ഫോര്‍ട്ട് കൊച്ചി ; ഇവിടെ കണ്ട കാഴ്ചകള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല. - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Wednesday, November 14, 2018

ഫോര്‍ട്ട് കൊച്ചി ; ഇവിടെ കണ്ട കാഴ്ചകള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല.

ഈ ചരിത്രഭൂമിക നന്നായി മനസ്സിലാക്കാന്‍ കാല്‍നടയായി സഞ്ചരിക്കുകയാണുത്തമം. അലസമായി പരുത്തി വസ്ത്രം ധരിച്ച്, മൃദുവായ ഷൂസുമണിച്ച്, തലയില്‍ ഒരു തൊപ്പി കൂടി വച്ചാല്‍ പൂര്‍ണ്ണമായി. കടല്‍ കാറ്റാസ്വദിച്ച് ഒരു നടത്തം. ഇവിടുത്തെ ഓരോ മണല്‍ത്തരിക്കുമുണ്ടാവും ഒരു കഥ പറയാന്‍ ഓരോ കല്ലിനും കാണും ചരിത്രത്തില്‍ ഒരിടം. നിങ്ങള്‍ക്ക് ഭൂത കാലത്തിന്റെ ഗന്ധം ശ്വസിക്കാന്‍ കഴിവുണ്ടെങ്കില്‍ ഫോര്‍ട്ട് കൊച്ചിയുടെ തെരുവുകളിലൂടെ നടക്കാതിരിക്കാനാവില്ല.

കെ. ജെ. മാര്‍ഷല്‍ റോഡിലൂടെ ഇടത്തോട്ടു നടന്നാല്‍ ഇമ്മാനുവല്‍ കോട്ട കാണാം. കൊച്ചി മഹാരാജാവും പോര്‍ട്ടുഗീസുകാരും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ സ്മാരകമായ ഈ കോട്ട മുന്‍പ് പോര്‍ട്ടുഗീസുകാരുടെ സ്വന്തമായിരുന്നു. 1503-ല്‍ പണികഴിപ്പിച്ച ഇമ്മാനുവല്‍ കോട്ട 1538 ല്‍ പുതുക്കി. അല്‍പം കൂടി മുന്നോട്ടു നടന്നാല്‍ ഡച്ചു സെമിത്തേരിയായി. കാണാം. 1724 മുതല്‍ ഉപയോഗിക്കുന്ന ഈ സെമിത്തേരി CSI സഭയുടെ കൈവശമാണിന്നുള്ളത്. തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കാന്‍ ജന്മനാട് വിട്ടിറങ്ങിയ യൂറോപ്യന്‍മാരെയാണ് ഇവിടുത്തെ പഴയകാലസ്മാരകശിലകള്‍ ഓര്‍മ്മിപ്പിക്കുന്നത്.

കൊളോണിയല്‍ കാലത്തിന്റെ സമൂര്‍ത്ത പ്രതീകമായി താക്കൂര്‍ ഹൗസ് നില്‍ക്കുന്നു. കുനല്‍ എന്നും ഹില്‍ ബംഗ്ലാവ് എന്നും അറിയപ്പെട്ടിരുന്ന ഈ കെട്ടിടത്തില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നാഷണല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജര്‍മാരാണ് താമസിച്ചിരുന്നത്. പ്രമുഖ തേയില വ്യാപാരികളായ താക്കൂര്‍ ആന്റ് കമ്പനിയുടെ കൈവശമാണ് ഈ കെട്ടിടമിപ്പോള്‍.

അല്‍പം കൂടി മുന്നോട്ടു നടന്നാല്‍ കൊളോണിയല്‍ കാലത്തെ മറ്റൊരു മന്ദിരം നിങ്ങളെ കാത്തു നില്‍ക്കുന്ന – ഡേവിഡ് ഹാള്‍. 1695-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആണിത് നിര്‍മ്മിച്ചത്. ഡച്ച് കമാന്‍ഡറായ ഹെന്‍ട്രിക് ആന്‍ട്രിയന്‍ വാന്‍ റീഡ് ടോട് ട്രാകെസ്റ്റണുമായി ബന്ധപ്പെട്ടതാണ് ഈ കെട്ടിടം. ട്രാകെസ്റ്റണ്‍ പക്ഷെ ഏറെ പ്രശസ്തനായത് കേരളത്തിലെ സസ്യലതാദികളെക്കുറിച്ചുള്ള തന്റെ ആധികാരിക ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പേരിലാണ്. പിന്നീട് ഈ കെട്ടിടം സ്വന്തമാക്കിയ ഡേവിഡ് കോഡറിന്റെ പേരിലാണ് ഡേവിഡ് ഹാള്‍ ഇന്നറിയപ്പെടുന്നത്.

പോര്‍ട്ടുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും സൈനിക പരേഡുകള്‍ നടത്തിയ പരേഡ് ഗ്രൗണ്ടാണ് അടുത്തത്. അതു കഴിഞ്ഞാല്‍ സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ ചര്‍ച്ചാണിത്. 1503-ല്‍ പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം പിന്നീട് ഒട്ടേറെ മാറ്റങ്ങള്‍ക്ക്് വിധേയമായി. ഇന്ന് CSI സഭയുടെ കൈവശമാണ് പള്ളി. വാസ്‌കോഡഗാമയെ ആദ്യം അടക്കം ചെയ്തത് ഇവിടെയാണ്. അന്നത്തെ സ്മാരകശില ഇന്നും കാണാം.

അറബിക്കടലില്‍ നിന്നുള്ള കടല്‍കാറ്റു നിറയുന്ന ചര്‍ച്ച് റോഡിലൂടെ സായന്തനങ്ങളില്‍ നടന്നു പോവുന്നത് എത്ര ഉന്‍മേഷദായകമായ അനുഭവമാണ്. ഈ നടത്തത്തിനിടയില്‍ കടലിനടുത്തായി നമുക്ക് കൊച്ചിന്‍ ക്ലബ് കാണാം. നല്ല ഒരു ലൈബ്രറിയും ചുറ്റും പൂന്തോട്ടവുമുള്ള ക്ലബ് ഇന്നും ഒരു ബ്രിട്ടീഷ് അന്തരീക്ഷം നിലനിര്‍ത്തുന്നത് കൗതുകകരമാണ്.

ചര്‍ച്ച് റോഡിലാണ് ബാസ്റ്റിയന്‍ ബംഗ്ലാവ് തലയുയര്‍ത്തി നില്‍ക്കുന്നത്. 1667-ല്‍ നിര്‍മ്മിച്ച ഈ കൂറ്റന്‍ മന്ദിരം ഇന്തോ-യൂറോപ്യന്‍ നിര്‍മ്മാണ ശൈലിയുടെ മകുടോദാഹരണമാണ്. ഇപ്പോള്‍ സബ് കളക്ടറുടെ ഔദ്യോഗിക വസതിയാണിത്.

വാസ്‌കോഡഗാമ സ്‌ക്വയറും സമീപത്തു തന്നെയാണ്. ഇവിടെ വീതികുറഞ്ഞ നടപ്പാതയിലൂടെ അലസമായി നടക്കാം. വ്യത്യസ്തതരം മത്സ്യവിഭവങ്ങളും ഇളനീരും മറ്റും കിട്ടുന്ന ചെറുകടകള്‍ ഇവിടെയുണ്ട്. ഇടയ്ക്കിടെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ചീനവലകളും കാണാം. കുബ്ലാഖാന്റെ സദസില്‍ നിന്നും വന്ന വ്യാപാരികള്‍ AD 1350 നും 1450 നും ഇടയ്‌ക്കെപ്പഴോ നമ്മെ പരിചയപ്പെടുത്തിയതാണ് ചീനവലകളെന്ന് കരുതപ്പെടുന്നു.

ഒരിക്കല്‍ പ്രമുഖ കാപ്പി വ്യവസായികളായിരുന്ന പിയേഴ്‌സ് ലസ്ലി കമ്പിനിയുടെ ആസ്ഥാനമായി വിരാജിച്ച പിയഴ്‌സ് ലസ്‌ലി ബംഗ്ലാവും തീര്‍ച്ചയായും കാണേണ്ടുന്ന ഒരു മന്ദിരമാണ്. ഇവിടെ നിന്ന് വലത്തോട്ടു തിരിഞ്ഞാല്‍ പഴയ ഹാര്‍ബര്‍ ഹൗസിലെത്താം. 1808 ല്‍ പ്രമുഖ തേയില ബ്രോക്കര്‍മാരായ കാരിയറ്റ് മോറന്‍സിന്റെ കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്. ഇതേവര്‍ഷം തന്നെ കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ സാമുവല്‍ എസ്. കോഡര്‍ പണി കഴിപ്പിച്ച കോഡര്‍ ഹൗസാണ് തൊട്ടടുത്ത്. ഈ കെട്ടിടങ്ങളെല്ലാം കൊളോണിയല്‍ ആര്‍കിടെക്ചറല്‍ ശൈലിയില്‍ നിന്ന് ഇന്തോ-യൂറോപ്യന്‍ ശൈലിയിലേക്കുള്ള സംക്രമണത്തെ പ്രതിഫലിപ്പിക്കുന്നു.

വീണ്ടും വലത്തേക്ക്, നാം പ്രിന്‍സസ് സ്ട്രീറ്റിലെത്തും. ഇരുവശങ്ങളിലും യൂറോപ്യന്‍ ശൈലിയിലുള്ള വാസസ്ഥലങ്ങള്‍ നിറഞ്ഞ ഈ തെരുവ് ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന തെരുവുകളിലൊന്നാണ്. ഉല്ലാസപ്രിയര്‍ക്ക് വന്നിരിക്കാവുന്ന ലോഫേഴ്‌സ് കോര്‍ണര്‍ (Loafer’s Corner) ഇവിടെയാണ്.

ലോഫേഴ്‌സ് കോര്‍ണറില്‍ നിന്ന് വടക്കോട്ട് നടന്ന് സാന്താക്രൂസ് ബസിലിക്കക്കു മുന്നിലെത്താം. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ ദേവാലയം 1558-ല്‍ പോള്‍ നാലാമന്‍ മാര്‍പാപ്പയാണ് കത്തീഡ്രലായി ഉയര്‍ത്തിയത്. 1984 -ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനെ ബസലിക്കയായി പ്രഖ്യാപിച്ചു. ബര്‍ഗര്‍ തെരുവും ഇപ്പോള്‍ ഹൈസ്‌കൂളായി പ്രവര്‍ത്തിക്കുന്ന ഡെല്‍റ്റാ സ്റ്റഡി കെട്ടിടവും കണ്ട ശേഷം പ്രിന്‍സസ് സ്ട്രീറ്റുവഴി റോസ് സ്ട്രീറ്റിലെത്താം. വാസ്‌കോഡഗാമ താമസിച്ചിരുന്നതെന്നു കരുതപ്പെടുന്ന വാസ്‌കോ ഹൗസ് ഇവിടെയാണ്. ഈ പരമ്പരാഗത യൂറോപ്യന്‍ കെട്ടിടം കൊച്ചിയിലെ ഏറ്റവും പഴക്കമുള്ള പോര്‍ട്ടുഗീസ് വാസസ്ഥലങ്ങളിലൊന്നാണ്.

ഇവിടെ നിന്ന് ഇടത്തേക്ക് റിഡ്‌സ്‌ഡേയ്ല്‍ റോഡിലേക്കു തിരിഞ്ഞാല്‍ VOC ഗേറ്റ് കാണാം. പരേഡ് ഗ്രൗണ്ടിനഭിമുഖമായി നില്‍ക്കുന്ന വലിയ മരഗേറ്റാണ് വി.ഒ.സി. ഗേറ്റ്. 1740 ല്‍ നിര്‍മ്മിച്ച ഈ ഗേറ്റില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചിഹ്നം തെളിഞ്ഞു കാണാം. ഈ ചിഹ്നത്തില്‍ നിന്നാണ് ഗേറ്റിന് വി.ഒ.സി. എന്ന പേര് ലഭിച്ചത്. ഇതിന് സമീപത്താണ് യുണൈറ്റഡ് ക്ലബ്. കൊച്ചിയിലെ ബ്രിട്ടീഷുകാരായ ഉന്നതന്‍മാര്‍ക്കായി ഉണ്ടായിരുന്ന നാല് ക്ലബ്ബുകളിലൊന്നായിരുന്നു ഇത്. ഇപ്പോള്‍ സെന്റ് ഫ്രാന്‍സിസ് പ്രൈമറി സ്‌കൂളിന്റെ ഒരു ക്ലാസ് മുറിയായി ഈ കെട്ടിടം ഉപയോഗിക്കുന്നു.

ഇതുവഴി നേരെ നടന്നാല്‍ ഈ റോഡിന്റെ അവസാനം 1506-ല്‍ നിര്‍മ്മിക്കപ്പെട്ട ബിഷപ് ഹൗസ് കാണാം. പോര്‍ട്ടുഗീസ് ഗവര്‍ണറുടെ വാസസ്ഥലമായിരുന്നു പരേഡ് ഗ്രൗണ്ടിനടുത്ത് ചെറുകുന്നിനു മുകളിലുള്ള ഈ കെട്ടിടം. ഗോഥിക് ശൈലിയിലുള്ള ആര്‍ച്ചുകള്‍ പ്രത്യേക ഭംഗി പകരുന്ന മന്ദിരം കൊച്ചി ഇടവകയുടെ 27-മത്തെ ബിഷപ്പ് ഡോം ജോസ് ഗോമസ് ഫെരേര ഏറ്റെടുത്തു. ഇന്ത്യയ്ക്കു പുറമെ ബര്‍മ, മലേഷ്യ, ശ്രീലങ്ക എന്നിവയുടെയും ബിഷപ്പായിരുന്നു അദ്ദേഹം.

ഫോര്‍ട്ട് കൊച്ചിയിലെ സഞ്ചാരം അവസാനിപ്പിക്കാന്‍ സമയമായി. ഇവിടെ കണ്ട കാഴ്ചകള്‍ നിങ്ങളുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായില്ല.





No comments:

Post a Comment