ്ട്‌. വഴികളിലേറെയും മഞ്ഞ്‌ മൂടി കിടക്കുന്നതിനാല്‍ യാത്രയ്‌ക്ക്‌ കൂടുതലായും കുതിരകളെയാണ്‌ ഇവിടെ ഉപയോഗിക്കുന്നത്‌. മഞ്ഞിന്‍ മലനിരകളിലൂടെ കുതിരപ്പുറത്തൊരു സവാരി കുഫ്രിയില്‍ നിന്നും തിരികെയെത്തിയാലും മനസ്സില്‍ നിന്നും മായില്ല.

7. ഉന, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ പ്രമുഖ ജില്ലയായ ഉന, സ്വാന്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ടൂറിസ്റ്റ്കേന്ദ്രമാണ്. ജില്ലാ തലസ്ഥാനമായ ഉന പട്ടണം അനവധി സമ്മോഹന കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. ശബ്ദോല്‍പത്തി പ്രകാരം ഉന്നതി അഥവാ പുരോഗതി എന്ന ഹിന്ദി പദത്തില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. അഞ്ചാമത്തെ സിഖ് ആചാര്യനാ യ ശ്രീ ഗുരു അര്‍ജുന്‍ ദേവാണ് ഈ പേരിന്‍റെ ദാതാവ് എന്ന് തദ്ദേശവാസികള്‍ അനുസ്മരി ക്കുന്നു. പഞ്ചാബിലെ ഹൊഷിയാര്‍പുര്‍ ജില്ലയിലായിരുന്ന ഈ ഭൂപ്രദേശം 1972 ലാണ് സ്വതന്ത്ര ജില്ലയായി ഹിമാചല്‍ പ്രദേശിന്‍റെ ഭാഗമായത്.

പുകള്‍പെറ്റ നിരവധി ആരാധനാലയങ്ങള്‍ കൊണ്ട് ധന്യമാണ് ഈ പ്രദേശം. ദേരാ ബാബാ ബര്‍ബാഗ് സിങിന്‍റെ ഗുരുദ്വാര, ബഗാന ലതിയാന്‍ പിപലു, ചിന്ത്പുര്‍ണ്ണി ക്ഷേത്രം, എന്നീ ആത്മീയ മണ്ഡലങ്ങള്‍ അവയില്‍ ചിലത് മാത്രമാണ്. ഉന പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍റെ നിറുകയില്‍ യൂക്കാലിപ്ടസ് മരങ്ങളുടെ സുഗന്ധ ശീതളിമയിലാണ് ഗുരുദ്വാര ശയിക്കുന്നത്. ഏറെ ഭക്ത്യാദരവോടെയാണ് സിഖ്മതസ്ഥര്‍ ദേരാ ബാബയുടെ ഈ ഗുരുദ്വാര ദര്‍ശിക്കുന്നത്.

സോലാ സിങി ധര്‍ കുന്നുകളുടെ ഉച്ചിയിലാണ് ബഗാന ലതിയാന്‍ പിപലു സ്ഥിതിചെയ്യുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഗോവിന്ദ് സാഗര്‍ കായലിനെ കണ്‍കുളിര്‍ക്കെ കാണാം. കുന്നിന്‍റെ താഴ്വാരത്തിലാണ് അഴകാര്‍ന്ന ഈ തടാകം. ഉന പട്ടണത്തിന്‍റെ മുഖമുദ്രകളായ ദേവാലയങ്ങളിലൊന്നാണ് ചിന്ത്പുര്‍ണ്ണി ക്ഷേത്രം. ചിന്ത് പുര്‍ണ്ണി ദേവി തന്നെയാണ് ഇവിടത്തെ മൂര്‍ത്തി. ഇതിനുപുറമെയും ക്ഷേത്രങ്ങളും കോട്ടകളും ഗുരുദ്വാരകളും ഉന പട്ടണത്തില്‍ സന്ദര്‍ശകരെ കാത്ത് നിലകൊള്ളുന്നുണ്ട്.

സോല സിങി ധര്‍, ബാര്‍വയിന്‍, കുറ്റ്ലെഹര്‍ കോട്ടകള്‍, ശീതള ദേവി ക്ഷേത്രം, ബാബാ രുദ്രാനന്ദ് ആശ്രമം, അംബ് എന്നീ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശകന്‍റെ മനസ്സില്‍ കോറിയിടുന്ന ചിത്രങ്ങള്‍ ചിരകാലം മായാതെ നിലനില്‍ക്കും. സഞ്ചാര മാധ്യമത്തിന്‍റെ എല്ലാ സാധ്യതകളും ഉന പട്ടണം സന്ദര്‍ശിക്കുന്നവര്‍ക്ക് ആശ്രയിക്കാം. റോഡ്, റെയില്‍, വ്യോമ മാര്‍ഗ്ഗങ്ങളെല്ലാം തന്നെ സഞ്ചാരികള്‍ക്ക് അവലംബിക്കാവുന്നതാണ്. ഉന പട്ടണം അനുഭവ വേദ്യമാക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ വേനല്‍കാലം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മാര്‍ച്ചില്‍ ആരംഭിച്ച് മേയ് മാസത്തില്‍ ഒടുങ്ങുന്ന ഇവിടത്തെ വേനല്‍ നിങ്ങള്‍ക്ക് അനുകൂലവും സുഖപ്രദവുമായിരിക്കും.

8.കല്‍പ, ഹിമാചല്‍ പ്രദേശ്‌

സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങള്‍ എന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലുമുള്ള പ്രത്യേകതകള്‍ യാത്രയുടെ വ്യത്യസ്തത കൂട്ടുന്നു. ഹിമാചല്‍ പ്രദേശ് നല്‍കുന്ന അനുഭവവും ഇതുതന്നെയാണ്. ഹിമാലയന്‍ കാഴ്ചകളും താഴ് വരകളും നദികളുമുള്ള ഹിമാചല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണെന്ന് പറയാതിരിക്കാനാവില്ല. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് കല്‍പ.

സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിന്റെയും സത്‌ലജ് നദിയുടെയും സ്വര്‍ഗീയമായ കാഴ്ചയാണ് കല്‍പ ഒരുക്കുന്നത്. റിക്കോങ് പിയോയ്ക്ക് മുമ്പ് കിന്നൗറിന്റെ കേന്ദ്രമായിരുന്നു കല്‍പ. ആറാം നൂറ്റാണ്ടില്‍ മൗര്യ സാമ്രാജ്യകാലഘട്ടത്തില്‍ മഗധ രാജാവിന്റെ കീഴിലായിരുന്നുവത്രേ ഈ സ്ഥലം. പിന്നീട് 9, 12 നൂറ്റാണ്ടുകലില്‍ ഈ സ്ഥലം തിബറ്റിലെ ഗൂഗെ സാമ്ര്യാജ്യത്തിന്റെ കീഴിലായി.

ഇതിന് ശേഷം മുഗള്‍ രാജാവായ അക്ബര്‍ കല്‍പ പിടിച്ചടക്കി മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. കിന്നൗര്‍ കൗലാസ് പര്‍വ്വതമാണ് കല്‍പയിലെ പ്രധാന ആകര്‍ഷണം. പ്രാദേശിക ഭാഷയില്‍ കിന്നര്‍ കൈലാഷ് പര്‍വ്വതം എന്നുകൂടി അറിയപ്പെടുന്ന ഈ മലനിരകള്‍ പുണ്യസ്ഥലമായിട്ടാണ് കരുതിപ്പോരുന്നത്. പര്‍വ്വതത്തിന് മുകളില്‍ 70 മീറ്റര്‍ ഉയരം വരുന്ന ഒരു ശിവലിംഗമുണ്ട്. എല്ലാവര്‍ഷവും ഈ ശിവലിംഗദര്‍ശനത്തിനായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്. ബസ്പ നദിക്കരയിലുള്ള സന്‍ഗ്ല താഴ്‌വരയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 8900 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

വ്യത്യസ്തമായ വാസ്തുവിദ്യാ രീതികളില്‍ താല്‍പര്യമുള്ളവര്‍ക്ക് കമ്രു കോട്ട, നാഗ ക്ഷേത്രം, സപ്‌നി എന്നിവ സന്ദര്‍ശിയ്ക്കാം. ഇവയെല്ലാം വാസ്തുവിദ്യയുടെ പേരില്‍ പ്രശസ്തമായ സ്ഥലങ്ങളാണ്. സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവുമുള്ള ചിനി ഗ്രാമമാണ് മറ്റൊരു കാഴ്ച. സമുദ്രനിരപ്പില്‍ നിന്നും 2290 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റിക്കോങ് പിയോയാണ് മറ്റൊരു പ്രധാന കേന്ദ്രം. കിന്നൗര്‍ കൈലാസ് പര്‍വ്വതത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ഇവിടെനിന്നും കാണാന്‍ കഴിയും.

ആത്മഹത്യാമുനമ്പാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്, ആപ്പിള്‍ ഓര്‍ച്ചാര്‍ഡ്‌സില്‍ നിന്നും 10 മിനിറ്റ് ദൂരമേയുള്ളു ആത്മഹത്യാമുനമ്പിലേയ്ക്ക്. സാഹസികതയില്‍ താല്‍പര്യമുള്ളവര്‍ക്കാണെങ്കില്‍ കല്‍പയില്‍ നല്ല ട്രക്കിങ് സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും, പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിങ് പുതിയൊരു അനുഭവം തന്നെയായിരിക്കും. മനോഹരമായി നെയ്‌തെടുത്ത ഷോളുകളും, കിന്നൗരി തൊപ്പികളും വിറ്റു ജീവിയ്ക്കുന്നവരാണ് കല്‍പയിലെ ഭൂരിഭാഗം ജനങ്ങളും. ബുദ്ധമതവും ഹിന്ദുമതവും ചേര്‍ന്നുണ്ടായ തീര്‍ത്തും വ്യത്യസ്തമായ സംസ്‌കാരമാണ് ഇവിടെ കാണാന്‍ കഴിയുക.

റെയില്‍ റോഡുമാര്‍ഗ്ഗവും വിമാനമാര്‍ഗ്ഗവും കല്‍പയില്‍ എത്താം. ഷിംല വിമാനത്താവളമാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് 276 കിലോമീറ്ററാണ് ദൂരം. ഷിംലയിലാണ് കല്‍പയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് 244 കിലോമീറ്ററാണ് ദൂരം. ഹിന്ദുസ്ഥാന്‍- ടിബറ്റ് റോഡ് എന്നറിയപ്പെടുന്ന എന്‍എച്ച 22ല്‍ സഞ്ചരിച്ചാല്‍ കല്‍പയിലെത്താം. പൊവാരിയെന്ന സ്ഥലത്തുനിന്നാണ് കല്‍പയിലേയ്ക്ക് തിരിയേണ്ടത്. സര്‍ക്കാര്‍ ബസുകളും സ്വകാര്യബസുകളും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഷിംല, റാംപുര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം കല്‍പയിലേയ്ക്ക് ബസുകളുണ്ട്.

വേനല്‍ക്കാലത്ത് മാത്രം തുറക്കുന്ന റോഹ്തങ് പാസിലൂടെയും കല്‍പയിലേയ്ക്ക് സഞ്ചരിയ്ക്കാം. വേനല്‍ക്കാലമാണ് കല്‍പ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് അധികം ചൂട് ഇവിടെ അനുഭവപ്പെടാറില്ല. വേനല്‍ക്കാലത്തെ കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞത് 8 ഡിഗ്രി സെല്‍ഷ്യസും. പ്രവചിക്കാന്‍ കഴിയാത്ത രീതിയിലാണ് ഇവിടുത്െത മഴക്കാലം. ചിലപ്പോള്‍ മഴയേ ഉണ്ടാകില്ല, എന്നാല്‍ മറ്റു ചിലപ്പോള്‍ കനത്ത മഴ പെയ്യുകയും ചെയ്യും. തണുപ്പുകാലത്ത് കല്‍പ സന്ദര്‍ശനം അല്‍പം ബുദ്ധിമുട്ടേറിയതാകും, പ്രത്യേകിച്ചും തണുപ്പ് അധികം ശീലിയ്ക്കാത്തവര്‍ക്ക്, ശീതകാലത്ത് ഇവിടുത്തെ താപനില -10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്.

9. പ്രാഗ്പൂര്‍, ഹിമാചല്‍ പ്രദേശ്‌

ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയില്‍ 1800 അടി സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാഗ്പൂര്‍ സംസ്ഥാനത്തെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നാണ്. 1997ല്‍ സംസ്ഥാനം പ്രാഗ്പൂറിനെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചു. ഗാര്‍ലി-പ്രാഗ്പൂര്‍ എന്നീ ഇരട്ടഗ്രാമങ്ങളെ ചേര്‍ത്ത് പിന്നീട് 2002 ല്‍ പൈതൃകപ്രദേശമായും പ്രഖ്യാപിച്ചു. മത-ചരിത്ര പ്രധാനമുള്ള നിരവധി സ്ഥലങ്ങള്‍ മേഖലയിലുള്ളത് കണക്കിലെടുത്തായിരുന്നു പ്രഖ്യാപനം. ഗ്രാമത്തിന്‍െറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന താല്‍ ജലാശയമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

മുഴൂവന്‍ ഗ്രാമവും വികസിച്ചിരിക്കുന്നത് ഈ ജലാശയത്തെ കേന്ദ്രീകരിച്ചാണ്. രാധാകൃഷ്ണ മന്ദിര്‍, നേഹാര്‍, ഭവാന്‍ നൗണ്‍ എന്നീ പൈതൃക കേന്ദ്രങ്ങള്‍ ജലാശയത്തിന് സമീപത്താണ്. ഭൂട്ടാലി നിവാസ് എന്നറിയപ്പെടുന്ന നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള പുരാതന കെട്ടിടമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇന്തോ-യൂറോപ്യന്‍ രീതിയില്‍ രൂപ കല്‍പന ചെയ്തിരിക്കുന്ന ജഡ്ജസ് കോര്‍ട്ടും വിനോദസഞ്ചാരികളില്‍ കൗതുകമുളവാക്കുന്നതാണ്. ദുനിചന്ദ് ഭാര്‍ടിയല്‍ സരായ് പ്രാഗ്പൂരിലെ പ്രമുഖ വിനോദകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ്.

കൂടാതെ ബജ്രേശ്വരി, ജ്വാലാമുഖി, ചിന്ത്പൂര്‍ണി ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ്. ദക്ഷിണ അര്‍ദ്ധഗോളത്തില്‍ നിന്ന് ഉത്തര അര്‍ദ്ധഗോളത്തിലേക്കളുള്ള സൂര്യന്‍െറ ചലനത്തെ ബന്ധപ്പെടുത്തി ആഘോഷിക്കുന്ന ഇവിടത്തെ ഉല്‍സവമായ ലോഹ്റി സഞ്ചാരികളെ ആകര്‍ഷിക്കുന്നവയില്‍ പ്രമുഖമാണ്. സെപ്തംബര്‍ മാസം നടത്തുന്ന ഗുസ്തി ഉല്‍സവം ടൂറിസ്റ്റ് ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്. വായു, റെയില്‍ റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം ഇവിടെയത്തൊന്‍ എളുപ്പവഴിയുണ്ട്. പ്രാഗ്പൂറിന് സ്വന്തമായി വിമാനത്താവളമില്ളെങ്കിലും ഷിംല എയര്‍പോര്‍ട്ട് വഴി ഇവിടെയത്തൊം.

ജുബ്ബാര്‍ഹട്ടി എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന ഷിംല എയര്‍പോര്‍ട്ട് പൈതൃകഗ്രാമത്തില്‍ നിന്ന് 203 കിലോമീറ്റര്‍ അകലെയാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ നിന്ന് ഷിംലയിലേക്ക് വിമാനം ലഭ്യമാണ്. ടാക്സി-ക്യാബ് സേവനം എയര്‍പോര്‍ട്ടില്‍ നിന്ന് പ്രാഗ്പൂറിലേക്ക് എളുപ്പം ലഭിക്കും. അടുത്ത റെയില്‍ വേസ്റ്റേഷന്‍ 67 കിലോമീറ്റര്‍ അകലെയുള്ള യുനയിലാണ്. യുനയില്‍ നിന്ന് പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ലഭ്യമാണ്. ബസ് മാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചണ്ഡീഗഡില്‍ നിന്നും പത്താന്‍കോട്ടില്‍ നിന്നും ബസുകള്‍ ഇഷ്ടം പോലെയുണ്ട്.173 കിലോമീറ്റര്‍ അകലെയുള്ള അമൃത്സറില്‍ നിന്നു വരെ ബസ് സര്‍വീസുണ്ട് ഇങ്ങോട്ട്.

വര്‍ഷം മുഴുവന്‍ സ്ഥിരത പുലര്‍ത്തുന്ന കാലാവസ്ഥയാണ് പ്രാഗ്പൂരില്‍. വേനല്‍കാലത്ത് അടുത്തുള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അന്തരീക്ഷമാണ് ഇവിടെ. 32 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലയളവിലെ ചൂട്. മണ്‍സൂണില്‍ കനത്ത മഴ ലഭിക്കാറുണ്ട്. മഴയെ നേരിടാന്‍ ആവശ്യമായ വസ്തുക്കള്‍ കരുതാന്‍ ഇക്കാലയളവിലത്തെുന്ന സഞ്ചാരികള്‍ ശ്രദ്ധിക്കണം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്തെ താപനില 16 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി വരെയാണ്. പ്രസന്നമായ കാലാവസ്ഥയുള്ള വേനല്‍കാലത്തും മഴക്കാലത്തും സന്ദര്‍ശനത്തിനത്തെുന്നതാണ് ഉചിതം.

10. ലുധിയാന, പഞ്ചാബ്‌

സത്‌ലജ്‌ നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ലുധിയാനയാണ്‌ പഞ്ചാബിലെ ഏറ്റവും വലിയ നഗരം. സംസ്ഥാനത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ നഗരത്തെ പുതിയ നഗരം, പഴയനഗരം എന്നിങ്ങനെ രണ്ടായി ഭാഗിക്കാം. 1480 ല്‍ സ്ഥാപിതമായ നഗരം ലോധി രാജവംശത്തിന്റെ പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ നിന്നുള്ള നിരവധി പേര്‍ കാനഡ,യുകെ,ഓസ്‌ട്രേലിയ,യുസ്‌ തുടങ്ങിയ രാജ്യങ്ങളില്‍ താമസമാക്കിയിട്ടുണ്ട്‌.

ലുധിയാന്‍വിസ്‌ എന്നറിയപ്പെടുന്ന ഇവടുത്തെ പ്രദേശവാസികള്‍ ആതിഥ്യമര്യാദയുടെ കാര്യത്തില്‍ പ്രശസ്‌തരാണ്‌. ലുധിയാനയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി സ്ഥലങ്ങള്‍ ലുധിയാനയിലുണ്ട്‌. ഗുരുദ്വാര മന്‍ജി സാഹിബ്‌, ഗുരുനാനാക്‌ ഭവന്‍, ഫിലൗര്‍ കോട്ട, മഹാരാജ രഞ്ചിത്‌ സിങ്‌ യുദ്ധ മ്യൂസിയം, ഗുരുനാനാക്‌ സ്റ്റേഡിയം, രഖ്‌ ബാഗ്‌ പാര്‍ക്‌, എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പ്രഭാത, സന്ധ്യ നടത്തത്തിന്‌ ഇണങ്ങിയ നിരവധി ആകര്‍ഷകങ്ങളായ ഉദ്യാനങ്ങള്‍ ഇവിടെയുണ്ട്‌. ഇതിന്‌ പുറമെ നിരവധി കാഴ്‌ചബംഗ്ലാവുകളും പാര്‍ക്കുകളും ലുധിയാന വിനോദ സഞ്ചാരത്തിന്റെ ഭാഗമായി സന്ദര്‍ശിക്കാം.

പഞ്ചാബിലെ നഗരങ്ങളില്‍ ഷോപ്പിങിന്‌ ഏറ്റവും നല്ല നഗരം ലുധിയാനയാണന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ആഭ്യന്തര,അന്താരാഷ്‌ട്ര ബ്രാന്‍ഡുകള്‍ ലഭ്യമാക്കുന്ന 20 ലേറെ മാളുകള്‍ ലുധിയാനയിലുണ്ട്‌. ലുധിയാനയിലെ ആളുകള്‍ ഭക്ഷണപ്രിയരായതിനാല്‍ ഇവിടെ നിരവധി ഭക്ഷണ ശാലകളും കാണാം. ഏറ്റവും പ്രശസ്‌തമായ പഞ്ചാബി പാനീയമാണ്‌ ലെസ്സി. ഉപ്പിട്ടും മധുരമിട്ടുമുള്ള രണ്ട്‌ തരം ലസ്സി ലഭ്യമാക്കുന്നുണ്ട്‌. നിരവധി പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലുധിയാനയ്‌ക്ക്‌ സമീപത്തായുണ്ടെന്നതാണ്‌ മറ്റൊരു സവിശേഷത. ചണ്ഡിഗഢ്‌, കസൗലി, മക്‌ലിയോഡ്‌ഗന്‍ജി,ധര്‍മ്മശാല, സിംല,കുഫ്രി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ലുധിയാനയില്‍ നിന്നും റോഡ്‌ മാര്‍ഗം നാല്‌ മണിക്കൂര്‍ യാത്ര ചെയ്‌താല്‍ എത്താവുന്ന ദൂരത്തിലാണ്‌. ഉത്സവങ്ങളും ആചാരങ്ങളും സംസ്‌കാരത്താലും പാരമ്പര്യത്താലും അറിയപ്പെടുന്ന ലുധിയാനയില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തിച്ചേരാറുണ്ട്‌. പഞ്ചാബി ഭവന്‍, ഗുരുനാനാക്‌ ഭവന്‍,നെഹ്‌റു സിദ്ധാന്ത്‌ കേന്ദ്ര ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഇവ സംഘടിപ്പിക്കുക. നാടന്‍ സംഗീതം, നൃത്തം, കളികള്‍, റോപ്‌ -നൃത്തം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസ്വദിക്കാന്‍ ഇവിടുത്തെ സാംസ്‌കാരിക പരിപാടികള്‍ സന്ദര്‍ശകര്‍ക്ക്‌ അവസരം നല്‍കും.

പോഹിന്റെ അവസാന ദിവസമാണ്‌ പഞ്ചാബിലെ പ്രശസ്‌തമായ ഉത്സവമായ ലോഹ്‌റി ആഘോഷിക്കുന്നത്‌. ബസന്ത്‌ പഞ്ചമി, ഹോളി, ബൈസാഖി, ഗുരുപുരബ്‌ തുടങ്ങിയ ഉത്സവങ്ങള്‍ ലുധിയാന വിനോദ സഞ്ചാരത്തിന്റെ മാറ്റുയര്‍ത്തുന്നവയാണ്‌. എങ്ങനെ എത്തിച്ചേരാം ഡല്‍ഹിയില്‍ നിന്നും 320 കിലോമീറ്റര്‍ ദൂരത്ത്‌ സ്ഥിതി ചെയ്യുന്ന ലുധിയാനയില്‍ എത്തിച്ചേരാന്‍ റോഡ്‌ മാര്‍ഗം 5 മണിക്കൂറിനടുത്ത്‌ സമയമെടുക്കും. ഇവിടെ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം ട്രയിന്‍ സര്‍വീസ്‌ ഉണ്ട്‌. നഗരത്തിനുള്ളില്‍ സഞ്ചരിക്കാന്‍ റിക്ഷകളും ബസുകളും ലഭിക്കും.

സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌ കഠിനമായ തണുപ്പും ചൂടും ലുധിയാനയില്‍ അനുഭവപെടാത്തത്‌ സന്ദര്‍ശകര്‍ക്ക്‌ അനുകൂലമാണ്‌. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ്‌ ലുധിയാന സന്ദര്‍ശനത്തിന്‌ അനുയോജ്യം.

11. ഹോഗി, ഹിമാചല്‍ പ്രദേശ്‌

ഷിംലയില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെ ഓക് മരങ്ങള്‍ അതിരിടുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഷോഗി. സമുദ്രനിരപ്പില്‍ നിന്ന് 5700 അടിയാണ് ഇവിടെ ഉയരം. ഓക്മരങ്ങള്‍ക്കൊപ്പം റോഡോഡെന്‍ട്രോണ്‍ ഇനത്തില്‍ പെടുന്ന പൂക്കളും ധാരാളമായി കാണുന്ന ഇവിടെ പ്രകൃതി ദൃശ്യഭംഗി അനുഗ്രഹിച്ച് നല്‍കിയിരിക്കുകയാണ്. വിനോദസഞ്ചാരത്തിനൊപ്പം കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം.

പഴച്ചാറ്, ജെല്ലി,സിറപ്പ്,അച്ചാര്‍ തുടങ്ങിയവ ഇവിടെ വീടുകളില്‍ ധാരാളമായി നിര്‍മിക്കുന്നുണ്ട്. 19ാം നൂറ്റാണ്ടില്‍ ഇംഗ്ളീഷുകാരും ഗൂര്‍ഖകളുമായി നടന്ന യുദ്ധവുമായി ഇഴപിരിഞ്ഞ് കിടക്കുന്നതാണ് ഷോഗിയുടെ ചരിത്രം. മലാവോണ്‍ യുദ്ധത്തില്‍ പരാജയത്തിന്‍െറ വക്കിലത്തെിയ ഗൂര്‍ഖകള്‍ തങ്ങളുടെ കീഴിലായിരുന്ന ഷോഗി അടക്കം പ്രദേശങ്ങള്‍ വിട്ടുകൊടുക്കാമെന്ന ധാരണയില്‍ 1815 മെയ് 15ന് സമാധാന കരാര്‍ ഒപ്പിട്ടു. സഞ്ജൗളി ഉടമ്പടി എന്നറിയപ്പെടുന്ന ഈ ധാരണപ്രകാരം ഷോഗിയടക്കം സ്ഥലങ്ങള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചു.

പിന്നീട് ഈസ്റ്റ് കമ്പനിയോട് നാളുകളായി സൗഹൃദം പുലര്‍ത്തിയതിന്‍െറ സമ്മാനമെന്നവണ്ണം ഷിംലയടക്കം പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ പാട്യാല മഹാരാജാവിന് സമ്മാനമായി നല്‍കി. പുരാതനമായ നിരവധി ക്ഷേത്രങ്ങളാണ് ഷോഗിയിലുള്ളത്. ഈയിടെ പുനരുദ്ധരിച്ച ഹനുമാന്‍ ക്ഷേത്രം, കാളി ക്ഷേത്രം, താരാദേവി ക്ഷേത്രം എന്നിവയാണ് പ്രധാന ആരാധനാ കേന്ദ്രങ്ങള്‍. ഷോഗിക്ക് സമീപത്തെ ജക്കൂഹില്ലിലും കുറച്ച് പുരാതന ക്ഷേത്രങ്ങള്‍ ഉണ്ട്.

വായു,റോഡ്,റെയില്‍ മാര്‍ഗങ്ങള്‍ വഴി മനോഹര കാഴ്ചകള്‍ ഉള്ള ഈ സുന്ദരഭൂമിയിലത്തൊം. 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജുംബര്‍ഹട്ടിയാണ് ഏറ്റവും അടുത്ത വിമാനത്താവളം. അന്താരാഷ്ട്ര യാത്രികര്‍ക്ക് ന്യൂദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയ ശേഷം ഇങ്ങോട് വരുന്നതാണ് സൗകര്യം. പ്രമുഖ നഗരങ്ങളിലേക്കുള്ള തീവണ്ടികള്‍ വന്നുപോകുന്ന കല്‍ക്കയാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. ഹിമാചലിലെ മറ്റു നഗരങ്ങളില്‍ നിന്നും ദല്‍ഹിയില്‍ നിന്നുമെല്ലാം ഇങ്ങോട് ബസ് സര്‍വീസുകളും ഉണ്ട്. വര്‍ഷം മുഴുവന്‍ തരക്കേടില്ലാത്ത കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ് ഇവിടം.

12.മഷോബ്ര, ഹിമാചല്‍ പ്രദേശ്‌

സിംലയിലെ മലനിരകള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അതിമനേഹരമായ ചെറു നഗരമാണ്‌ മഷോബ്ര. ഇന്‍ഡസ്‌ , ഗംഗ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മഷോബ്ര ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നീര്‍മറി പ്രദേശം കൂടിയാണ്‌. ചരിത്രപരമായി ഏറെ പ്രധാന്യമുള്ള മഷോബ്ര നഗരം പതിനെട്ടാം നൂറ്റാണ്ടില്‍ ഡല്‍ഹൗസി പ്രഭുവാണ്‌ സ്ഥാപിച്ചത്‌. മൗണ്ട്‌ ബാറ്റണ്‍ന്റെയും ലേഡി എഡ്വിനയുടെയും ജീവചരിത്ര രേഖകളില്‍ ഇക്കാര്യം രേഖപെടുത്തിയിട്ടുണ്ട്‌. മഷോബ്രയുടെ പ്രശസ്‌തി ഉയര്‍ത്തുന്ന മറ്റൊന്നും കൂടി ഇവിടെയുണ്ട്‌.

രാഷ്‌ട്രപതിയുടെ വിശ്രമകാല വസതി. രാജ്യത്താകെ രണ്ടിടത്ത്‌ മാത്രമാണ്‌ രാഷ്‌ട്രപതിയ്‌ക്ക്‌ വിശ്രമകാല വസതികളുള്ളത്‌. അതിലൊന്നാണ്‌ മഷോബ്രയിലേത്‌. പ്രകൃതി ഭംഗി കൊണ്ടും കാലാവസ്ഥ കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മഷോബ്രയെ കൂടുതല്‍ സുന്ദരമാക്കുന്നത്‌ സമൃദ്ധമായ പഴം,പച്ചക്കറി തോട്ടങ്ങളാണ്‌. സിംലയ്‌ക്ക്‌ ആവശ്യമായ പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത്‌ ഇവിടെ നിന്നാണ്‌. മഹസു ദേവത ക്ഷേത്രം, റിസര്‍വ്‌ ഫോറസ്റ്റ്‌ സാന്‍ക്‌ചറി തുടങ്ങി സന്ദര്‍ശകരെ കാത്ത്‌ മഷോബ്രയില്‍ ഏറെയുണ്ട്‌.

മഷോബ്രയില്‍ നിന്നും പത്ത്‌ മീറ്റര്‍ കലെ മാത്രമാണ്‌ സിംലയിലേയ്‌ക്കുള്ളത്‌. കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഇവിടെയാണ്‌ ഹിമാചല്‍ സ്റ്റേറ്റ്‌ മ്യൂസിയവും ലൈബ്രററിയും സ്ഥിതി ചെയ്യുന്നത്‌. നാല്‍ദേര, വൈല്‍ഡ്‌ ഫ്‌ളവര്‍ ഹാള്‍, കരിഗ്നാനോ എന്നിവയാണ്‌ മഷോബ്രയുടെ മറ്റ്‌ ചില ആകര്‍ഷണങ്ങള്‍. മഹസു ഉത്സവം ആണ്‌ ഇവിടുത്തെ പ്രധാന ആഘോഷം.





No comments:

Post a Comment