അനെക്സേനാമുൻ : ഈജിപ്തിലെ നിർഭാഗ്യവതിയായ രാജകുമാരി - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, December 3, 2018

അനെക്സേനാമുൻ : ഈജിപ്തിലെ നിർഭാഗ്യവതിയായ രാജകുമാരി

ലേഖനം എഴുതി തയ്യാറാക്കിയത് – Sudhakaran Kunhikochi.

പുരാവസ്തു ഗവേഷകരുടെയും വിജ്ഞാന കുതുകികളുടെയും പറുദീസയാണ് ഈജിപ്ത്. ചരിത്രാവശിഷ്ടകളും ശാസ്ത്രവും ദാർശനികചിന്തകളും മിത്തുകളും കൂടിക്കലർന്ന അവിശ്വസിനീയമായ” കെമത് “സംസ്കാരം ആരെയും ഉൾപ്പുളകം കൊള്ളിക്കുന്നതാണ്. ഈജിപ്തിന്റെ സംഭവബഹുലമായ ചരിത്രത്തിനു തുടക്കം കുറിക്കുന്നത് ഒന്നാം രാജവംശത്തിലെ( B. C. E 3150)ആദ്യത്തെ ഫറോവയായിരുന്ന നാർമാരുടെ ഭരണകാലം മുതലാണ്. അദ്ദേഹമാണ് മേലെ ഈജിപ്തിനെയും കീഴെ ഈജിപ്തിനെയും ചേർത്ത് ഒരൊറ്റ രാജ്യമാക്കി തീർത്തത്. അദ്ദേഹത്തിന് ശേഷം എത്രയെത്ര രാജവംശങ്ങൾ എത്രയെത്ര ഫറോവമാർ ഈജിപ്ത് എന്ന മഹാ സാമ്രാജ്യത്തെ അടക്കി ഭരിച്ചു ഖുഫുവും, രമസെസ്സുമാരും, ആമെൻഹോട്ടപ്പമാരും ബാലഫറവോ തുത്തന്ഖാമോനും, ടോളമിമാരും ക്ലിയോപാട്രയുമടങ്ങു്ന്ന നൂറ്റാണ്ടുകളുടെ ചരിത്രം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. നിർമ്മിതി കൊണ്ട് അതിശയിപ്പിക്കുന്ന പിരമിഡുകളും ഗിസയിലെ അത്ഭുതജീവി സ്ഫിങ്ങ്സും കർണ്ണാക്കിലെയും അബുസിംബലിലേയും ക്ഷേത്രങ്ങൾ ഫറോവമാരുടെ മമ്മികൾ തുടങ്ങി പുരാതന ഈജിപ്തിന്റെ അറിയപ്പെടാത്ത ചരിത്രത്തിലേക്കുള്ള എത്തിനോട്ടം ഏവരെയും അതിശയിപ്പിക്കുന്നതാണ്.

ഈജിപ്ത്തിന്റ ചരിതത്തിലെ രാജകുമാരിമാരെപ്പറ്റി പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ക്ലിയോപാട്രയുടെതാണ്. സൗന്ദര്യം കൊണ്ടും ബുദ്ദികൊണ്ടും ലോകത്തെ മൂക്കിൻതുമ്പത്തു നിർത്തിയ ക്ലിയോപാട്രയെ കുറിച്ചല്ല പറയാൻ പോകുന്നത്. അത് ലോകത്തെ വിസ്മയിപ്പിച്ച ബാലഫറോവയായിരുന്ന തുത്തന്ഖാമന്റെ നിർഭാഗ്യവതിയായ പ്രിയപത്നി അനെക്സേനാമുന്നിനെ കുറിച്ചാണ്. നിരവധി ഫറവോമാരുടെയും രഞ്ജിമാരുടെയും മമ്മികൾ കണ്ടെടുത്തപ്പോഴും അനെക്സെനമുന് ചരിത്രത്തിന്റെ തിരശീലയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്നത് ഗവേഷകരെ പലപ്പോഴും കുഴക്കിയിരുന്നു. എന്നാൽ ആ രഹസ്യവും പുറത്തുവരാൻ പോകുന്നു എന്നാണ് റിപ്പോര്ട്ട്.

പതിനെട്ടാം രാജവംശത്തിലെ ഫറവോയായിരുന്ന അമേൻഹോതേപ് നാലാമന്റെ ((അഖ്‌നതെൻ )രാഞ്ജി നെഫെർഥിതിയുടെയും ആറു പെൺമക്കളിൽ (മേരെതാത്തെൻ, മെകെ താത്തെൻ, ആംഖെ സെൻപാതേൻ, നെഫെർ നെഫെരു ആതെൻ,നെഫെർ നെഫെരൂരെ, സെതെപെരെ )മൂന്നാമത്തെ മകളായിരുന്നു ആംഖെ സെൻപത്തേൻ (ആംഖ് എസംബ് പാതേൻ )അഥവാ അനെൿ സേനാമുൻ. ആദ്യത്തെ മൂന്ന് മക്കൾക്കായിരുന്നു “സീനിയർ “പദവി ഉണ്ടായിരുന്നത്. പതിമൂന്നാം വയസ്സിലായിരുന്നു വിവാഹം. തുത്തന്ഖാമെന്നു പ്രായം പത്തും. തുത്തന്ഖാമെന്റെയും അച്ഛൻ അഖ്‌നാതേൻ തന്നെയായിരുന്നു. എന്നാൽ അമ്മ നെഫെര്ടിട്ടി ആയിരുന്നില്ലെന്നും “കിയ “എന്ന് പേരുള്ള മറ്റൊരു സ്ത്രീ ആയിരുന്നെന്നും വാദമുണ്ട്. അത് സ്വന്തം സഹോദരി തന്നെയാണെന്നും, ആ സഹോദരിയിൽ പരസ്യമോ രഹസ്യമോ ആയ വേഴ്ചയിൽ ഉണ്ടായ പുത്രനാണ് തുത്തന്ഖാമോൻ എന്നുമാണ് ഇപ്പോൾ ലഭ്യമായ വിവരം.

ഈജിപ്തിന്റെ ചരിത്രത്തിലെ ഒരു സന്ദിഗ്ദ്ധഘട്ടത്തിലാണ് തുത്തൻ ആതെൻ അധികാരത്തിൽ എത്തുന്നത്. അഖ്‌നാതേൻ ന്റെയും നെഫെര്ടിട്ടി റാണിയുടേയും ഭരണപരിഷ്കാരങ്ങളോടുള്ള കനത്ത എതിർപ്പു മറനീക്കി പുറത്തു വന്നു കൊണ്ടിരുന്ന കാലം. പുരോഹിത വർഗ്ഗവും തികഞ്ഞ അസംതൃപ്‌തിയിൽ ആയിരുന്നു. അതിന്റെ ആദ്യ പടിയെന്നോണം തൂത് തന്റെ പേരിൽ മാറ്റം വരുത്തി. തൂത് ആംഖ് ആതെൻ എന്ന പേരിലെ ആതേൻ ദേവനെ മായ്ച്ചു കളഞ്ഞു ആമുനെ പ്രതിഷ്ഠിച്ചു. പുതിയ പേര് തൂത് ആംഖ് ആമുൻ എന്നാക്കി. അവിടുന്നങ്ങോട്ട് ഈജിപ്ത് ദർശിച്ചത് ഒരു കടകം മറച്ചിലായിരുന്നു. അഖ്‌നാ തേനും നെഫെര്ടിട്ടി രാഞ്ജിയും വളർത്തിയെടുത്ത, അല്ലെങ്കിൽ അടിച്ചേൽപ്പിച്ച ആതേൻ ദേവനിലൂന്നിയ ഏകദൈവ വിശ്വാസം കടപുഴകി വീണു.

അർദ്ധ സഹോദരിയായിരുന്ന അനെക്സേന മുനുമായുള്ള തുത്തൻ ഖാമോന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ചെറു പ്രായമായിരുന്നെകിലും ഭരണമികവിൽ പേരെടുത്ത തുത്തന്ഖാമോൻ എന്ന യുവരാജാവിനു രണ്ടു പെണ്മക്കൾ ഉണ്ടായി. നിർഭാഗ്യമെന്നു പറയട്ടെ ഒരാൾ അഞ്ചാം മാസത്തിലും രണ്ടാമത്തെയാൾ ഏഴാം മാസത്തിലും മരിച്ചു. രക്തബന്ധത്തിൽപെട്ടവർ തമ്മിൽ ബന്ധപെട്ടു ഗർഭം ധരിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശനം ങ്ങളായിരുന്നു കുട്ടികളുടെ മരണകാരണം.

അനന്തരാവകാശികൾ ഇല്ലാതെയാണ് തുത്തന്ഖാമോൻ പതിനെട്ടാം വയസ്സിൽ മരിക്കുന്നത്. മരണകാരണം ദുരൂഹമാണെങ്കിലും ചില പഠനങ്ങൾ ഗൗരവമായി നടന്നിട്ടുണ്ട്. ആദ്യകാലത്തു തുതിന്റെ മരണം കൊലപാതകം ആണെന്ന് വരെ സംശയിച്ചിരുന്നു. പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങൾ അതൊന്നും അല്ലെന്നു സംശയാതീതമായി തെളിയിച്ചു. അഖ്‌നാ തേനിന് സ്വസഹോദരിയിൽ ഉണ്ടായ പുത്രനായതുകൊണ്ടു രക്തബന്ധത്തിൽ പിറക്കുന്നവർക് ജനിതകമായ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ഈ സത്യത്തിനു അടിവരയിടുന്ന അനേകം തെളിവുകൾ കുട്ടി രാജാവിന്റെ മമ്മിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഗുരുതരമായ അസ്ഥിരോഗം അദ്ദേഹത്തെ ബാധിച്ചിരുന്നു, രക്തകോശങ്ങളിൽ ആകൃതി വ്യത്യാസം വരുത്തുന്ന ഗുരുതരമായ അരിവാൾ രോഗവും ഉണ്ടായിരുന്നു. ഒരു വീഴ്‌ചയെ തുടർന്നുണ്ടായ അണുബാധയും മലേറിയ ബാധിച്ചതും സ്ഥിതി കൂടുതൽ വഷളാക്കി. ഇടതു കാലിനു മൂടംതുണ്ടായിരുന്നതിനാൽ വേച്ചു വെച്ചാണ് നടന്നിരുന്നത്. അണ്ണാക്ക് ജന്മനാ മുറിഞ്ഞതും ആയിരുന്നു. ഈജിപ്ത് ഫറോവമാരിൽ ഇരുന്നു കൊണ്ട് അസ്ത്രപരിശീലനം നടന്നതായി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഏകരാജാവാണ് തൂത്. വേഗത്തിൽ നടന്നു പോകാനുള്ള കഴിവില്ലായ്മയാണ് സൂചിപ്പിക്കുന്നത്.

തുത്തന്ഖാമെന്റെ മരണത്തോടെ അനേക് സേനാമുനിന്റെ ദൗർഭാഗ്യം ആരംഭിച്ചു. കുട്ടികൾ ഇല്ലാതിരുന്ന തുത്തന്ഖാമൻ ആഗ്രഹിച്ചത് സേനാപതിയായിരുന്ന ഹോരാംഹെമ്പു അടുത്ത അവകാശി ആകണമെന്നയിരുന്നു. തുതിന്റെ ഉപദേശകനും തന്റെ അമ്മയായ നെഫെര്ടിട്ടി രാഞ്ജിയുടെ അച്ഛനായ “ആയ് “അധികാരം പിടിച്ചെടുക്കുകയും രാജാവിനെ വിവാഹം കഴിക്കാൻ നിര്ബദ്ദിക്കപ്പെട്ടു. ഇതിനെ ശക്തമായി എതിർത്ത രാജകുമാരി അയല്പക്കമായ അനറ്റോളിയയിലെ (ഇപ്പോഴത്തെ തുർക്കി )ഹിറ്റെറ്റുകളുടെ രാജാവായിരുന്ന സുപ്പിലുലിയുമ ഒന്നാമന്റെ സഹായം അഭ്യർത്ഥിച്ചു അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു മകനെ ഭർത്താവായി അയക്കണമെന്നും ആ രാജാവിന് ഈജിപ്തിന്റെ രാജാവാകാമെന്നും പറയുന്നു. ഈജിപ്തിൽ നിന്നും രാജസ്‌ത്രീകളെ വിദേശികൾക്ക് വിവാഹം കഴിച്ചു കൊടുക്കുന്ന പതിവ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തതുകൊണ്ടു രാജാവ് അമ്പരപ്പോടെയാണ് കത്തിനെ കണ്ടത്. ആദ്യ മടി കാണിച്ചെങ്കിലും തന്റെ പുത്രന്മാരിൽ സനാൻസ എന്ന രാജകുമാരനെ രാജകീയ അകമ്പടിയോടും ഒരുക്കങ്ങളോടും കൂടി ഈജിപ്തിലേക്ക് അയച്ചു.

നിർഭാഗ്യമെന്നു പറയട്ടെ വൻ സന്നാഹങ്ങളോടെ ഈജിപ്തിന്റെ മണ്ണിലെത്തിയ സനാൻസ രാജകുമാരൻ വഴിമദ്ധ്യേ രാത്രിയുടെ മറവിൽ അജ്ഞാതമായ ഒരു കൊലപാതകിയുടെ വാളിന് ഇരയായി. ഇത് ശക്തരായിരുന്ന ഹിറ്റെറ്റുകളെ ഞെട്ടിച്ചു കളഞ്ഞു. സനാൻസ രാജകുമാരൻ ഈജിപ്തിൽ എത്തുമ്പോഴേക്കും ഈജിപ്തിൽ നടന്ന ഒരു ഭരണ കൈമാറ്റമായിരുന്നു കൊലപാതത്തിനു പിന്നിലെന്ന് വിശ്വസിക്കുന്നു. അത് “ആയ് “യുടെ ഭരണം പിടിച്ചെടുക്കൽ ആയിരിക്കാം.(ഹിറ്റെറ്റുകളോട് സഹായം അഭ്യർത്ഥിച്ച രാഞ്ജി അഖ്നതെന്റെ മരണശേഷം നെഫെര്ടിട്ടി ആണെന്നും അഭിപ്രായം ഉണ്ട് )എന്തായാലും അനേകസനമുനിനു മുത്തച്ഛനായ ആയ് യെ വിവാഹം ചെയ്യേണ്ടി വന്നു.അദ്ദേഹത്തിന്റെ മരണശേഷം അനേകസനമുനിനു സ്വന്തം അച്ചനായ അഖ്ന തേനെയും വിവാഹം ചെയ്യേണ്ടി വന്നതായും ചില ചരിത്രകാരന്മാർ പറയുന്നു.

അനേകസനമുനിനനെ ആയ് രാജാവ് കൊലപ്പെടുത്തിയതായും വാദമുണ്ട്. തുത്തന്ഖാമെന്റെ ശവകുടീരത്തിൽ മരിച്ചുപോയ രണ്ടു പെൺകുഞ്ഞുങ്ങളുടെ മമ്മികളെ കണ്ടെത്തിയിട്ടുണ്ട് പക്ഷെ അവിടെ അനേകസനമുനിന്റെ മമ്മി കാണാത്തതു ഗവേഷകരെ കുഴക്കിയിരുന്നു. നിലവിലുള്ള ദൈവസകല്പങ്ങളെ വെല്ലുവിളിച അഖ്‌നതേൺ വ്യക്തികേന്ദ്രികൃതം അല്ലെങ്കിൽ മനുഷ്യരൂപമുള്ള ദൈവം എന്നതിൽ നിന്നും “ആത്തൻ “എന്ന ശക്തിയെയായിരുന്നു ആരാധിച്ചിരുന്നത്. ജനനസമയത് അനേകസനമുനിന്റെ പേരെ “അനേക് സെൻ പാതേൺ “ആയിരുന്നു. അതായത് “ആത്തേൻ “എന്ന ദൈവത്തിലൂടെ ജീവിക്കുന്നവൾ എന്നർത്ഥം. പിന്നീട് തുത്തന്ഖാമെന്റെ ഒപ്പം ചേർന്നപ്പോഴാണ് “അനേക് സെനമുൻ “എന്ന പേര് സ്വീകരിക്കുന്നത്. പുരോഹിതന്മാരുടെ ദൈവമായ “അമുനിനെ “ആരാധിക്കുന്നവർ അപ്പോഴേക്കും മേൽക്കോയ്മ നേടിയെന്നാണ് കരുതുന്നത്. അങ്ങനെയാണ് “അമുന്നിലുടെ ജീവിക്കുന്നവൾ “എന്ന പേരിലേക്ക് രാജകുമാരി മാറുന്നത്. “ആത്തനെ “ആരാധിച്ചിരുന്നവരുടെ വംശത്തെ ഇല്ലാതാക്കാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തിയതായും വാദമുണ്ട്, അങ്ങനെയാണ് രാജകുമാരി കൊല്ലപ്പെട്ട്തെന്നും??

തുത്തന്ഖാമെൻ രാജാവിന്റെ പുറകിലായി പലയിടത്തു നിന്നും അനേക് സേനാമുനിന്റെ പ്രതിമകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ രാജകുമാരിയുടെ പേര് കൊത്തിയിട്ട ശവസംസ്കാര ഉപകരണങ്ങൾ ഒന്നും ഇന്നേവരെ ലഭിച്ചിട്ടില്ല. ഈയടുത്താണ് ആയ് രാജാവിന്റെ കല്ലറയ്ക്കു സമീപം ഉൽഖനനം ശക്തമാക്കിയത്. ഈജിപ്റ്റോളജിസ്റ് സാഹി ഹവാസിന്റെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ ഗവേഷകർ ലേസർ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ അനേക് സേനാമുനിന്റെ കല്ലറയിലേക്കുള്ള ചെറിയൊരു വഴി തെളിഞ്ഞു കിട്ടി. ആയിരകണക്കിന് വർഷങ്ങൾക്മുൻപ് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോമാരുടെ മൃതുദേഹങ്ങൾ മമ്മിയായി സൂക്ഷിച്ചിരുന്ന സ്ഥലമാണ് “valley of king”രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്നത്. ഇവിടെ നിന്നാണ് ഗവേഷകർ ഒരു കല്ലറയുടെ അടിത്തറയുടെ അവശിഷ്ടങ്ങൾ (foundation deposit)കണ്ടെത്തിയത്.

ഓരോ ശവക്കല്ലറയും നിർമ്മിക്കുന്നതിന് മുൻപ് മന്ത്രത്തകിടുകളും പൂജാസാധനകളും ആചാരപരമായ കാര്യങ്ങൾക്കു വേണ്ടി ഉപയോഹിക്കുന ഉപകരണങ്ങളും ഭഷ്യവസ്തുക്കളും, എല്ലാം നിറയ്ക്കാൻ ഉപയോഹിക്കുന്ന ചെറുകല്ലറകളെ “ഫൌണ്ടേഷൻ ഡെപ്പോസിറ്റുകൾ “എന്ന് വിളിക്കുന്നു. കല്ലറയുടെ നിർമാണത്തിന് മുൻപ് ഇത്തരത്തിലുള്ള നാലോ അഞ്ചോ മന്ത്ര അടിത്തറകൾ കെട്ടുക പതിവാണ്. റഡാർ പരിശോധനയിൽ നാല് അടിത്തറകൾ മാത്രമല്ല കല്ലറയിലേക്കുള്ള പ്രവേശന കവാടത്തിനു സമാനമായ കാഴ്ച്ചയും തെളിഞ്ഞിട്ടുണ്ട്. ആയ് രാജാവിന്റെ കുടീരത്തിനു തൊട്ടടുത്തു ആയതിനാൽ അത് അനേക് സേനാമുനിന്റേതായിരിക്കാമെന്നു ഗവേഷകർ കണക്കു കൂട്ടുന്നു. ഇത് വലിയൊരു പ്രതീക്ഷയും ആണ്. എന്തായാലും ഈജിപ്തിന്റെ ചരിത്രത്തിൽ നിന്നും അതിനിഗുഢമായ വിധത്തിൽ ഒഴിവാക്കപ്പെട്ട നിർഭാഗ്യവതിയായ രാജകുമാരി അനക് സെനമൂണിന്റെ കൂടുതൽ വിവരങ്ങൾ ലോകത്തിനു മുൻപിൽ അനാവരണം ചെയ്യപെടുമെന്നു നമ്മുക്ക് പ്രതീക്ഷിക്കാം.

The post അനെക്സേനാമുൻ : ഈജിപ്തിലെ നിർഭാഗ്യവതിയായ രാജകുമാരി appeared first on Technology & Travel Blog from India.





No comments:

Post a Comment