രക്തദാഹികളായ സോംബികളുടെ നടുവിൽ  - MJR Vlog - Explore The World / Sanchari Malayalam Travelogues, Route Maps, Quotes, Photos, Videos

Breaking

Advertisment 1

Monday, December 3, 2018

രക്തദാഹികളായ സോംബികളുടെ നടുവിൽ 

ഓരോ തവണ വീടിന് പുറത്തിറങ്ങി തിരികെ കയറുമ്പോഴും മറ്റുള്ളവർ ഉത്കണ്ഠയോടെയാണ് ദേഹപരിശോധന നടത്തുന്നത്. ഇനി എങ്ങാനും കടി കിട്ടിയിട്ടുണ്ടെങ്കിൽ, രക്തം കുടിച്ച ശേഷം ദേഹത്ത് നിന്നിറങ്ങി അവ വീടിനുള്ളിൽ കടന്ന് കൂടിയാൽ രാത്രി കിടന്നുറങ്ങാൻ പറ്റുമോ!!

ആനക്കുളത്തെക്കുള്ള യാത്ര മദ്ധ്യേ മാങ്കുളം അടുക്കാറായപ്പോ കാർ ഒരു ഘട്ടറിലെ കല്ലിൽ കുടുങ്ങി ഓഫ്‌ ആയതിന് ശേഷം തിരികെ കാറിൽ കയറിയപ്പോഴാണ് ലിജുവിന്റെ കാലിൽ എന്തോ കടിച്ചിരിക്കുന്നതായി തോന്നിയത്. അപ്പോഴാണ് രക്തദാഹികളെ ആ യാത്രയിൽ ആദ്യം കണ്ടത്.

പിന്നെ ഓരോ തവണ വാഹനം നിർത്തി ഇറങ്ങുമ്പോഴും തിരികെ കയറുമ്പോഴും ചെക്കിങ് പതിവായി തുടങ്ങി. മുൻപ് പല തവണ അട്ട കടി (ചിലയിടങ്ങളിൽ തോട്ടപ്പുഴു എന്ന് വിളിക്കും) അനുഭവിച്ചിട്ടുണ്ടെങ്കിലും അതൊരത്ഭുതമായി തോന്നിയത് മാങ്കുളത്ത് വച്ചാണ്. ഏഴു മണിക്കൂറോളം നീണ്ടു നിന്ന യാത്രയുടെ അവസാനം ആനക്കുളത്തെത്തി, വഴി മോശമായതിനാൽ ഞങ്ങൾ പോയ രണ്ട് കാറുകൾ അവിടെയിട്ട് ജീപ്പിൽ കയറി നേരത്തെ ബുക് ചെയ്തിരുന്ന കോട്ടേജിൽ എത്തി. അവിടെയിറങ്ങിയപ്പോഴേ അട്ടകൾ ഞങ്ങളെ കാത്തിരിക്കുകയാണെന്ന സത്യം ഞങ്ങൾ മനസിലാക്കി.

വീടിന് പുറത്തിറങ്ങിയാൽ അപ്പോഴേ കാലിൽ കയറും. ചോര കുടിച്ച് കുറച്ചു നേരം ഇരിക്കും. ശേഷം വയറ് നിറയുമ്പോ ഇറങ്ങി പോകും. കോട്ടേജിലെ കെയർടേക്കർ ബിജോ ചേട്ടൻ പറഞ്ഞത് അവിടുള്ള ആൾക്കാരുടെ രക്തം അവയ്ക്ക് വേണ്ടെന്നാണ്. അതിഥികളുടേതാണ് പഥ്യം. കുറച്ചു നേരം കഴിഞ്ഞപ്പോ അട്ടയോടുള്ള അറപ്പ് മാറി അതൊരു തമാശയായി.അപ്പോഴാണ് അട്ടകൾക്ക് ഇംഗ്ളീഷ് സോംബി മൂവികളിലെ സോംബികളുമായുള്ള താരതമ്യം ഞങ്ങൾ നടത്തിയത്. സോംബികളുടെ കടിയേറ്റാൽ പിന്നെ ഇന്ഫെക്ടഡ് പേഴ്സൻ ആണല്ലോ. പിന്നെ ഇൻഫെക്ഷൻ മാറ്റാൻ ഉപ്പായി, ലൈറ്റർ ആയി ഭയങ്കര ബഹളം.

സോംബി കഥ പറഞ്ഞു പറഞ്ഞു മാറ്ററീന്ന് പോയി. സഞ്ചാരി കോട്ടയം യൂണിറ്റിന്റെ 21മത് ഇവന്റ് ആയിരുന്നു മാങ്കുളം മൺസൂൺ ക്യാമ്പ്. ജൂലൈ 21-22 തീയതികളിൽ നടത്താനിരുന്ന ക്യാമ്പ് വെള്ളപ്പൊക്കവും പ്രതികൂല കാലവസ്ഥയും മൂലം ഒരാഴ്ച നീട്ടി വച്ച് 27-28 തീയതികളിൽ ആണ് നടത്തിയത്. നിശ്ചിത എണ്ണമാക്കി സീറ്റുകൾ ചുരുക്കിയതിനാൽ 10 പേരുടെ ഒരു ഗ്രൂപ്പാണ് കോട്ടയത്തു നിന്നും മൂന്നാറിന്റെ പ്രാന്തപ്രദേശമായ മാങ്കുളത്തേക്ക് പുറപ്പെട്ടത്.

കോട്ടേജിൽ കയറി ആദ്യത്തെ ഒരു മന്ദത മാറിക്കഴിഞ്ഞപ്പോ കല്ലാറിൽ ഒരു കുളിയാവാം എന്ന് തീരുമാനിച്ചു. ശക്തമായ മഴ ഞങ്ങളെ പിന്നോട്ട് വലിച്ചു. നനയാൻ ആണ് തീരുമാനമെങ്കിലും മഴയത്ത് നനയാൻ മാനസികമായി ആരും തയാറെടുത്തിട്ടില്ലായിരുന്നു. മഴയുടെ ശക്‌തി കുറഞ്ഞപ്പോ പതിയെ നൂറ് മീറ്റർ അകലത്തിലുള്ള ആറ്റിലേക്ക് നടന്നു.

ആഘോഷമായ കുളിയും കഴിഞ്ഞു തിരികെ റൂമിലെത്തിയപ്പോ ആനയെ തിന്നാനുള്ള വിശപ്പായിരുന്നു. മഴ മൂലം ഭക്ഷണം അല്പം വൈകിയത് ടീം അംഗങ്ങൾക്കിടയിൽ ‘ആക്രമണ വാസന’ പ്രകടിപ്പിക്കാനിടയാക്കി. ഫലമോ ഭക്ഷണം വന്നപ്പോ വന്നതും തീർന്നതും അറിഞ്ഞില്ല.

ഭക്ഷണത്തിന് ശേഷം വിശേഷങ്ങൾ പങ്ക് വെയ്ക്കുന്ന തിരക്കിലായിരുന്നു സഹയാത്രികർ. ട്രോളുകളും കത്തിയടിയും തള്ളുകളും കളം നിറഞ്ഞപ്പോ അങ്ങു അമേരിക്കയിലെ ട്രമ്പിനെ വരെ വിഷയമാക്കി. മാരക മഴയിൽ ക്യാമ്പ് ഫയർ തകർന്ന് തരിപ്പണമായെങ്കിലും അന്നത്തെ രാത്രി മറക്കാൻ ആവാത്തതാണ്.

ഇതിനിടയിൽ പറയാൻ വിട്ട് പോയ മറ്റൊരു കാര്യം പറയട്ടെ.. താമസിക്കുന്ന കോട്ടേജിൽ ദൈവം അനുഗ്രഹിച്ച് ഒരു മൊബൈൽ നെറ്റ് വർക്കിനും കവറേജ് ഇല്ല. ആകെപ്പാടെയുള്ളത് ഒരു ലാൻഡ്ഫോൺ ആണ്. അത്യാവശ്യകാര്യങ്ങൾക്ക് വീട്ടിലും മറ്റും ബന്ധപ്പെടാനും വേണ്ടി അതാണ് ഉപയോഗിച്ചത്. ലാൻഡ്ഫോൺ ഒക്കെ പുച്ഛമുള്ള ഈ കാലത്ത് അവിടുത്തെ ആ ഫോൺ ഞങ്ങളെ കുറെയേറെ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ട് പോയി. ആ ഒരു സാധനം കൂടി അവിടെയില്ലായിരുന്നുവെങ്കിൽ പല കുടുംബബന്ധങ്ങളും അന്നവിടെ തകർന്നേനെ എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.

പിറ്റേന്ന് രാവിലത്തെ ഭക്ഷണം കഴിഞ്ഞയുടൻ തന്നെ സഫാരിക്കു പോകാൻ ജീപ്പുമായി ബിജോ ചേട്ടൻ എത്തി. ആദ്യമായി പോയത് പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിലേക്കാണ്. പോയ വഴിയിൽ തന്നെ അതിന്റെ വിദൂര ദൃശ്യം കണ്ടിരുന്നു. പെരുമഴ മൂലം അപ്പോൾ തന്നെ അതിന്റെ ഭീകരത ദൃശ്യമായിരുന്നു. അവിടേക്ക് പോകാൻ ജീപ്പ് നിർത്തി അല്പം നടക്കണം. കുറേശെ വഴുക്കലുള്ള പാറകളിൽ കൂടി ഞങ്ങൾ അവിടേക്കെത്തി. തെന്നാതിരിക്കാൻ ചെരിപ്പ് കയ്യിൽ ഊരിപ്പിടിച്ചാണ് മിക്കവരും നടന്നത്. ‘സോംബി’യുടെ ശല്യം അവിടെയും ഉണ്ടായിരുന്നു.

ഒരു ചെരിവിറങ്ങി നേരെ ചെന്നപ്പോൾ കണ്ട കാഴ്‌ച പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അത്രയും അടുത്ത് ഒരു വലിയ വെള്ളച്ചാട്ടം കാണുന്നത് ആദ്യമായാണ്. ബിജോചേട്ടൻ ഒരു കയർ കരുതിയിരുന്നു. പാറയിൽ വഴുക്കൽ ഉള്ളതിനാൽ പിടിച്ച് നിൽക്കാൻ വേണ്ടിയായിരുന്നു അത്. കയർ അവിടെയുള്ള ഒരു ഇരുമ്പുപൈപ്പിൽ കെട്ടി ഞങ്ങൾ അതിൽ പിടിച്ചു നിന്നു.

ശക്തമായ വീഴുന്ന വെള്ളത്തിന്റെ തുള്ളികൾ എല്ലാവരുടെയും വസ്ത്രങ്ങൾ നനച്ചു. കണ്മുന്നിൽ വെള്ളം കുതിച്ചൊഴുകുന്ന കാഴ്ച, സുരക്ഷിത അകലത്തിൽ നിന്ന് കാണുവാൻ സാധിച്ചത് പുതിയൊരു അനുഭവമായിരുന്നു.

വെള്ളച്ചാട്ടത്തിന്റെ അങ്ങേ വശം പഴയ ആലുവ മൂന്നാർ രാജപാതയാണ്. ഒരു പാലം കയറിയിറങ്ങിയാൽ ആ പാതയായി. അവിടെ തന്നെ ഫോറെസ്റ്റ് ഓഫീസ് ഉണ്ട്. അവിടുന്നുള്ള പെർമിഷൻ ഇല്ലാതെ മുൻപോട്ട് പോകാൻ സാധിക്കില്ല. ആ പാതയിൽ മുൻപോട്ട് പോയാൽ കുറെ ട്രൈബൽ കോളനികൾ ഉണ്ട്, അവരാണ് ഇപ്പൊ ആ പാത ഉപയോഗിക്കുന്നത്.

വഴി എന്നൊന്നും പറയാനില്ല. മണ്പാതയും നിറയെ കല്ലുകളും. ഒരാഴ്ച മുമ്പ് ഏതോ ഒരു കൂട്ടർ ഗൂഗിൾ മാപ് വച്ച് വന്ന് വഴി തെറ്റി അറിയാതെ ഈ വഴിയിൽ കൂടി കാറുമായി പോയെന്നും അവസാനം വണ്ടിയുടെ അടി തട്ടി ഓയിൽ ലീക് ഒക്കെയായി വഴിയിൽ കിടന്നെന്നും ക്രയിനിൽ പൊക്കിയെടുത്തു കൊണ്ട് പോയെന്നുമൊക്കെ ബിജോ ചേട്ടൻ പറഞ്ഞത് ആ വഴി കണ്ട ഞങ്ങൾ അത്ഭുതത്തോടെ കേട്ടു. ആനയിറങ്ങുന്ന വനമാണ് ആ പ്രദേശം. ആവി പറക്കുന്ന ആനപിണ്ഡങ്ങളും ആന വലിച്ച് കീറി ഇട്ടിരിക്കുന്ന ഈറ്റകാടുകളുമാണ് അവിടം മുഴുവൻ.

കാടിനിപ്പുറം ചെറിയ ഗ്രാമപ്രദേശമാണ്. ജീപ്പാണ് പ്രധാന സഞ്ചാര മാർഗം. വെള്ളച്ചാട്ടത്തിന് മുകളിലുള്ള ആറിന്റെ തീരത്തേക്ക് ഞങ്ങൾ നീങ്ങി. ജീപ്പിന്റെ സാരഥി ബിജോ ചേട്ടൻ ഒരു സാഹസികൻ ആണ്. ആറിന്റെ കുറച് ഭാഗം കോണ്ക്രീറ്റ് ആണ്. അത് കൃത്യമായി അറിയാവുന്ന കക്ഷി ജീപ്പ് നേരെ ആറ്റിലേക്കിറക്കി. ഒഴുക്കുള്ള വെള്ളം കണ്ട ഞങ്ങൾ ഒന്ന് ഞെട്ടി. പ്രതീക്ഷിച്ചത്ര ആഴമില്ലാത്ത അവിടെ നിന്ന് ഞങ്ങൾ ചിത്രങ്ങൾ പകർത്തി. അത്യാവശ്യം ഒഴുക്കുണ്ടെങ്കിലും ആറിന്റെ അങ്ങേ വശം വച്ച് നോക്കിയാൽ ഇവിടം വല്യ പ്രശ്നമില്ല. അവിടുത്തെ ആൾക്കാർക്കിത് നിത്യ സംഭവം ആണെന്ന് തോന്നുന്നു. ആരുമൊന്നും മൈൻഡ് ചെയ്യുന്നു പോലുമില്ല.

അവിടുന്ന് പുറപ്പെട്ട ഞങ്ങൾ എതിലെയൊക്കെയോ കറങ്ങി ബിജോ ചേട്ടൻ പറഞ്ഞ കഥകളും ചരിത്രങ്ങളും കേട്ട് 33 എന്ന് വിളിക്കുന്ന വെള്ളച്ചാട്ടത്തിലെത്തി. താഴെ ജീപ്പ് നിർത്തി ഒരു 200 മീറ്റർ നടക്കണം. താരതമ്യേന ശക്തിയും അളവും കുറഞ്ഞ ഒരു വെള്ളച്ചാട്ടം. രണ്ട് വെള്ളച്ചാട്ടങ്ങൾ ആയി ആണത് കാണുക. വലതുവശത്തെ ചെറിയ വെള്ളച്ചാട്ടം സുരക്ഷിതമായി കുളിക്കാൻ പറ്റുന്ന ഭാഗമാണെന്ന് ബിജോ ചേട്ടൻ പറഞ്ഞത് കേൾക്കേണ്ട താമസം എല്ലാവരും വരി വരിയായി വെള്ളത്തിലേക്കിറങ്ങി.

ഏകദേശം ഒരു മണിക്കൂർ കുളിയും ഫോട്ടോയെടുപ്പും തമാശകളുമായി ഞങ്ങൾ അവിടെ കൂടി. കാണുമ്പോൾ വല്യ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും തല കൊണ്ട് വെയ്ക്കുമ്പോ ശക്തമായ വെള്ളച്ചാട്ടമാണ്.. ഒന്ന് തിരിയാൻ പറ്റില്ല. അപ്പോ ചെവിയിൽ വെള്ളം കയറും. മലമുകളിൽ നിന്ന് വരുന്ന വെള്ളത്തിന്റെ തണുപ്പ് ശരീരത്തിൽ അരിച്ചു കയറുന്നത് അറിയാം. ദേഹം മുഴുവൻ തണുത്തു നല്ല കുളിർമയായി. അവിടുന്ന് കയറി പോകണമെന്നേയില്ലായിരുന്നു. പിന്നെ സമയം ഒരു പ്രശ്നമായത് കൊണ്ട് മനസ്സില്ലാ മനസോടെ എല്ലാവരും തിരികെ കയറി.

ജീപ്പിൽ കയറി മുൻപോട്ട് കുറച് പോയി സുന്ദരമായ ഒരു തൂക്കുപാലം കണ്ടു. പിന്നെ മാങ്കുളം എന്ന ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ, അരുവികളിൽ, പുഴക്കരയിൽ, ഇല്ലിക്കാടുകളിൽ, വനപ്രദേശങ്ങളിൽ ഒക്കെയും ചെലവഴിച്ചു. മാങ്കുളത്ത് നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ആനക്കുളം ഗ്രാമത്തിലെ, ആനകൾ സ്ഥിരം വെള്ളം കുടിക്കാനും കുളിക്കാനും വരുന്ന പ്രസിദ്ധമായ പുഴയും കണ്ടു.

ആനകൾ ഗ്രാമതിലിറങ്ങുന്നത് തടയാൻ പുതിയതായി സ്ഥാപിച്ച വേലികൾ അവിടെങ്ങും പുഴയുടെ ഒരു വശത്ത് കാണായിരുന്നു. മറുവശം കൊടുംകാട്.. പുഴയുടെ അരികുകളിലെ പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ മനോഹര കാഴ്ചയായിരുന്നു..എല്ലായിടത്തും പ്രധാന വില്ലൻ ആദ്യം പറഞ്ഞ സോംബി എന്ന് ഞങ്ങൾ വിളിക്കുന്ന അട്ടകൾ ആയിരുന്നു.

ആനക്കൂട്ടത്തെ കാണാൻ പറ്റിയില്ലെങ്കിലും കാഴ്ചകൾ കണ്ട് മനസ് നിറച്ച ഞങ്ങൾ തിരികെ കോട്ടേജിലെത്തി വയറും നിറച്ചു യാത്ര തിരിച്ചു, അവരവരുടെ സ്വന്തം വീടുകളിലേക്ക്..

റൂട്ട്: പാലാ- തൊടുപുഴ-ഊന്നുകൽ- നേര്യമംഗലം- അടിമാലി- കല്ലാർ- മാങ്കുളം- ആനക്കുളം.

മൊബൈൽ റേഞ്ചോന്നും ഇല്ലാതെ പ്രകൃതിയോടും കാടിനോടും അലിഞ്ഞ് ചേർന്ന് രണ്ട് ദിവസം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ് മാങ്കുളം.. ആ വന്യത, പച്ചപ്പ്, കുളിർമ അതൊക്കെ അനുഭവിച്ചു തന്നെ അറിയണം.

NB: ഡിന്നർ, ബ്രെക്ഫാസ്റ്റ്, ലഞ്ച്, കോട്ടേജിലെ താമസം, എന്നിവയും 5-6 മണിക്കൂറുകൾ നീളുന്ന ജീപ്പ് സഫാരിയും ട്രെക്കിങും ഉൾപ്പെടുന്ന ഒരു പാക്കേജ് എടുത്താണ് ഞങ്ങൾ പോയത്.

NB 2 : പോസ്റ്റ് നേരത്തെ സഞ്ചാരിയിൽ ഞാൻ തന്നെ ഇട്ടതാണ്.. പ്രളയത്തിന്റെ സമയത്ത്‌ വന്ന ഒത്തിരി പോസ്റ്റുകൾ റിമൂവ് ചെയ്തപ്പോ ആ കൂടെ അറിയാതെ പെട്ട് പോയതിനാൽ റീപോസ്റ്റ് ചെയ്തതാണ്

ഫോട്ടോ ക്രെഡിട്‌സ് : Honeymon M Chandy & Deepu A Jose

Liju Raj Shebin Philip Maliackal Bibin Jose Pravin Prabha Deepu A JosePresanth Perincherimannil Deepak R Dominic Honeymon M ChandyJisHnu Soman





No comments:

Post a Comment